പ്രാരാബ്ധങ്ങളുടെ നടുവിലും ജീവിതത്തെ ചിരിയോടെ നേരിട്ട പടന്നയിൽ

padannayil-shop
കെടിഎസ് പടന്നയിൽ തൃപ്പൂണിത്തുറയിലെ മുറുക്കാൻകടയിൽ
SHARE

തൃപ്പൂണിത്തുറയിലെ 601 -ആം നമ്പർ കടമുറിയിൽ മുറുക്കാൻകൂട്ടിനും സിഗരറ്റ് പാക്കറ്റുകൾക്കും നടുക്കിരുന്ന് അതിഥികളെ സ്വീകരിക്കുന്ന ഒരു നിറഞ്ഞ, നിഷ്കളങ്കമായ ചിരിയുണ്ട്. സിനിമാസ്നേഹിയായ ഒരു മലയാളിക്കും അത്രപെട്ടെന്ന് മറക്കാൻ പറ്റാത്ത ഒരു പല്ലില്ലാച്ചിരി. എഴുപത്തിനാല് വർഷമായി അഭിനയം കൊണ്ട് ഉപജീവനം നടത്തുന്ന കെടിഎസ് പടന്നയിൽ എന്ന നമുക്കെല്ലാം സുപരിചിതനായ 'പല്ലില്ലാത്തപ്പൂപ്പ'നെ ഒരുപക്ഷേ തിരിച്ചറിയുക അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചിരികളിലൂടെ മാത്രമാണ്.

'അനിയൻ ബാവ ചേട്ടൻ ബാവ'യിലും 'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക'ത്തിലും എല്ലാം 'ഹാ..ഹാ..ഹാ..' എന്ന അട്ടഹാസത്തിലൂടെ നമ്മുടെ സ്വീകരണമുറികളിൽ ചിരിയുണർത്തിയ കെടി സുബ്രഹ്മണ്യൻ എന്ന എൺപത്തിയഞ്ചുകാരന്  ജീവിക്കാനായി തൃപ്പൂണിത്തുറയിൽ മുറുക്കാൻകട  നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്? അത്ര പകിട്ടില്ലാത്ത, പ്രാരാബ്ധങ്ങളും ദാരിദ്ര്യവും നിറഞ്ഞ, അർഹിച്ച വേതനം ജീവിതത്തിലും കലയിലും നിഷേധിക്കപ്പെട്ട ഒരു സിനിമാനടന്റെ ജീവിതകഥ കേൾക്കാം...(പുനപ്രസിദ്ധീകരിച്ചത്)

2018 പടന്നയപ്പൂപ്പന്‌ മനസ്സ് നിറയെ ചിരിക്കാൻ ഒരു കാരണം കൂടെ കൊടുത്തു. അദ്ദേഹം അഭിനയിച്ച 'മത്തായിയുടെ നാമത്തിൽ' എന്ന ഹ്രസ്വചിത്രം കെപിഎസി ചലച്ചിത്രോത്സവത്തിൽ 'മികച്ച നടൻ,' 'മികച്ച സംവിധാനം' തുടങ്ങി നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി. ‘അതിന്റെ വാർത്ത കൊടുക്കാൻ പറഞ്ഞ് ഞാൻ കയറിയിറങ്ങാത്ത പത്രമാപ്പീസുകൾ ഇല്ല. മത്തായി എവിടേം വന്നു കണ്ടുമില്ല,’ ലേശം പരിഭവത്തോടെ പടന്നയിൽ പറഞ്ഞു. ഈ പരിഭവവും നിരാശയും അദ്ദേഹത്തിന് പുത്തരിയല്ല. ബാല്യം തൊട്ട് നേരിട്ട ഇത്തരം ഒട്ടനവധി തിരിച്ചടികളാണ് പടന്നയിലിനെ ഈ വാർധക്യത്തിലും സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നത്. 

പ്രാരാബ്ധങ്ങളുടെ നടുക്ക് :

‘ഞാനൊരിക്കലും കുടുംബത്തിന് ഒരു ഭാരമായിട്ടില്ല. പത്ത് വയസ്സുള്ളപ്പോഴാണ് ഒരിക്കൽ എന്റെ പരീക്ഷാഫീസ് അടയ്ക്കാനുള്ള ഒന്നര റുപ്പികയുണ്ടാക്കാൻ അമ്മ കൂലിപ്പണിക്കിറങ്ങിയത്. അന്ന് നിർത്തിയതാണ് പഠിപ്പ്. പിന്നെ മില്ലിൽ നൂൽ നൂൽക്കലും നാറിയ ചകിരിയെണ്ണലും ഒക്കെയായി കൂലിക്ക് പണിയെടുക്കാൻ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിൽ കേരളത്തിൽ നാടകപ്രസ്ഥാനം പതിയെ തകരുന്നു എന്ന് തോന്നിയപ്പോൾ 600 രൂപയ്ക്ക് ഒരു പരിചയക്കാരന്റെ കയ്യിൽ നിന്ന് വാങ്ങിയതാണ് ഈ കടമുറി. 400  രൂപയ്ക്ക് ഇതിൽ സാധനങ്ങളും നിറച്ചു. ചാകുവോളം പട്ടിണി കിടക്കാതിരിക്കാൻ ഞാൻ ഇറക്കിയ മൂലധനമാണ് അന്നത്തെ ആയിരം റുപ്പിക’, ചുളുക്ക് വീണ മുഖത്ത് ഈ വട്ടം മിന്നിയത് അഭിമാനത്തിന്റെ ചിരിയാണ്.

padannayil-actor

കുറച്ചുനാൾ മുൻപ് വരെ പടന്നയിൽ വെളുപ്പിന് നാലുമണിക്ക് ഉണരുമായിരുന്നു. ഒരു കൈയിൽ വെറ്റിലസഞ്ചിയും മറുകൈയിൽ സിഗററ്റുപാക്കറ്റുകളുമായി വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള തന്റെ കടയിലേക്ക് നടക്കും. വെളുപ്പിനുള്ള ഓട്ടം പിടിക്കുന്ന ലോറി ഡ്രൈവർമാർക്കുള്ള പങ്കാണ് അത്. അവരെ യാത്രയയച്ച ശേഷം പാൽ വാങ്ങി വച്ച്, പത്രക്കാരന്റെ പക്കൽ നിന്നും മാസികകളും പത്രങ്ങളും എണ്ണം നോക്കി വാങ്ങും. പിന്നീട് അവയെല്ലാം കടയുടെ മുന്നിൽ ചന്തത്തിൽ തൂക്കലാണ്. സ്‌കൂളിലേക്ക് പായുന്ന വഴിക്ക് പേന വാങ്ങാനെത്തുന്ന വിദ്യാർത്ഥികൾ, പ്രഭാതനടത്തം കഴിഞ്ഞ് തിരിക്കുന്ന വഴിയേ പത്രം വാങ്ങാനെത്തുന്ന തദ്ദേശീയർ, ഓട്ടം തുടങ്ങുന്നതിനു മുന്നേ മുറുക്കിച്ചുമപ്പിക്കാൻ എത്തുന്ന ഓട്ടോഡ്രൈവർമാർ- ഇവരെല്ലാം പടന്നയപ്പൂപ്പന്റെ സ്ഥിരം ഇടപാടുകാരാണ്. 

‘ഷൂട്ടിന് പോകുമ്പോൾ മൂത്ത മകൻ ശ്യാം ആണ് കട നോക്കുക. നാലാളിൽ മൂത്തവനാണ്. കടയും വീടുമെല്ലാം നോക്കാനുള്ളത് അവനാണ്. കലയിൽ നിന്ന് കിട്ടിയതിൽ മൈച്ചാം പിടിച്ച് സ്വരുക്കൂട്ടിയത് ആകെ കുടുംബവും കടയുമാണ്. അഭിനയം ഉപാസനയായിരുന്നു. തൊഴിലായി കണ്ടിരുന്നെങ്കിൽ നമ്മളൊക്കെ എന്നേ കോടീശ്വരനായേനെ,’ അദ്ദേഹം പറഞ്ഞു. ഇപ്പൊ കിട്ടുന്ന ഒരുപോലുള്ള റോളുകളൊക്കെ കുറച്ച് കഴിഞ്ഞാൽ കിട്ടാതാകും. പ്രായവും പ്രശ്നമാണ്. ആരോഗ്യം കുറഞ്ഞു വരികയല്ലേ.. പ്രാണനുള്ള കാലത്തോളം കട തുറന്നിരിക്കും,മുഖത്തെ വിഷാദം മറച്ച് പടന്നയിൽ കടയിലെ തിരക്കുകളിൽ മുഴുകി.

തൃപ്പൂണിത്തുറ കൊച്ചുപടന്നയിൽ തായിയുടെയും മണിയുടെയും ആറ് മക്കളിൽ ഇളയവനായി 1933 ലാണ് സുബ്രഹ്മണ്യൻ ജനിക്കുന്നത്. ഉടുക്ക്, കാവടിച്ചിന്ത് കലാകാരൻ ആയിരുന്ന അച്ഛന്റെയും കൂലിപ്പണിക്കാരിയായ അമ്മയുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, കൊച്ചുസുബ്രഹ്മണ്യൻ പലപ്പോഴും നിറവയറൂണ് എന്ന സ്വപ്നം ഉള്ളിലൊതുക്കി. ‘ദാരിദ്ര്യമായിരുന്നു. മൂന്നു ദിവസം അടുപ്പിച്ച് പട്ടികിടന്നിട്ടുണ്ട്. ഞാനും തൊട്ടുമൂത്ത ചേട്ടനും കൂടെ കശുവണ്ടി ചുട്ടുതിന്ന് വിശപ്പടക്കിയിട്ടുണ്ട്. പഠിച്ച് ഒരു നിലയിൽ എത്തണം എന്ന് തന്നെയായിരുന്നു അന്നും മോഹം. അതിനും സാധിച്ചില്ല. പണവും പ്രശസ്തിയും നേടാൻ കഴിഞ്ഞില്ലെങ്കിലും പഠിക്കാൻ പറ്റിയില്ല എന്ന സങ്കടം ഇന്നും ഉണ്ട്,’ അദ്ദേഹം മനസ്സ് തുറന്നു. 

നാടകത്തിലെ അരങ്ങേറ്റം

പതിനൊന്ന് വയസ്സിൽ തൃപ്പൂണിത്തുറ ഖാദി മില്ലിലെ വാർഷികാഘോഷ പരിപാടിക്കായിരുന്നു പടന്നയിലിലെ നടൻ ആദ്യമായി അരങ്ങ് കണ്ടത്. 'വിവാഹദല്ലാൾ' എന്ന ആദ്യ നാടകത്തിന്റെ സംഭാഷണങ്ങൾ ഇപ്പോഴും കാണാപ്പാഠമാണ്. ‘പിന്നെ അഭിനയം തലയ്ക്ക് പിടിച്ചു. അവസരം ചോദിച്ച് ഞാൻ ചെന്ന് മുട്ടാത്ത നാടകട്രൂപ്പുകൾ ഈ കൊച്ചിയിൽ ഇല്ല. പക്ഷേ ഒരിടത്തും എന്നെ എടുത്തില്ല. വിദ്യാഭ്യാസമില്ലാത്തതും അച്ചടി ഭാഷ സംസാരിക്കാൻ അറിയാത്തതുമായിരുന്നു പ്രശ്നം. 

padannayil-wife
പടന്നയിൽ ഭാര്യ രമണിക്കൊപ്പം...

ഞാൻ സംസാരഭാഷയിൽ വിശ്വസിക്കുന്ന നടനാണ്. സാധാരണക്കാരന്റെ ഭാഷയ്ക്ക് അവനോട് ആശയവിനിമയം ചെയ്യാൻ കഴിയുന്നത്രയും ഒരു അച്ചടിഭാഷയ്ക്കും സാധിക്കില്ല. പക്ഷേങ്കിൽ അന്ന് ആകെ രണ്ട് തരം മലയാളമേ സ്റ്റേജിൽ പാടൂ: നമ്പൂതിരിഭാഷയും അച്ചടിഭാഷയും. ഏറെ പണിപ്പെട്ടിട്ടാണ് ആദ്യ നാടകം ഒത്തത്,’ അദ്ദേഹം പറഞ്ഞു. 1947ഇൽ പുറത്തിറങ്ങിയ തന്റെ ആദ്യ നാടകത്തിന്റെ പേര് അദ്ദേഹം ഓർക്കുന്നില്ലെങ്കിലും അതിലെ സംഭാഷണങ്ങൾ തത്ത പറയുംപോലെ പറഞ്ഞ്, അഭിനയിച്ച് കാണിക്കുന്നു. ‘ഹാഹാ.. അത് നാടകനടന്മാരുടെ ഒരു പ്രത്യേകതയാണ് ഊവെ.. ഞാൻ അഭിനയിച്ച ഏത് സിനിമയുടെ പേര് വേണമെങ്കിൽ പറഞ്ഞോ..ഞാൻ എന്റെ ഡയലോഗ് മുഴുവൻ തെറ്റാതെ പറയാം..ഹാഹാ!’ പിന്നീടൊരു 15 മിനിറ്റോളം ആ കളിയായിരുന്നു. 

1968–ൽ പടന്നയിൽ രമണിയെ ജീവിതസഖിയാക്കി. 

ടൈപ്പ്കാസ്റ്റിങിന്റെ ഇര :

അമ്പത് വർഷമായി സിനിമയിൽ സജീവമാണെങ്കിലും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടില്ല എന്നാ സങ്കടം ഈ മഹാനടന്റെ ഉള്ളിലുണ്ട്. ടൈപ്കാസ്റ്റിങിന്റെ കാണാപ്പുറങ്ങൾ തുറന്ന് പറയുമ്പോൾ പടന്നയിലിന്റെ മുഖത്ത് അഭിനയാതൊടുള്ള അടങ്ങാത്ത വാഞ്ഛയും നിരാശയുമാണ്. ‘നമ്മുടെ സിനിമയ്ക്ക് മേലുള്ള ശാപമാണ് ടൈപ്പ്കാസ്റ്റിങ്.’ 

പണ്ടൊരിക്കൽ രാമചന്ദ്രൻ നന്നായി പൊലീസ്‌വേഷം ചെയ്തു. പിന്നെയാ പാവത്തിന് യൂണീഫോം അഴിക്കാൻ സമയം കിട്ടിയിട്ടില്ല. എന്നാ നല്ല പോലീസ് വേഷങ്ങളിലേക്ക് അയാളെ വിളിക്കുമോ? അതില്ല. അതിന് സൂപ്പർതാരങ്ങൾ വേണം. എനിക്ക് എന്റെ വെപ്പുപല്ലു കൊണ്ട് കിട്ടിയ പണിയും ഇതുതന്നെയാണ്.. പടന്നയിൽ തന്നെ കഥ പറഞ്ഞു - ‘അനിയൻ ബാവ ചേട്ടൻ ബാവയാണ് എന്റെ ആദ്യ സിനിമ. അതിലെ ആദ്യ സീൻ ഷൂട്ട് ചെയ്ത ശേഷമാണ് ഞാനറിയുന്നത് ഞാൻ സിനിമയിൽ 4 തലമുറകളുടെ അധിപൻ ആണെന്ന്.’

padannayil-movie

സംവിധായകൻ രാജസേനനെ ഞാൻ മുറിയിൽ പോയി കണ്ട്, ആ സീൻ വീണ്ടും എടുക്കാമോ എന്ന് ചോദിച്ചു. 'അയ്യോ. ചേട്ടൻ ശരിയായി ചെയ്തല്ലോ..' എന്ന് അയാൾ പറഞ്ഞപ്പോൾ, ഞാൻ എന്റെ വെപ്പുപല്ല് ഊരിയെടുത്ത ശേഷം 'എന്റെ മകനാണ് ഇവൻ..' എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞ് കാണിച്ചു. ഒരു നിറഞ്ഞ ചിരിയോടെ രാജസേനൻ സീൻ രണ്ടാമതെടുത്തു. അതിൽപിന്നെ വെപ്പുപല്ല് വായിലേക്ക് വയ്ക്കാൻ പറ്റിയിട്ടില്ല എന്ന് പറഞ്ഞാൽ മതിയല്ലോ! നാച്ചുറൽ ആകാൻ ഒപ്പിച്ച പണിയാണ് പിന്നീട് എന്നെ പല്ലില്ലാ കാർന്നോർ ആക്കിയത്.’അദ്ദേഹം പറഞ്ഞു. 

മലയാള സിനിമയിൽ ശക്തമായൊരു കഥാപാത്രം ചെയ്യണം എന്ന ആഗ്രഹം പടന്നയിൽ ഇപ്പോഴും സൂക്ഷിക്കുന്നു. ‘വേദനിക്കുന്ന, മനസ്സിൽ വ്യഥ പേറുന്ന മനുഷ്യരെ അഭിനയിക്കണം എന്ന് എനിക്ക് ഇന്നും ആഗ്രഹമുണ്ട്. മാനസികസംഘർഷം അനുഭവിക്കുന്നവർ, അനുഭവങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചവർ.. അങ്ങനെ എനിക്ക് ചെയ്യാൻ കൊതിയുള്ള കഥാപാത്രങ്ങൾ ഏറെയാണ്. എന്തുചെയ്യാം..ഞാൻ തമാശക്കാരൻ കാർന്നോർ ആയി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലേ.. ഇനി യുവാക്കളിലാണ് പ്രതീക്ഷ. കഴിവുള്ള പഴയ നടന്മാരെ ശക്തമായി തിരിച്ചുകൊണ്ടുവരുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാർ സിനിമയിൽ വന്നിട്ടുണ്ട്. അവർക്ക് മേൽ ഒരു പിടി പ്രതീക്ഷകളും എനിക്കുണ്ട്,’ പടന്നയിൽ പറയുന്നു.

സിനിമാരംഗത്തെ പക്ഷാപാതങ്ങളെക്കുറിച്ച് വാചാലനായ പടന്നയിൽ, തന്റെ തിക്താനുഭവങ്ങളും തുറന്നുപറഞ്ഞു. ‘ഓരോ നടനും ഒരു സിനിമയ്ക്ക് പ്രധാനമാണ്. ഞാനും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീൻ ആണെങ്കിൽ ഞാൻ നന്നായി അഭിനയിച്ചാലെ ലാലിന് അതെ തീക്ഷണാതയിൽ പ്രതികരിക്കാൻ പറ്റൂ. അതിന് എല്ലാ നടന്മാർക്കും ഒരേ പോലെ തിരക്കാത്തയെങ്കിലും വായിക്കാൻ കൊടുക്കണം. 

ഇവിടെ സൂപ്പർതാരങ്ങൾക്ക് നേരം വെളുക്കുന്ന വരെ തിരക്കഥ വായിച്ചുകേൾപ്പിച്ചിട്ട് നമ്മളെപ്പോലുള്ള സാധാരണ നടന്മാർക്ക് കാമറ തയാറായതിന് ശേഷം മാത്രമാണ് സന്ദർഭം വിവരിച്ച് തരിക. ആ സീനിന് മുമ്പ് എന്തുണ്ടായെന്നോ അത് കഴിഞ്ഞ് എന്താണെന്നോ സിനിമ വന്നാലേ നമുക്ക് അറിയൂ. ഫലമെന്താ? ആവറേജ് അഭിനയം മാത്രം കാഴ്ചവയ്ക്കുന്ന കുറെ കലാകാരന്മാർ ജൂനിയർ ആർട്ടിസ്റ്റുകളായി ജീവിച്ച് മരിക്കുന്നു. അതാണ് ഇവർക്ക് ആവശ്യവും!

28 ദിവസം അടുപ്പിച്ച് താമസിച്ച് അഭിനയിച്ചിട്ട് വെറും പതിനായിരം രൂപ കൊടുത്ത് മടക്കിയയച്ചത് പോലുള്ള തരംതിരിവുകളും പടന്നയിൽ തുറന്നുപറഞ്ഞു. 

ബാക്കിയായ മോഹങ്ങൾ, നിരാശകൾ:

ജീവിതത്തിന്റെ സായാഹ്നത്തിൽ പടന്നയിലിന് കൂട്ടായുള്ളത് ഒരുപിടി മോഹങ്ങളും കുറച്ച് വേദനകളും മാത്രമാണ്. അതിലൊന്നാണ് മനോനില തെറ്റി ചികിത്സയിൽ കഴിയുന്ന ഇളയമകൻ. ‘മിച്ചം വച്ച് സ്വരുക്കൂട്ടി മക്കൾക്കെല്ലാം ജീവിക്കാൻ ഓരോ വഴിയുണ്ടാക്കി. ഒരുത്തന് അതനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയി. ആ, ജീവിതമായാലും കാലയായാലും നമ്മൾ കഷ്ടപ്പെട്ടത്തിനുള്ളതൊന്നും തിരിച്ച് തന്നിട്ടില്ല,’അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ‘സിനിമ ഗ്ലാമറിന്റെ ലോകമാണ്. കലയെക്കാൾ അവിടെ വലുത് ബിസിനസ്സാണ്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..’

jagathy-padanna

സിനിമയിൽ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കൾ എല്ലാം അരങ്ങൊഴിഞ്ഞിട്ട് നാളേറെയായി. ഒടുവിൽ ഉണ്ണികൃഷ്ണനും ജനാർദ്ദനനും എല്ലാം ഒരുമിച്ചിരുന്നു, ഒരു കുപ്പി വിസ്കിയുടെയോ റമ്മിന്റെയോ പുറത്ത് രാത്രി മുഴുവൻ പാട്ടും വിശേഷവുമായി കഴിഞ്ഞ സുവർണകാലം ഓർത്ത്പറയുമ്പോൾ പടന്നയിലിന്റെ മുഖത്ത് ഗൃഹാതുരത്വവും നഷ്ടബോധവും ഒരുപോലെ നിഴലിക്കുന്നു. ‘ഒടുവിലാൻ ഒരു ടൈപ്പായിരുന്നു. അല്ലെങ്കിലും ജീവിതത്തിൽ ലഹരിയൊന്നും ഏറ്റുപിടിക്കാത്തതുകൊണ്ടല്ലേ.. ഈ പുതുലോകം കാണാൻ ഞാൻ മാത്രം ബാക്കിയായത്. ലഹരിയേതായാലും വിഷമാണ് - അത് കള്ളായാലും പണമായാലും പ്രശസ്തിയായാലും,’അദ്ദേഹം നെടുവീർപ്പിട്ടു. 

140 ഓളം സിനിമകളിലും എണ്ണമറ്റ നാടകങ്ങളിലും അഭിനയിച്ചിട്ടും അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് പോലും എവിടെയും കുറിയ്ക്കപ്പെട്ടിട്ടില്ല. ‘ഹാ..ഹാ.. എന്റെയൊക്കെ ചെറുപ്പത്തിൽ സുബ്രഹ്മണ്യൻ എന്നാ സ്റ്റൈലൻ പേരായിരുന്നെന്നോ.. എന്റെ ക്ലാസിൽ മാത്രം ആറ് സുബ്രഹ്മണ്യൻമാർ ഉണ്ടായിരുന്നു. അന്ന് കണക്ക് പഠിപ്പിച്ചിരുന്ന കുര്യൻമാഷ് ആണ് കുടുംബപ്പേര് വിളിക്കാൻ തുടങ്ങിയത്. പറഞ്ഞ് പറഞ്ഞ് ഞാൻ തന്നെ ഇടയ്ക്ക് ശരിക്കുള്ള പേര് മറക്കുമെന്നു പറഞ്ഞാൽ മതിയല്ലോ..’ അദ്ദേഹം എല്ലാ സങ്കടങ്ങളും മറന്നു കണ്ണിറുക്കിച്ചിരിച്ചു...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS