ADVERTISEMENT

ജയിലിൽ പോയ അനുഭവം വെളിപ്പെടുത്തി നടൻ ബാബുരാജ്. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് 85 ദിവസത്തെ ജയിൽ ജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.  ആ കേസിൽ തന്നെ പെടുത്തിയതാണെന്നും ജയിലിലടച്ച ജഡ്ജിയെഏറെകാലത്തിന് ശേഷം നേരിട്ട് കണ്ടിരുന്നുവെന്നും താരം പറയുന്നു.

 

‘എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്നവും ഞാൻ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തിൽ ഇറങ്ങിയത്. രാഷ്ട്രീയ കേസുകളിൽ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലിൽ പോകേണ്ടി വന്ന കേസി ൽ മരിച്ച ആളെ ഞാൻ കണ്ടിട്ട് പോലും ഇല്ലായിരുന്നു. ഒരു തിയറ്ററിലെ ജീവനക്കാരൻ ആയിരുന്നു മരിച്ച ആൾ. രാഷ്ട്രീയ മാനം ഉള്ളതിനാൽ എന്നെ അതിൽ പെടുത്താൻ എളുപ്പമായിരുന്നു. 85 ദിവസം ജയിൽ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്. 

 

വർഷങ്ങൾ കഴിഞ്ഞ് ‘അമ്മ’ സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷൻ ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി ആയിരുന്നു അത്. അന്നു ഞാന്‍  ചോദിച്ചു ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്...?’ 

 

‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുെട മറുപടി. ‘പഠിക്കാൻ മിടുക്കൻ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്’ എന്നും ചോദിച്ചു. ഏഴു വർഷത്തോളം ഞാൻ ഹൈക്കോടതിയില്‍  ടി. വി. പ്രഭാകരൻ സാറിനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനിടയ്ക്ക് സിനിമകളും ചെയ്തു. സിനിമ പിന്നീട് പാഷനായി മാറുകയായിരുന്നു.

 

‘വാണിക്ക് എന്നെ നന്നായി അറിയാം. കോളജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകൾക്ക് ഒരു കുറവും ഇല്ല. ‘ജോജി’യുടെ സെറ്റിൽ വന്ന ഫഹദ് എന്നോട് പറഞ്ഞു, ‘ചേട്ടൻ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്’ എന്ന്. ‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാൻ മഹാരാജാസിൽ പഠിക്കുന്നു േപാലുമില്ല’ എന്നു പറഞ്ഞു. സുന്ദരിയായ ഒരു കോളജ് ലക്ചററെ ഞാൻ ചുംബിച്ചു എന്നൊരു കഥയും ഉണ്ട്. സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയിൽ ഞാൻ അവതരിപ്പിച്ച ഒരു സീനാണ്. വാണി ഇതൊക്കെ രസം ആയിട്ട് എടുത്തു ആസ്വദിക്കുന്ന ടൈപ് ആണ്. 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വര്‍ഷം കഴിഞ്ഞു വിവാഹിതരായി.’

 

‘വാണിയും മക്കളും ചെന്നൈയിൽ ആണ്.  മൂത്ത മകൻ അഭയ് മൂന്നാറിലെ എന്റെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർ‌നാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ.’–ബാബുരാജ് പറയുന്നു.

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com