ADVERTISEMENT

ഒടിടി സൂപ്പർ ഹിറ്റായ ഹോം സിനിമയിൽ തിരക്കഥ എഴുതാനായി ഫ്ളാറ്റ് വാടകയ്ക്കെടുത്തു താമസിക്കുന്ന കഥാപാത്രമാണ് ശ്രീനാഥ് ഭാസിയുടെ ആന്റണി ഒളിവർ ട്വിസ്റ്റ്. ഈ കൊച്ചിയിൽ അങ്ങനെ എത്ര ചെറുപ്പക്കാർ!! പഴയ കാലത്ത് സിനിമാമോഹമെന്നാൽ അഭിനയമോ സംവിധാനമോ ആയിരുന്നു. ഇന്ന് അഭിനയത്തെക്കാളേറെ തിരക്കഥ, ക്യാമറ, സഹസംവിധാനം, വസ്ത്രാലങ്കാരം, കലാസംവിധാനം, സംഗീതം, സബ്ടൈറ്റിൽ എന്നിങ്ങനെ സമസ്ത മേഖലയ്ക്കും പയ്യൻമാരുടെയും പെൺകുട്ടികളുടെയും പട തന്നെയുണ്ട്. 10000 പിള്ളേരെങ്കിലും ഇങ്ങനെ കൊച്ചിയിലും പരിസരത്തുമുണ്ടെന്നത് സിനിമാക്കാർ പറയുന്ന കുറഞ്ഞ കണക്കാണ്. കൊച്ചിയാണ് മലയാളം സിനിമയുടെ മോളിവുഡ്.

ആരും മോശക്കാരല്ല എന്നതൊരു പ്രത്യേകതയാണെന്ന് സിനിമാമോഹക്കാരെ എത്രയോ കണ്ട നിർമാതാക്കൾ പറയുന്നു. സഹസംവിധായകനാവണമെന്നും പറഞ്ഞു വരുന്ന പയ്യന്റെ കയ്യിൽ രണ്ടു തിരക്കഥയുണ്ട്, മൂന്നോ നാലോ ഷോർട്ട് ഫിലിം പിടിച്ചതിന്റെ പെൻഡ്രൈവുണ്ട്. മുന്തിയ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ആർക്കും ഷോർട്ട് ഫിലിം എടുക്കാമല്ലോ. അതാണു കാര്യം.

പൈപ്പുവെള്ളം കുടിയില്ല

പഴയ കാലത്ത് സിനിമ തലയ്ക്കു പിടിച്ചാൽ നേരേ കോടമ്പാക്കത്തേക്കു പോകണം. അവിടെ ചെറിയ ലോഡ്ജുകളിൽ താമസവും പട്ടിണിയും. സൂപ്പർതാരങ്ങൾ പോലും വടപളനിയിലും നുങ്കമ്പാത്തുമുള്ള പൊതുടാപ്പുകളിൽനിന്നു പച്ചവെള്ളം കുടിച്ചു വിശപ്പടക്കിയ കഥ ഗൃഹാതുരത്വത്തോടെ പറയും.

കോടമ്പാക്കം പോലല്ല കൊച്ചി. അജ–ഗജ അന്തരമുണ്ട്. മിക്കവാറും ഫ്ളാറ്റുകളിലാണു പിള്ളേരുടെ താമസം. പലരും തൊഴിലില്ലാത്തവരുമല്ല. ഐടിയിൽനിന്നും മറ്റും ജോലി രാജിവച്ചു വന്നവരുണ്ട്. ബിടെക് ബിരുദധാരികളാണത്രേ സിനിമാ മോഹക്കാരിൽ വലിയൊരു വിഭാഗം. ക്ലാസിക് ഉദാഹരണം നിവിൻ പോളി. ബിടെക് മാത്രമല്ല ഇൻഫോസിസിൽ ജോലിയുമുണ്ടായിരുന്നതു കളഞ്ഞിട്ടാണ് ഇറങ്ങിയത്. ആർമിയിൽ ക്യാപ്റ്റനായിരുന്നിട്ട് അതു രാജിവച്ചു സിനിമയിൽ അഭിനയിക്കാൻ വന്നയാൾ വരെയുണ്ട്. മറ്റൊരു മേഖലയിൽ തീർച്ചയായിരുന്ന ശോഭന ഭാവി കളഞ്ഞിട്ടാണു വരവ്.

കൊച്ചിയാണു കളം

കോവിഡിനു മുമ്പ് ഇവർക്കെല്ലാം നല്ല പോലെ വർക്ക് ഉണ്ടായിരുന്നു. പണവും കിട്ടിയിരുന്നു. കോവിഡ് കാലത്തെ മാന്ദ്യം കഴിഞ്ഞ് ഇപ്പോൾ വീണ്ടും സിനിമകളുടെ ഷൂട്ടിങ് തുടങ്ങിയതോടെ പിള്ളേരും സജീവമായി. തിരിച്ചു വന്നേ പറ്റൂ. കാരണം ഐടിയിലും മറ്റും ഉള്ളപോലെ സിനിമയിൽ വർക്ക് ഫ്രം ഹോം പറ്റില്ല. എന്നുവച്ചാൽ നാട്ടിൽ തിരിച്ചു പോയി സ്വന്തം വീട്ടിലിരുന്നു പണി പറ്റില്ല. കളത്തിൽ ഇറങ്ങിയേ പറ്റൂ. കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല. അങ്ങനെ സിനിമക്കാർ നനഞ്ഞിറങ്ങുന്ന അഥവാ തുനിഞ്ഞിറങ്ങുന്ന കളമാകുന്നു കൊച്ചി.

കാക്കനാട്ടും തൃപ്പുണിത്തുറയിലുമായിട്ടാണ് പിള്ളരുടെ താമസം. കുറഞ്ഞ വാടകയിൽ ഇവിടങ്ങളിൽ ഫ്ളാറ്റുകളും പിജി താമസവും കിട്ടും. സമാന മനസ്ക്കരുമായി കൂട്ടുകൂടാം. സിനിമയിൽ കേറണമെങ്കിൽ നെറ്റ്‌വർക്കിങ് പ്രധാനമാണല്ലോ. അത്തരം നിരവധി നെറ്റ്‌വർക്കുകളിലും കൂട്ടായ്മകളിലും അംഗമാകാം. അതു വഴിയാവും മിക്കവാറും ഭാഗ്യത്തിന്റെ വരവ്. പ്രേമം സിനിമ തന്നെ സിനിമാമോഹക്കാരുടെ വലിയൊരു സൗഹൃദ കൂട്ടായ്മയുടെ അനന്തരഫലമായിരുന്നല്ലോ. ഇന്നത്തെ മിക്ക പടങ്ങളും അങ്ങനെയാണു സംഭവിക്കുന്നത്.

മാത്രമല്ല, മോഹവുമായി വന്ന് എവിടെയെങ്കിലും പിടിച്ചു കയറിയിട്ട് വളരാനുള്ള സാഹചര്യമുണ്ട്. ക്രൂ ആയി വന്ന പയ്യൻ ദേ പടം സംവിധാനം ചെയ്യുന്നു. സിനിമയുടെ ഏണിപ്പടികൾ കയറാം. സബ് ടൈറ്റ്ലിങ് രംഗത്ത് അവാർഡ് നേടിയ വിവേക് രഞ്ജിത്ത് സ്വന്തം തിരക്കഥയിൽ സിനിമ എടുക്കുകയാണ്. സബ് ടൈറ്റ്ലിങ് രംഗത്തും പുതിയ പിള്ളേർ അനേകം എത്തുന്നുണ്ടെന്ന് വിവേക് പറഞ്ഞു.

പെൺകുട്ടികളാണു താരം

പഴയ കാലത്തായിരുന്നു ചാൻസ് തരാമെന്നു മോഹിപ്പിക്കലും ‘കോംപ്രമൈസും’ മറ്റും. സിനിമ ഇപ്പോൾ കണ്ടന്റ് കേന്ദ്രീകൃതമാകയാൽ ആവശ്യമുള്ളവരെ മാത്രമേ എടുക്കാൻ കഴിയൂ. മികച്ച സ്റ്റഫ് വേണം. അഭിനയിക്കാനെത്തുന്നവർ കഥാപാത്രങ്ങൾക്കു കൃത്യമായി ചേരുന്നവരാകണം. ഓഡിഷൻ മസ്റ്റാണ്. ആരെയും മറ്റു പരിഗണനകൾ വച്ച് എടുക്കാൻ കഴിയില്ല. കഥാപാത്രത്തിനു ചേർന്ന രൂപവും അഭിനയത്തികവും ഓഡിഷനിൽ തെളിഞ്ഞാൽ മാത്രമേ എടുക്കൂ. മാത്രമല്ല ഇന്നത്തെ പെൺകുട്ടികൾക്കു ബുദ്ധിയും തന്റേടവുമുണ്ട്. വേലയൊന്നും നടക്കില്ല. വേറേ നിവൃത്തിയില്ലാത്ത അവസ്ഥയുമില്ല.

പഴയ കാലത്ത് പെൺകുട്ടികൾ അഭിനയത്തിനു ചാൻസ് മോഹിച്ചു മാത്രം വരും. ഹെയർ ഡ്രസ്സർ മാത്രമായിരിക്കും വേറേ ജോലി. ഇന്നു തിരക്കഥയിലും സഹസംവിധാനത്തിലും ക്യാമറയിലും കോസ്റ്റ്യൂം ഡിസൈനിലുമെല്ലാം അവരാണു മുന്നിൽ. മിക്ക സിനിമകളിലും ക്രൂ അംഗങ്ങളിൽ പാതിയോളം പെൺകുട്ടികളാവുന്നു. കോസ്റ്റ്യൂമിൽ മിടുക്കികൾ അനേകമായി. സഹ സംവിധായികകളും സംവിധായികകളും കലാസംവിധായികകളുമായി. കഴിവും സാമർഥ്യവും ആത്മവിശ്വാസവും ഉള്ളവർ.

വലിയ കാറുകൾ

കുറച്ചു ന്യൂജൻ പടങ്ങളിലഭിനയിച്ച പയ്യൻ ഇ ക്ലാസ് ബെൻസ് കാറുമായിട്ട‍ാണു നടക്കുന്നത്. അതെ, അങ്ങനൊരു മാറ്റമുണ്ട്. പഴയ കാലത്ത് ഒന്നാം നിരക്കാർക്കു മാത്രം ആഡംബര കാറുകളെങ്കിൽ ഇക്കാലത്ത് കുറച്ചു പണം കയ്യിൽ വന്നാലുടൻ ലാൻഡ് റോവറും ബിഎംഡബ്ല്യുവും ഔഡിയും വാങ്ങി ഓടിക്കും. ന്യൂജൻ പിള്ളാർക്ക് മുന്നും പിന്നും നോട്ടമില്ല. നിർമാതാവ് ശോഷിച്ചിരിക്കാം. നിർമാതാവിന് അസൂയ തോന്നുന്ന ആഡംബര കാറിലാവും പിള്ളേരുടെ വരവ്. ഐ ഹാവ് അറൈവ്ഡ് എന്ന പ്രഖ്യാപനമാണ് കാറ്.

അതെ, ന്യൂജൻ മലയാളി യുവത്വം പ്രതിഭയുടെ പിൻബലവുമായി സിനിമയിൽ അറൈവ്ഡ്!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com