ADVERTISEMENT

കൗമാരകാലത്ത് എല്ലാവർക്കും സിനിമയോട് ഒരു വല്ലാത്ത ഭ്രമം തോന്നും. ചിലർക്ക് അത് ജീവിതാവസാനം വരെ നിലനിൽക്കും .ചിലർക്ക് വഴിയിലെവിടെയോ കെട്ടുപോകും. എനിക്ക് കമലഹാസനോടായിരുന്നു അന്ന് ഭ്രമം! മദനോത്സവം' ഒക്കെ പല തവണ തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. അന്ന് ശ്രീദേവിയും , കമലും തമ്മിൽ പ്രണയത്തിലാണെന്ന് സിനിമാമാസികകളിൽ കണ്ടിരുന്നു.

 

ചിലങ്ക " എന്നൊരു സിനിമ തെലുങ്കിൽ റിലീസായി .ഉടനെ അത് മലയാളത്തിൽ ഡബ്ബ് ചെയ്തു വന്നു .എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞു അതിലെ നായികയ്ക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന്. ആ ജയപ്രദയുടെ ഹിറ്റ് ചിത്രമായിരുന്നു സാഗരസംഗമം' .നാദ വിനോദങ്ങൾ .... എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എന്റെ ഭാവം .പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക ,റോസാപൂ ചൂടുക ,കൺപീലി ഒട്ടിച്ച് കണ്ണെഴുതുക ,കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാപരിപാടികളിലായി ശ്രദ്ധ.

 

കൗമാരം തീർന്നതോടെ എന്റെ ഭ്രമങ്ങളും തീർന്നു .ഞാനും സിനിമയിൽ എത്തി. 30 വർഷം കഴിഞ്ഞാണ് രണ്ടു തമിഴ് സിനിമകൾ ചെയ്തത് .അന്ന് കുറച്ചു വർഷങ്ങൾ ഞാൻ ചെന്നെയിൽ താമസിച്ചിരുന്നു.ഏതാ ഒരു തമിഴ് സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എനിക്കും ക്ഷണം കിട്ടി .വെറും കാഴ്ച കാരിയായിട്ടാണ് കേട്ടോ ... അല്ലാതെ വേദിയിലെക്കല്ല .അവിടെ എത്തിയപ്പോഴാണറിഞ്ഞത് .അന്നത്തെ മുഖ്യാതിഥി കമലാഹസനാണ് .!!ഈശ്വരാ ,അടുത്തു കണ്ടാൽ ഒരു സെൽഫി ' എടുക്കായിരുന്നു .... സിൽക്കു ജുബ്ബയൊക്കെ ഇട്ട് പ്രഭാ പൂർണ്ണനായി വേദിയിൽ നിൽക്കുന്ന കമലിനെ ദൂരെയിരുന്നു ഞാൻ കണ്ടു ...  ജനം ആർത്തു കയ്യടിക്കുന്നുണ്ട്.

 

എങ്കിലും പാദസരം കിലുങ്ങാത്ത പ്രണയം വന്നെത്തിയ എന്റെ കൗമാരത്തിലേക്ക് ഞാൻ പടികളിറങ്ങിച്ചെന്നു .ഹൃദയത്തിന്റെ ഉള്ളറയിൽ സൂക്ഷിച്ച രാത്രികളുടെ നിലാവിനെ കുറിച്ചോർത്തു .മുടി നീട്ടി പിന്നിയിട്ട് റോസാപൂ ചൂടി നടന്ന കോളേജുവരാന്തകളെ കുറിച്ചോർത്തു .ടേപ് റിക്കോഡർ ഓൺ ചെയ്ത് കുന്നിൻ മുകളിൽ കമലാ ഹസനോടൊപ്പം "നാദ വിനോദങ്ങൾ' കളിച്ചത് ഞാനല്ല എന്നതിരിച്ചറിവോടെ..

 

ഇതിനോടകം ജയപ്രദ രാജ്യസഭാംഗത്വം നേടിയിരുന്നു .ഹിന്ദിയിലും ,തെലുങ്കിലും നൂറുകണക്കിനു സിനിമകളിൽ നായികയായി.മലയാളത്തിൽ 'പ്രണയം' എന്ന സിനിമയും .സിനിമയെന്ന ഒരേ തട്ടകത്തിൽ തന്നെയാണ് ഞാനും ജയപ്രദയും ,കമലും ഒക്കെ ജോലി ചെയ്യുന്നത് .പക്ഷെ ഞാൻ  അവരെയൊന്നും നേരിട്ടു കണ്ടിട്ടുപോലുമില്ല.

 

വേദിയിലേക്ക് നിസ്സംഗതയോടെ നോക്കിയിരിക്കുമ്പോൾ എഴുതിത്തീരാത്ത ഏതോ സിനിമാക്കഥയിൽ ഞാൻ നഷ്ടപ്പെട്ടിരുന്നു .കണ്ടുമതിവരാത്ത ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിനു വേണ്ടി പുനർജനിക്കാൻ കാത്തിരിക്കയാണു ഞാൻ .ഉരിയാടാൻ സ്വാതന്ത്ര്യമില്ലാത്ത കൗമാരത്തിന്റെ അടിതട്ടിലേക്ക് വീണ്ടും വീണ്ടും ഞാൻ പടികളിറങ്ങുകയായിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com