ADVERTISEMENT

സിനിമാലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹപ്രകടനവുമായി തെന്നിന്ത്യൻ നടി കനക.  ഒരു സെൽഫി വിഡിയോയിലാണ് കനക തന്റെ ആഗ്രഹം അറിയിച്ചത്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക അഭ്യർത്ഥിക്കുന്നു.   ദൃശ്യമാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും നടി തന്നെ നേരിട്ട് അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.  രണ്ടുമൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന കനകയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

 

കനകയുടെ വാക്കുകളിലേക്ക് 

 

‘ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു.  എനിക്കിപ്പോൾ 50 വയസ്സിനടുത്തായി.  കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു.  മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി.  ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം.  ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ.  ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം.  ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.  

kanaka-actress-1

 

ചെറിയപ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാട് നാൾ എടുത്തേക്കും.  മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്.  ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ.  വയസ്സായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. 

 

എന്നാലും  എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ.  ഞാൻ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമർശനവും എന്നെ അറിയിക്കാൻ മടിക്കേണ്ട.  നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും.  നമ്മെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ.’

 

കനക എന്ന് പേര് മലയാളികളാരും മറന്നിട്ടുണ്ടാകില്ല.  മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തിൽ നിന്നും മറഞ്ഞത്. 2000–ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

 

ഇരുപതു വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ  നിറഞ്ഞുനിന്നിരുന്നു.  കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്.  കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു.  അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും അമ്മയെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുവെന്നും കനക തുറന്നടിച്ചിരുന്നു.  പിന്നീട് കനകയ്ക്കെന്ത് സംഭവിച്ചുവെന്നുള്ള ആരാധകരുടെ അന്വേഷണങ്ങൾക്ക് വിരാമമായാണ് നടിയുടെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com