ADVERTISEMENT

കെ. മണികണ്ഠൻ! തമിഴ് ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളിൽ സമീപഭാവിയിൽ എഴുതിച്ചേർക്കപ്പെടാൻ പോകുന്ന പേരാണത്. നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നിങ്ങനെ തന്റെ വ്യത്യസ്ത അഭിരുചികളിലൂടെ ഇതിനോടകം തമിഴകത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. ആമസോൺ പ്രൈമിലൂടെ റിലീസായ ‘ജയ്ഭീം’ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് ഈ അതുല്യ നടൻ. താരപദവികൊണ്ട് ‘ജയ്ഭീം’ ഒരു സൂര്യ ശിവകുമാർ ചിത്രമാണെന്ന് അവകാശപ്പെടാമെങ്കിലും ഈ സിനിമയുടെ യഥാർഥ നായകനും ന്യൂക്ലിയസും രാജാകണ്ണെന്ന കഥാപാത്രത്തെ അത്രമേൽ യഥാതഥമായി അവതരിപ്പിച്ച മണികണ്ഠൻ തന്നെയാണ്.

1993-ൽ ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട നിരപരാധിയായ ഇരുളർ വിഭാഗത്തിൽപ്പെട്ട രാജാകണ്ണിന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമിച്ച സിനിമയിൽ രാജാകണ്ണായിട്ടാണ് മണികണ്ഠൻ വേഷമിടുന്നത്. ഒട്ടേറെ അടരുകളുള്ള കഥാപാത്രത്തെ തീവ്രത നഷ്ടപ്പെടാതെ സ്ക്രീനിലേക്ക് പകർത്തുന്ന അദ്ദേഹം ലിജോമോളുടെ നായിക കഥാപാത്രത്തിനൊപ്പത്തിനൊപ്പം മത്സരിച്ചു അഭിനയിക്കുന്നു. സ്നേഹനിധിയായ അച്ഛനായും സാഹസികനായും പ്രണയാർദ്രനായ ഭർത്താവായും ആദ്യപാദത്തിൽ അദ്ദേഹം നിറഞ്ഞാടുന്നുണ്ട്.

k-maniknadan-2

കൊടിയ ലോക്കപ്പ് മർദനത്തിന് ഇരയാകുമ്പോഴും അവസാന ശ്വാസം വരെ ആത്മാഭിമാനത്തോടെ തന്റെ നിരപരാധിത്വത്തിനായി പൊരുതുന്ന ധീരനായി മണികണ്ഠൻ സ്ക്രീനിൽ ജീവിക്കുന്നു. തമിഴ് സിനിമാലോകം എല്ലാക്കാലത്തും രണ്ടു തരം നായകൻമാരെ സൃഷ്ടിക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തേത് അമാനുഷികനായ, വീരപരിവേഷമുള്ള, താരശരീരമുള്ള നായകനാണ്. രണ്ടാമത്തെ നായകർ അവരുടെ സ്വതസിദ്ധവും സ്വാഭാവികവുമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചവരാണ്. ഇതിൽ രണ്ടാം ഗണത്തിൽപ്പെടുന്ന അഭിനേതാവാണ് മണികണ്ഠൻ. രജനികാന്ത്, വിജയ് സേതുപതി, സൂര്യ, സമുദ്രക്കനി തുടങ്ങി തമിഴകത്തെ മുൻനിര താരങ്ങൾക്കൊപ്പം ഇതിനോടകം അദ്ദേഹം സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.

അനുകരണകലയിലും അഗ്രഗണ്യനായ മണികണ്ഠൻ തമിഴിലെ ശ്രദ്ധേയനായ വോയ്സ് ആർട്ടിസ്റ്റ് കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ടെലിസിനിമ ‘നരയ് എഴുതും സുയസരിതം’ ഒട്ടേറെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ ഡൽഹി ഗണേശനൊപ്പം പ്രധാനവേഷത്തിലും മണികണ്ഠൻ എത്തുന്നുണ്ട്. പുഷ്കർ-ഗായത്രി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാധവൻ-വിജയ് സേതുപതി ബ്ലോക്ക്ബസ്റ്റർ ചിത്രം വിക്രംവേദയിലെ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുടെ പിന്നിലെ തൂലികയും മണികണ്ഠന്റേതാണ്.

manikandan-vikram-veda
വിക്രം വേദയിൽ മണികണ്ഠൻ

ശിവ-അജിത്ത് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രം വിശ്വാസത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടിയാണ് മണി. പാ രഞ്ചിത്തിന്റെ രജനികാന്ത് ചിത്രം ‘കാല’യിൽ രജനിയുടെ അച്ഛൻ കഥാപാത്രത്തിന്റെ ചെയ്തികളെ എതിർക്കുന്ന മകന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. മണികണ്ഠനിലെ നടനെ ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ള സംവിധായകയാണ് ഹലിത ഷമീം. സില്ലു കരുപ്പട്ടിയെന്ന തന്റെ ചലച്ചിത്ര സമാഹരത്തിലും ‘ഏലേ’ എന്ന സിനിമയിലും സംവിധായിക മണികണ്ഠനായി കരുതിവച്ചത് ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഒരേ കാബിൽ നിരന്തരം യാത്ര ചെയ്യുന്ന രണ്ടുപേർ തമ്മിലുള്ള സൗഹൃദവും പ്രണയവുമൊക്കെയാണ് സില്ലു കരുപ്പട്ടിയിൽ മണികണ്ഠൻ അഭിനയിച്ച ചിത്രത്തിന്റെ ഇതിവൃത്തം.

sillu-karuppatti

ചിത്രത്തിൽ മുകിലൻ എന്ന കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരികമായ ആത്മബന്ധത്തിന്റെ കഥകൾ മാത്രം കേട്ടു പരിചയമുള്ള പ്രേക്ഷകർക്കു മുന്നിലേക്കാണ് ഹലിത വ്യത്യസ്തമായൊരു അച്ഛൻ മകൻ കഥയുമായി എത്തുന്നത്. അൽപ്പം നെഗറ്റീവ് ഛായയുള്ള ഐസ് കച്ചവടക്കാരനായ അച്ഛന്റെ വേഷത്തിലെത്തുന്നത് സമുദ്രക്കനിയാണ്. അച്ഛന്റെ പ്രവൃത്തികളോടുള്ള വിയോജിപ്പുകൾ മൂലം മാനസികമായി അച്ഛനോട് അകൽച്ച പാലിക്കുന്ന മകൻ പാർത്തിയുടെ വേഷത്തിലാണ് ചിത്രത്തിൽ മണികണ്ഠൻ എത്തുന്നത്.

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചലച്ചിത്ര സമാഹരം ‘പാവൈ കഥൈ’കളിലും ശ്രദ്ധേയമായ വേഷത്തിൽ മണികണ്ഠൻ സാന്നിധ്യം അറിയിക്കുന്നുണ്ട്. ‘ജയ്ഭീമി’ലേതു പോലെ ജാതി വിവേചനത്തിന്റെ ഇരയാകേണ്ടി വരുന്ന ഡ്രൈവറുടെ വേഷത്തിലാണ് മണിയെത്തുന്നത്. മകളെ പ്രണയിച്ചത്തിന്റെ പേരിൽ ഭൂഉടമ ദുരഭിമാന കൊലയ്ക്കു വിധേയമാക്കുന്ന കഥാപാത്രവും രാജാകണ്ണിനെ പോലെ പ്രേക്ഷകരുടെ ഉള്ളുപൊള്ളിക്കുന്ന വേഷമാണ്.

kala-movie
കാല സിനിമയിൽ മണികണ്ഠൻ

‘ജയ് ഭീം’ മികച്ച അഭിപ്രായത്തോടെ ഒടിടിയിൽ പ്രദർശനം തുടരുമ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്നത് ജസ്റ്റിസ് ചന്ദ്രുവിന്റെയും അദ്ദേഹത്തെ സ്ക്രീനിൽ അവതരിപ്പിച്ച സൂര്യയുടെയും പേരുകളാണ്. ലിജോ മോളുടെ കരിയർ ബെസ്റ്റ് പ്രകടനമായി സെൻഗിണിയും വിലയിരുത്തപ്പെടുന്നു. തീർച്ചയായും ഇവർക്കൊപ്പം ചർച്ച ചെയ്യേണ്ടതാണ് രാജാകണ്ണിനെ അവിസ്മരണീയമാക്കിയ കെ. മണികണ്ഠന്റെ പേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com