ADVERTISEMENT

ബേസില്‍ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്ത ‘ജാനേമന്‍’ ചിത്രത്തെ പ്രശംസിച്ച് സിനിമാലോകം. ടൊവിനോ തോമസ്, അജു വര്‍ഗീസ്, സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങി നിരവധിപേരാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തുവന്നത്.

 

jan-a-man

‘ഷൂട്ടിങ് തുടങ്ങിയ അന്നു മുതല്‍ ഈ സിനിമയെക്കുറിച്ച് ബേസിലില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒടുവില്‍ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തി. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ബേസിലേ നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്’.–ടൊവീനോ തോമസ് കുറിച്ചു

 

‘അടിപൊളി പടം ചിദംബരം. എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, അത് നന്നായി കാപ്ചര്‍ ചെയ്യുകയും മികച്ച സംഗീത പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍, അതൊരു വിരുന്ന് ആണ്!’- അജു വര്‍ഗീസ് പറഞ്ഞു.

 

‘നന്നായി എഴുതി, മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്ത്, മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു സൂപ്പര്‍ സ്മാര്‍ട്ട് സിനിമയാണ്. സ്വതന്ത്ര വാണിജ്യസിനിമ, സിനിമാതിയറ്ററുകളില്‍ മാത്രമാണ് സംഭവിക്കുന്നത്. സിനിമ ഹാളുകളിലെ ഹൗസ് ഫുള്‍ ബോര്‍ഡുകളും പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവും അതിന് ഒന്നുകൂടെ അടിവരയിടുന്നു. അഭിനന്ദനങ്ങള്‍’ – രഞ്ജിത്ത് ശങ്കറിന്റെ വാക്കുകൾ.

 

നടൻ ഗണപതിയുടെ സഹോദരൻ ചിദംബരമാണ് ‘ജാനേമൻ’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. 

 

വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ സജിത്ത് കൂക്കൽ, ഷോൺ ആന്റണി എന്നിവർ നിർമ്മാണ പങ്കാളികളാക്കുന്നു. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി. എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്ന ചിത്രം കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com