ADVERTISEMENT

മലയാളം, തമിഴ് സിനിമകളിലേക്ക് 1980ൽ ഒരു പുതുമുഖ നായകൻ കയറിവന്നു. ഒരുതലൈ രാഗത്തിൽ രാജയായും മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ പ്രേംകൃഷ്ണനായും. പ്രേക്ഷകപ്രീതിയിൽ നായകൻ പ്രണയകഥകളുടെ താരരാജാവായി. ഒരുതലൈ രാഗം തമിഴ്നാട്ടിലെ റിലീസ് തിയറ്ററുകളിൽ 400 ദിവസം വരെ ഓടി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കേരളത്തിൽ 150 ദിവസവും. ഒരേ വർഷം രണ്ടു വ്യത്യസ്ത ഭാഷകളിലെ അരങ്ങേറ്റ വിജയങ്ങളിലൂടെ തെന്നിന്ത്യയിൽ ചരിത്ര നായകനായി ശങ്കർ.

 

shankar-lal

മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്കു പിന്നാലെ കേരളത്തിൽ ശങ്കർ സിനിമകളുടെ പൂക്കാലമായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും മുൻപേ നായകവേഷങ്ങളിൽ തിരക്കേറിയ നടൻ. വർഷത്തിൽ ഇരുപതിലേറെ സിനിമകളിൽ നായകനായിരുന്ന ചരിത്രത്തിനൊപ്പം പിറന്നത് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ. സിനിമയുടെ ലോകത്തു കയറ്റിറക്കങ്ങളും സമതലങ്ങളും കണ്ട ശങ്കർ, സിനിമാ ജീവിതത്തിൽ പിന്നിട്ട നാൾവഴികളെ കുറിച്ചു പറയുന്നു.

 

manjil-virinja

‘മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിയായിരുന്ന കാലത്ത്, ജയൻ നായകനായിരുന്ന ശരപഞ്ജരം സിനിമയിൽ പ്രതിനായകന്റെ സുഹൃത്തായി അഭിനയിച്ചിരുന്നു. ഒരുതലൈ രാഗത്തിലേക്കു നായകനെ തിരഞ്ഞെടുത്ത ഓഡിഷന്റെ അവസാന റൗണ്ടിൽ ഞാനുൾപ്പെടെ 3 പേരുണ്ടായിരുന്നു. രാജ്കുമാറും ശ്രീനാഥുമായിരുന്നു മറ്റു 2 പേർ. നറുക്കെടുപ്പിലൂടെയാണു നായക നടനെ തീരുമാനിച്ചത്. ‘ഒരുതലൈ രാഗം’ ഓഡിഷൻ കടമ്പയില്ലാതെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്കു വഴിയൊരുക്കി. 1980കളുടെ രണ്ടാം പകുതിയായപ്പോഴേക്കും കാമുക വേഷങ്ങൾ മടുത്തു തുടങ്ങി. 

shnakar-lal

 

സുഖമോ ദേവിയിൽ അഭിനയിക്കുന്ന കാലത്തു വേണു നാഗവള്ളിയോടു ചോദിച്ചു വാങ്ങിയതാണു 1991ൽ കിഴക്കുണരും പക്ഷിയിൽ അവതരിപ്പിച്ച പ്രതിനായക വേഷം. (മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രതിനായകനായി അരങ്ങേറ്റം കുറിച്ച മോഹൻലാലായിരുന്നു കിഴക്കുണരും പക്ഷിയിൽ നായകൻ).

 

പിന്നിട്ട നാലു പതിറ്റാണ്ടിനിടെ ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. ഇതിനിടെ നിർമാതാവും ശങ്കർ പണിക്കർ എന്ന പേരിൽ സംവിധായകനുമായി. ഇടവേളയ്ക്കു ശേഷം ശങ്കർ മലയാള സിനിമയിൽ മുഖം കാണിക്കുന്നതു നടന്റെ വേഷത്തിലാണ്. രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഭ്രമം’ എന്ന സിനിമ ആമസോൺ പ്രൈമിൽ ഒക്ടോബർ 7നു റിലീസ് ചെയ്യും. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഉൾപ്പെടെയുള്ള താരനിരയ്ക്കൊപ്പമാണ് 1980കളിലെ ഇഷ്ട നായകൻ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

 

ഒറ്റപ്പാലം അമ്പലപ്പാറ നല്ലൂർ വലിയവീട്ടിൽ രാമൻകുട്ടി പണിക്കരുടെയും തൃശൂർ കേച്ചേരി തെക്കേവീട്ടിൽ സുലോചനയുടെയും മകനാണു ശങ്കർ. കേച്ചേരിയിലായിരുന്നു ജനനം. വളർന്നതും പഠിച്ചതും ചെന്നൈയിൽ. 

 

വ്യവസായ പ്രമുഖനായിരുന്ന ഇ.പി. മാധവൻ നായരുടെ മകൾ ചിത്രാലക്ഷ്മിയാണു ഭാര്യ. യുകെയിൽ നൃത്ത വിദ്യാലയം ന‌ടത്തുകയാണവർ. ശങ്കറിന്റെ ബിസിനസ് സംരംഭങ്ങളും യുകെയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com