1991; മലയാള സിനിമയുടെ സുവർണവർഷം

1991-malayalam-movies
SHARE

മലയാള സിനിമയുടെ സുവർണവർഷത്തിനു മുപ്പതുവയസ്സ്. മലയാളികൾ ഇപ്പോൾ കണ്ടാലും ആർത്തുചിരിക്കുന്ന, ആരുംകാണാതെ കരഞ്ഞ് കണ്ണു തുടയ്ക്കുന്ന സിനിമകൾ ഇറങ്ങിയ വർഷം: 1991. ആകെ പുറത്തിറങ്ങിയ 94 സിനിമകളിൽ അപൂർവം ചിലതൊഴിച്ചാൽ ബാക്കിയെല്ലാം ഇന്നും പ്രേക്ഷകരെ ടിവിക്കു മുന്നിൽ പിടിച്ചിരുത്തുന്നവ; അല്ലെങ്കിൽ, കലാമൂല്യത്തിന്റെ പേരിൽ ചരിത്രമെഴുതിയവ. ലോകസിനിമയ്ക്കു മലയാളം നൽകിയ സംഭാവനകളിൽ ശ്രദ്ധേയനായ ജി.അരവിന്ദന്റെ ക്ലാസിക്കുകളിൽ ഒന്നായ ‘വാസ്തുഹാര’യും വിവിധതരം പൂക്കളാൽ മനോഹരവും സുഗന്ധപൂരിതവുമായ പൂന്തോട്ടം ഒരുക്കുംപോലെ സിനിമകൾ അവതരിപ്പിച്ചിരുന്ന പി. പത്മരാജന്റെ ‘ഞാൻ ഗന്ധർവനും’ ഉളി കുത്തി മനോഹരമാക്കിയ ശിൽപം പോലെ കലാവിരുതാർന്ന ‘പെരുന്തച്ചനും’ പുറത്തിറങ്ങിയ വർഷം. 

എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. ആ വർഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡും മികച്ച സിനിമ, സംവിധായകൻ, കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡുകളും വാസ്തുഹാരയ്ക്കായിരുന്നു. നിതീഷ് ഭരദ്വാജും സുപർണ ആനന്ദും പ്രധാനവേഷത്തിലെത്തിയ ‘ഞാൻ ഗന്ധർവൻ’ തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും ഒരു തലമുറയുടെ സ്വപ്നങ്ങളിൽ ഇപ്പോഴും ആ സിനിമയും അതിലെ രംഗങ്ങളും മായാതെ നിൽക്കുന്നു. ജനപ്രീതികൊണ്ടു ശ്രദ്ധേയമായ ഒരുപിടി സിനിമകളാണ് 1991ൽ പുറത്തിറങ്ങിയത്. അവയിൽ പ്രധാനപ്പെട്ട ചില സിനിമകളിലൂടെ...

ചിരിയുടെ ‘ഗോഡ്ഫാദർ’

തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ 405 ദിവസം തുടർച്ചയായി ഓടി ഗോഡ്ഫാദർ സൃഷ്ടിച്ച റെക്കോർഡിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. അഞ്ഞൂറാനും ആൺമക്കളും ആനപ്പാറയിലെ അച്ചാമ്മയും ആൺമക്കളും തമ്മിൽ മലയാളികളെ ചിരിപ്പിക്കാൻ പോരടിച്ച സിനിമ. 65 ലക്ഷം രൂപ മുടക്കി നിർമിച്ച സിനിമ തിയറ്റിൽനിന്നുമാത്രം വാരിയത് നാലരക്കോടിയിലേറെ. നാടകാചാര്യനായിരുന്ന എൻ.എൻ.പിള്ള അഭിനയിച്ച സിനിമ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത സിനിമയ്ക്ക്. 

‘എൻ.എൻ. പിള്ളയ്‌ക്കു വേണ്ടി ഉണ്ടായ സിനിമ’ എന്നാണു സംവിധായകൻ സിദ്ദിഖ് ‘ഗോഡ്‌ഫാദർ’ എന്ന ചിത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അനാരോഗ്യം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്ന എൻ.എൻ.പിള്ളയെ മകനും നടനുമായ വിജയരാഘവൻ വഴി സ്വാധീനിച്ച് സിനിമയിലെത്തിക്കുകയായിരുന്നു.  അതുവരെ ആരും പറയാത്ത കഥയ്ക്കുവേണ്ടിയുള്ള അന്വേഷണമാണു സിദ്ദിഖിനെയും ലാലിനെയും കല്യാണം കഴിക്കാത്ത ആണുങ്ങളുള്ള വീട് എന്ന ചിന്തയിലേക്ക് എത്തിച്ചത്. തിലകൻ, മുകേഷ്, ഇന്നസന്റ്, സിദ്ദിഖ്, ജഗദീഷ്, ഫിലോമിന, കനക, കെപിഎസി ലളിത, ജനാർദനൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. മികച്ച പാട്ടുകളും സിനിമയുടെ പ്ലസ് പോയിന്റായിരുന്നു. 

ഇപ്പോഴും തുടരുന്ന ‘സന്ദേശം’

ഓരോ രംഗവും മലയാളികളിൽ വലിയൊരു പങ്ക് ഇതുപോലെ ഓർത്തുവച്ചിട്ടുള്ള മറ്റൊരു സിനിമയുണ്ടാകുമോ? എന്നിട്ടും ‘സന്ദേശം’ വീണ്ടും സംപ്രേഷണം ചെയ്യുമ്പോഴും വാർത്താ ചാനലുകളുടെ ആക്ഷേപഹാസ്യ പരിപാടികളിൽ ഉൾപ്പെടുത്തുമ്പോഴും ഇതു കണ്ടിട്ടു ചാനൽ മാറ്റാം എന്ന വിധത്തിൽ ഈ സിനിമയും മലയാളി പ്രേക്ഷകരും തമ്മിലുള്ള ‘അന്തർധാര’ ഇപ്പോഴും സജീവം. നാലു പതിറ്റാണ്ടോളം നീണ്ട സിനിമാജീവിതത്തിൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തുന്നതും ‘സന്ദേശം’ തന്നെയാകും. രാഷ്ടീയക്കാരുടെ മുഖംമൂടി പൊളിച്ചുമാറ്റിയ സിനിമയ്ക്ക് കാലം പിന്നിടുന്തോറും പ്രസക്തി കൂടിയിട്ടേയുള്ളൂ. 

റിലീസ് സമയത്ത് കാര്യമായ സ്വീകരണം കിട്ടാതിരുന്ന സിനിമയ്ക്കു പിന്നീട് വീഞ്ഞുപോലെ വീര്യം കൂടുകയായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയും ശ്രീനിയുടെയും ജയറാമിന്റെയും തിലകന്റെയുമൊക്കെ മത്സരിച്ചുള്ള അഭിനയവും സിനിമയെ ഒരു വിരുന്നാക്കി. സത്യൻ സിനിമകളിലെ നിത്യസാന്നിധ്യങ്ങളായ ശങ്കരാടി, ഒടുവിൽ, മാമുക്കോയ, ഇന്നസന്റ് തുടങ്ങിയവരുടെ സാന്നിധ്യം അതിന്റെ മാറ്റുകൂട്ടി. ഒരിക്കൽ ആലോചിച്ചശേഷം, ക്ലിക്കാകുമോ എന്ന സംശയത്താൽ അണിയറ ശിൽപികൾ ആറേഴുവർഷത്തോളം ചെയ്യാതെ മാറ്റിവച്ച സിനിമ കൂടിയാണു സന്ദേശം. ഇതിലെ ‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’, ‘അന്തർധാര സജീവമായിരുന്നു’ തുടങ്ങിയ ഡയലോഗുകൾ പുതിയ തലമുറകൾക്കും സുപരിചിതം. 

അക്കാലത്ത് അഭിനയിക്കാനും തിരക്കഥകൾ തയാറാക്കിയും സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ഓട്ടപ്രദക്ഷിണത്തിലായിരുന്ന ശ്രീനിവാസൻ സന്ദേശത്തിലെ പല ഡയലോഗുകളും എഴുതിയത് സെറ്റിലെ തിരക്കിനിടയിലും. ഗോഡ്ഫാദറിൽ അഞ്ഞൂറാന്റെ മൂത്തമകനായി അഭിനയിച്ചുകൊണ്ടിരുന്ന തിലകൻ, ആ സിനിമയുടെ ഇടവേളകളിലെത്തി പ്രഭാകരന്റെയും പ്രകാശന്റെയും അച്ഛൻ രാഘവൻനായരായി മാറുകയായിരുന്നു. 

ചിരിയുടെ ‘കിലുക്കം’

മോഹൻലാലിന്റെ ജോജിയും ജഗതിയുടെ നിശ്ചലും ഇന്നസന്റിന്റെ കിട്ടുണ്ണിയും രേവതിയുടെ നന്ദിനി തമ്പുരാട്ടിയുമെല്ലാം എത്തി മലയാളികളെ കുടുകുടെ ചിരിപ്പിച്ച സിനിമ, ഇപ്പോഴും ചിരിപ്പിക്കുന്ന സിനിമ. ഒരു വർഷം തുടർച്ചയായി വിവിധ തിയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് ആദ്യമായി അഞ്ചുകോടി ക്ലബ്ബിലെത്തിയ മലയാള സിനിമയെന്ന ഖ്യാതിയുമുണ്ട്. ഇതിഹാസ തുല്യനായ ഹാസ്യനടൻ ജഗതി ശ്രീകുമാറിന്റെ ഏറ്റവും മികച്ച കഥാപാത്രം ഏതെന്ന ചോദ്യത്തിനു കൂടുതൽപേരും പറയുക കിലുക്കത്തിലെ നിശ്ചല ഫൊട്ടോഗ്രഫർ നിശ്ചലിന്റെ പേരായിരിക്കും. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ജനപ്രിയ സിനിമയായും വിലയിരുത്തപ്പെടുന്നു. 

കിലുക്കത്തിന് മറ്റൊരു അനൗദ്യോഗിക റെക്കോർഡ് കൂടി അവകാശപ്പെടാനുണ്ട്: മലയാളം ചാനലുകളിൽ ഏറ്റവും അധികം തവണ പ്രദർശിപ്പിച്ച സിനിമയെന്ന റെക്കോർഡ്. ദുരന്തപ്രണയകഥകളിലെ നായകനായി ഒട്ടേറെ സിനിമകളിലെത്തി പ്രേക്ഷകരെ കരയിപ്പിച്ച വേണു നാഗവള്ളിയാണു പ്രിയദർശന്റെ കഥയ്ക്കു സംഭാഷണമെഴുതിയതെന്നതും ശ്രദ്ധേയം. എസ്.പി.വെങ്കിടേഷ് ഈണമിട്ട പാട്ടുകൾ ഇന്നും ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്നവ. മോഹൻലാലിനു മികച്ച നടനും ജഗതിക്കു രണ്ടാമത്തെ നടനുമുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത സിനിമ എഡിറ്റിങ്ങിനും ഛായാഗ്രഹണത്തിനുമുള്ള അവാർഡുകളും സ്വന്തമാക്കി. 

അഭിനയത്തിന്റെ ‘അമര’ത്ത്

പാവപ്പെട്ട മത്സ്യത്തൊഴിലാളിയായ അച്ചൂട്ടിയുടെ സ്വപ്നങ്ങളുടെയും നഷ്ടങ്ങളുടെ കഥ പറഞ്ഞ ‘അമരം’ മമ്മൂട്ടിയുടെ അഭിനയചരിത്രത്തിലെ നാഴികക്കല്ലായ സിനിമയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത സിനിമ ദൃശ്യഭംഗികൊണ്ടും രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതകൊണ്ടും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ട്. മമ്മൂട്ടിക്കൊപ്പം മുരളി, കെപിഎസി ലളിത, മാതു, അശോകൻ, അടുത്തിടെ അന്തരിച്ച ചിത്ര തുടങ്ങിയവരും മത്സരിച്ച് അഭിനയിച്ച സിനിമയുടെ പല രംഗങ്ങളും ആളുകളെ ഇന്നും കരയിക്കാൻ പോന്നത്. തിയറ്ററുകളിൽ വൻസ്വീകരണം ലഭിച്ച സിനിമ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കെപിഎസി ലളിതയ്ക്കു നേടിക്കൊടുത്തു. 

മികച്ച രണ്ടാമത്തെ നടനും (മുരളി) മികച്ച രണ്ടാമത്തെ നടിക്കും (കെപിഎസി ലളിത) ഉള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകളും നേടി. അഴകേ നിൻമിഴിനീർമണിയീ, ഹൃദയരാഗ തന്ത്രി മീട്ടി, പുലരെ പുങ്കോടിയിൽ, വികാരനൗകയുമായി തുടങ്ങിയ ഗാനങ്ങളിൽ ഒന്നെങ്കിലും പാടാത്ത ഗാനമേളകൾ പിന്നീട് ഉത്സവപ്പറമ്പുകളിൽ നടന്നിട്ടുണ്ടാകില്ല. ആലപ്പുഴയിലെ ഓമനപ്പുഴത്തീരത്തായിരുന്നു 40 ദിവസം നീണ്ട ചിത്രീകരണം. 28 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച സിനിമ 1.75 കോടിയിലേറെ രൂപ തിയറ്ററുകളിൽ നിന്നു സ്വന്തമാക്കി. ചെമ്മീനു ശേഷം മലയാളത്തിൽ ചിത്രീകരിച്ച ഏറ്റവും വലിയ ‘കടൽത്തീര സിനിമ’ എന്ന ഖ്യാതിയുമുണ്ട് അമരത്തിന്. 

നോവായി മാറിയ ‘ഭരതം’

ലോഹിതദാസിന്റെ തൂലികയിൽ 1991ൽ പിറന്ന മററൊരു അദ്ഭുതമായിരുന്നു സഹോദരങ്ങളായ കല്ലിയൂർ രാമനാഥന്റെയും ഗോപിയുടെയും കഥ പറഞ്ഞ സംഗീതസാന്ദ്രമായ ‘ഭരതം’. മദ്യത്തിന് അടിപ്പെട്ടതിനാൽ സംഗീതജീവിതം ഉപേക്ഷിച്ചു തീർഥയാത്രയ്ക്കു പോകുന്ന നെടുമുടി വേണുവിന്റെ ‘രാമൻ’ എന്ന കഥാപാത്രം മരിച്ചെന്നും അജ്ഞാതമൃതദേഹമായി അടക്കിയെന്നും സഹോദരൻ ഗോപി(മോഹൻലാൽ) തിരിച്ചറിയുന്നതും അതു കുടുംബത്തെ അറിയിക്കാതിരിക്കാൻ പരിശ്രമിക്കുന്നതും കണ്ട പ്രേക്ഷകരും അന്ന് ഒപ്പം കരഞ്ഞു. മോഹൻലാൽ, നെടുമുടിവേണു, ഉർവശി, മുരളി തുടങ്ങിയവരടങ്ങുന്ന നീണ്ട താരനിരയെ ഉൾപ്പെടുത്തി മറ്റൊരു കഥയായിരുന്നു അന്ന് മനസ്സിലുണ്ടായിരുന്നതെന്ന് തിരക്കഥാകൃത്ത് ലോഹിതദാസ് പിന്നീടു പറഞ്ഞിട്ടുണ്ട്. 

സിനിമയുടെ പൂജ നടത്താൻ പത്തുമിനിറ്റുള്ളപ്പോഴാണ് ഉദ്ദേശിച്ചിരുന്ന കഥയ്ക്ക് ബാലചന്ദ്രമേനോന്റെ ‘ഒരു പൈങ്കിളിക്കഥ’ എന്ന സിനിമയുമായുള്ള സാദ്യശ്യം മനസ്സിലാകുന്നത്. അങ്ങനെ കഥയോ തിരക്കഥയോ ഇല്ലാതെ പൂജ നടത്തി. പിന്നീട് സംവിധായകൻ സിബി മലയിലിനൊപ്പം കോഴിക്കോട് കടപ്പുറത്തെത്തിയ ലോഹിതദാസ് അവിടെ മണലിൽക്കിടന്ന് മനസ്സിൽ രൂപപ്പെടുത്തിയ കഥയാണ് ‘ഭരതം’. മോഹൻലാലിനു മികച്ച നടനും യേശുദാസിനു മികച്ച ഗായകനുമുള്ള ദേശീയ പുരസ്കാരം ഭരതത്തിലൂടെ ലഭിച്ചു. രവീന്ദ്രന്റെ സംഗീതവും പ്രത്യേക പ്രശംസ നേടി. ‘ഒരു പൈങ്കിളിക്കഥ’യുടെ കഥയോടു സാദൃശ്യമുണ്ടെന്നു കേട്ട് അന്നു ലോഹിതദാസ് ഉപേക്ഷിച്ച കഥ പിന്നീടു  ജയറാമിനെ നായകനാക്കി സിനിമയാക്കി. അതു സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌തു. അതും വലിയ വിജയമായിരുന്നു - വീണ്ടും ചില വീട്ടുകാര്യങ്ങൾ. 

മോഹൻലാൽ നായകനായ ധനം, വിഷ്ണുലോകം, അങ്കിൾ ബൺ, ഉള്ളടക്കം, കിഴക്കുണരും പക്ഷി, അഭിമന്യു, മമ്മൂട്ടിയുടെ ഇൻസ്പെക്ടർ ബൽറാം, അനശ്വരം, നീലഗിരി, കനൽക്കാറ്റ്, ജയറാം നായകനായ ജോർജുകുട്ടി c/o ജോർജുകുട്ടി, ഫാസിൽ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് തുടങ്ങിയവയാണ് 1991ൽ ഇറങ്ങിയ മറ്റു ശ്രദ്ധേയസിനിമകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA