ഇനിയും ലോകോത്തര സിനിമകൾ മോഹൻലാലുമായി ചേർന്നൊരുക്കും: ‘മരക്കാര്‍’ സഹനിര്‍മാതാവ് സന്തോഷ് ടി.കുരുവിള

marakkar-sanrthosh
SHARE

‌കോവിഡ് ഭീഷണി കുറഞ്ഞുവെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ‘മരക്കാർ’, ഒടിടി റിലീസ് ചെയ്യാൻ നിർബന്ധിതരായതെന്ന് സിനിമയുടെ നിര്‍മാണ പങ്കാളികളിലൊരാളായ സന്തോഷ് ടി. കുരുവിള.  കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ കുറച്ചു കൂടി ഉള്‍കാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കില്‍ വിപ്‌ളവമാകുമായിരുന്നുവെന്നും തിയറ്ററുകളെ സമ്പൂര്‍ണമായി സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു മരക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് ടി. കുരുവിളയുടെ വാക്കുകൾ:

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലൂടെ മോഹൻലാൽ മലയാളത്തിൽ നിന്ന് ലോകത്തിന്റെ തന്നെ ഉത്തുംഗത്തിലേക്ക് എത്തുകയാണ്. മഹാമാരിയുടെ  താണ്ഡവത്തിൽ ഇനിയും സാധാരണത്വം അതിന്റെ പൂർണാർഥത്തിൽ തിരിച്ചു പിടിക്കാൻ കഴിയാത്ത മനുഷ്യ ജീവിതങ്ങൾക്ക് വിനോദ വ്യവസായത്തിന്റെ പുത്തൻ ഉപാധികളെ ആശ്രയിക്കുക എന്നത് മാത്രമാണ് കരണീയമായിട്ടുള്ളത്.

അതെ, ‘മരക്കാർ’ ഒടിടി എന്ന ആധുനിക തട്ടകം പ്രയോജനപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. തിയറ്റർ റിലീസ് എന്നത് മാത്രമായിരുന്നു 2018 മുതൽ ഈ ചിത്രത്തിനായ് നിക്ഷേപം നടത്തി തുടങ്ങുമ്പോൾ ഞാനടക്കമുള്ള നിർമാതാക്കളുടെ ലക്ഷ്യം . വേറൊരു പദ്ധതിയും മനസാവാചാ കർമ്മണ ചിന്തയിലുണ്ടായിരുന്നില്ല.

മോഹൻലാൽ എന്ന മഹാ നടനിലൂടെ ഒരു ലോകോത്തര ചിത്രം എന്നതായിരുന്നു ശ്രീ ആന്റണി പെരുമ്പാവൂർ എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച നിർമാതാവിന്റെ സ്വപ്ന പദ്ധതി. ആശീർവാദ് സിനിമാസിനൊപ്പം കോ പ്രൊഡ്യൂസേഴ്സായ മാക്സ്‌ലാബ്, ശ്രീ സി.ജെ. റോയ് , സന്തോഷ് ടി. കുരുവിള എന്ന ഞാനടക്കം വിപണിയിലെ അതിസാഹസികത അറിഞ്ഞു കൊണ്ടുതന്നെയാണ് ഈ മോഹസാക്ഷാത്കാരത്തിന്റെ ഭാഗമായത്.

santhosh-priyan

ഈ പ്രൊജക്ടിനോടൊപ്പം ചേർന്ന പ്രിയദർശൻ എന്ന ഇന്ത്യ കണ്ട മികച്ച സംവിധായകനടക്കമുള്ളവർ, മറ്റു ഭാഷകളിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള നടീ–നടൻമാർ എന്നിങ്ങനെ സകലരും പ്രതിഫലത്തിനപ്പുറം സ്വയ പ്രയത്നം കൂടി ഈ സിനിമയ്ക്കായ് സമർപ്പിച്ചവരാണ്. ലോക സിനിമാ വിപണിയിലും ഇന്ത്യൻ സിനിമാ ബിസിനസിലും പ്രാദേശിക ഭാഷാ ചിത്രങ്ങൾക്ക് പരിമിതികളുണ്ട്. നിക്ഷേപിക്കാവുന്ന തുകയ്ക്ക് തന്നെ  വരമ്പുകളുണ്ട്.  

പക്ഷേ അത്തരം ബിസിനസ് ലോജിക്കുകളെപ്പോലും ചാലഞ്ച് ചെയ്തു കൊണ്ടാണ് നൂറുകോടിക്കടുത്ത് ശ്രീ ആന്റണി പെരുമ്പാവൂർ എന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ ആത്മവിശ്വാസത്താൽ നിക്ഷേപിക്കപ്പെട്ടത്. ഈ ബ്രഹ്മാണ്ഡചിത്രത്തിന്റെ റിലീസിന് തൊട്ടു മുമ്പുള്ള മാസങ്ങളിലാണ് കോവിഡ് എന്ന മഹാമാരി പൊട്ടിപുറപ്പെടുന്നത്. പല തവണ റിലീസ് തീയതികൾ മാറ്റി നിക്ഷേപകർ തിയറ്റർ റിലീസിനായ് കാത്തിരുന്നു. ലോകം തന്നെ സാധാരണത്വത്തിലേയ്ക്ക് തിരികെയെത്തുമ്പോൾ തിയറ്ററുകളെ തികച്ചും സജീവമാക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നതും ആത്യന്ത്യകമായ് സിനിമയെ സ്നേഹിക്കുന്ന നിർമാതാക്കൾക്ക് അറിയുമായിരുന്നു.

കോവിഡ് ഭീഷണി താരതമ്യേന കുറഞ്ഞുവെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന്റെ ഓഫർ, വമ്പൻ 

റിട്ടേൺസ് ലഭിക്കില്ലയെങ്കിലും നിലവിലെ സാഹചര്യം മൂലം തിയറ്ററിൽ നിന്നും സംഭവിക്കാവുന്ന വരുമാന നഷ്ടത്തിന്റെ  ആഘാതം പരിഹരിക്കാവുന്ന ഒരു സേഫ്റ്റി വാൽ ആയി ഉപയോഗിക്കാൻ തീരുമാനിച്ചത്. ഒരർത്ഥത്തിൽ ലൈഫ് ലൈൻ തന്നെയാണ്.

തിയറ്റർ മാത്രം ലക്ഷ്യമാക്കിയിരുന്ന ആന്റണി പെരുമ്പാവൂർ , ഈ ഓഫർ നിൽക്കെ തന്നെ തിയറ്റർ ഉടമകളെക്കൂടി വിശ്വാസത്തിലെടുത്തും പങ്കാളിത്തവും നൽകി ഒരു ബദൽ മാർഗമാണ് പരിഗണിച്ചിരുന്നത്. ഇൻഷുറൻസ് കമ്പനികൾ പോലും റീ ഇൻഷുറൻസെടുത്ത് റിസ്കുകൾ ലഘൂകരിക്കുന്ന  കാലത്ത് തിയറ്റർ കലക്‌ഷനിലൂടെ മാത്രം ലഭിക്കേണ്ട വരുമാനത്തിന് ഉറപ്പ് തേടുക എന്നത് ഒരു നിർമാതാവിന്റെ സാധാരണ യുക്തിയിൽ പെടുന്നതാകയാൽ അതിനായി ശ്രമങ്ങൾ നടത്തി , റിസ്ക് എന്നത് നിർമാതാവിന്റെ മാത്രം ഉത്തരവാദത്തിൽ പെടും എന്ന നിലയിൽ എത്തിയപ്പോൾ തിയറ്ററുടമകളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു.

മലയാള സിനിമയുടെ ചെറിയ ചരിത്രത്തിൽ തന്നെ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമാതാക്കൾ വലിയ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിന് നമ്മൾ സാക്ഷിയായിട്ടുണ്ട് . എടുത്തു പറയാൻ ഒട്ടേറെ പേരുകൾ , കമ്പനികൾ ധാരാളം. ആത്യന്തികമായf ചലച്ചിത്ര പ്രേമികളായ സംരംഭകരുടെ നിലനിൽപ്പ് അനിവാര്യതയാണ്  , ഇന്നേ വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധി ലോകം തന്നെ നേരിടുമ്പോൾ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുക എന്നതാണ് ആധുനിക ബിസിനസ് മാനേജ്മെന്റ് സിദ്ധാന്തങ്ങൾ തന്നെ പറയുന്നത് . നിലനിൽപ്പാണ് പ്രധാനം ഇപ്പോൾ അതാണ് പ്രായോഗികവുമായിട്ടുള്ളത്. ഈ കപ്പലിന്റെ കപ്പിത്താൻ ശ്രീ ആന്റണി പെരുമ്പാവൂർ ഈ മഹായാനത്തെ കരയ്ക്കടുപ്പിക തന്നെ ചെയ്യും.

ഒരുപക്ഷേ കേരളത്തിലെ തിയറ്റർ ഉടമകൾ കുറച്ചു കൂടി ഉൾകാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കിൽ  അത് ഒരു വിപ്ളവമാകുമായിരുന്നു , തിയറ്ററുകളെ സമ്പൂർണ്ണമായ് സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു ഈ ബ്രഹ്മാണ്ഡ ചിത്രം. ഇനി ഈ വിഷയത്തിൽ ചർച്ചകൾക്ക് ഭാവിയില്ല എന്നതാണ് യാഥാർഥ്യം.

മോഹൻലാൽ എന്ന വിസ്മയം ഇവിടെ തന്നെയുണ്ട്. ഇനിയും ലോകോത്തര സിനിമകൾ അദ്ദേഹവുമായി ചേർന്നൊരുക്കുകയെന്നത് സാധ്യവുമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. തട്ടകങ്ങൾ മാറിമാറിവന്നാലും അരങ്ങ് നിറയ്ക്കാനുള്ള വിഭവങ്ങൾ ഇവിടെയുണ്ടാകും. മലയാള സിനിമയുടെ വിസ്തൃതിയും സ്വീകാര്യതയും  കൂടുതൽ വർധിപ്പിക്കാൻ എല്ലാ സിനിമാ പ്രേമികളും ഇനിയും ഒപ്പമുണ്ടാവണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA