ADVERTISEMENT

ഒരുപോലെ യാത്ര ചെയ്യുന്ന രണ്ടു മനസ്സുകൾ. അവർ തിരക്കിൽ ഇടയ്ക്കിടെ കൂടിക്കാണുന്നു. രാജ്യത്തെ ഏറ്റവും വലിയ സിനിമയിലേക്കുള്ള യാത്രയാണിത്. പൃഥ്വിരാജും മുരളിഗോപിയും നടത്തുന്ന കൂടിക്കാഴ്ചകൾ തുടരുമ്പോൾ എംപുരാൻ എന്ന സിനിമയുടെ പുതിയ കാഴ്ചകളാണു വളരുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാകും എംപുരാൻ. എഴുത്ത് അവസാന ഘട്ടത്തിലാണ്.  

 

എംപുരാൻ എത്ര വലിയ സിനിമയാകും? 

 

പൃഥ്വിരാജ്∙ സിനിമയുടെ വലുപ്പം നിശ്ചയിക്കുന്നതു കാഴ്ചക്കാരാണ്. സ്ക്രീനിൽ പ്രേക്ഷകനു തോന്നുന്നതാണു വലുപ്പം.  

 

സിനിമ വളരുന്നത് നിങ്ങളുടെ കൂടിക്കാഴ്ചകളിലാണോ? 

 

മുരളി ഗോപി∙ വളരെ വിശദമായി എഴുതിയ ശേഷമാണു ഞങ്ങൾ ഇരിക്കുന്നത്. ഓരോ തവണ സംസാരിക്കുമ്പോഴും അതു വളരും. വീണ്ടും എഴുതും. ഞങ്ങൾ തമ്മിലുള്ള ബന്ധം ക്രിയാത്മക സാഹോദര്യമാണ്. അതുകൊണ്ടുതന്നെ എഴുത്തിലും അതുണ്ടാകും. 

 

എംപുരാന്റെ കഥ തീരുമാനമായോ ?

 

മുരളി ഗോപി∙ വളരെ നേരത്തേതന്നെ അതിന്റെ ഫോം പൂർണമായും തീരുമാനിച്ചിട്ടുള്ളതാണ്. ലൂസിഫർ എഴുതാൻ തുടങ്ങിയപ്പോൾ അത് മൂന്നു ഭാഗങ്ങളുള്ള സിനിമയായാണ് ആലോചിച്ചത്. അന്നുതന്നെ കൃത്യമായ രൂപമുണ്ടായിരുന്നു. എഴുതിയിരുന്നില്ലെന്നു മാത്രം. ആ രൂപംതന്നെയാണ് എഴുതുന്നതും. 

 

അടുത്ത വർഷം സിനിമ പ്രതീക്ഷിക്കാമോ? 

 

പൃഥിരാജ്∙ അടുത്ത വർഷം ഷൂട്ട് നടക്കുമെന്നാണ് കരുതേണ്ടത്. എഴുത്തു പൂർണമായ ശേഷം ഷൂട്ട് തുടങ്ങാനായി സിനിമ പൂർണമായും ഡിസൈൻ ചെയ്യണം. അതു ചെയ്ത ശേഷം മാത്രമേ ഞാൻ തുടങ്ങാറുള്ളു. ഇതുപോലുള്ളൊരു സിനിമ ഡിസൈൻ ചെയ്യാൻ സമയമെടുക്കും. അതിനു പറ്റിയ ലൊക്കേഷനുകൾക്കായി യാത്ര ചെയ്യേണ്ടിവരും. അതനുസരിച്ചു ഷൂട്ട് പ്ലാൻ ചെയ്യേണ്ടിവരും. നിർമാതാവിനു പൂർണമായും സിനിമയുടെ ഷൂട്ടിങ് ഡിസൈൻ നൽകും. എനിക്കു വേണ്ടത് അവരോടു പറയും. അത് എങ്ങനെ നൽകാമെന്ന് അവർ തീരുമാനിക്കും. 

 

മുരളി ഗോപി∙ ഞാൻ എഴുതുന്നതിന്റെ ദൃശ്യഭാഷ കൃത്യമായി മനസ്സിലാക്കുന്ന ഒരാളാണു പൃഥി. അതുകൊണ്ടുതന്നെ എഴുതുമ്പോഴും പറയുമ്പോഴും സിനിമയുടെ വ്യക്തമായ ദൃശ്യം ഞങ്ങൾക്ക് കിട്ടും. 

 

പൃഥ്വിരാജ്∙ ഞങ്ങൾ തമ്മിലുള്ളൊരു കെമിസ്ട്രിയുണ്ട്. അതു കഥ പറയുമ്പോഴും എഴുതുമ്പോഴും ഷൂട്ടു ചെയ്യുമ്പോഴുമെല്ലാം വർക്കു ചെയ്യുന്നുണ്ട്.  

 

ഈ സിനിമയുടെ സ്വഭാവം എന്തായിരിക്കും? 

 

മുരളി ഗോപി∙ അതീവ ഗൗരവമുള്ളൊരു വിഷയമാണു ലൂസിഫർ കൈകാര്യം ചെയ്തത്. ഈ സിനിമയും യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെക്കുറിച്ചു സംസാരിക്കുന്ന സിനിമയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com