ADVERTISEMENT

വിടവാങ്ങിയത് മലയാളത്തിലെ രണ്ട് മഹാനടന്മാരെ താരപദവയിലേക്കു കൈപിടിച്ചു കയറ്റിയ  എഴുത്തുകാരൻ. എൺപതുകളുടെ രണ്ടാം പകുതി മലയാള സിനിമയിൽ ഡെന്നിസ് ജോസഫിന്റേതായിരുന്നു. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നിറക്കൂട്ട്’ എന്ന ചിത്രം മമ്മൂട്ടി എന്ന നടനെ മലയാള സിനിമയുടെ അമരത്ത് എത്തിച്ചെങ്കിൽ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലൂടെ മോഹൻലാൽ എന്ന സൂപ്പർതാരം പിറവിയെടുത്തു. സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു. 

dennis-jospeh-2

 

manu-uncle-movie

പിന്നെ ഡെന്നിസ് പേനയെടുത്ത വഴിയേ മലയാളസിനിമ നീങ്ങുകയായിരുന്നു.  ചെന്നെയിലെ വുഡ്​ലാൻഡ്സ് ഹോട്ടലായിരുന്നു അന്ന് സിനിമക്കാരുടെ താവളം. ഒരേസമയം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ ഒന്നിനു പുറകെ ഒന്നായി ഡെന്നിസിനെ തേടി വന്നുകൊണ്ടിരുന്നു. അക്കാലത്ത് മമ്മൂട്ടിയും മോഹൻലാലും ചെന്നെയിലെത്തിയാൽ ഡെന്നിസ് ജോസഫിന്റെ മുറിയുടെ തൊട്ടടുത്തുള്ള മുറികൾ തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നാണ് കഥ. 

suresh-gopi-dennos

 

മമ്മൂട്ടിയുടെ താരപദവി വീണ്ടെടുത്ത ന്യൂഡൽഹി (1986) വന്നതോടെ ഡെന്നിസ് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തായി. ന്യൂഡൽഹി കണ്ടിട്ട്  മണിരത്നവും രജനീകാന്തും തന്നെത്തേടി മുറിയിൽ വന്ന സംഭവം ഓർമപുസ്തകത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, മറ്റു ഭാഷകളിൽനിന്ന് കിട്ടിയ വലിയ ഓഫറുകൾ നിരസിച്ച അദ്ദേഹം മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. മോഹൻലാലിനു വേണ്ടി ഭൂമിയിലെ രാജാക്കന്മാരും വഴിയോരക്കാഴ്ചകളും ഇന്ദ്രജാലവും സൃഷ്ടിച്ച ഡെന്നിസ് മമ്മൂട്ടിക്കുവേണ്ടി സംഘവും കോട്ടയം കു‍ഞ്ഞച്ചനും നായർസാബുമെല്ലാം എഴുതി. മലയാളികളെ ഇന്നും ചിരിപ്പിക്കുന്ന നമ്പർ 20 മദ്രാസ് മെയിലും കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ ആകാശദൂതും ഇതിനിടയിൽ ആ തൂലികയിൽനിന്ന് പിറവിയെടുത്തു.  

 

kadakku-pinnil

മലയാള സിനിമയിൽ തിരക്കഥാകൃത്തുക്കൾക്ക് താരപദവി സമ്മാനിച്ച എഴുത്തുകാരൻ കൂടിയായിരുന്നു ഡെന്നിസ് ജോസഫ്. നിർമാതാക്കളും സംവിധായകനും കൂടി തീരുമാനിക്കുന്ന കഥയ്ക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ തിരക്കഥയും സംഭാഷണവും ചമയ്ക്കുന്നവരായിരുന്നു അക്കാലത്ത് മിക്ക തിരക്കഥാകൃത്തുക്കളും. എന്നാൽ രാജാവിന്റെ മകന്റെ വരവ് ആ രീതിയെ അപ്പാടെ മാറ്റി മറിച്ചു. അധോലോക നായകനെത്തന്നെ ഹീറോ ആക്കി അവതരിപ്പിക്കാൻ ഡെന്നിസ് ജോസഫ് കാണിച്ച തന്റേടമാണ് മോഹൻലാലിന്റെ സൂപ്പർ താര പദവിക്ക് അടിത്തറയായത്. വിൻസന്റ് ഗോമസ് എന്ന അതിനായകൻ കൊല്ലപ്പെടുന്ന വിചിത്രമായ ക്ലൈമാക്സും മലയാള സിനിമയുടെ ജനകീയ പാതയെ പുതുവഴിയിലേക്കു നയിച്ചു. 

‘‘നിർമാതാക്കൾ കൊടുക്കുന്ന കാശ് എണ്ണി നോക്കാതെ വാങ്ങി പോക്കറ്റിലിട്ടുകൊണ്ടു പോകുന്ന എഴുത്തുകാരായിരുന്നു അന്ന് ഏറെയും. ഞാനാണ് അതിന് മാറ്റം വരുത്തിയത്’’  ഒരിക്കൽ ഒരു സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. 

 

മലയാളത്തിലെ ഒരു പ്രധാന ബാനറിന്റെ ചിത്രത്തിനു വേണ്ടി അദ്ദേഹം ചെന്നെയിൽ എഴുതാൻ പോയതിന്റെ രസകരമായൊരു കഥയുണ്ട്. ഡെന്നിസ് ജോസഫ് റയിൽവേ സ്റ്റ്ഷനിൽ ചെന്നിറങ്ങിയെങ്കിലും അദ്ദേഹത്തെ കൊണ്ടുപോകാനുള്ള കാർഎത്തിയില്ല. എന്നാൽ, അദ്ദേഹത്തോടൊപ്പം വന്ന നടിക്ക് പോകാനുള്ള കാർ എത്തുകയും ചെയ്തു.  അദ്ദേഹം നിർമാതാക്കളെ വിളിച്ചപ്പോൾ ഉച്ചയ്ക്ക് ഒരു മണിവരെ കമ്പനിയുടെ ഓഫിസിൽ ചെന്നിരിക്കാനാണ് അവർ ആവശ്യപ്പെട്ടത്. വിചിത്രമായിരുന്നു അവർ പറഞ്ഞ കാരണം. വുഡ്​ലാൻഡ്സിൽ അന്ന് ഒരു മണിക്കു മുൻപ് ചെക്ക് ഇൻ ചെയ്താൽ ഒരു ദിവസത്തെ മുറി വാടക കൂടി കൊടുക്കേണ്ടി വരും. ഒരു  മണിക്ക് ശേഷമാണെങ്കിൽ ഒരു ദിവസത്തെ വാടക ലാഭിക്കാം. അവരുടെ നിലപാടിൽ ഇഷ്ടക്കേടു തോന്നിയ ഡെന്നിസ് അവിടെനിന്ന് അടുത്ത ട്രെയിനിനു കയറി കോയമ്പത്തൂരിൽ ഇറങ്ങി. മറ്റൊരു ട്രെയിൻ കയറി രാത്രിയോടെ കൊച്ചിയിലും എത്തി. 

 

എഴുത്തുകാരനെ കാണാതായതോടെ നിർമാതാക്കൾ സിനിമയിലെ നായകനായ മമ്മൂട്ടിയെ വിളിച്ചു. ‘‘ഞാൻ ഡെന്നിസിനാണ് ഡേറ്റ് കൊടുത്തത്. അയാൾ എഴുതുന്നില്ലെങ്കിൽ ഞാൻ എങ്ങനെ ഈ പടത്തിൽ അഭിനയിക്കും.’’ എന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. നിർമാണ സഹായികൾ ഒടുവിൽ അദ്ദേഹത്തിന്റെ എറണാകുളത്തെ ഫോൺ നമ്പർ കണ്ടെത്തി  വിളിച്ചപ്പോൾ ഡെന്നിസ് ജോസഫ് ധീരമായ ശബ്ദത്തിൽ പറഞ്ഞു. ‘‘ഞാൻ ഇവിടെനിന്ന് ഇറങ്ങണമെങ്കിൽ വുഡ്​ലാൻഡ്സിലെ എന്റെ മുറിയുടെ താക്കോൽ എനിക്കിവിടെ കിട്ടണം. ’’ ഉടൻ ചെന്നെയിൽനിന്ന് താക്കോലുമായി ഒരു കാർ കൊച്ചിയിലേക്കു പറപ്പെട്ടു. പിറ്റേന്ന് മറ്റൊരു കാറിൽ ഡെന്നിസ് ജോസഫ് ചെന്നെയിലേക്കും പോയി. 

 

‘‘ഇത് എന്റെ അഹങ്കാരമല്ല, തിരക്കഥാകൃത്തിനോടു കാണിക്കേണ്ട മിനിമം മര്യാദയാണ്. ഒരു സിനിമയുടെ കഥ ആദ്യമുണ്ടാകുന്നത് എഴുത്തുകാരന്റെ തലയിലാണ്. അയാൾക്ക് അത് കടലാസിൽ ആക്കണമെങ്കിൽ സ്വസ്ഥമായൊരു സ്ഥലം അത്യാവശ്യമാണ്. അത് ഉണ്ടാക്കിക്കൊടുക്കേണ്ട ബാധ്യത നിർമാതാക്കൾക്കുണ്ട്. ഏതെങ്കിലും വഴിയരികിലിരുന്ന് അയാൾ എഴുതിക്കൊള്ളും എന്നു പറഞ്ഞാൽ, സിനിമയും അങ്ങനെയിരിക്കും.’’ എന്നാണ് ഡെന്നിസ് ജോസഫ് ആ സംഭവത്തെപ്പറ്റി പറയുന്നത്. ലൊക്കേഷനിൽ എഴുത്തുകാരനും തിരക്കഥയ്ക്കും സ്വന്തമായൊരു കസേര ഉണ്ടാക്കിക്കൊടുത്ത സംഭവമായിരുന്നു അത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com