ADVERTISEMENT

‘ഇൻഷ’ ഒരു കുഞ്ഞു സിനിമയാണ്. കുട്ടികൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ മുന്നോട്ടു വയ്ക്കുന്നതു വലിയൊരു സന്ദേശമാണ്. സ്വപ്നങ്ങളെ പിന്തുടരുന്ന ഇൻഷയുടെയും കൂട്ടുകാരുടെയും കഥ. ലോക്ഡൗൺ ഇളവുകളിൽ ത‍ിയറ്റർ റിലീസ് ചെയ്തെങ്കിലും കാണാൻ കഴിയാത്തവർക്ക് ഇപ്പോൾ നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘ഇൻഷ’ കാണാം.

 

‘ഇൻഷ’യുടെ കഥ; സംവിധായകന്റെയും

Insha-Movie-Director-1

 

സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗം ബാധിച്ചു വീല്‍ചെയറിൽ ജീവിതം തളച്ചിടേണ്ടി വന്ന ഇൻഷ എന്ന കൗമാരക്കാരിയുടെ കഥയാണ് സിനിമ പറയുന്നത്. ഇൻഷ കാണുമ്പോൾ അതിന്റെ സംവിധായകന്റെ കഥയും അറിഞ്ഞിരിക്കണം– ഡോ.സിജു വിജയന്റെ അതിജീവനത്തിന്റെ കഥകൂടിയാണ് ഈ സിനിമ. നാലു വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ നടക്കാൻ കഴിഞ്ഞിരുന്ന ആലപ്പുഴ അരൂക്കുറ്റി കൊച്ചുകണ്ണംപറമ്പിൽ കെ.വി.വിജയന്റെയും പി.കെ.വത്സലയുടെയും മകൻ സിജുവിന് ശരീരത്തിലെ പേശികളുടെ ബലം നഷ്ടമാകുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗം ബാധിച്ചതോടെയാണ് ജീവിതത്തിൽ വെല്ലുവിളികൾ ഉയർന്നത്. നടക്കുമ്പോൾ മുട്ടുമടങ്ങി വീഴുന്നതായിരുന്നു സിജുവിന്റെ രോഗത്തുടക്കം. 

 

ആദ്യം നടത്തിയ പരിശോധനയിൽ രോഗം മസ്കുലർ ഡിസ്ട്രോഫി എന്ന‍‍ായിരുന്നു കണ്ടെത്തൽ. 10 വർഷം കൂടി കഴിഞ്ഞാണ് അപൂർവമായ ‘സ്പൈനൽ മസ്കുലർ അട്രോഫി’ എന്ന രോഗമാണെന്നു തിരിച്ചറിഞ്ഞത്. ശരീരത്തിലെ പേശികൾ ഓരോന്നും ഘട്ടംഘട്ടമായി നിർജീവമാകുന്നതാണ് രോഗാവസ്ഥ. ജലഗതാഗത വകുപ്പിൽ കണ്ടക്ടറായിരുന്ന അച്ഛൻ വിജയന്റെ കൈത്താങ്ങിൽ സിജു പിന്നെയും നടന്നു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിജു എൻട്രൻസ് എഴുതി തിരുവനന്തപുരം നേമം ശ്രീവിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളജിൽനിന്ന് ബിഎച്ച്എംഎസ് പൂർത്തിയാക്കി. ഇഷ്ടവിനോദമായ ചിത്രരചനയിലൂടെ സൗത്ത് ഇന്ത്യൻ ഹോമിയോ ഫെസ്റ്റിൽ കലാപ്രതിഭയുമായി. അപ്പോഴേക്കും നടക്കാനുള്ള ശേഷി ഏറെക്കുറെ നഷ്ടമായിരുന്നു.

 

Insha-Movie

ചിത്രങ്ങളിലൂടെ ചലച്ചിത്രത്തിലേക്ക്

 

2012 ല്‍, തീരെ നടക്കാനാകാത്ത അവസ്ഥയായപ്പോഴാണ് സിജു വിജയൻ വീൽചെയർ വാങ്ങാൻ തീരുമാനിച്ചത്. 1.50 ലക്ഷം രൂപയാണ് അന്ന് മോട്ടറൈസ്ഡ് വീൽചെയറിന്റെ വില. അക്കാലത്ത് ഒരു അപകടത്തിൽപ്പെട്ട് കുറച്ചുനാൾ കിടപ്പിലായി. അപ്പോഴാണ് സിജു ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. 100 ചിത്രങ്ങൾ ഗ്ലാസിൽ വരച്ച് എറണാകുളം ദർബാര്‍ ഹാളിൽ പ്രദർശനം നടത്തി. അന്നു ചിത്രങ്ങൾ വിറ്റു ലഭിച്ച തുക ഉപയോഗിച്ച് സിജു വീൽ ചെയർ വാങ്ങി. ‘ഗോഡ്സ് ഓൺ വീൽസ്’ (ദൈവത്തിന്റെ സ്വന്തം ചക്രങ്ങൾ) എന്ന കൂട്ടായ്മ രൂപീകരിച്ച സിജു നാലു പേർക്കു കൂടി വീൽചെയറും മുച്ചക്രവാഹനവും വാങ്ങി നൽകി. അതൊരു പ്രചോദനമായി. തുടർന്ന് സ്വപ്നമായിരുന്ന സിനിമയിലേക്കുള്ള യാത്രയായിരുന്നു സിജുവിന്റെ യാത്രകൾ. ‘അനാമിക ദ് പ്രേ?’ (2012), ‘ഹെഡ്‍ലൈൻ’ (2013), ‘നോവ്’ (2015), ‘വീൽ ടു റീൽ: എ ഡ്രീം ജേണി (2017)’ എന്നീ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററിയും സിജു സംവിധാനം ചെയ്തു.

 

‘ഇൻഷ’യിലേക്ക്

 

വീൽചെയറിൽ കഴിയേണ്ടി വന്ന ഒരു പെൺകുട്ടിയുടെ മോഹങ്ങളാണ് സിജു എഴുതി സംവിധാനം ചെയ്ത ‘ഇൻഷ’ പറയുന്നത്. ചുമർചിത്രങ്ങൾ കാൻവാസിൽ വരച്ചാണ് സിനിമയുടെ മൂലധനത്തിന്റെ ഒരു ഭാഗം സ്വരുക്കൂട്ടിയത്. സിജുവിന്റെ സിനിമയ്ക്കായി പണംമുടക്കാൻ സുഹൃത്ത് ആഘോഷ് ബാബുവും എത്തിയതോടെ സിനിമ യാഥാർഥ്യമായി.

കായലരികത്തെ വീട്ടിൽ ഉമ്മയോടൊപ്പം ജീവിക്കുന്ന ഇൻഷയുടെ കഥയാണ് സിനിമ. മകൾ അരയ്ക്കു താഴെ തളർന്ന കുട്ടിയാണെന്നു മനസ്സിലായതോടെ അവരെ ഉപേക്ഷിച്ചുപോയ ബാപ്പയെ ഇൻഷ ഇടയ്ക്കിടെ കാണുന്നത് അയാൾ സ്വത്ത് ആവശ്യപ്പെട്ട് വന്നു ബഹളം വയ്ക്കുമ്പോഴാണ്. ഉമ്മയുടെ സഹോദരൻ ഖലീൽ ആണ് കുടുംബത്തിന്റെ ഉപജീവനത്തിന് കൂടെയുള്ളത്. ജീവിതസാഹചര്യങ്ങൾ കൊണ്ടു മുരടനായ അമ്മാവനോടും ജീവിക്കാൻ മറ്റൊരു വഴിയുമില്ലാത്ത ഉമ്മയോടും തന്റെ സ്വപ്നം പങ്കുവയ്ക്കാനാകാത്ത ഇൻഷ അതു പറയുന്നത് അമ്മാവന്റെ മകൻ അലിയോടാണ്. 

 

അവളുടെ ഏറ്റവും വലിയ സ്വപ്നം കടൽ കാണുക എന്നതാണ്. അലിയും രണ്ടു സുഹൃത്തുക്കളും കൂടി ഇൻഷയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന‍ു സിനിമ പറയുന്നു. അതിനിടയിൽ ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളെപ്പോഴും അവർക്കു നേരിടേണ്ടി വരുന്നു. തന്റെ സ്വപ്നത്തിനു പിന്നാലെ ഒരു വീൽചെയറിലിരുന്ന് ഇൻഷ സഞ്ചരിക്കുകയാണ്. അതിന് അവൾക്കും സുഹൃത്തുക്കൾക്കും പല ത്യാഗങ്ങളും സഹിക്കേണ്ടി വരുന്നുണ്ട്. പ്രാര്‍ഥന സന്ദീപ് എന്ന ബാലതാരമാണ് ഇൻഷയായി സിനിമയെ സജീവമാക്കുന്നത്. അമ്മാവന്റെ മകൻ അലിയായി ആദിത്യ രാജേഷും സുഹൃത്തുക്കളായ ആസിയായി മെബിൻ ഐസകും ഫൈസിയായി അനന്തു നാരായണനും ചിത്രത്തില‍ുടനീളം മികച്ച പ്രകടനം നൽകുന്നുണ്ട്. ആര്യ സലിം, അനിൽ പെരുമ്പളം, സി.പി.മനേക്‌ഷാ, രാജേശ്വരി ശശികുമാർ, പാർവതി കൃഷ്ണകുമാർ, സുരേഷ് നെല്ലിക്കോട്, സിനി ജിനേഷ് ടിമി വർഗീസ്, സനിഫ് അലിപ്രശാന്ത് കുമാർ, സ‍ുമേഷ് മാധവൻ തുടങ്ങിയ അഭിനേതാക്കളും കഥാപാത്രങ്ങളെ മനോഹരമാക്കി.

 

പ്രവീൺ രാജിന്റെ ക്യാമറ കായലിന്റെയും കടലിന്റെയും ഗ്രാമത്തിന്റെയും സുന്ദരചിത്രങ്ങൾ കൊണ്ട് ഇന്‍ഷയെ കൂടുതൽ സുന്ദരിയാക്കി. നവീൻ പി.വിജയനാണ് ചിത്രത്തിന്റെ എഡിറ്റർ. അരൂക്കുറ്റിയിൽ ഡോ.സിജു വിജയന്റെ വീടിന്റെ പരിസരം, പൂച്ചാക്കൽ, അന്ധകാരനഴി, തൃശൂർ ച‍ാവക്കാട്, വൈപ്പിൻ, നായരമ്പലം, കുമ്പളങ്ങി എന്നിവിടങ്ങളിലായി 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി.ഇൻഷയുടെ സ്വപ്നത്തിനൊപ്പം ഡോ.സിജു വിജയന്റെ സ്വപ്നം കൂടിയാണ് ഒരു മണിക്കൂറും 20 മിനിട്ടും മാത്രം ദൈർഘ്യമുള്ള ഈ കു‍ഞ്ഞു സിനിമ. ഡോ.സിജു വിജയന്റെ സിനിമാസ്വപ്നനങ്ങളെക്കുറിച്ചുള്ള മലയാള മനോരമ വാർത്തയെത്തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കെഎസ്എഫ്ഡിസി തിയറ്ററുകളിൽ കഴിഞ്ഞ മാർച്ചിൽ ഇൻഷ പ്രദർശനത്തിനെത്തിയത്. അന്നു കാണാൻ സാധിക്കാത്തവർക്ക് ഒടിടിയിൽ ഇൻഷയെ കാണാം; ഒരിക്കലും നഷ്ടമായി തോന്നില്ലെന്നുറപ്പ്.

 

English Summary: Insha Malayalam Movie Review and the Life Story of its Director Dr. Siju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com