‘ആ വേണുവിനെ നിങ്ങളൊന്നു ഗുണദോഷിക്കണം’ കമൽഹാസൻ ജോൺ പോളിനോടു പറഞ്ഞത്

john-paul-nedumudi-venu
SHARE

സ്വന്തം വ്യക്തിപ്രഭാവത്തെ കഥാപാത്രങ്ങളിലൂടെ നിവേശിച്ച്, കൂട്ടത്തിൽ എഴുന്നുനിന്നുകൊണ്ടുള്ള അഭിനയപ്രകാശനം നടത്തുന്ന നടന്മാരുടെ കൂട്ടത്തിലല്ല നെടുമുടി വേണു ഉൾച്ചേർന്നിരുന്നതെന്നു തിരക്കഥാകൃത്തും നെടുമുടിയുടെ ആത്മസുഹൃത്തുമായ ജോൺപോൾ ഓർക്കുന്നു. ഭരതന്റെ വിഖ്യാത ചിത്രങ്ങളായ ചാമരത്തിലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലും തിരക്കഥാകൃത്തായിരുന്നു ജോൺ പോൾ. നെടുമുടി വേണുവിന്റെ പ്രശസ്ത വേഷങ്ങൾ. ദേശീയപുരസ്കാരംതന്നെ കപ്പിനും ചുണ്ടിനുമിടയിൽ വേണുവിനു നഷ്ടമായ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഓർമകൾ പങ്കുവയ്ക്കുകയാണു ജോൺ പോൾ.

‘കൂട്ടത്തിൽ അലിഞ്ഞ്, ജനസാമാന്യത്തിൽ ഒരുവനായി നിന്ന്, സൂക്ഷ്മാംശങ്ങളിലൂടെ കഥാപാത്രങ്ങളെ ആത്മാവിലേക്ക് ആവാഹിച്ച് ആൾക്കൂട്ടത്തിനിടയിൽ ഒരാളായി, അവരിൽനിന്നു വ്യത്യസ്തമായ  ഭാവാഭിനയവികിരണം നടത്തുന്ന ഒരാളായിരുന്നു വേണു. അങ്ങനെയുള്ള നടന്മാരുടെ തലമുറയിലെ അവശേഷിക്കുന്ന കണ്ണികളിൽ ഒരാൾ. അതുകൊണ്ടാണ്, അഭിനയ മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ അവസാന നക്ഷത്രങ്ങളിലൊന്നാണു നമുക്കു നഷ്ടപ്പെടുന്നതെന്നു ദുഃഖപൂർവം ഏറ്റുപറയേണ്ടിവരുന്നത്’.

പ്രതിഭകളെ തേടിച്ചെന്നു, തൊട്ടറിഞ്ഞു

വേണു എപ്പോഴും, ചുറ്റുപാടുകളിൽ അഭിരമിക്കുന്ന ഒരാളായിരുന്നു. അദ്ദേഹവും ജോൺപോളും ഒരുമിച്ച് ഒരുപാടു യാത്രകൾ നടത്തിയിട്ടുണ്ട്. അതിലധികവും ചലച്ചിത്രേതരങ്ങളായിരുന്നു. ഒരിക്കൽ തൃശൂരിലൊരു ഷൂട്ടിങ്ങിനു ചെന്നപ്പോൾ വേണുവിനു മഹാകവി വൈലോപ്പിള്ളിയെ  പരിചയപ്പെടണം. അന്ന് അദ്ദേഹം അവിടെ ദേവസ്വംബോർഡ് ക്വാർട്ടേഴ്സിലാണു താമസിക്കുന്നത്. മുൻപരിചയം ജോൺപോളിന് ഉണ്ടായിരുന്നതിന്റെ ധൈര്യത്തിൽ വേണുവിനെയും കൂട്ടി അവർ വൈലോപ്പിള്ളിയെ ചെന്നുകണ്ടു . വേണു അദ്ദേഹത്തെ പരിചയപ്പെട്ടു. ‘എവിടെച്ചെല്ലുമ്പോഴും സിനിമയുടെ ഗ്ലാമർ വൃത്തത്തിനു പുറത്തുള്ള കലാകാരന്മാരെ, ഒറ്റപ്പെട്ട വ്യക്തിത്വങ്ങളെ തേടിച്ചെന്നു കാണാനുള്ള ഒൗത്സുക്യം വേണുവിനുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചു നടത്തിയ മിക്കവാറും യാത്രകളും ആ വിധത്തിലുള്ളതായിരുന്നു. മറ്റുള്ളവരെ കണ്ട്, വ്യക്തികളെ, അല്ലെങ്കിൽ വ്യക്തികളുടെ വൈശിഷ്ട്യങ്ങളെക്കുറിച്ച് അന്വേഷിച്ചറിയുന്ന ഒരു ജേണലിസ്റ്റിക് അന്വേഷണാത്മകത വേണുവിലുണ്ടായിരുന്നു. അതോടൊപ്പംതന്നെ ഇവരെയെല്ലാം കണ്ട്, ഇവരിലൂടെയെല്ലാം ഒന്നു യാത്ര ചെയ്തു വേണം തന്റെ കലവറ ധന്യമാക്കാനെന്ന ഒരു ദീർഘദൃഷ്ടികൂടിയായിരുന്നിരിക്കാമത്.  എന്തായാലും, വേണു അങ്ങനെ തന്റെ യാത്ര തുടർന്നുപോന്ന ഒരാളാണ്’.

മഹാനടൻമാരായ ശിവാജി ഗണേശനും കമൽ ഹാസനും നെടുമുടി വേണുവിനോടുണ്ടായിരുന്ന ആദരവും ആരാധനയും ജോൺ പോൾ ഇന്നും ഓർക്കുന്നു. 

ചെറിയൊരു നടനെന്നു വേണു, ‘കൊടുമുടി വേണു’ എന്നു ശിവാജി

‘വേണുവിനെ വലിയ ബഹുമാനമായിരുന്നു ശിവാജി ഗണേശന്.  തിരുവനന്തപുരം–മദ്രാസ് വിമാനം മധുരവഴി പോയിരുന്ന കാലം. വേണുവും ഞാനും പത്മരാജനുമടങ്ങിയ സംഘം തിരുവനന്തപുരത്തുനിന്നു മദ്രാസിലേക്കു പുറപ്പെട്ടു. മധുരയിൽനിന്നു ശിവാജി ഗണേശനും കുടുംബവും വിമാനത്തിൽ കയറി. ഞങ്ങളിരിക്കുന്നതിനു മൂന്നു നിര മുന്നിലാണു ശിവാജി ഗണേശൻ ഇരുന്നിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത നിമിഷം മുതൽ, ‘എനിക്കു ചെന്നൊന്നു കാണണം, നമസ്കരിക്കണം എനിക്കദ്ദേഹത്തെ വലിയ ബഹുമാനമാണ്’ എന്നായി വേണു. ഞാൻ നിരുത്സാഹപ്പെടുത്തി, ‘അവരെല്ലാം വലിയ താരങ്ങളല്ലേ? അവിടെച്ചെന്നാൽ നമ്മളെ മൈൻഡ് ചെയ്യുകപോലുമില്ല. വെറുതെ അപമാനം ചോദിച്ചുവാങ്ങാൻ പോകേണ്ട.’ എന്നു പറഞ്ഞു. ‘ഇല്ല, എനിക്കു പോകണം’ എന്നായി വേണു. അങ്ങനെ അദ്ദേഹം അവിടേക്ക് ഇടിച്ചുകയറി പിടിച്ചുപിടിച്ച് അടുത്തേക്കു ചെന്നു. അപ്പോൾ ശിവാജി ഗണേശൻ  മുൻവശത്തേക്കു മാത്രം നോക്കി, കണ്ണു മാത്രം ഇടത്തേക്കൊന്നു തിരിച്ചു വേണുവിനെ നോക്കി. ചോദ്യഭാവം. അപ്പോൾ വേണു പറഞ്ഞു, ‘സർ, ഞാനൊരു ചെറിയ നടനാണ്. നാടകത്തിലായിരുന്നു. ഇപ്പോൾ സിനിമയിലും അത്യാവശ്യം അഭിനയിക്കും. അങ്ങയുടെ വലിയ ആരാധകനാണ്. അങ്ങയുടെ എല്ലാ കഥാപാത്രങ്ങളെയും  വിസ്മയത്തോടെയാണു ഞാൻ നോക്കിക്കണ്ടിട്ടുള്ളത്. ഒന്നു കാണാനും പരിചയപ്പെടാനും അനുഗ്രഹം വാങ്ങാനും വന്നതാണ്. എന്റെ പേരു നെടുമുടി വേണു.’

ഈ ‘നെടുമുടി വേണു’ എന്നു പറഞ്ഞു മുഴുമിപ്പിക്കും മുൻപു ശിവാജി ഗണേശൻ തല മെല്ലെയൊന്നു മുകളിലേക്കുയർത്തി വശം ചരിച്ചു വേണുവിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൈ ഉയർത്തി വിലക്കി. ‘ഉൻ പേര് നെടുമുടി വേണു കെടയാത്. നീ കൊടുമുടി വേണു. നാൻ ഉന്നോടെ ഫാൻ. പോയ് സീറ്റിലെ ഉക്കാറ്ന്ത്ട്’. ശിവാജി ഗണേശൻ വേണുവിന്റെ വലിയ ആരാധകനായിരുന്നുവെന്നതു വേണുവിനു ദഹിക്കാത്തതും വിശ്വസിക്കാൻ പ്രയാസമുള്ളതുമായ വലിയ അത്ഭുത വാർത്തയായിരുന്നു. 

nedumudi-venu-roles

അതു പോലെ, ചെന്നൈയിൽ ശിവാജി ഗണേശന്റെ ബംഗ്ലാവിൽ ഒരിക്കൽ ഒരു അത്താഴവിരുന്നിനു, മോഹൻലാലും വേണുവും ഞാനും നിർമാതാവ് വി.ബി.കെ.മേനോനുമെല്ലാമുണ്ട്.  അവിടെ വേണുവിനെയാണ് ഏറ്റവും വലിയ അതിഥിയായി ശിവാജി കണ്ടത്. അദ്ദേഹം പറഞ്ഞു, ‘എന്റെ വീട്ടിലെ എല്ലാ അംഗങ്ങൾക്കുമിടയിൽ  ഒരു തിരഞ്ഞെടുപ്പു നടത്തിയാൽ, ആരായിരിക്കും ഏറ്റവും നല്ല നടൻ? ഒരു തർക്കവും വേണ്ട, എന്നെക്കാൾ ഒരു വോട്ടെങ്കിലും അധികം കിട്ടുക നെടുമുടി വേണുവിനായിരിക്കും. അപ്പോൾ ഒരു കുസൃതിയുടെ പേരിൽ ഞാൻ ചോദിച്ചു, ‘പ്രഭുവിന്റെ സ്ഥിതി എന്തായിരിക്കും?’. അദ്ദേഹത്തിന്റെ മകനായ പ്രഭു അന്നു തമിഴിലെ വലിയ താരമാണ്. ചിരിച്ചുകൊണ്ടു ശിവാജി പറഞ്ഞു, ‘അവനോ, അവനു കെട്ടിവച്ച കാശുപോലും കിട്ടില്ല’. ഇതു കേട്ടു പ്രഭുവും വാതിൽക്കൽ നിന്നു ചിരിക്കുന്നുണ്ടായിരുന്നു.  തമാശയ്ക്കു പറഞ്ഞതാണെങ്കിലും, വേണുവിനെ ആ കുടുംബം എത്രത്തോളം ആദരവോടെ കരുതിയിരുന്നു എന്നതിന്റെ ഒരു വിളംബരമായാണ് അദ്ദേഹം അതു പറഞ്ഞത്.’

കമൽഹാസനെ അതിശയിപ്പിച്ച പ്രതിഭാധന്യത

വേണുവിന്റെ കഴിവുകളെ കമൽ ഹാസൻ ഏറെ ആരാധിച്ചിരുന്നതിന് ഉദാഹരണങ്ങളും ജോൺ പോൾ അനുസ്മരിക്കുന്നു. ‘നായകൻ’ എന്ന മണിരത്നം  ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്യാൻ വേണുവിനെ അതിന്റെ നിർമാതാക്കൾ ബന്ധപ്പെട്ടപ്പോൾ, വേണു താൽപര്യം കാണിക്കാതെ ഒഴിഞ്ഞുമാറി. പിന്നീടെപ്പഴോ കണ്ടപ്പോൾ കമൽഹാസൻ ജോൺ പോളിനോടു പറഞ്ഞു, ‘ ആ വേണുവിനെ നിങ്ങളൊന്നു ഗുണദോഷിക്കണം. നിങ്ങൾ വലിയ സൃഹൃത്തുക്കളല്ലേ. വേണുവിന്റെ മൂല്യം എന്തെന്ന് അറിഞ്ഞുകൊണ്ടാണ് ആ വേഷത്തിനു വേണു മതി എന്നു ഞാൻ നിർദേശിച്ചത്.’ ആ വേഷം പിന്നീടു ജനകരാജാണു ചെയ്തത്. ജനകരാജ് എന്ന നടന്റെ ജീവിത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു  നായകനിലെ ആ കഥാപാത്രം. കമൽ പറഞ്ഞ കാര്യം ജോൺപോൾ പിന്നീടു വേണുവിനോടു പറഞ്ഞു.   ‘എന്തെങ്കിലും സൈഡ് റോൾ തന്നു വെറുതെ നിൽക്കാൻ വിളിച്ചതായിരിക്കുമെന്നു കരുതി’ എന്നായിരുന്നു വേണുവിന്റെ മറുപടി. പിന്നീടൊരിക്കൽ കമൽഹാസൻ വേണുവിനോടു പറഞ്ഞു, ‘വേണൂ, നിങ്ങൾ തമിഴിലേക്കു വരൂ. ഇവിടെ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പുതുതായി ചെയ്യാനുണ്ട്. മലയാളത്തിൽ നിങ്ങൾ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു കഴിഞ്ഞു. ഇവിടെ നിങ്ങൾ ചെയ്യുന്നതെന്തും അത്ഭുതമായിരിക്കും..’ അങ്ങനെ കമൽ ഹാസന്റെ നിർബന്ധത്തിനു വഴങ്ങിയാണു വേണു ‘ഇന്ത്യൻ’ എന്ന ചിത്രത്തിൽ കമൽ കഴിഞ്ഞാൽ ഏറ്റവും പ്രധാന വേഷം ചെയ്തത്. ഇന്ത്യന്റെ രണ്ടാം ഭാഗം എടുക്കുമ്പോഴും അതിൽ നെടുമുടി വേണു വേണമെന്നു കമൽഹാസനു താൽപര്യമുണ്ടായിരുന്നു.

Nedumudi Venu

നളപാകത്തിൽ കഥാപാത്രമായി

എറ്റവും ഒടുവിൽ വേണു ഒരു സംസ്കൃത ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ ചിത്രം കണ്ടില്ലെങ്കിലും  രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ  ജൂറി സ്ക്രീനിങ്ങിന് ആ ചിത്രം വന്നപ്പോൾ കണ്ട ഒരു ജൂറി അംഗം ‍ജോൺ പോളിനോടു പറഞ്ഞത്, ‘കൃത്യമായ നളപാകത്തിൽ ആ കഥാപാത്രത്തെ വേണു മനോഹരമായി ചെയ്തിരിക്കുന്നു എന്നാണ്. ഭാഷയുടെ പരിധികൾക്കപ്പുറത്ത്, മനുഷ്യന്റെ ശരീര ഭാഷകൊണ്ടും മുഖഭാഷകൊണ്ടും സാർവലൗകികമായ ഒരു വികാര അനുരണനം സൃഷ്ടിക്കാൻ സാധിക്കുന്ന  മഹാനടനായിരുന്നു നെടുമുടി വേണു.’

Nedumudi Venu

‘എത്ര നിസ്സാരനാണു ഞാൻ’

നെടുമുടി വേണുവെന്ന വ്യക്തിയുടെ മഹത്വത്തിനുള്ള വലിയൊരു ഉദാഹരണംകൂടി ജോൺപോൾ പങ്കുവയ്ക്കുന്നു; ‘ഞാൻ പരിചയപ്പെട്ട നാൾ മുതൽ  നെടുമുടി വേണു പതിവായി െചയ്യുന്നതായി കണ്ടിട്ടുള്ള ഒരു ചര്യയുണ്ട്. ദിവസവുമെന്നവണ്ണം ചെയ്യുന്ന ആ പതിവ് ഇപ്പോഴും എന്റെ മനസ്സിൽ തെളിവാർന്നു നിൽക്കുന്നു. ഉറങ്ങാൻ കിടക്കും മുൻപ് എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ അദ്ദേഹം തുറസ്സായ ഒരിടത്തുനിന്ന് ആകാശത്തേക്കു നോക്കിനിൽക്കും. അതിനുള്ള സാധ്യത ഉള്ളിടങ്ങൾ ഇല്ലെങ്കിൽ ഏറ്റവും കുറഞ്ഞതു ജനൽപാളികൾ തുറന്ന് അതുവഴി ആകാശത്തേക്കു നോക്കിനിൽക്കും. ആകാശം കാണണം. ആകാശത്തിലെ കൊച്ചുകൊച്ചു നക്ഷത്രങ്ങളെ കാണണം. ഒരിക്കൽ ജോൺപോൾ വേണുവിനോടു ചോദിച്ചു, ‘എന്താണു ദിവസവും ഇങ്ങനെ ഒരു ചിട്ട?’

punyam-aham--

മറുപടി ഇതായിരുന്നു; ‘അങ്കിളേ, അത് ഈ നക്ഷത്രങ്ങൾ നമ്മുടെ ഭൂമിയെക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ളവയാണ്. ഞാൻ ഇവിടെനിന്ന് അവയെ കാണുമ്പോൾ അത്രയും വലിയ നക്ഷത്രങ്ങളിലൊന്നിൽനിന്ന് ഇങ്ങോട്ടു നോക്കിയാൽ ഈ ഭൂമി നമ്മൾ ഇവിടെനിന്നു നോക്കുന്ന നക്ഷത്രെത്തെക്കാൾ എത്രയോ ചെറുതായിരിക്കും. ആ കുഞ്ഞു ഭൂമിയെന്ന ഗോളത്തിൽ ഏതോ ഒരു മൂലയിൽ ഒരു പൊട്ടുപോലെപോലും  എഴുന്നുകാണാത്ത തരത്തിലുള്ള നിസ്സാരനല്ലേ ഞാൻ. എന്റെ നിസ്സാരതയെക്കുറിച്ച് ഒരു ആത്മബോധമുണ്ടാക്കാനാണു ദിവസവും കിടക്കുന്നതിനു മുൻപു ഞാൻ നക്ഷത്രങ്ങളെ ഇങ്ങനെ നോക്കിനിൽക്കുന്നത്.’ഇതു നെടുമുടി വേണുവെന്ന മനുഷ്യന്റെ വ്യക്തിത്വഘടനയിലേക്കു വെളിച്ചം വീശുന്ന ഒന്നായി താൻ അന്നുമുതൽ ശ്രദ്ധിച്ചുപോരുന്ന ഒരു കാര്യമാണെന്നു ജോൺപോൾ പറയുന്നു. 

‘കൂടുതൽ ദീർഘമായി അദ്ദേഹത്തെക്കുറിച്ചോർമിക്കാൻ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വേദന അനുവദിക്കുന്നില്ല. നാലു പതിറ്റാണ്ടിലേറെ നീണ്ട, ഔപചാരികതകളും പുറംമേനി നടിക്കലും ഇല്ലാത്ത ഒരു സൗഹൃദത്തിന്റെ കോലായയിലിരുന്നുകൊണ്ടു, വേണു എന്ന ഒരിക്കലും കെട്ടടങ്ങാത്ത സജീവചൈതന്യത്തിന്റെ ഓർമയ്ക്കു മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു’–ജോൺ പോൾ പറഞ്ഞുനിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA