ADVERTISEMENT

സ്പാനിഷ് ടെലിവിഷനിൽ വന്ന ഒരു ത്രില്ലർ സീരീസിനെ നെറ്റ്ഫ്ലിക്സ് വാങ്ങി ലോകമെമ്പാടും ആരാധകരുള്ള വമ്പൻ ഹിറ്റാക്കി മാറ്റി, അതാണ് ‘ലാ കാസ ഡെ പപ്പേല്‍’ (ദ് ഹൗസ് ഓഫ് പേപ്പർ എന്ന് അർഥം) അഥവാ മണി ഹൈസ്റ്റ്. കറൻസി നോട്ടുകൾ അച്ചടിക്കുന്ന റോയൽ മിന്റ് ഓഫ് സ്പെയിനിൽ കയറി കോടികൾ മോഷ്ടിച്ചിറങ്ങിയ കൊള്ളസംഘമിപ്പോൾ മറ്റൊരു ഹൈസ്റ്റിന്റെ വർക്കിലാണ്, ‘വർക്ക് ഫ്രം ബാങ്ക് ഓഫ് സ്പെയിൻ’!

 

2020 ഏപ്രിലിൽ പുറത്തിറങ്ങിയ നാലാം പാർട്ട്, കഥയിലെ വഴിത്തിരിവിന്റെ മുൾമുനയിലാണ് ആരാധകരെ എത്തിച്ചിരുന്നത്. പിന്നീട് കോവിഡ് സാഹചര്യം കാരണം നീണ്ട ഒരു ഇടവേള വന്നെങ്കിലും, ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സീരീസിന്റെ അവസാന പാർട്ടിലെ ആദ്യ വോള്യം 2021 സെപ്റ്റംബർ 3ന് റിലീസ് ചെയ്തത്. ദി എൻഡ് ഓഫ് ദ് റോഡ്, ഡു യു ബിലീവ് ഇൻ റീഇൻകാർനേഷൻ?, വെൽക്കം ടു ദ് സ്പെക്റ്റകിൾ ഓഫ് ലൈഫ്, യുവർ പ്ലേസ് ഇൻ ഹെവൻ, ലിവ് മെനി ലൈവ്സ് എന്നിങ്ങനെ പവർപാക്ക്ഡ് ആക്‌ഷൻ രംഗങ്ങളുള്ള 5 എപ്പിസോഡുകളുമായാണ് ആ വോള്യം എത്തിയത്. ഡിസംബർ 3ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന അവസാന വോള്യത്തിലും 5 എപ്പിസോഡുകളുണ്ടാവും. സ്പെയിൻ, ഡെൻമാർക്ക്, പോളണ്ട് എന്നീ രാജ്യങ്ങളിലായി ഇരുവോള്യങ്ങളുടെയും ചിത്രീകരണം ഒന്നിച്ചാണ് നടത്തിയത്. 2020 ഓഗസ്റ്റിൽ ആരംഭിച്ച ഷൂട്ടിങ് 2021 മേയ് വരെ നീണ്ടു.

 

money-heist-1

പക്കാ പ്ലാനിങ്ങോടെ പകൽ വെളിച്ചത്തിൽ കൊള്ളയടിക്കാനെത്തുന്ന ഒരു കൂൾ കൊള്ളസംഘം. പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായി തീർന്ന ചുവന്ന ജംപ്സ്യൂട്ടും ഡലി മാസ്ക്കും ധരിച്ച് അവർ ഹൈസ്റ്റ് ദൗത്യം തുടങ്ങും. മോഷണം നടത്തുന്നയിടം തന്ത്രപരമായി കയ്യേറി, ജീവനക്കാരെ ബന്ദികളാക്കി, അവരെയും സമാന വേഷം ധരിപ്പിച്ച്, ദിവസങ്ങളെടുത്തുള്ള കൊള്ളയടിക്കലാണ് സംഘത്തിന്റെ രീതി. കൊള്ളസംഘം ബാങ്കിനകത്താണെങ്കിലും അവരുടെ മാസ്റ്റർ മൈൻഡ് പുറത്തുണ്ട്, ‘പ്രഫസർ’.

 

യഥാർഥ പേരുകൾക്ക് പകരം ബർലിൻ, ടോക്കിയോ, റിയോ, മോസ്കോ, ഡെൻവർ, നയ്റോബി, ഹെൽസിങ്കി, ഓസ്‌ലോ എന്നീ നഗരങ്ങളുടെ പേരുകൾ സ്വീകരിച്ച 8 കള്ളന്മാരുമായി തുടങ്ങിയ സംഘത്തിന് ചെറുത്തുനിൽപിനിടെ പലരെയും നഷ്ടമായി, മറ്റു ചിലർ സംഘത്തിന്റെ ഭാഗവുമായി. ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ചുള്ള പ്രയത്നം, അതിൽ പഞ്ച് ഡയലോഗുകൾ, മാസ് ആക്‌ഷൻ സീനുകൾ, പിടിച്ചിരുത്തുന്ന ബിജിഎം, ടെൻഷനടിപ്പിക്കുന്ന ട്വിസ്റ്റുകൾ, കൂടാതെ ഹൃദയം കവരുന്ന ബെല്ലാ ചാവ് ഗാനം. ഇതിനെല്ലാമൊപ്പം സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും നഷ്ടങ്ങളുടെയും വികാരഭരിതനിമിഷങ്ങൾ പാകത്തിനു ചേർത്തപ്പോൾ മികച്ച ദൃശ്യാനുഭവമേകുന്ന കമേഴ്സ്യൽ ക്ലാസിക്കായി മാറി തിരക്കഥാകൃത്തും സംവിധായകനുമായ അലക്സ് പിനയുടെ മണി ഹൈസ്റ്റ്.

 

കൃത്യമായ തയാറെടുപ്പുകളും, അവസരത്തിനൊത്തുള്ള ഇടപെടലുകൾ നടത്തി, ഒളിത്താവളത്തിൽ നിന്നു നിർദേശങ്ങൾ നൽകിയാണ് ‘പ്രഫസർ’ ഹൈസ്റ്റിനെ നയിക്കുന്നത്. അതിനാൽ തന്നെ ജനത്തെ ഒപ്പം നിർത്തി, പൊലീസിനെയും സർക്കാരിനെയും നോക്കുകുത്തികളാക്കി, ആദ്യ ഹൈസ്റ്റ് വിജയിപ്പിക്കാൻ അവർക്ക് സാധിച്ചിരുന്നു. എന്നാൽ, അവസാന വോള്യത്തിന്റെ ട്രെയ്‌ലറിൽ, ഹൈസ്റ്റ് നടക്കുന്നയിടത്ത് പൊലീസിന്റെ മുൻപിലെത്തിയ അവസ്ഥയിൽ പ്രഫസറെ കാണിക്കുന്നത് ഫാൻസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. 

 

2017ൽ ആരംഭിച്ച സീരീസിലെ പ്രഫസർ എന്ന കഥാപാത്രത്തെ മികവുറ്റതാക്കുന്നത് ആൽവരോ മോർട്ടെ ആണ്. മറ്റ് പ്രധാന അഭിനേതാക്കളായി അർസുല കോർബറോ, ഇറ്റ്സിയ അറ്റ്യുനോ, നജ്‌വ നിമ്റി, മിഖ്വേൽ ഹെറാൻ, ജെയ്മി ലോറെന്റെ, ഏസ്ത്തർ അസേബോ, പെഡ്രോ അലൻസോ എന്നിവരുമെത്തുന്നു. ജീസസ് കോൾമ്നേർ, കോൾഡോ സേറ, അലക്സ് റോഡ്രിഗോ എന്നിവരാണ് അഞ്ചാം പാർട്ടിന്റെ സംവിധായകർ.

 

ക്ലൈമാക്സ് എന്താവുമെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ. കൂടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടും, ദിവസങ്ങളോളമെടുക്കുന്ന ദൗത്യവുമായി ബാങ്കിനകത്തുള്ള കൊള്ളസംഘത്തെ വിജയിപ്പിച്ച് പുറത്തെത്തിക്കാൻ ഇക്കുറിയും പ്രഫസറിനു സാധിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം. അവസാന വോള്യത്തിന്റെ വരവറിയിച്ച് ഇറക്കിയ ട്രെയ്‌ലർ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ മാത്രം 14 മില്യൻ വ്യൂസാണ് ഇതിനകം നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com