ADVERTISEMENT

വെട്ടിയെടുക്കുന്ന അടയ്ക്കയ്ക്കും വെറ്റിലയ്ക്കും പുകയിലത്തണ്ടിനുമിടയിൽ ഒരു സിനിമക്കാരൻ പകിട്ട് ഒട്ടുമില്ലാതെ ചിരിച്ചാൽ അതാണു കെ. ടി. എസ്. പടന്നയിൽ. മുറുക്കാൻകറ പറ്റിയ നീല ജുബ്ബയും കാവിമുണ്ടും. ചീകിയൊതുക്കിയില്ലെങ്കിലും ചേർന്നു നിൽക്കുന്ന മുടി ഇടയ്ക്കിടെ മാടിയൊതുക്കും. തൃപ്പൂണിത്തുറയിലെ സ്വന്തം പെട്ടിക്കടയിൽ നാലുംകൂട്ടി മുറുക്കാനെത്തുന്നവർക്കു മുന്നിൽ കൊച്ചുകച്ചവടക്കാരൻ മാത്രമാണിദ്ദേഹം. സിനിമയിൽ ഒരുകാലത്തു ചിലമ്പിച്ച ഇദ്ദേഹത്തിന്റെ ചിരിക്കു വലിയ വിലയുണ്ടായിരുന്നു. ചിരിക്കു മാത്രമായിരുന്നു വില. ഇന്നിപ്പോൾ സിനിമയുടെ തിളക്കം ചോർന്ന ചിരിയുടെ കഥ ചികഞ്ഞാൽ സങ്കടം തോന്നും. (പുനപ്രസിദ്ധീകരിച്ചത്)

 

താരമായിട്ടും എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്?

 

ജീവിക്കണ്ടേ? മക്കൾ ആർക്കു മുന്നിലും കൈനീട്ടരുതെന്നുണ്ട്. അവർക്കു കടങ്ങളൊട്ടും വരുത്തരുതെന്നുണ്ട്. ആവോളം അധ്വാനിക്കുക. പുലർച്ചെ രണ്ടേമുക്കാലിന് എഴുന്നേറ്റു രണ്ടര കിലോമീറ്റർ നടന്നാണു കട തുറക്കാൻ തൃപ്പൂണിത്തുറയിലെത്താറ്. പുലർകാലത്തു ലോറിക്കാർ വരും. സോഡയും സിഗരറ്റും മുറുക്കാനും വേണം. പാൽവണ്ടി വരും. അതു വാങ്ങി സൂക്ഷിക്കണം. പ്രായം 82 ആയി. നാലു മക്കൾക്കും അല്ലലില്ലാതെ ജീവിക്കാൻ വീടും വഴിയുമായി. അതാണൊരു സമാധാനം. അച്ഛനുണ്ടാക്കിയ നഷ്ടക്കണക്കുകൾ അവരെ അലട്ടരുതെന്നുണ്ടായിരുന്നു. അതിനാണിപ്പോഴും ഈ അധ്വാനം.

padannayil
കെടിഎസ് പടന്നയിൽ തൃപ്പൂണിത്തുറയിലെ മുറുക്കാൻകടയിൽ നിന്നു ചാടിയിറങ്ങുന്നു. വാതിലുകൾ ഇല്ലാത്തതിനാൽ മിഠായി ഭരണികൾക്കു മുകളിലൂടെ ചാടിക്കടന്നേ പുറത്തിറങ്ങാനാകൂ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

 

ആ പഴയ കാലം

 

1946 കാലത്തു തൃപ്പൂണിത്തുറ സരസ്വതിവിലാസം സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ആറു സുബ്രഹ്മണ്യൻമാർ ഉണ്ടായിരുന്നു. സുബ്രഹ്മണ്യാന്നു വിളിച്ചാൽ ആറുപേരും ഒന്നിച്ച് ഓടിയെത്തും. കുര്യൻ മാഷ് കണ്ടെത്തിയ വഴിയാണിത്. കുടുംബപ്പേരും അച്ഛന്റെ പേരും ചേർത്ത് ഇനീഷ്യലിട്ടു വിളിക്കുക. അങ്ങനെ അദ്ദേഹമിട്ട പേരാണു കെ. ടി. എസ്. പടന്നയിൽ. കൊച്ചുപടന്നയിൽ തായി മകൻ സുബ്രഹ്മണ്യം അങ്ങനെ കെ. ടി. എസ്. പടന്നയിലായി. പഠനം ആറിൽ അവസാനിപ്പിച്ചു. പണമില്ലായിരുന്നു പഠിക്കാൻ. ഒന്നര രൂപ ഫീസ് കൊടുക്കാത്തതിനു പരീക്ഷയ്ക്ക് ഇരുത്തിയില്ല. അതോടെ പഠനം നിർത്തി. മക്കൾ നാലുപേരെയും പഠിപ്പിക്കണമെന്നുണ്ടായിരുന്നു. അവർ പക്ഷേ പത്തിനപ്പുറം പോയില്ല.

 

അച്ഛൻ തായിക്ക് കൂലിപ്പണിയായിരുന്നു. തൃപ്പൂണിത്തുറ തെക്കുംഭാഗത്തായിരുന്നു വീട്. ആറു മക്കളിൽ ഇളയവനായിരുന്നു കെടിഎസ്. കഷ്ടപ്പാടിന്റെ ചൂടേറിയപ്പോൾ അമ്മ മാണിയും കൂലിവേലയ്ക്കു പോയി. അരി വാങ്ങാൻ പറ്റാതെ ആഞ്ഞിലിക്കുരുവും കശുവണ്ടിയും ചുട്ടു വിശപ്പടക്കിയ നാളുകൾ. ഓലപ്പുരയിലെ ബെഞ്ചിൽ ചേട്ടനൊപ്പം വിശപ്പു സഹിച്ചു കിടന്നുറങ്ങിയ രാപ്പകലോർമകൾ. പട്ടിണിയുടെ നോവറിഞ്ഞതുകൊണ്ടാവാം, ഇന്നും വീട്ടിൽ വിശന്നെത്തുന്നവർക്കു കാഞ്ഞ വയറുമായി മടങ്ങേണ്ടിവരാറില്ല. അത് അച്ഛൻ പഠിപ്പിച്ച നല്ലപാഠമാണ്.

 

പന്ത്രണ്ടു വയസ്സുമുതൽ തുടങ്ങിയതാണ് അധ്വാനം. ചീഞ്ഞ തെങ്ങിൻതൊണ്ട് എണ്ണിയിട്ടു കൊടുത്തായിരുന്നു തുടക്കം. ഒരു ദിവസം അഞ്ഞൂറോളം മടലുകൾ എണ്ണിയിട്ടു. പിന്നെ കല്ലു ചുമന്നു; മടൽ ചുമന്നു; കരിങ്കല്ലു തല്ലി... ചെയ്യാത്ത ജോലികളൊന്നുമില്ല. പ്രായം 22ൽ എത്തിയപ്പോഴേക്കും വീടു പൂർണമായും തലയിലായി. അച്ഛനു വയ്യാതായി. കയർ പിരിക്കാൻ പോയ അമ്മയ്ക്കും പറ്റാതായി. ഇതിനിടെ എല്ലാ മക്കൾക്കും വീടായി. ഒരു പെങ്ങളെ കെട്ടിച്ചയച്ചു. ഇത്തിരിക്കാശു മിച്ചംപിടിക്കാനാവുമ്പോഴേക്കും അച്ഛൻ മരിച്ചു. അതാണൊരു സങ്കടം. അച്ഛനെ നല്ല നിലയിൽ നോക്കാനായില്ലല്ലോ എന്ന് ഉള്ളിലെന്നും നീറും. ചേട്ടൻ വിവാഹം കഴിഞ്ഞു മാറിയതോടെ അമ്മ തനിച്ചാകുമെന്നായപ്പോഴാണു വിവാഹം ചിന്തയിൽ വന്നത്. അപ്പോഴേക്കും പ്രായം 35ൽ എത്തിയിരുന്നു.

 

നാടകം, പിന്നെ സിനിമ

 

വൈക്കംവരെ ചെന്നു നാടകം കണ്ടിട്ടുണ്ട്. വലിയ നടൻമാരുടെ അഭിനയം കണ്ടു ഭ്രമിച്ചിരുന്നിട്ടുണ്ട്. തൃപ്പൂണിത്തുറമുതൽ പൂത്തോട്ടവരെയുള്ള നാടകസമിതികളിൽ ഒരു വേഷം തേടി ഒരുപാട് അലഞ്ഞു. ആരും കെടിഎസിനെ അടുപ്പിച്ചില്ല. തൃപ്പൂണിത്തുറയിൽ തുടങ്ങിയ ഖാദിഭവന്റെ ‘അമ്പർച്ചർക്ക’ നൂൽനൂൽപ്പ് കേന്ദ്രത്തിന്റെ വാർഷികത്തിനു നാടകം സംവിധാനം ചെയ്തും അഭിനയിച്ചുമായിരുന്നു തുടക്കം. അന്നത്തെ പ്രകടനം കണ്ടു കാണികൾ ആരാധകരായി. ചിരിമുഹൂർത്തങ്ങൾ ഉണ്ടാക്കി കാണികളെ കയ്യിലെടുക്കുന്ന കെടിഎസിനെ തേടി നാടകസമിതികളെത്തി. 

 

ജയഭാരത് നൃത്തകലാലയവും ചങ്ങനാശേരി ഗീഥയും വൈക്കം മാളവികയും കൊല്ലം ട്യൂണയും ആറ്റിങ്ങൽ പദ്മശ്രീയുമെല്ലാം കെടിഎസിനുവേണ്ടി കാത്തിരുന്നു. കഷ്ടപ്പെട്ടായാലും കെടിഎസിന്റെ കഥാപാത്രങ്ങളെല്ലാം ചിരിയുണർത്തി. വരുമാനമേറി. വീട്ടിൽ പട്ടിണി മാറി. നാടകക്കാരനായതിനാൽ പെണ്ണു തരാൻ വിമുഖത കാട്ടിയവരുടെ വീട്ടിലെ പെണ്ണാണു ഭാര്യ രമണി. 1972ൽ ആയിരുന്നു വിവാഹം. നാലു മക്കൾ: ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ. ഒന്നാമത്തെ കുട്ടിക്ക് ഒരക്ഷരത്തിൽ പേരിട്ടു തുടങ്ങിയ കെടിഎസ് നാലാമത്തെ മകനു നാലക്ഷരമുള്ള പേരിട്ടു. മക്കളെല്ലാവരും സ്വന്തം ജോലിയും വരുമാനവുമായി തൃപ്പൂണിത്തുറയിലും പരിസരത്തുമുള്ളതാണു സന്തോഷം.

 

പെട്ടിക്കടയിലെ നടൻ

 

തൃപ്പൂണിത്തുറക്കാർ 610 എന്നു വിളിക്കുന്ന ബേബിയുടെ കട വിൽക്കുന്നുവെന്നറിഞ്ഞു ചോദിച്ചതാണ്. 300 രൂപയ്ക്കു കട ഏറ്റെടുത്തു. താക്കോൽ കിട്ടിയതിന്റെ പിറ്റേന്നു തുടങ്ങിയ ശീലമാണ്. ഇന്നും ഈ കടയാണു ജീവിതവിജയങ്ങൾക്കാധാരം. ഈ പെട്ടിക്കടയിൽനിന്നാണു കെടിഎസ് സിനിമയിലേക്കു നടന്നത്. നാടകങ്ങളിലെ സൂപ്പർ കൊമീഡിയൻ പിന്നെ സിനിമയിൽ ചിരി പടർത്തി. ഹിറ്റുകൾക്കിടയിൽ കെടിഎസ് ഒഴിച്ചുകൂടാനാവാത്ത രസച്ചേരുവയായി. എന്നിട്ടും ജീവിതരക്ഷയ്ക്ക് ഈ പെട്ടിക്കടയുടെ വാതിൽപ്പലക പുലർകാലത്തു വന്നു തുറന്നുവയ്ക്കേണ്ടിവരുന്നു.

 

∙സിനിമയിൽനിന്നു കാശൊന്നും കാര്യമായി കിട്ടാറില്ലേ?

 

(ദൈന്യം നിറഞ്ഞ ചിരിയോടെ അച്ഛൻ തായിയെക്കുറിച്ചു കെടിഎസ് പറഞ്ഞു. അച്ഛൻ അറിയപ്പെടുന്ന ഉടുക്കുകൊട്ടു കലാകാരനായിരുന്നു. കോൽക്കളിയും കാവടിച്ചിന്തും അദ്ദേഹത്തിന്റെ ശീലമായിരുന്നു. ശബരിമലക്കാലത്തു തിരക്കായിരുന്നു. മലയ്ക്കു മാലയിടൽമുതൽ കെട്ടുനിറയ്ക്കുവരെ അച്ഛൻ ഉടുക്കുകൊട്ടിപ്പാടി. ഉറക്കം മറന്ന് ഉടുക്കിനൊപ്പം ജീവിച്ച അച്ഛനു പിറ്റേന്നു കിട്ടുന്ന ചെറിയ ദക്ഷിണ ഉപജീവനത്തിനു പോരായിരുന്നു. അതിൽ പക്ഷേ അദ്ദേഹം കണക്കു ചോദിച്ചില്ല. കാരണം, ഉടുക്കുകൊട്ടും പാട്ടും അച്ഛനു സമർപ്പണമായിരുന്നു. അച്ഛന്റെ ശീലംപോലെ, അഭിനയിച്ചതിന് ആരോടും കണക്കുപറഞ്ഞു കാശു ചോദിച്ചില്ല പടന്നയിൽ. കോടികളുടെ പകിട്ടും പത്രാസും മാത്രം പറഞ്ഞു കാശെറിയുന്ന സിനിമയിൽ അർഹിക്കുന്ന അധ്വാനത്തിനു കാശില്ലാതെ മടങ്ങേണ്ടിവന്ന കഥകൾ കെടിഎസ് പറഞ്ഞപ്പോൾ വാക്കുകൾ ഇടറി. ഒരു ഹിറ്റ് ചിത്രത്തിനായി 28 ദിവസം ജോലിചെയ്തു പോരുമ്പോൾ 10,000 രൂപ മാത്രം നൽകിയ അനുഭവംപോലും ഏറെ നിർബന്ധിച്ചപ്പോഴാണു പങ്കുവച്ചത്.)

 

‘‘...അതൊന്നും ആരോടും പറയാനില്ല; ആരും അറിയേണ്ടതുമില്ല. എനിക്കുള്ളതു ദൈവം ഈ പെട്ടിക്കടയിൽനിന്നു തരുന്നുണ്ട്. ‘അമ്മ’ പെൻഷനായി തരുന്ന 2500 രൂപ വലിയ സഹായമാണ്. സിനിമാക്കാരനാണെന്നു ഗമ കാണിക്കാമെന്നേയുള്ളൂ. മക്കളെ കെട്ടിച്ചതും അവർക്കു വീടുവച്ചതുമെല്ലാം നാടകംകൊണ്ടു വാങ്ങിയ സ്ഥലം വിറ്റാണ്. ഇപ്പോഴും ഞാൻ കഷ്ടപ്പെടുകയാണ്. കഠിനമായി അധ്വാനിക്കുകയെന്നത് എന്റെ നിയോഗമാണ്.’’

 

തേച്ചുവച്ച രണ്ടു ജോടി ജുബ്ബയും മുണ്ടും അടങ്ങിയ പെട്ടി മുറുക്കാൻകടയുടെ മൂലയിലിരിപ്പുണ്ട്. ഏതെങ്കിലും സിനിമക്കാരുടെ വിളി വരുന്നതു കാത്തിരിക്കുന്ന പെട്ടി. വിളി എത്തിയാൽ ആ പെട്ടിയുമെടുത്ത് ഒരൊറ്റയിറക്കമാണ്. അത്രമേൽ കലയെയും കലാകാരൻമാരെയും സ്നേഹിക്കുന്ന കെടിഎസിനെപ്പോലുള്ളവർ ഒരിക്കലും കാശിന്റെ പേരിലൊന്നും ആരോടും പരിഭവിക്കില്ല; പരാതി പറയില്ല. കണ്ടറിഞ്ഞു ചെയ്യേണ്ടവർ ഇതു കാണാതെപോകരുത്; കണ്ടില്ലെന്നു നടിക്കുകയുമരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com