ADVERTISEMENT

പെൺകുട്ടികൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് നടി സരയു മോഹൻ. ജോലി കിട്ടിയിട്ട് മാത്രം വിവാഹം മതി എന്ന് തീരുമാനത്തിലെത്തണമെന്നും സ്ത്രീധനം ചോദിച്ചെത്തുന്നവരെ ഒഴിവാക്കാൻ പഠിക്കണമെന്നും സരയു പറയുന്നു.

 

സരയുവിന്റെ വാക്കുകൾ:

 

ഫെയ്സ്ബുക്കിൽ എഴുതിനിറച്ചിട്ട് കാര്യമൊന്നുമില്ല എന്നറിയാം.... കാരണം യഥാർഥ ജീവിതം ഇവിടെ നിന്ന് മാറിയാണ്... അവിടെ ഇപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗം കുടുംബത്തിനായി ഓടിതീർന്ന അച്ഛനമ്മാർ ഇപ്പോഴും കണ്ണും നട്ട് കാത്തിരിക്കുകയാണ്, അവരുടെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുന്ന  ദിവസത്തിനായി സ്വരുകൂട്ടി വയ്ക്കുകയാണ്....പൊന്നും പണവും കരുതുകയാണ്... അങ്ങനെ ആ ബാധ്യത തീർന്നു എന്ന് ആശ്വസിക്കുന്ന അച്ഛനമ്മാർ... അതാണ് ഏറ്റവും വലിയ പേടി...

 

പെണ്മക്കളെ പഠിപ്പിച്ചു ഡോക്ടർ ആക്കി, എൻജിനീയർ ആക്കി എന്നൊക്കെ വിവാഹനാൾ വരെ വാതോരാതെ പറഞ്ഞിരുന്ന അവർ, ഒരു വർഷത്തിനപ്പുറം പുളകം കൊള്ളുന്നു, ഓഹ്.... കുഞ്ഞൊക്കെ ആയതിൽ പിന്നെ അവൾ പോയില്ല... ഇനിയിപ്പോ അവന്റെ കാര്യവും കുഞ്ഞിന്റെ കാര്യമൊക്കെ നോക്കണ്ടേ...! വിവാഹക്കമ്പോള വാതിൽ വരെ എത്താനേ വിദ്യാഭാസവും ജോലിയും പെൺകുട്ടികൾക്ക് ആവശ്യമായി വരുന്നുള്ളു....

 

എന്റെ പൊന്ന് അനുജത്തിമാരെ, വിദ്യാഭാസം, ജോലി, മനസമാധാനം, അവനവന്റെ സന്തോഷം ഇതൊക്കെ കഴിഞ്ഞ് മാത്രമേ വിവാഹം കടന്ന് വരുന്നുള്ളു എന്നൊന്ന് തിരിച്ചറിയൂ.... ജോലി നേടൂ... ഏറ്റവും കുറഞ്ഞ പണം, എങ്കിലും- സ്വന്തമായി സമ്പാദിക്കൂ...

 

കുറഞ്ഞത് ഒരു വർഷമെങ്കിലും അവനവൻ സമ്പാദിക്കുന്ന പണം കൊണ്ട്, ജീവിക്കൂ, ഇഷ്ടമുള്ളതെല്ലാം വാങ്ങൂ, യാത്ര പോകൂ, അതിപ്പോ എറണാകുളത്തുന്ന് അതിരപ്പള്ളി വരെ ആണെങ്കിലും.... അപ്പോൾ നിങ്ങൾക്ക് കൈവരിക്കാൻ സാധിക്കുന്ന ഒരു ആത്മവിശ്വാസം ഉണ്ട്... ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്...വീട്ടുകാരോട് പറയൂ, എന്നെ വിൽക്കാൻ പറ്റില്ലെന്ന്.... ജോലി കിട്ടി, 2 കാശ് കയ്യിൽ വന്നപ്പോൾ അഹങ്കാരി ആയെന്ന് കേട്ടേക്കാം... ഒരു വിഷയവുമില്ല... 

 

തൂങ്ങി ആടുന്നതിനേക്കാൾ നല്ലതാണ് തന്റേടി എന്ന വിശേഷണം.... വിവാഹത്തിലേക്ക് എത്തുന്ന പ്രണയം എല്ലാ ജീവിതത്തിലും ഉണ്ടാവണം എന്നില്ല, എന്നാലും പേപ്പറിലെ മാട്രിമോണിയൽ കോളത്തിലും, മാട്രിമോണിയൽ സൈറ്റുകളിലും ജാതിയും ജോലിയും പത്രാസും നിരത്തി വിളമ്പി ഇരയെ കാത്തിരിക്കുന്നവരിൽ നിന്ന് മാറി ഏതേലും കോണിൽ മുന്നോടുള്ള ജീവിതം പങ്കിടാൻ ഒരു കൂട്ടുകാരിയെ തേടുന്നവരെ സ്വയം കണ്ടെത്താൻ നോക്കൂ... ടിക്ടോക്കിൽ സർവാഭരണ ഭൂഷിത ആയി പട്ടുടുത്ത് 30 സെക്കൻഡ് സ്ലോമോഷനിൽ തിരിയുന്നതല്ല ജീവിതം

..

അത് കൊണ്ട് ദയവ് ചെയ്ത്

 

• ജോലി കിട്ടിയിട്ട് മാത്രം വിവാഹം എന്ന് തീരുമാനിക്കൂ

• അത്‌ പ്രായം 25 ആയാലും 35 ആയാലും 

• നയാ പൈസ കൊടുക്കുന്ന പരിപാടി ഇല്ലെന്ന് മാത്രമല്ല, അത്‌ ചോദിച്ചാൽ തന്നെ അയാളോട് ശരിയെന്നാൽ ചേട്ടൻ ചെല്ല് എന്ന് പറയാനും പറ്റണം

(സത്യമായും അയാൾക്ക് നിങ്ങളോട് ഒരു പ്രേമവും ഇല്ല, ഒരു കോപ്പും ഇല്ല )

• 25 വയസ്സിന് മുന്നേ വിവാഹം എന്ന ചിന്ത ഉപേക്ഷിക്കൂ, ഏട്ടാ എന്നും വിളിച്ചു പുറകേ നടക്കുന്നതിനെക്കാൾ മികച്ചൊരു ലോകം പുറത്തുണ്ട്

• പങ്കാളിയെ ഉറപ്പിച്ചാൽ ഒരു 6 മാസം എങ്കിലും ഇടപഴകിയതിന് ശേഷം ‘സേവ് ദ് ഡേറ്റ്’ എന്ന് നാട്ടുകാരോട് പറയാം ( ശേഷവും ഇയാൾ തന്നെ വേണമെന്ന് തോന്നിയാൽ )

• വിവാഹ ചിലവുകൾ സ്വയം ഏറ്റെടുക്കൂ (അപ്പോൾ നിങ്ങൾ തന്നെ വെട്ടികുറയ്ക്കും പല ആർഭാടവും )

• വിവാഹത്തിന് ലോൺ എടുക്കില്ല എന്ന് ഉറപ്പിക്കൂ (ലോൺ എടുത്ത് തീറ്റിക്കണ്ട അത്ര ആളുകൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു റോളും ഇല്ല )

• നെറ്റിപ്പട്ടം കെട്ടിയത് പോലെ ഒരുങ്ങില്ല എന്ന് തീരുമാനിക്കൂ (കണ്ട് കണ്ട് അറച്ചുതുടങ്ങി )

• കല്യാണത്തിന് മുന്നെ ചെക്കൻവീട്ടുകാർ മുഴുവൻ വീട് കണ്ട്‌ ബോധിച്ചു പോയാലും ഇല്ലെങ്കിക്കും, ചെക്കന്റെ വീട്ടിൽ ഒന്ന് പോവുക തന്നെ ആകാം...

• മനോഹരമായ ഒരു ഘട്ടത്തിലേക്ക് ജീവിതം കടക്കുമ്പോൾ, അത്‌ ആഘോഷിക്കണോ എന്നത് വ്യക്തിപരമായ കാര്യം തന്നെയാണ്..

• എന്നാൽ സ്വന്തമായി സാമ്പാദിച്ച പണത്താൽ മാത്രം വിവാഹം എന്ന് തീരുമാനിക്കുമ്പോൾ, ആഡംബരത്തിനും ആഘോഷത്തിനും ഇടയിലെ അതിർ വരമ്പ് സ്വയം നിശ്ചയിക്കാം...

• മേക്കപ്പ്, ഫോട്ടോഗ്രഫി, സ്റ്റേജ്, ഇവന്റ്, ഡ്രസ്സ്‌ തുടങ്ങി വിവാഹങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന തൊഴിൽ മേഖലകൾ തന്നെയുണ്ട്, അവർക്ക് തൊഴിലും നമുക്ക്‌ ജീവിതത്തിന്റെ അടുത്ത ഘട്ടവും ഉണ്ണാൻ വരുന്നവർക്ക് അന്നത്തെ വാട്ട്സാപ്പ് സ്റ്റാറ്റസ്സും മാത്രമാണ് നമ്മുടെ വിവാഹം

• കല്യാണം കഴിഞ്ഞും ജോലി ചെയ്യുക

• ഏത് ദിവ്യ പ്രേമം ആണേലും ഒരു സിംഗിൾ ബാങ്ക് അക്കൗണ്ട് മെയ്ന്റെയൻ ചെയ്യുക

• കല്യാണം കഴിഞ്ഞ ഉടൻ fb യിലും ഇൻസ്റ്റയിലും അച്ഛന്റെ പേര് തട്ടി കളഞ്ഞ് കെട്ട്യോന്റെ പേര് ചേർത്ത് പുളകം കൊള്ളാതിരിക്കുക, അറിയാതെയുള്ള അടിയറവ് പറയൽ മാത്രമാണത്. അവിടെയെങ്ങും ഒരു സ്നേഹവും ഇല്ല....അല്ല!കെട്ട്യോൻ നിങ്ങളുടെ പേര് വാലെ തൂക്കിയോ?

• സിനിമ നടികൾ രാവിലെ എണീറ്റത് മുതൽ എന്ത് ചെയ്തു എന്നതും ഏത് ക്രീം തേച്ചു എന്നതും കണ്ടിരിക്കുന്നതിനൊപ്പം, വാർത്തകൾ വായിക്കുക, ലോകം മാറുന്നതും ചുറ്റും നടക്കുന്നതും അറിയുക

• ജോലിയും സ്റ്റാറ്റസ്സും നോക്കി കെട്ടിയിട്ട്, പ്ലാക്കാർഡും പിടിച്ച് നടക്കാൻ പറ്റില്ല, അയാൾ കൈ പിടിച്ച് നടന്നാൽ നിങ്ങൾക്ക് കൊള്ളാം 

• ഒന്ന് മാറി നിൽക്കാൻ, സ്വന്തം വീട്ടിൽ പോകാൻ പറ്റുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം ഒരു സുഹൃത്തെങ്കിലും ഉണ്ടായിരിക്കുക (അങ്ങനെ സമ്മതിക്കാത്ത വീട്ടുകാർക്ക് വേറെ ക്ലാസ്സ്‌ കൊടുക്കാം )

• സമൂഹത്തെ ഭയന്ന് ചെയ്യാതിരിക്കുന്ന കാര്യങ്ങളിൽ ഒരെണ്ണം ചെയ്യുക!

• പിന്നെ ശീലം ആയിക്കോളും!!!

•  അച്ഛൻ, അമ്മ അച്ഛമ്മ അമ്മമ്മ സെന്റിമൻസുകൾ ഉണ്ട് -അതിൽ പെട്ട് അവർക്ക് കല്യാണപെണ്ണായി കാണാൻ മാത്രം ചാടികേറി കെട്ടിയിട്ട് അവർ ഇപ്പോഴും സീരിയലും കണ്ടിരിക്കുകയും നിങ്ങൾ കയറിൽ തൂങ്ങി ആടുകയും ചെയ്യരുത്...

• എല്ലാത്തിലും ഉപരി ആയി വിവാഹം ഒരു നിർബന്ധം അല്ലേയല്ല എന്ന് കൂടെ തിരിച്ചറിയൂ 

 

ഇതൊക്കെ പറയാൻ എളുപ്പമാണ്, പ്രാക്ടിക്കൽ ലൈഫിൽ ബുദ്ധിമുട്ടാണ് എന്നൊന്നും പറഞ്ഞു ആരും വരണ്ട...ഒരു കുന്തവും ഇല്ല, മറ്റുള്ളവർ ചെയ്യട്ടെ, എനിക്ക് വയ്യ എന്നോ, അല്ലേൽ അത് കഴിഞ്ഞ് നോക്കാം എന്നോ ആകരുത് എന്നെ ഉള്ളൂ, നിങ്ങളൊക്കെ എത്ര മിടുക്കികൾ ആണ് പെൺകുട്ടികളെ? ഇനിയുമെങ്കിലും ഒന്ന് മാറിചിന്തിക്കൂ...

 

നല്ല കുട്ടികൾ പട്ടം കിട്ടിയവർ കഴുക്കോലിൽ ആടുമ്പോൾ തന്റേടികൾ തിരിച്ചൊന്ന് കൊടുത്തിട്ട് തനിച്ചോരു ലോകം തീർത്താർത്തു ചിരിച്ചു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com