മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഇതിഹാസമാണ് വേണു

faasil-nedumudi-venu
SHARE

മിമിക്രിക്കും മുൻപ് നാടകത്തിലൂടെയാണ് വേണുവും ഞാനും കൂട്ടായത്. ആദ്യമായി ഞാൻ എഴുതി അഭിനയിച്ച നാടകത്തിൽ എന്റെ മേക്കപ്മാനായിരുന്നു വേണു. സ്കൂളിൽ എനിക്കു കലാപ്രവർത്തനമൊന്നും ഇല്ലായിരുന്നു. എങ്കിലും, കലകളെപ്പറ്റി അറിവു സമ്പാദിച്ചു. അതുമായാണ് കോളജിലെത്തിയത്. വേണുവും അങ്ങനെതന്നെ. എസ്ഡി കോളജിൽ പ്രീഡിഗ്രിക്കാലത്തു തുടങ്ങിയ ആ ബന്ധം പിരിയാൻ പറ്റാത്ത കൂട്ടായി. ഞങ്ങൾ ഒരുപാടു നാടകം കളിച്ചു. ചിലപ്പോൾ വേണു എഴുതി സംവിധാനം ചെയ്തു, ചിലപ്പോൾ ഞാനും. 

ഞങ്ങൾ ഒന്നിച്ചതോടെ നെടുമുടിയിൽനിന്നു വേണു ആലപ്പുഴയിലേക്കു താമസം മാറ്റിയതു പോലെയായി. ഏഴെട്ടു വർഷം ഞങ്ങൾ എന്റെ വീട്ടിലെ സിംഗിൾ കട്ടിലിൽ ഒന്നിച്ചുറങ്ങി. പ്രീഡിഗ്രി നാളുകളിലാണ് ഞങ്ങളുടെ അടുപ്പം ശക്തമായത്. ക്ലാസ്മുറികളെ ഞങ്ങൾ മറന്നു. പുറത്തായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസം. ആദ്യം എന്നെ പരീക്ഷയ്ക്ക് ഇരുത്തിയില്ല. വേണു തോറ്റു. പിന്നെ ഞങ്ങൾ ജയിച്ചു. വേണുവിന് എസ്ഡി കോളജിൽ ബിഎ പ്രവേശനം കിട്ടിയതിനു പിന്നിൽ രസകരമായൊരു സംഭവമുണ്ട്. അന്ന് ബിഎ മലയാളത്തിനാണ് പ്രവേശനം കിട്ടാൻ എളുപ്പം. വേണുവിന്റെ അച്ഛൻ അന്നത്തെ കോളജ് മാനേജർ പാർഥസാരഥി അയ്യങ്കാർക്ക് (പാപ്പാ സ്വാമി) കത്തെഴുതി. വർഷങ്ങൾക്ക് മുൻപ് അമ്പലപ്പുഴയിൽ ഒരു ആറു വയസ്സുകാരന്റെ മൃദംഗവായന കേട്ടത് ഓർമിപ്പിച്ചായിരുന്നു എഴുത്ത്. ആ കുട്ടിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ അറിയിക്കണമെന്നു സ്വാമി പറഞ്ഞതും ഓർമിപ്പിച്ചു. ആ കുട്ടിക്ക് ബിഎയ്ക്ക് ഒരു സീറ്റ് വേണം എന്നതായിരുന്നു ആവശ്യം. കുട്ടിയായ വേണുവിന്റെ തല മാത്രമേ മൃദംഗത്തിനു മീതേ കാണാൻ കഴിഞ്ഞുള്ളൂ എന്നാണ് പാപ്പാ സ്വാമി പറഞ്ഞത്. 

കാവാലം നാരായണ പണിക്കർ സാറിനെ കണ്ടതാണ് വേണുവിനു വഴിത്തിരിവായത്. കുറച്ചുകാലം നാടകം വിട്ടുനിന്ന പണിക്കർ സാർ ‘തിരുവാഴിത്താൻ’ എന്ന നാടകമെഴുതി. വേണുവും ഞാനും അതിൽ അഭിനയിച്ചു. സാർ ഞങ്ങളെ തിരുവനന്തപുരത്തേക്കു ക്ഷണിച്ചു. അങ്ങനെയാണ് വേണു തിരുവനന്തപുരത്തു തമ്പടിച്ചത്. വേണുവിന് സാർ അവിടെയൊരു പത്രത്തിൽ ജോലിയും ശരിയാക്കി. പിന്നെ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിലൂടെ വേണുവിന്റെ കാലം തുടങ്ങി. അരവിന്ദനും ഭരതനും പത്മരാജനുമൊക്കെ വേണുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സിനിമയിലേക്കും വേണു കടന്നു. ‍ഞാൻ ഉദയ, നവോദയ സ്റ്റുഡിയോകൾ ചുറ്റിപ്പറ്റി ആലപ്പുഴയിൽ നിന്നു.

ഒരേ കാലത്താണ് ഞങ്ങൾ സിനിമയിലും എത്തിയത്. രണ്ടു ദിശയിലൂടെയെന്നു മാത്രം. എന്റെ ആദ്യ സിനിമയിൽ വേണു വേണമെന്ന് എനിക്കു നിർബന്ധമായിരുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ ചെറിയ വേഷമാണെങ്കിലും വേണു വന്നു. പിന്നെ എന്റെ മിക്ക സിനിമയിലും വേണു ഉണ്ടായിരുന്നു. 

ഇത്രയേറെ വ്യത്യസ്തരായ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ വേണുവിനെപ്പോലെ ആർക്കും കഴിഞ്ഞിട്ടില്ല. പ്രേംനസീറിന്റെ കാലത്തിനു ശേഷം, മമ്മൂട്ടിക്കു മുൻപ്, സുകുമാരനും സോമനും രതീഷുമൊക്കെ നയിച്ച കാലത്താണ് വേണു സിനിമയിൽ‍ വളർന്നത്. പിന്നെ, മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പവും അഭിനയിച്ചു. ഇത്രയേറെ താരങ്ങളോടൊപ്പം അഭിനയിച്ച മറ്റൊരാളില്ല. എത്ര തിരക്കഥാകൃത്തുക്കൾ, നടിമാർ. പുതിയ തലമുറയുടെ സിനിമകൾ നോക്കിയാൽ അവിടെയും വേണുവുണ്ട്. വേണു ഭാഗമായ ക്ലാസിക് സിനിമകൾതന്നെ ഏറെ. മമ്മൂക്ക, ലാലേട്ടൻ എന്നതുപോലെ ആളുകൾ വേണുച്ചേട്ടൻ എന്നും വിളിക്കുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഇതിഹാസമാണ് വേണു. കിറുകൃത്യമായിരുന്നു അഭിനയം. 

വേണുവിന് ദേശീയ അവാർഡ് കിട്ടാത്തത് എന്റെയും ദുഃഖമാണ്. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിൽ ഞാനതു പ്രതീക്ഷിച്ചു. കിട്ടിയില്ല. ഇന്നും അതൊരു ഖേദമാണ്. 

എന്റെ സിനിമകളിൽ വേണു ഏറ്റവും അമ്പരപ്പിച്ചത് ‘എന്നെന്നും കണ്ണേട്ടനി’ലാണ്. 35 വയസ്സുള്ള വേണുവാണ് വയസ്സനായി അഭിനയിക്കുന്നതെന്നു വിശ്വസിക്കാൻ കഴിയില്ലായിരുന്നു. എന്റെ ‘ഈറ്റില്ല’ത്തിൽ വേണുവിനെ ഞാൻ നായകനാക്കി. വേണു ആരെങ്കിലുമായി പിണങ്ങിയെന്ന് ഇന്നുവരെ കേട്ടിട്ടില്ല. സിനിമ സെറ്റിലെത്തിയാൽ മറ്റുള്ളവരെ സജീവമാക്കുന്നത് വേണുവാണ്. സെറ്റുകളെ ചലിപ്പിക്കുന്നയാളായിരുന്നു വേണു. ഒരുപാട് അഭിനേതാക്കളുള്ള മണിച്ചിത്രത്താഴിന്റെ സെറ്റിൽ എല്ലാവരെയും ഉഷാറാക്കുന്നത് വേണുവായിരുന്നു. അതൊരു ധർമം പോലെ ഏറ്റെടുത്തു. ഒരിക്കലും വേണുവിനെ മൂഡ് ഓഫായി കണ്ടിട്ടില്ല. യേശുദാസിനെപ്പറ്റി കേട്ടിട്ടുള്ളത്, എത്ര പിരിമുറുക്കമുണ്ടെങ്കിലും പാടാൻ കയറുമ്പോൾ അതെല്ലാം പുറത്ത് ഉപേക്ഷിക്കുമെന്നാണ്. അങ്ങനെ പിന്നെയൊരാൾ വേണുവാണ്. അതുകൊണ്ട് വേണുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഒന്നാന്തരം താളബോധം, സംഗീതത്തെയും സാഹിത്യത്തെയും പറ്റിയുള്ള നല്ല ധാരണ– സമ്പൂർണ കലാകാരനാണ് വേണു. ഗംഭീരമാണ് വേണുവിന്റെ നർമബോധം. ആരെയും നോവിക്കാത്ത നർമം. 

ഞങ്ങളുടെ വ്യക്തിബന്ധം ഒരിക്കലും ഉലഞ്ഞില്ല. വേണുവുമായി ബന്ധമുള്ള എല്ലാവരുടെയും അനുഭവം അതായിരിക്കും. ആശുപത്രിയിൽ പോകുന്ന ദിവസം രാവിലെയും വിളിച്ചു. വെറുതെ വിളിച്ചതാണെന്നു പറഞ്ഞു. ആശുപത്രിയിൽ പോകുന്ന കാര്യം പറഞ്ഞില്ല. പിറ്റേന്നാണ് ഞാൻ അറിഞ്ഞത്. പിന്നാലെ പ്രിയദർശനും സുരേഷ് ഗോപിയുമൊക്കെ വിളിച്ചു വിവരങ്ങൾ പറഞ്ഞു. ഒരു ദിവസം രാത്രി വേണുവിന്റെ നമ്പർ ഫോണിൽ കണ്ടു ഞാൻ വെറുതെ വിളിച്ചു. മകൻ ഉണ്ണിയാണ് ഫോൺ എടുത്തത്. അച്ഛനു ഗുരുതരമാണെന്നും അങ്കിളിനെ അറിയിക്കണമെന്ന് അമ്മ അറിയിച്ചിരുന്നെന്നും ഉണ്ണി പറഞ്ഞു. 

സുഖമില്ലെന്ന് അറിഞ്ഞ ശേഷവും ഞാൻ വിളിച്ചിരുന്നു. ഇപ്പോഴും അഭിനയിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ, ‘വണ്ടി ഉരുളണ്ടേ’ എന്നായിരുന്നു മറുപടി. അപ്പോഴും അഭിനയിച്ചു വന്നതേയുണ്ടാവൂ. നിഷ്ക്രിയനായി വേണുവിനെ ആർക്കും സങ്കൽപിക്കാനാവില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA