ADVERTISEMENT

മനോഹരമായ ഒരു പുഷ്പത്തിന്റെ ഇതളുകൾ അരഞ്ഞു ചേർന്ന് ഇറ്റുവീഴുന്ന ഒരുതുള്ളി സുഗന്ധം പോലെ ഒരു നിർമാതാവിന്റെ അരഞ്ഞു തീർന്ന ജീവിതത്തിൽ ബാക്കിയാവുന്ന ഒരുപിടി സുഗന്ധമാണ് പെർഫ്യൂം എന്ന സിനിമ. മോത്തി ജേക്കബ് എന്ന നിർമാതാവിന് ഈ ചിത്രം തന്റെ ജീവിതത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിച്ച ഒട്ടും സുഗന്ധമില്ലാത്ത ഓർമകളുടെ ഒരു ഘോഷയാത്രയാണ്.  കനിഹയും പ്രതാപ് പോത്തനും ടിനി ടോമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിദാസ് ആണ്.

 

perfume-producer
മോത്തി ജേക്കബ്

നഗരജീവിതത്തിലെ ഊഷരതകളിൽ സ്ത്രീകൾ തിരയുന്ന ചില സൗഹൃദ തുരുത്തുകളും അതിലെ കെണികളിൽ പെട്ട് ഉഴറുന്ന നിസ്സഹായതയും കനിഹ അതിശക്തമായി അവതരിപ്പിച്ച ചിത്രമാണ് പെർഫ്യൂം. കുടുംബ ശൈഥില്യങ്ങളുടെ  കഥ സിനിമയാക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ, അതിന്റെ പര്യവസാനം ഇത്തരമൊരു ദുരന്തം ആയിരിക്കുമെന്ന് ആ നിർമാതാവ് ഒരിക്കലും ചിന്തിച്ചു കാണില്ല.

tiny-kaniha

 

kanihaka

ആരംഭത്തിൽ പലരും പറഞ്ഞു വിശ്വസിപ്പിച്ച ബജറ്റിന്റെ എല്ലാ പരിധികളും കടന്ന് ഷൂട്ടിങ് പുരോഗമിച്ചപ്പോൾ, ഏകദേശം ഒന്നേകാൽ കോടിയിലധികം വിലവരുന്ന തന്റെ വീട് പലിശക്കാരന്റെ നിർബന്ധത്തിന് തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടിവന്നു . കടം കഴിച്ച് ബാക്കിയുള്ള അധികതുക കണക്കുപറഞ്ഞ് വാങ്ങാൻ പോലും മാനസികമായി താളം തെറ്റി പോയ അദ്ദേഹത്തിന് സാധിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇന്ന് വെള്ളിമാടുകുന്ന് ഉള്ള ഒരു ചെറിയ വാടക വീട്ടിലാണ് കഴിയുന്നത്.

prathap-kaniha

 

‘ഏകദേശം രണ്ട് ദിവസത്തോളം മാത്രം ഷൂട്ടിങ് ബാക്കിയുള്ളപ്പോൾ സെറ്റിലെ എല്ലാവർക്കും ഭക്ഷണം വാങ്ങാനുള്ള പണം പോലും മോത്തി സാറിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല . അതോടെ ഷൂട്ടിങ് നിർത്തിവെക്കുമെന്ന അവസ്ഥയായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അദ്ദേഹം തന്റെ വീട്ടിലെത്തി,  കരഞ്ഞുകൊണ്ട് ഭാര്യയുടെ കാലിലെ പാദസരത്തിനായ് കെഞ്ചി. അത് വിറ്റ് കിട്ടിയ പണംകൊണ്ട്  എല്ലാവർക്കും പാരഗണിൽ നിന്ന് ബിരിയാണി വാങ്ങി കൊടുത്തു. പാരഗണിന്റെ മുന്നിലുള്ള ഒരു തട്ടുകടയിൽ നിന്ന് വെറും ഒരു ഗ്ലാസ് ചായയും വടയും മാത്രമാണ് താനും അദ്ദേഹവും അന്ന് കഴിച്ചതെന്നും, സംഘത്തിലെ ഒരാൾ പോലും നിർമാതാവ് ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ചില്ല എന്നും ശരത് വേദനയോടെ ഓർക്കുന്നു.ഒരു ചെറിയ സീൻ കൂടി ഷൂട്ട് ചെയ്താൽ പൂർത്തിയാകുമായിരുന്ന ആ സിനിമയോട് ഒരു ദിവസം കൂടി സഹകരിക്കാൻ ആരും തയ്യാറാകാതിരുന്നത്തോടെ  കോവിഡിന്റെ വറുതി കാലത്തിന് മുൻപേ തന്നെ അത് പെട്ടിയിലായി.’–എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശരത് പറയുന്നു. 

 

എന്നാൽ മോത്തി ജേക്കബ് എന്ന മനുഷ്യന്റെ പ്രാർത്ഥനകളിൽ എവിടെയോ തെളിഞ്ഞു വന്ന ദൈവസാന്നിധ്യം ആ സിനിമയെ വീണ്ടും അഭ്രപാളികളിൽ എത്തിക്കുകയാണ്. ഈ സിനിമയുടെ ഗാന സംവിധായകൻ കൂടിയായ രാജേഷ് ബാബു , പിന്നണി ഗായകനായ സുനിൽകുമാർ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ശരത് എന്നീ കൂട്ടുകാർ ചേർന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകളും പൂർത്തിയാക്കി സിനിമ ഇറക്കാമെന്ന് തീരുമാനിക്കുകയും അതോടൊപ്പം ചിത്രീകരണം  പൂർത്തിയാക്കാൻ വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്കാമെന്ന് പ്രതാപ് പോത്തനും,   ടിനി ടോമും,  ദേവി അജിത്തും പ്രവീണയും സമ്മതിക്കുകയും ചെയ്തതോടെ പെർഫ്യൂം എന്ന സിനിമ യാഥാർഥ്യമായി. ചായം തേച്ച മുഖങ്ങൾക്കിടയിൽ ഈ കലാകാരന്മാരുടെ മനുഷ്യത്വവും നന്മയും തിരിച്ചറിഞ്ഞ സന്ദർഭങ്ങളായിരുന്നു അത്.

 

കൂടാതെ സംവിധായകനായ ഹരിദാസ്,  ക്യാമറ കൈകാര്യം ചെയ്ത സജാദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ആയ ശ്രീ ഷാജി പട്ടിക്കര, എന്നിവരുടെയും നിസ്സീമമായ സഹകരണം ചിത്രത്തിനു ലഭിക്കുകയുണ്ടായി.സിനിമയുടെ മായക്കാഴ്ചകളിൽ കുടുങ്ങി, പലരുടെയും വാക്കുകൾ വിശ്വസിച്ച് എടുത്തുചാടി സ്വന്തം ജീവിതം തന്നെയും നഷ്ടപ്പെട്ടുപോകുന്ന ഇടത്തരം നിർമ്മാതാക്കളുടെ ഒരു പ്രതീകം കൂടിയാണ്  മോത്തി ജേക്കബ് എന്ന മനുഷ്യൻ. ഇന്ന് തുച്ഛമായ ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ബന്ധപ്പെടുന്ന അദ്ദേഹത്തിൻറെ ആത്മസാക്ഷാത്കാരം കൂടിയാണ് ഈ സിനിമയുടെ റിലീസിങ്. 

 

ഒരു നിർമാതാവ് സിനിമ ചെയ്യുമ്പോൾ ഏകദേശം 150 ഓളം വരുന്ന ആർട്ടിസ്റ്റുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതമാണ് കഴിയുന്നത് എന്ന സത്യം നാം വിസ്മരിച്ചു കൂടാ.അതുകൊണ്ടുതന്നെ ഒരു സിനിമ പൂർത്തിയാക്കി വിജയത്തിലെത്തിക്കാനുളള കടമ ഒരു നിർമാതാവിന് മാത്രമല്ല,  അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം കൂടിയാണ്.  ഇതിലെ നടന്മാർ അടക്കമുള്ളവർ നൽകിയ അത്തരത്തിലുള്ള ഒരു പിന്തുണ കൊണ്ട് മാത്രമാണ് ഇന്നീ ചിത്രത്തിന് പുറത്തിറങ്ങാൻ  സാധിച്ചത്. 

 

മോത്തി ജേക്കബ് പ്രൊഡക്‌ഷൻസിൻറെയും  നന്ദന മുദ്ര ഫിലിംസിന്റെയും  ബാനറിൽ ഒടിടി പ്ലാറ്റ്ഫോമിൽ ഉടൻ ഇറങ്ങാനിരിക്കുന്ന ഈ സിനിമയിൽ മലയാള ഗാനരചനാരംഗത്തെ കുലപതിയായ ശ്രീകുമാരൻതമ്പി സാറിനോടൊപ്പം പുതുമുഖ ഗാനരചയിതാക്കൾ ആയ സുധീ, അഡ്വ. ശ്രീരഞ്ജിനി, സുജിത്ത് കാറ്റോട് എന്നിവരും ഗാനരചന നിർവഹിച്ചിരിക്കുന്നു.രാജേഷ് ബാബുവിന്റെ ഗാന സംവിധാനത്തിൽ കെ.എസ്. ചിത്ര, മധുശ്രീ നാരായണൻ, പി. കെ. സുനിൽകുമാർ, രഞ്ജിനി ജോസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com