ADVERTISEMENT

ജയസൂര്യക്കു പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. എവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്യുന്നത്. ഷാജി നെടുംകല്ലേലും പ്രദീപ് ജി നായരുമാണ് കടമറ്റത്ത് കത്തനാരിന്റെ രചന. 3 ഡിയിലാണ് ചിത്രം ഒരുക്കുന്നത്. യു.കെ. സെന്തില്‍ കുമാറാണ് ഛായാഗ്രഹണം. കപില്‍ കൃഷ്ണ എഡിറ്റിങും ബോബന്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.

 

ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. 2011-ൽ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്. ആ ചിത്രത്തിൽ ബാബു ആന്റണി ശക്തമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ആ കൂട്ടുകെട്ടിൽ എത്തിയ കോട്ടയം കുഞ്ഞച്ചൻ , ഉപ്പുകണ്ടം ബ്രദേഴ്സ്, കൂടിക്കാഴ്ച്ച തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്കു ശേഷമെത്തുന്ന ചിത്രമെന്ന രീതിയിൽ കടമറ്റത്ത് കത്തനാരിൽ വൻ പ്രതീക്ഷയാണ് സിനിമാവൃത്തങ്ങളിലും ഉണ്ടായിരിക്കുന്നത്.  

 

വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്റസി ചിത്രം, ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.  റീ റെക്കോർഡിങ് എസ്.പി. വെങ്കിടേഷ്, കോ ഡയറക്ടർ റ്റി.എസ്. സജി, സപ്പോർട്ടിങ് ഡയറക്ടർ - ബിജു കെ. , ചമയം - പട്ടണം റഷീദ്, കല- ബോബൻ , കോസ്റ്റ്യൂംസ് - നാഗരാജൻ, പ്രൊഡക്‌ഷൻ കൺട്രോളർ - എസ്. മുരുകൻ അരോമ , പ്രോജക്ട് കോ - ഓർഡിനേറ്റർ റ്റി.എസ്. രാജു , അസോഷ്യേറ്റ് ഡയറക്ടേഴ്സ് വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ ജീമോൻ പുല്ലേലി, പിആർഓ: വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ.

 

നേരത്തെ ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസും കടമറ്റത്ത് കത്തനാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു, 75 കോടി രൂപ ചെലവില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ രാമാനന്ദിന്റേതാണ് തിരക്കഥ. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലയണ്‍ കിംഗ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലാണ് ഈ വിദ്യ മുമ്പു പരീക്ഷിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com