ADVERTISEMENT

എനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛൻസിനിമയെ ഓർമിക്കാൻ തോന്നുന്നു. പിൽക്കാലത്ത് ഞാൻ മൂന്നു തിരക്കഥകൾ എഴുതിനൽകിയ ഷാജി എൻ കരുണിനെ കാണുന്നതിന് എത്രയോ മുൻപായിരുന്നു  ‘പിറവി’ കാണുന്നത്. 

 

എന്തൊരു കാണൽ! എനിക്കോർമയുണ്ട്, ഞങ്ങളുടെ പൊള്ളുന്ന ആ പാലക്കാടൻ ഉച്ചയിൽ ടെലിവിഷനിലേക്കു  പെട്ടെന്നു മഴ വന്നുവീണത്. വീട്ടിലെ സ്വീകരണമുറിയിൽ പെട്ടെന്നൊരു അഴൽതണുപ്പു വന്നുനിറയുന്നു.. വരാത്ത മകനുവേണ്ടിയുള്ള ഒരച്ഛന്റെ ഹതാശമായ കാത്തിരിപ്പിന്റെ  ഒറ്റത്തണുപ്പ്.. 

 

പിറവി: കാണാതെപോയ തു കണ്ടെടുക്കാനുള്ള ഒരു വിഫലപ്രാർഥന/ തൊണ്ടയിൽനിന്നിറങ്ങാത്ത  ചോറുരുള/ ഉറക്കത്തിലും ഉൾക്കാത് തേടിയ ഉമ്മറവാതിൽക്കൊട്ട്/ 

കാവിലും തൊടിയിലും പൂവിലും പെയ്തുതോർന്ന ഒാരോ മഴയും/ കാലപാശമായി മരണമെത്തുമ്പോഴും  ഒന്നുകൂടി ഞാനൊന്നു പടിവാതിൽക്കലേക്കു നോക്കട്ടെ എന്ന അർഥന/ 

ഒറ്റയ്ക്കൊറ്റയ്ക്കൊറ്റയ്ക്കാവുന്നൊരു  അച്ഛൻക്കരച്ചിൽ... 

 

പിറ്റേ കൊല്ലം മരിക്കാനിരിക്കുന്ന എന്റെ അച്ഛൻ പതിവ് ഉച്ചയുറക്കം കളഞ്ഞ് ആ സിനിമ കാണാൻ എനിക്കൊപ്പമിരിക്കുന്നുണ്ടായിരുന്നു. സിനിമ നീളുന്നു. അച്ഛൻ എന്തിനോ അസ്വസ്ഥനാവുന്നത് ഞാനറിഞ്ഞു. പതിവില്ലാത്തവിധം , ആ മുറിയിലിരുന്ന് അച്ഛൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയപ്പോൾ അതെന്തിനെന്ന് ഞാൻ അന്ധാളിച്ചു. ആ സിനിമ, 

അച്ഛനും മകനും മാത്രമുള്ള ഒരുച്ചയിൽ, ഒരു അച്ഛനോട് എങ്ങനെ വിനിമയം നടത്തിയെന്നു മനസ്സിലാക്കാൻ എനിക്കൊരു മകൾ പിറക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com