ADVERTISEMENT

വേണുച്ചേട്ടൻ  സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനുമുമ്പേ  ഞാൻ  അദ്ദേഹത്തെ അറിയും. ആലപ്പുഴയിലെ ജവഹർ ബാലഭവനിൽ വേണുച്ചേട്ടൻ കുട്ടികളെ നാടകം പഠിപ്പിച്ചിരുന്നു. സഹോദരനോടൊപ്പം പലതവണ ഞാൻ അവിടെ പോയിട്ടുണ്ട്.  മെലിഞ്ഞ, ചെറിയ താടിവച്ച വേണുച്ചേട്ടൻ കുട്ടികളെ അഭിനയകല പരിശീലിപ്പിക്കുന്നതുംനോക്കി മണിക്കൂറുകളോളം അന്തംവിട്ടു നിന്നിട്ടുണ്ട്.  നാടൻ പാട്ടുകൾ  പാടിയും കഥകൾ  പറഞ്ഞും താളം ചവിട്ടിയും തുരുതുരേ വായ്ത്താരികൾ ചൊല്ലിയും തമാശകൾ പൊട്ടിച്ചും അഭിനയപഠനത്തെ  അദ്ദേഹം രസകരമാക്കി. അഭിനയവാസന  അയലത്തുകൂടി പോയിട്ടില്ലാത്ത ഒരു കുട്ടിയാനയെ അദ്ദേഹം മെരുക്കിയെടുത്തവിധം എന്നെ ഉറക്കത്തിൽപോലും  പൊട്ടിച്ചിരിപ്പിച്ചു. അങ്ങനെ  ഒരു ദിവസം ‘താനെന്താടോ വെളിയിൽനിൽക്കുന്നേ’  എന്നു പറഞ്ഞുകൊണ്ട് വേണുച്ചേട്ടൻ എന്നെയും ബലമായി കളരിയിൽ പിടിച്ചുകയറ്റി. അതിനുശേഷം എല്ലാവരോടുമായി താളത്തിൽ ഒരു ചോദ്യം -

 

'ഇവൻ ആരെന്നറിയുമോ മക്കളേ?'

 

'ഇല്ലേയില്ല.' കോറസുപോലെ കുട്ടികൾ കൂകിവിളിച്ചു.

 

'ഇവനല്ലേ നമ്മട ചിന്നൻ.'

 

'ഏതു ചിന്നൻ ? ഏതു ചിന്നൻ ?' പിന്നെയും കോറസ്.

 

'കുന്നിമലക്കുന്നിലെ കരുമാടിക്കുട്ടൻ. മനസിലായോ മക്കളേ?' 

 

'മനസിലായേ ! മനസിലായേ !' കോറസ് വിടുന്ന മട്ടില്ല.

 

അഴിഞ്ഞുതുടങ്ങിയ പഴഞ്ചൻനിക്കറിന്റെ കുത്തിൽ പിടിച്ചുകൊണ്ട് ഞാൻ ലജ്ജയോടെ പുറത്തേക്കോടി. വേണുച്ചേട്ടൻ തടഞ്ഞുനിർത്തി.

 

'നില്ല് നില്ല്. അവ്വിടെ നില്ലെടാ. എല്ലാരും പാടിക്കേ, നടനാകാൻ നാണംപോണം. നടനാകാൻ നാണംപോണം.'

 

കളരിയിലുണ്ടായിരുന്ന കുട്ടികളെല്ലാം താളത്തിൽ മുദ്രാവാക്യംപോലെ എറ്റുവിളിച്ചു പാടി.

 

'നടനാകാൻ നാണംപോണം. നടനാകാൻ നാണംപോണം.'

 

എന്നോടും പാടാൻ പറഞ്ഞു. നിർബന്ധിച്ചു. ഞാൻ പാടിയില്ല. എന്നുമാത്രമല്ല, അന്നത്തെ മാനക്കേടിനുശേഷം പേടികാരണം  അതുവഴിയേ അധികം പോയതുമില്ല. പക്ഷേ ജില്ലാക്കോടതിയുടെ മുന്നിലും മുനിസിപ്പൽ മൈതാനത്തും എൻ.ബി.എസ്സിലും അദ്ദേഹത്തെ സുഹൃത്തുക്കളോടൊപ്പം നിരന്തരം കണ്ടുകൊണ്ടിരുന്നു. എപ്പോഴുംതന്നെ വെറ്റിലമുറുക്കാൻ ചവച്ചു തുപ്പുന്നുണ്ടാകും.

 

അന്നൊക്കെ വേണുച്ചേട്ടൻ കുട്ടികൾക്കുവേണ്ടി ചില ലഘുനാടകങ്ങൾ എഴുതിയിരുന്നു. അതോ വേറേ വല്ലവരും എഴുതിയതിനെ കുട്ടികൾക്കുവേണ്ടി ചിട്ടപ്പെടുത്തിയതാണോ? അങ്ങനെയുമാകാം. ഒരു നാടകം ഞാൻ  പ്രത്യേകമായി ഓർക്കുന്നുണ്ട് - 'കൊട്ടാരം'. വിശദാശംങ്ങൾ മറന്നുപോയി. കഥാസാരം ഏതാണ്ടിങ്ങനെയാണ്. ഒരു അധ്യാപകൻ കുട്ടികളെയുംകൊണ്ട് വിനോദയാത്ര പോകുന്നു. കൂട്ടത്തിൽ അയാളുടെ മകനുമുണ്ട്. മറ്റുള്ളവർ അറിയാതെ അധ്യാപകൻ മകനു ഭക്ഷണം വാങ്ങിക്കൊടുക്കുന്നു. ഈ വേറുകൃത്യം വിമർശിക്കപ്പെട്ടപ്പോൾ അധ്യാപകൻ അതിനെ നിഷേധിക്കുന്നു. അപ്പോൾ കുട്ടി ഇടപെടുന്നു- 'എന്തിനാ, എന്തിനാ നിങ്ങൾ കള്ളം പറയുന്നേ! അച്ഛൻ എനിക്ക് രണ്ടു പരിപ്പുവടയും ചായേം മാത്രേ മേടിച്ചു തന്നൂള്ളല്ലോ.'

 

ഇതു വായിക്കുന്നവർ ആലോചിക്കും, ഈ കഥാസന്ദർഭവും സംഭാഷണവും ഇവൻ എങ്ങനെ  കൃത്യമായി ഓർത്തിരിക്കുന്നു! അതിനു കാരണമുണ്ട്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ അയല്പക്കത്തെ നാടകപ്രാന്തനായ ധർമേമാമൻ ഈ നാടകം ഞങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. അതിൽ ഞാനായിരുന്നു അധ്യാപകന്റെ മകൻ. 'കൊട്ടാരം' നെടുമുടി വേണു എഴുതിയ നാടകമായിട്ടാണ് ധർമേമാമൻ അന്നു ഞങ്ങളോടു പറഞ്ഞിരുന്നത്. അതിപ്പോഴും ഉറപ്പുവരുത്തിയിട്ടില്ല.

 

സിനിമയിൽ വന്നതിൽപ്പിന്നെ വേണുച്ചേട്ടനെ കൂടെക്കൂടെ കാണാൻ അവസരം ലഭിച്ചിരുന്നു. ഒരിക്കൽ ലൊക്കേഷനിൽ വെടിവട്ടം പറഞ്ഞിരിക്കുന്നതിടെ  ആലപ്പുഴയിലെ പൂർവാശ്രമം ഞാൻ ഓർമിപ്പിച്ചു. അനുബന്ധമായി കുറെയേറെ അനുഭവകഥകൾ, ഒരു ബിരിയാണിക്കഥ ഉൾപ്പെടെ അദ്ദേഹവും കൂട്ടിച്ചേർത്തു. അത്രയുമായപ്പോൾ ഏതോ വെളിപാടുപോലെ ഞാൻ വേണുച്ചേട്ടന്റെ കാലിൽ തൊട്ടുതൊഴുതു.

 

'ഇതെന്താഡോ ഇങ്ങനെ?' അദ്ദേഹം ആശ്ചര്യംകൊണ്ടു.

 

ഞാൻ പറഞ്ഞു, 'ഇപ്പോൾ കാലിൽ തൊട്ടത്‌ മഹാരാജാസിലെ പ്രൊഫസറല്ല, പഴയ ശിഷ്യനാണ്. ലോകത്തിലെ ഏറ്റവും വലിയ അഭിനയരഹസ്യം പറഞ്ഞുതന്ന ഗുരുവിനെയാണ് ഞാൻ പ്രണമിച്ചത്. ഭാരതമുനിപോലും എഴുതാത്ത സത്യമല്ലേ  വേണുച്ചേട്ടൻ പത്തുനാല്പതു വർഷങ്ങൾക്കുമുമ്പു പാടിക്കേൾപ്പിച്ചത്- 'നടനാകാൻ നാണംപോണം. നടനാകാൻ നാണംപോണം! ക്ലാസിൽ നാടകതത്ത്വങ്ങൾ പഠിപ്പിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് വേണുച്ചേട്ടൻ പറഞ്ഞതാണ് അടിസ്ഥാനപ്രമാണം.'  

 

'അതൊക്കെ പിള്ളേർക്കു മനസിലാകാൻവേണ്ടി ഉണ്ടാക്കിയ ഓരോ സൂത്രവാക്യങ്ങൾ' എന്നു പറഞ്ഞുകൊണ്ട് വേണുച്ചേട്ടൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു. വളരെ നിർമലമായി ചിരിച്ചു. അന്നത്തെ  ചിരിയുടെ പ്രകാശകിരണങ്ങൾ  ഈ ഭൂമിയിൽനിന്നു മായുന്നതല്ല, വേണുച്ചേട്ടൻ എത്ര ദൂരേക്കു ദൂരേക്കു പോയാലും!  .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com