ADVERTISEMENT

നടൻ പൃഥ്വിരാജിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂറിനെയും തിയറ്റർ ഉടമകൾ വിലക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസഷൻ ഓഫ് കേരളയുടെ (ഫിയോക്ക്) മുൻ സെക്രട്ടറി എം.സി. ബോബി.  തിയറ്ററുകൾക്ക് പൂട്ടുവീണതോടെ ഒടിടി പ്ലാറ്റഫോമിൽ ചിത്രങ്ങൾ റിലീസ് ചെയ്തവർക്ക് തിയറ്റർ സംഘടന വിലക്ക് ഏർപ്പെടുത്തുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ഈ വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും പൃഥ്വിരാജും ജോജു ജോർജും പ്രധാനകഥാപാത്രങ്ങളാകുന്ന "സ്റ്റാർ" എന്ന ചിത്രം ഒക്ടോബർ 29–നു തന്നെ തിയറ്ററുകളിൽ എത്തും എന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു 

 

‘പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂറിനെയും വിലക്കുന്നുവെന്ന് ആരും തീരുമാനമെടുത്തിട്ടില്ല.  ഇതൊക്കെ വെറുതെ ഊഹാപോഹങ്ങൾ മാത്രമാണ്.  ഞങ്ങളുടെ മീറ്റിങ്ങിൽ പല കാര്യങ്ങളും ചർച്ച ചെയ്യും, പക്ഷേ അന്തിമ തീരുമാനം എന്താണ് എന്നാണ് നോക്കേണ്ടത്.  ഞങ്ങൾ അങ്ങനെ ഒരു തീരുമാനമേ എടുത്തിട്ടില്ല.  പൃഥ്വിരാജിന്റെ ‘സ്റ്റാർ’ എന്ന ചിത്രമാണ് 29 ന് തിയറ്ററിൽ റിലീസ് ചെയ്യാൻ പോകുന്നത്.  പിന്നെ അങ്ങനെ ഒരു വാർത്തയുടെ അടിസ്ഥാനമെന്താണ് എന്ന് അറിയില്ല.  ആന്റണി പെരുമ്പാവൂർ മൂന്നു പടം ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി തന്നെ എടുത്തതാണ്.  അദ്ദേഹത്തിന്റെ "മരക്കാർ" എന്ന പടം തിയറ്ററിൽ തന്നെ റിലീസ് ചെയ്യും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.’–ബോബി പറയുന്നു.  

 

‘പത്ത് എൺപതു കോടി രൂപ മുടക്കി അദ്ദേഹം എടുത്ത പടം രണ്ടുവർഷമായി റിലീസ് ചെയ്യാതെ ഇരിക്കുകയാണ്.  അദ്ദേഹത്തിന് ജീവനക്കാർക്ക് ശമ്പളം കൊടുക്കണം, മറ്റു പല ചെലവും ഉണ്ടാകും അതുകൊണ്ടായിരിക്കണം അദ്ദേഹം ഒടിടിയിലേക്ക് എന്ന് പറഞ്ഞു തന്നെ മൂന്നു പടം എടുത്തത്.  അതിൽ കുറ്റപ്പെടുത്താൻ ഞങ്ങളില്ല.  ഇവരുടെ രണ്ടുപേരുടെയും പടങ്ങൾ ഞങ്ങൾ തിയറ്ററിൽ കളിക്കില്ല എന്ന് പറഞ്ഞുണ്ടാക്കുന്നതിൽ ഒരു വാസ്തവവും ഇല്ല.  തിയറ്ററുകൾ അടഞ്ഞു കിടന്നതുകൊണ്ടാണല്ലോ അവരൊക്കെ ഒടിടിക്ക് വേണ്ടി സിനിമ എടുത്തത്.  തിയറ്റർ തുറക്കുമ്പോൾ തിയറ്ററിലേക്ക് വേണ്ടി തന്നെ സിനിമയെടുക്കും എന്ന് മിക്കവരും ഉറപ്പു നൽകിയിട്ടുണ്ട്.  എത്രയോ പടങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു ഞങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.  ഞങ്ങളെ ഉൾക്കൊള്ളുന്ന ആളുകളുടെ ബുദ്ധിമുട്ട് അറിയുന്നവരാണ് ഞങ്ങൾ.   ഞങ്ങൾ ഇതുവരെ ഒടിടിക്ക് സിനിമ കൊടുക്കരുത് എന്ന് പറഞ്ഞിട്ടില്ല.  സിനിമാ തിയറ്ററുകൾ തുറന്നു കഴിഞ്ഞാൽ ഞങ്ങൾ തിയറ്ററിലേക്കുള്ള പടം മാത്രമേ എടുക്കൂ എന്നാണു നിർമ്മാതാക്കൾ ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.’

 

‘ഞങ്ങളുടെ ബുദ്ധിമുട്ടുകളും എല്ലാവരും മനസിലാക്കണം.  തിയറ്റർ ഉടമകൾ എല്ലാം വല്ലാത്ത പ്രതിസന്ധിയിലാണെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ.  സിനിമാ തിയറ്ററുകൾ ഇതുവരെ അരമണിക്കൂർ ഗ്യാപ്പ് വച്ചാണ് ഓടിച്ചുകൊണ്ടാണ് ഇരുന്നത്.  ഇനി നാല് ഷോ വച്ച് തുടർച്ചയായി ഓടിച്ചു നോക്കണം, സർക്കാർ നിഷ്കർഷിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുകയും വേണം.  അങ്ങനെയുള്ള പരിപാടികളുടെ തിരക്കിലാണ് തിയറ്റർ ഉടമകൾ.  ആദ്യം റിലീസ് ചെയ്യുന്നത് അന്യഭാഷാ ചിത്രങ്ങൾ ആയിരിക്കും.  ഒക്ടോബർ 29 ന് "സ്റ്റാർ", നവംബര് 12 ന് "കുറുപ്പ്" എന്നിവ റിലീസ് ചെയ്യാൻ ആണ് തീരുമാനം.  12 മുതൽ മലയാള പടങ്ങൾ ഉണ്ടാകും.  ഇതിനിടയിൽ ആരുടേയും ചിത്രങ്ങൾ ബഹിഷ്‌കരിക്കുന്നരീതിയിൽ ചർച്ച ഒന്നും നടന്നിട്ടില്ല.’–ബോബി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com