ADVERTISEMENT

സംവിധായകൻ എന്ന നിലയിൽ സ്വന്തം 'ബ്രില്യൻസ്' ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയാണ് മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് പ്രദർശനത്തിനെത്തിയത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് പുലർത്തിയ സൂക്ഷ്മതയും മിടുക്കും ഏറെ അഭിനന്ദങ്ങൾ നേടി. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ മാത്രമല്ല അവരുടെ പ്രകടനത്തിലും 'മാർട്ടിൻ പ്രക്കാട്ട് ബ്രില്ല്യൻസ്' ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സെറ്റിലെ ചില ദൃശ്യങ്ങൾ. 

 

സിനിമയിലെ നിർണായകമായ ഒരു രംഗമാണ് പൊലീസ് സ്റ്റേഷനിൽ ജോജുവിന്റെ മണിയൻ എന്ന കഥാപാത്രവും ദിനീഷ് ചെയ്ത ബിജു എന്ന കഥാപാത്രവും തമ്മിലുള്ള വാക്കേറ്റം. പുതുമുഖമായ ദിലീഷിന്റെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ആ സീനിൽ പ്രേക്ഷകർ കണ്ടത്. ഈ രംഗത്തിന്റെ ചിത്രീകരണസമയത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിജു എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും റിയാക്ഷനും എങ്ങനെയായിരിക്കണമെന്ന് സംവിധായകൻ തന്നെ അഭിനയിച്ചു കാണിക്കുന്നു. മണിയൻ തട്ടിക്കയറുമ്പോൾ ഒരു ചിരിയുണ്ടാകണം മുഖത്ത് എന്ന് ദിനീഷിനോട് പറയുന്നുണ്ട് മാർട്ടിൻ പ്രക്കാട്ട്. സംവിധായകൻ പറഞ്ഞതും അഭിനയിച്ചതും അതുപോലെ പകർത്തുന്ന ദിനീഷിനെയാണ് വിഡിയോയിൽ കാണുന്നത്. സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും മാർട്ടിൻ പ്രക്കാട്ട് ബ്രില്ല്യൻസുണ്ടെന്ന് ഈ വിഡിയോ തെളിയിക്കുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. 

 

നായാട്ട് തീയറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയ പ്രദർശനം തുടരുന്ന സമയത്തായിരുന്നു കോവിഡ് വീണ്ടും രൂക്ഷമായതും സിനിമ തീയറ്ററിൽ നിന്ന് പിൻവലിക്കേണ്ടി വന്നതും. എന്നാൽ, സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആയതോടെ സിനിമകളെക്കുറിച്ചുള്ള ചർച്ചകളും പ്രേക്ഷകർക്കിടയിൽ സജീവമായി. കുഞ്ചാക്കോ ബോബൻ, ജോജു, നിമിഷ സജയൻ എന്നിവർ ചെയ്ത പ്രധാന കഥാപാത്രങ്ങൾക്കൊപ്പം സിനിമയിൽ ചെറുവേഷങ്ങളിൽ എത്തിയവർ പോലും നടത്തിയ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തത്. ഇപ്പോൾ അതിനു പിന്നിലെ സംവിധായകന്റെ കയ്യൊപ്പ് കൂടി തിരിച്ചറിഞ്ഞ് കയ്യടിക്കുകയാണ് പ്രേക്ഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com