പാരിസ് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായി ‘മ്’

mmm
SHARE

പാരിസ് ഫിലിംഫെസ്റ്റിവലിൽ ഫീച്ചർ വിഭാഗത്തിലെ മികച്ച  സിനിമയായി 'മ് (സൗണ്ട് ഓഫ് പെയിൻ )' തിരഞ്ഞെടുക്കപ്പെട്ടു.  അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യൻ ചിത്രം വിജയം കൈവരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് 'നവാഡ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലെ'  'ബെസ്റ്റ് ജൂറി അവാർഡും ' ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം 'ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസി' ലേയ്ക്കും പോയവാരം ഈ ചിത്രം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 

കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള  ആദ്യസിനിമ കൂടിയാണ്  ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് നിർമ്മിച്ച്  വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രം.  ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയനാണ്. 

 തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ  കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന്  പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം  വനത്തിൽ  തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള  പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും,  സാഹചര്യങ്ങളുമായി പിന്നീട്  എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടർന്നുള്ള കഥാതന്തു.  കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ്  'മ്..'.  ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന്‍ ഇത്തരമൊരു ശ്രമം നടത്തുന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  ഇദ്ദേഹത്തിന്റെ  ' സംസ്കൃത ഭാഷയിലുള്ള  നമോ , നേതാജി ( രുള ) തുടങ്ങിയ ചലച്ചിത്രങ്ങൾ   രണ്ടായിരത്തി പത്തൊൻപതിലും ഇരുപതിലും  ഇഫി ഗോവ ചലച്ചിത്രമേളയിലെ   ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അൻപത്തിയൊന്ന് മണിക്കൂറുകൾകൊണ്ട് വിശ്വഗുരു  എന്ന സിനിമ പൂർത്തിയാക്കി തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. ഏറ്റവും മികച്ച  പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്   അദ്ദേഹത്തിന്റെ പുഴയമ്മ എന്ന ചിത്രത്തിന് 2018 ൽ  ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയിൽ ചിത്രീകരിക്കപ്പെട്ട സിനിമയ്ക്കുള്ള  ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മോള, നാടൻ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ജുബൈർ മുഹമ്മദ്‌ ആണ് ചിത്രത്തിന്റെ  സംഗീതസംവിധായകൻ.  പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA