ADVERTISEMENT

കൊച്ചിയിൽ പനമ്പിള്ളി നഗറിൽ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുകയാണ് പൊന്നമ്മ ബാബു.കാൽ റോഡിലേക്ക് വച്ചപ്പോഴേക്കും ഒരു സ്ത്രീ ഓടിവരുന്നു :  ‘‘ ഞാൻ ചേച്ചിയുടെ കുക്കറിഷോ  ടിവിയിൽ കണ്ട്  ലിവറുലർത്തിവെളിച്ചെണ്ണ ഒഴിച്ചു. അപ്പോൾ കറന്റ് പോയി.ബാക്കി ഒന്ന് പറഞ്ഞുതരാമോ ? ’’

 

ponnamma-babu

നടുറോഡിൽ നിന്ന് പൊന്നമ്മ ബാക്കി മസാലക്കൂട്ടിന്റെ കഥ പറഞ്ഞു കൊടുത്തു. ശ്ശെടാ...25 വർഷമായി സിനിമയിൽ അഭിനയിക്കുന്നു.എന്നിട്ടും നാട്ടുകാർ എന്നെക്കാണുമ്പോൾ എന്റെ സിനിമകളെക്കുറിച്ച് പറയാതെ ലിവർ ഫ്രൈയെക്കുറിച്ചു പറയുന്നതെന്താണ് ? സ്വയം ചോദിച്ച ആ ചോദ്യത്തിൽ നിന്നാണ് പൊന്നമ്മ ബാബു പാലാരിവട്ടത്ത് ‘പൊന്നമ്മാസ് കലവറ ’ എന്ന ഓൺലൈൻ ഫുഡ് ഡെലിവറി തുടങ്ങുന്നത്.രാവിലെ മുതൽ അടുക്കളയിലും അരങ്ങത്തും പൊന്നമ്മ തന്നെ. ഭരണങ്ങാനത്തുകാരുടെ പോത്തും ലിവറും കപ്പയും മീനുമെല്ലാം കൊച്ചി നഗരത്തിലെ  മെനുവിൽ.സാധനങ്ങളെല്ലാം അടുപ്പിച്ച് ഫുഡ് ഡെലിവറി തുടങ്ങിയപ്പോഴേക്കും കട്ട ലോക്ഡൗൺ. എങ്കിലും ഓൺലൈനല്ലേ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.സ്വിഗിയുടെ റേറ്റിങ്ങിൽ 4.90 വരെകിട്ടിയ കാലം. അപ്പോഴതാ വരുന്നു പുതിയൊരു സീരിയൽ. ലോക്ഡൗൺ കാലമാണ് ആർക്കും മുഖത്തൊരു പൗഡർ പോലുമിടാൻ അവസരം കിട്ടാത്ത കാലം പൊന്നമ്മ തൽക്കാലം കലവറ അടച്ച് സീരിയലിനു പോയി. ഇനി എല്ലാം കലങ്ങിത്തെളി‍ഞ്ഞിട്ടു തുടങ്ങണം.

 

പാലാരിവട്ടത്തെ പൊന്നമ്മയുടെ വീട് ശരിക്കുമൊരു കലവറയാണ്. പൊറോട്ട കുഴയ്ക്കാൻ വാങ്ങിയ പുതിയ മെഷീൻ മുതൽ പാളപ്പിഞ്ഞാണം വരെ അടുത്ത ഡെലിവറിക്ക് കാത്തിരിക്കുന്നു.

ponnamma-babu-34

 

സിനിമയിൽ പൊന്നമ്മയ്ക്ക് കാൽനൂറ്റാണ്ടും ബിസിനസിൽ 10 വർഷവുമാണ്.സിനിമയെ പൊന്നമ്മ വിലയിരുത്തുന്നത് പൂർണ വിജയമെന്നാണ്. എന്നാൽ ബിസിനസിൽ പല തവണ കൈ പൊള്ളി.പല ഐഡിയകളും പാളിപ്പോയി.വസ്ത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് കടവന്ത്രയിൽ അമേലിയ എന്ന ബൂട്ടിക് തുടങ്ങിയത്. മക്കളായ ദീപ്തിയുടെയു പിങ്കിയുടെയും പൊന്നമ്മയുടെയും പടമുള്ള നല്ല തുണിസഞ്ചിയും പ്രിന്റ് ചെയ്തു. കട ക്ലിക്കായില്ല. നോക്കി നടത്താനാളില്ല. പൊന്നമ്മയുണ്ടോ വിടുന്നു. ഊബർ ടാക്സി കത്തി നിൽക്കുന്ന കാലം.രണ്ട് പുതിയ കാറെടുത്ത് ഊബർ സർവീസിനു കൊടുത്തു. ദോഷം പറയരുതല്ലോ. ഡ്രൈവർമാർക്ക് ഗുണമുണ്ടായി. പൊന്നമ്മയുടെ ഇഎംഐ മുടങ്ങി. ബിസിനസി‍ൽ പരാജയങ്ങളാണ് പാഠമെന്നു പറയുന്ന പൊന്നമ്മയ്ക്ക് അഭിനയത്തിൽ നാടകമാണ് പാഠം.

ponnamma-family

 

‘‘ പാലാ സെന്റ് മേരീസ് സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്. മുട്ടുപാവാടയിട്ട് നടക്കുന്ന കാലം.രാത്രി നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കിൽ കിടന്നുറങ്ങിയത് വീട്ടിൽ ജീവിക്കാൻ മാർഗമില്ലാത്തതുകൊണ്ടാണ്. ആദ്യ നാടകം കഴിഞ്ഞപ്പോൾ ട്രൂപ്പിലെ മാനേജർ ബാബുച്ചേട്ടൻ എന്നെ കല്യാണം കഴിച്ചു.അന്നതൊരു ബാല്യ വിവാഹമായിരുന്നു. പിന്നീട് 18 വർഷം നാടകമഭിനയിച്ചില്ല. ഇളയ മകൾക്ക് രണ്ടു വയസ്സുള്ളപ്പോൾ പൂ‍ഞ്ഞാർ നവധാരയിൽ വീണ്ടും നടിയായി.ബാബുച്ചേട്ടൻ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങി.2000 ൽ മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് ബാബുച്ചേട്ടനായിരുന്നു. പൂജയുടെ നാടകത്തിൽ ഞാനാണ് ദേവയാനി. അന്നിത്ര വണ്ണമില്ല. സ്റ്റേജിലൊക്കെ അടിപൊളിയായി നൃത്തം ചെയ്യും.നിസാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പടനായകനാണ് ആദ്യ ചിത്രം. പിന്നെ നിരവധി സിനിമകൾ.എല്ലാവരും നാടകത്തിൽ നിന്ന് സീരിയൽ വഴി സിനിമയിലെത്തുമ്പോൾ ഞാൻ സിനിമ വഴി സീരിയലിൽ വന്നു ’’–പൊന്നമ്മ ഓർമകളുടെ നാടകക്കാലത്തിലേക്ക് ഇറങ്ങിയിരുന്നു.

 

‘‘ ജോഷിസാറിന്റെ തന്നെ 17 സിനിമകൾ ചെയ്തു. സിബിസാർ പറഞ്ഞിട്ട് ലോഹിസാറിനെ കാണുന്നതാണ് ജീവിതത്തിലെ വഴിത്തിരിവ്. ഉദ്യാനപാലകനിൽ മമ്മൂട്ടിയുടെ ചേച്ചിയായി. ഭൂതക്കണ്ണാടിയിലും മമ്മുക്കയുടെ ചേച്ചിയാകാൻ വിളിച്ചു. അൽപ്പം കൂടി തടി കൂട്ടണമെന്ന് ലോഹിസാർ പറഞ്ഞു.‍ ഞാൻ മട്ടൻസൂപ്പ് പരീക്ഷിച്ചു. ഭക്ഷണത്തിൽ അന്നും ഇന്നും നിയന്ത്രണമില്ല. തടികൂടിയപ്പോൾ സ്കൂട്ടറിൽ നിന്ന് മറിഞ്ഞുവീണ് കയ്യൊടിഞ്ഞു. അങ്ങനെ ഭൂതക്കണ്ണാടിയിൽ അഭിനയിക്കാനുമായില്ല. തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമറുള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല മാർക്കറ്റുണ്ടായി. സ്റ്റേജ് ഷോകളുടെ ഭാഗമായി ലോകം മുഴുവൻ കണ്ടു ത മിഴിൽ പ്രഭുസോളമന്റെ തൊടരിയിൽ ധനുഷിനൊപ്പം അഭിനയിച്ചു. ഇതൊക്കെ പോരേ മച്ചാനെ ’’–സ്വതസിദ്ധമായ ശൈലിയിൽ പൊന്നമ്മ ചോദിക്കുന്നു.

 

നാടകമാണ് ഇപ്പോഴും പൊന്നമ്മയുടെ അനുഭവങ്ങളുടെ കലവറ: ‘‘ കേരളം മുഴുവൻ ട്രൂപ്പ് വണ്ടിയിൽ കറങ്ങിയ കാലം. കണ്ണൂരിൽ ആലക്കോട് ഒരിക്കൽ  നാടകം തീരുമ്പോൾ രാവിലെ 7.30.നാടകത്തിൽ പാതിരയ്ക്ക് പ്രേതമിറങ്ങിവരുന്ന സീനുണ്ട്. പകലിറങ്ങിയ പ്രേതമങ്ങോട്ട് ഏശിയില്ലെന്ന് പറയേണ്ടതില്ലല്ലോ. പണി പാളിയ അരങ്ങിന്റെ കഥകളിൽ ഞെട്ടലുണ്ടാക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. എം.എസ്.തൃപ്പൂണിത്തുറയുമായി ബന്ധപ്പെട്ടാണ് ആ കഥ. അങ്കമാലി പൂജയുടെ നാടകം തിരുവനന്തപുരത്ത്. സിനിമാതാരമെന്ന പ്രശസ്തിയുള്ള  എം.എസ്.തൃപ്പൂണിത്തുറയാണ് പ്രധാന നടൻ.മൈതാനം മുഴുവൻ വൻ പുരുഷാരം.നാടകം തുടങ്ങാറായിട്ടും എംഎസ് വന്നില്ല. സംഗതി പന്തികേടായി.മൊബൈലില്ലാത്ത കാലം. ആദ്യം ട്രൂപ്പിലെ പെണ്ണുങ്ങളെ കാറിൽ രക്ഷപ്പെടുത്തി. സംഘാടകർക്ക് നഷ്ടപരിഹാരം കൊടുത്ത് ട്രൂപ്പ് ഓണർ കൂടിയായ ഭർത്താവ് തലയൂരി.പിന്നെ അവിടെ നടന്ന അടിക്ക് മുൻപ് നാടകക്കാർ കക്ഷി രക്ഷപ്പെട്ടു.തിരികെ അങ്കമാലിയിലെത്തിയപ്പോൾ ട്രൂപ്പിൽ കിടന്ന് എംഎസ് തൃപ്പൂണിത്തുറ സുഖമായി ഉറങ്ങുന്നു. ഒരു ഉദ്ഘാടനം കഴിഞ്ഞ് സമയത്ത് കക്ഷിക്ക് തിരുവനന്തപുരത്ത് സമയത്ത്  എത്താനായില്ല.അരങ്ങിനു പുറത്തെ അടി കാണാത്തതുകൊണ്ട് പുള്ളിക്ക് ടെൻഷനുമില്ല.

 

‘‘ ഒരു കാര്യത്തിൽ സന്തോഷമുണ്ട്.ഞാൻ നാടകം ചെയ്യുമ്പോൾ സദസ്സിൽ ജനസാഗരമായിരുന്നു.അന്ന് നാടകത്തിന് അംഗീകാരമുണ്ടായിരുന്നു.നാടകത്തിന്റെ നല്ല കാലം കഴി‍ഞ്ഞുവെന്ന് പലരും പറഞ്ഞ കാലഘട്ടത്തിൽ ഞങ്ങൾ ട്രൂപ്പ് നിർത്തി.ട്രൂപ്പു കൊണ്ടും കടങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ.നാടക ട്രൂപ്പ് നടത്തിയതുകൊണ്ട് എന്തു കിട്ടിയെന്ന് ചോദിക്കുന്നവരോട് ബാബുച്ചേട്ടൻ പറയും.എനിക്ക് പൊന്നമ്മയെക്കിട്ടി. ഞങ്ങൾക്ക്  3 മക്കളെ കിട്ടി ’’––പൊന്നമ്മയും ബാബുവും ഹാപ്പിയാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com