ADVERTISEMENT

പിറ്റേന്ന് പുലർച്ചെ ഞാനും കിത്തോയും കൂടി താമസിക്കുന്ന ഹോട്ടൽ മുറിയിലെ കോളിങ് ബെൽ കേട്ടാണ് പാതിമയക്കത്തിലായിരുന്ന ഞാൻ ഉറക്കമുണർന്നത്. ആരാണ് ഈ വെളുപ്പാൻ കാലത്ത് വന്നിരിക്കുന്നത്? ഞാൻ വാച്ചിൽ നോക്കി. സമയം ആറാകാൻ പോകുന്നതേയുള്ളൂ. ഉറക്കച്ചടവോടെ എഴുന്നേറ്റു ചെന്ന ഞാൻ വാതിൽ തുറന്നപ്പോൾ ഡോറിനു മുന്നിൽ പാതി വിടർന്ന ചിരിയുമായി ഐ.വി. ശശി നിൽക്കുന്നു. ശശി ഷൂട്ടിങിനു പോകാൻ തയ്യാറായി വന്നിരിക്കുകയാണ്. ശശി വന്നതറിഞ്ഞു കിത്തോയും വേഗം എഴുന്നേറ്റു. 

 

ശശി അതിരാവിലെ തന്നെ ഞങ്ങളുടെ മുറിയിലേക്ക് വന്നതെന്താണ്? സിനിമയുടെ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ശശിക്ക് ഉറക്കമുണ്ടാവില്ലെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. രാത്രി എത്ര വൈകി വന്നു കിടന്നാലും വെളുപ്പിന് അഞ്ചു മണി കഴിയുമ്പോൾ ശശി ഉണർന്ന്, കുളിച്ചു റെഡിയായി ഹോട്ടൽ റിസപ്‌ഷനിൽ മറ്റുള്ളവർ റെഡിയായി വരുന്നതും കാത്ത് നിൽക്കും. സിനിമാസംവിധായകനായ കാലം മുതൽ കൂടെ കൂടിയ ഒരു ശീലപ്രകൃതമാണത്.

 

"ഏതാടാ നിങ്ങളുടെ പ്രൊഡ്യൂസറുടെ റൂം"

 

ഞാൻ റൂം നമ്പർ പറഞ്ഞു കൊടുത്തു.

 

"എന്താ കുര്യാക്കോസ് അച്ചായനെ വിളിക്കണോ ?"

 

"ഉറക്കമാണെങ്കിൽ വിളിക്കണ്ട. നിങ്ങൾ പറഞ്ഞാൽ മതി." 

 

ശശി തുടർന്നു...

 

‘ഇന്നലെ രാത്രി ദേവരാജൻ മാഷ് വിളിച്ചിരുന്നു. 15 ആം തീയതി റിക്കാർഡിങ്  ഫിക്‌സു ചെയ്‌തിരിക്കുകയാണ്. നാളെ തന്നെ മദ്രാസിൽ പോയി മാഷിനെ കണ്ട് റിക്കാർനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തു കൊടുക്കാൻ പറയണം. അദ്ദേഹം പറയുന്നതു പോലെ എല്ലാം കൃത്യമായി ചെയ്‌തില്ലെങ്കിൽ മാഷിന്റെ സ്വഭാവം അറിയാമല്ലോ പിന്നെ റിക്കാർഡിംഗ് ഉടനെയൊന്നും നടക്കില്ല അത്രയ്ക്ക് തിരക്കുള്ള ആളാണ് മാഷ്.’

 

ശശി തെല്ലു നേരം കൂടി നിന്ന് തിരക്കഥ ശരിയാക്കുന്നതിനെക്കുറിച്ചും എറണാകുളത്ത് ലൊക്കേഷൻ വയ്ക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ച ശേഷം മുറിയിൽ  നിന്നിറങ്ങിയപ്പോൾ കൂടെ ലിഫ്റ്റിനടുത്തു വരെ ഞാനും ചെന്നു. ലിഫ്റ്റിൽ കയറാൻ നേരം പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് ശശി പറഞ്ഞു. 

jayan-latest

 

‘എടാ നമ്മുടെ വില്ലൻ വേഷത്തിനു വേണ്ടി ഞാൻ ആദ്യം നടൻ രവികുമാറിനോടാണ് സംസാരിച്ചിരുന്നത്. അവൻ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നതുകൊണ്ട് വില്ലനാകാൻ ചെറിയൊരു വൈമനസ്യം കാണിച്ചതു കൊണ്ട് ഞാൻ തന്നെ വേണ്ടെന്നു പറഞ്ഞു. ദേ, ഇന്നലെ രാത്രി എന്നെ വിളിച്ചിരിക്കുന്നു; പുതിയൊരു സ്‌റ്റൈലിഷ് വില്ലനായതു കൊണ്ട് അവൻ അഭിനയിക്കാമെന്ന്"

 

അതു കേട്ടപ്പോൾ എനിക്ക് വല്ലാത്ത ടെൻഷനായി.

 

ശശി വാചകം പൂർത്തീകരിക്കും മുൻപെ ഞാൻ ഇടയിൽ കയറി പറഞ്ഞു. 

 

"ശശി പറഞ്ഞതു കൊണ്ടല്ലേ, ഞാൻ ജയനെ വിളിച്ചത് ഇനി മാറ്റിയാൽ ജയന് വല്ലാത്ത ഫീലിങാകും.

jayan-angadi-2

 

അതിന് ജയനെ വേണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ?

 

അതു കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.

 

ശശി പോയി അൽപം  കഴിഞ്ഞപ്പോൾ നിർമാതാവും മകനും മാത്യൂ  വരേക്കാടും കൂടി ഞങ്ങളുടെ മുറിയിലേക്കു വന്നു. ശശി പറഞ്ഞിട്ടു പോയ എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞു. 

kollam-actor-jayan

 

ദേവരാജൻ മാഷായതു കൊണ്ട് ഒട്ടും വൈകാതെ അവർ മദ്രാസിലേക്കും, ഞാനും കീത്തോയും  വൈകുന്നേരത്തെ ട്രെയിനിൽ എറണാകുളത്തേക്കു തിരിക്കാനും തീരുമാനിച്ചു. സീസൺ ടൈമായതുകൊണ്ട് ഞങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് ഒക്കെയായില്ല. അതറിഞ്ഞപ്പോൾ അച്ചായൻ പറഞ്ഞു, അങ്ങിനാണെങ്കിൽ നമ്മൾക്ക് എല്ലാവർക്കും കൂടി മദ്രാസിനു പോകാം. അവിടെ ചെന്നിട്ട് പിറ്റേന്ന് ഡെന്നിസും കീത്തോയും കൂടി എറണാകുളത്തേക്ക് പൊയ്ക്കോളൂ.

 

അച്ചായന്റെ അഭിപ്രായം തന്നെയായിരുന്നു മറ്റെല്ലാവർക്കും. എന്നാൽ മദ്രാസിൽ പോകാൻ എനിക്ക് താൽപര്യക്കുറവായിരുന്നു. എന്റെ ചിന്ത മുഴുവൻ എത്രയും വേഗം എറണാകുളത്തു പോയി ജോൺ പോളിനെ വിളിച്ചിരുത്തി, സ്ക്രിപ്റ്റിന്റെ മിനുക്കു പണികൾ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. പക്ഷേ ടിക്കറ്റ് കിട്ടാതെ എങ്ങനെയാണ് പോവുക?

 

അന്നു വൈകുന്നേരം തന്നെ ഞങ്ങൾ  മദ്രാസിലേക്കു തിരിച്ചു. അവിടെ ചെന്ന് പാറപ്പുറത്തു സാറിനെയും കൂട്ടി ഞങ്ങൾ മധു സാറിനെയും, ദേവരാജൻ മാഷിനെയും പോയി കണ്ടു. (ഞാനും ദേവരാജൻ മാഷുമായുള്ള ഇഴയടുപ്പത്തെക്കുറിച്ച് തുടർന്നുള്ള ഭാഗങ്ങളിൽ പരാമർശിക്കുന്നതാണ്).

 

പിറ്റേന്നു  തന്നെ ഞാനും കിത്തോയും കൂടി എറണാകുളത്തേക്ക് പോന്നു. നിർമാതാവും സംഘവും റിക്കാർഡിംഗ് കഴിയുന്നതു വരെ മദ്രാസിൽ തന്നെ നിന്നു. വീട്ടിൽ എത്തിയ ഉടനെ തന്നെ ഞാൻ ജോൺപോളിനെ വിളിച്ചു. ജോൺ എറണാകുളത്ത് എം.ജി. റോഡിലുള്ള സീക്കിങ് ഹോട്ടലിൽ ഒരു മുറി  വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. 

 

രാവിലെ പത്തു മണിയായപ്പോൾ തന്നെ ജോൺപോളിന്റെ കാർമികത്വത്തിൽ ‘ഈ മനോഹര തീര’ത്തിന്റെ തിരുത്തൽ ജോലിക്ക് തുടക്കം കുറിച്ചു. സുഹൃത്തുക്കളായ ജോൺപോളും ഞാനും ഒരു നിമിത്തം പോലെ ഗുരുവും ശിഷ്യനുമായി മാറുകയായിരുന്നു. ഒരു തിരക്കഥാകാരന്റെ സൃഷ്ടിയിൽ അയാളുടെ അനുവാദമില്ലാതെ കൈവയ്ക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന ബോധമൊന്നും അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ആ കുറ്റബോധം ഞങ്ങളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. 

 

ഒരാഴ്ച കഴിഞ്ഞപ്പോൾ ജയനെ ബുക്ക് ചെയ്യാനും ലൊക്കേഷൻ കാണാനുമായി കുര്യാക്കോസ് അച്ചായന്റെ മകൻ ജോയ് കുര്യാക്കോസും, പ്രൊഡക്ഷൻ കൺട്രോളർ അരവിന്ദാക്ഷനും കൂടി എറണാകുളത്തു വന്നു. ശശിയ്ക്ക് ഷൂട്ടിങ് ഉള്ളതുകൊണ്ട് പിന്നീടു വന്ന് ലൊക്കേഷൻ കണ്ടോളാമെന്ന് പറഞ്ഞതു കൊണ്ടാണ് അരവിന്ദാക്ഷനെ ലൊക്കേഷൻ കാണാൻ വിട്ടത്. 

 

ഞാനും കിത്തോയും അരവിന്ദാക്ഷനും കൂടിയാണ് ജയനെ കാണാൻ കൊച്ചിൻ ടൂറിസ്റ്റു ഹോമിൽ പോയത്. എന്നെ കണ്ടപ്പോൾ ജയൻ ചോദിച്ചു. 

 

ങ്ഹാ ഡേവിസുമുണ്ടോ ?

 

ജയനെ പരിചയപ്പെട്ട അന്നു മുതൽ എന്നെ ഡേവിസെന്നാണ് വിളിക്കുന്നത്. ഞാൻ എത്ര തിരുത്തിയാലും ജയൻ അങ്ങനേ വിളിക്കൂ. ജയന്റെ പ്രതിഫലവും അഡ്വാൻസ് തുകയുമൊക്കെ അരവിന്ദാക്ഷനും കിത്തോയും കൂടിയാണ് പറഞ്ഞുറപ്പിച്ചത്. അക്കാര്യങ്ങളിലൊന്നും ഞാൻ ഇടപെട്ടില്ല. പതിനഞ്ചു ദിവസത്തെ കോൾഷീറ്റിന് 1500 രൂപ പ്രതിഫലവും 500 രൂപ അഡ്വാൻസും കൊടുക്കാമെന്നാണ് തീരുമാനം. 

 

എഗ്രിമെന്റ് എഴുതാൻ പോയപ്പോൾ ജയൻ ഒരു റിക്വസ്‌റ്റ് പോലെ എന്നോട്‌ പറഞ്ഞു. ‘ഡേവിസേ, എഗ്രിമെന്റിൽ എന്റെ എമൗണ്ട് 3000 എന്ന് കാണിക്കണം. മറ്റ് പ്രൊഡ്യൂസർമാരെ കാണിക്കാനാണ്. അല്ലെങ്കിൽ മറ്റുള്ളവരും ഇതേ എമൗണ്ട് തന്നെ തരും.’ 

 

അതുകേട്ടപ്പോഴാണ് ജയന്റെ അതി ബുദ്ധി എനിക്ക് മനസ്സിലായത്. പ്രതിഫല തുക കൂട്ടിയെഴുതുന്നതിൽ അരവിന്ദാക്ഷൻ എന്റെ ചെവിയിൽ ഒരു തടസ്സം പറഞ്ഞു. ഇങ്ങനെ കൂട്ടി എഴുതിയാൽ അവസാനം മൂവായിരം തന്നെ വേണമെന്ന് പറഞ്ഞാൽ പ്രശ്‌നമാവില്ലേ ?അരവിന്ദാക്ഷന്റെ സംശയം മനസ്സിലാക്കിക്കൊണ്ടു തന്നെ ഞാൻ ജയനെ വിശ്വാസത്തിലെടുക്കുകയായിരുന്നു. 

 

ജയൻ അങ്ങനെ ഒന്നും പറയുന്ന ആളല്ല, എന്റെ ഉറപ്പിൽ അരവിന്ദാക്ഷൻ എഗ്രിമെന്റിൽ 3000 രൂപ എഴുതിച്ചേർത്തു കൊടുത്തു. ഞാനങ്ങനെ പറഞ്ഞപ്പോൾ ജയൻ എന്റെ കൈ കവർന്നെടുത്തു കൊണ്ട് പറഞ്ഞു. 

 

"താങ്ക്സ് ......വെരി വെരി താങ്ക്സ്, ഡേവിസ്"

 

ജയൻ അന്നു പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിൽ ചാരം മൂടിക്കിടപ്പുണ്ട്. 

 

ഞാനും ജയനുമായുള്ള സൗഹൃദം എവിടെ നിന്നാണ് തുടങ്ങിയത് ? എന്നാണ് ഞാൻ ജയനെ ആദ്യമായി കണ്ടത് ? എന്റെ ഓർമകൾക്ക് ചിറകു വയ്ക്കാൻ തുടങ്ങി.

 

1974 കാലഘട്ടത്തിൽ എറണാകുളം ഷേണായിസ് തിയറ്ററിൽ വച്ചാണ് ജയനെ ഞാനാദ്യമായി കാണുന്നത്. ഞാനും കിത്തോയും. ജോൺപോളും, സെബാസ്റ്റ്യൻ പോളും കൂടി (മുൻ എംപി യും, എംഎൽഎ യും) ഏതോ ഒരു മലയാള സിനിമ കാണാൻ കയറിയിരിക്കുകയാണ്. സിനിമ തുടങ്ങാൻ നിമിഷങ്ങൾ  മാത്രമുള്ളപ്പോൾ വളരെ നാടകീയതയോടെ സഫാരി സ്യൂട്ടും കറുത്ത കൂളിംഗ് ഗ്ലാസ്സും ധരിച്ച്  വളരെ മാൻലി ലുക്കുള്ള ഒരു ചെറുപ്പക്കാരൻ മെല്ലെ മെല്ലെ പതിഞ്ഞ കാലടികളോടെ ബാൽക്കണി ക്ലാസ്സിലേക്ക് കടന്നു വരികയാണ്. അവിടെയിരിക്കുന്ന പ്രേക്ഷക ശ്രദ്ധ മുഴുവൻ അയാളിലേക്ക് നീണ്ടു ചെന്നു. പെട്ടെന്നയാളെ കണ്ടപ്പോൾ ഇത് പുതിയൊരു അവതാരമാണല്ലോ എന്ന് ഞങ്ങൾക്കും തോന്നി. പിന്നീട് ഇതേ ആവർത്തനം തന്നെയായിരിന്നു പത്മ തിയറ്ററിലും മേനകയിലുമൊക്കെ കണ്ടത്.

 

ചില വൈകുന്നേരങ്ങളിൽ എം.ജി റോഡിലൂടെ ഒരു ഫിയറ്റ് കാറിൽ ലോ സ്പീഡിൽ കൗതുക കാഴ്ചകളൊക്കെ ആസ്വദിച്ചു കൊണ്ട് വയലാർ എഴുതിയതു പോലെ കൊച്ചിക്കോട്ടയും, കൊച്ചെറണാകുളവും കണ്ട് അയാൾ ഒഴുകി നടക്കുന്നതും ഞങ്ങൾ പലവട്ടം കണ്ടിട്ടുണ്ട്. അന്ന് എറണാകുളം ഇതേപോലെ തിരക്കുള്ള നഗരമായിട്ടില്ല. ഈ കാഴ്ചകളൊക്കെ കാണുമ്പോൾ അയാൾ ഷോ കാണിക്കാൻ നടക്കുകയാണെന്ന് സ്വയം പറഞ്ഞ് ഞങ്ങളയാളെ കളിയാക്കിയിട്ടുണ്ട്. ഇടയ്‌ക്കൊക്കെ ജോസ് പ്രകാശിന്റെ ഡ്രൈ ക്‌ളീനേഴ്സിൽ നിൽക്കുന്നതും കാണാറുണ്ട്. 

 

എന്നാൽ ഈ പുതിയ കഥാപാത്രത്തെ നേരിട്ട് മുഖാമുഖം കാണുന്നത് സംവിധായകൻ ജേസിയുടെ അയ്യപ്പൻ കാവിലുള്ള വീട്ടിൽ വച്ചാണ്. ഒരു ദിവസം ഉച്ചയോടടുത്ത സമയത്ത് ഞാൻ അവിടെ ചെല്ലുമ്പോൾ ജേസിയും ആ കക്ഷിയും കൂടിയിരുന്ന് കാരംസ് കളിക്കുകയാണ്. ജേസിയാണ് എന്നെ പരിചയപ്പെടുത്തിയത്. 

 

‘ഇത് എന്റെ സുഹൃത്ത് കൃഷ്‌ണൻ നായർ. നേവിയിലായിരുന്നു. ഇപ്പോൾ ആ ജോലിയൊക്കെ കളഞ്ഞ് സിനിമയിൽ അഭിനയിക്കാൻ നടക്കുകയാണ്. എന്റെ ശാപമോക്ഷത്തിൽ  ഒരു വേഷം ചെയ്യുന്നുണ്ട്. ഡെന്നിസിന്റെ ചിത്രപൗർണമിയിൽ കൃഷ്‌ണൻ നായരെക്കുറിച്ച് ഒരു റൈറ്റപ്പ് കൊടുക്കണം. ഞാൻ ചിത്രപൗർണമിയുടെ പത്രാധിപരാണെന്നു കേട്ടപ്പോൾ കൃഷ്‌ണൻ നായരുടെ മുഖം വല്ലാതെ വികസിക്കുന്നതു കണ്ടു. പിന്നെ അവർ കളി നിർത്തി സിനിമയെക്കുറിച്ചും ചിത്രപൗർണമിയെക്കുറിച്ചും ഒക്കെ സംസാരിക്കാൻ തുടങ്ങി. 

 

കുറേക്കഴിഞ്ഞ് ഞാൻ തിരിച്ചു പോരാനിറങ്ങിയപ്പോൾ കൃഷ്‌ണൻ നായരുടെ ഫിയറ്റ് കാറിലാണ് എന്നെ ഞങ്ങളുടെ ഓഫിസിൽ കൊണ്ടു വിട്ടത്. പിന്നെ ഇടയ്ക്കിടയ്ക്ക് ഓഫിസിലേക്ക് വിളിച്ച് എന്നോട് സിനിമാ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ടിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. 

 

ശാപമോക്ഷത്തിന്റെ ഷൂട്ടിങ് എറണാകുളത്തായിരുന്നു അതിൽ ഒരു ഫങ്ക്ഷനിൽ വധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ  നേർന്നു കൊണ്ടുള്ള ഒരു ഗാനരംഗത്തിലൂടെയാണ് കൃഷ്‌ണൻ നായർ ജയനെന്ന പേരിൽ വെള്ളിത്തിരയുടെ പ്രകാശമായി മാറുന്നത്. ജോസ് പ്രകാശാണ് കൃഷ്‌ണൻ നായരെന്ന പേര് മാറ്റി ജയന്‍ എന്ന പുതിയൊരു നാമധേയം നൽകിയത്. ശാപമോക്ഷത്തിലൂടെ ജയനും ജേസിക്കും ശാപമോക്ഷം കിട്ടുകയായിരുന്നു. ഉദയായുടെയും ഹരിഹരന്റെയുമൊക്കെ ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രേക്ഷക മനസ്സുകൾ ആ പുരുഷമുഖം ശ്രദ്ധിക്കാൻ തുടങ്ങിയത്. 

 

1977 -ലാണ് ഞങ്ങളുടെ കുര്യാക്കോസ് അച്ചായന്റെ ഈ മനോഹര തീരത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് തുടങ്ങുന്നത്. ഷൂട്ടിങ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ജയൻ ചിത്രപൗർണമി പ്രിന്റ് ചെയ്യുന്ന പ്രസ്സിൽ എന്നെ കാണാൻ വന്നു. 

 

ജയൻ എന്നെ കാണാൻ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ടു വന്നത്?

 

ജയന്റെ മുഖത്ത് പഴയ പ്രസന്നത കാണാനില്ല. ആമുഖമൊന്നുമില്ലാതെ ജയൻ പറഞ്ഞു തുടങ്ങി.

 

"എനിക്ക് ഡേവിസിനോട് ഒരു പ്രധാന കാര്യം പറയാനുണ്ട്"

 

എന്താണെന്ന ഭാവത്തിൽ ഞാൻ ജയനെ നോക്കി.

 

"ഇങ്ങനെയാണെങ്കിൽ ശരിയാവില്ല ഡേവിസ്. എന്നെ ഇൻസൾട്ട് ചെയ്യാൻ വേണ്ടിയാണെങ്കിൽ എന്നെ വിളിക്കരുതായിരുന്നു ഈ പടത്തിൽ".

 

ഇയാൾ എന്താണ് പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ജയന്റെ അഭിനയം ശരിയാകാതെ വന്നപ്പോൾ ശശി എന്തെങ്കിലും ചൂടായിട്ട് പറഞ്ഞു കാണുമോ? ശശിക്ക് വല്ലാതെ ദേഷ്യം കയറിയാൽ പറയുന്ന അവസാന വാക്ക് ഇവൻ ഏത് കഴുതക്കുട്ടിയാണെന്നാണ്. പിന്നെ ജയന് എന്താണ് അവിടെ സംഭവിച്ചത്?

 

(തുടരും..)

 

അടുത്തത് - ജയനെ കാണാൻ ഒരു ആരാധിക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com