ഒടിടിയുടെ അന്തകനാകുമോ ‘ചുരുളി’യിലെ തെറിവിളി? വരികയാണോ ‘കട്ടും ബീപ്പും’?

HIGHLIGHTS
  • ഒടിടിയിൽ സെൻഷർഷിപ് നിയമങ്ങൾ വരുമോ?
  • സെൻസർഷിപ് വന്നാൽ അതിന്റെ സ്വഭാവം എന്തായിരിക്കും?
  • പണിപ്പുരയിലുള്ള നിയമങ്ങള്‍ വഴി നിയന്ത്രണങ്ങൾ എങ്ങനെയാകും?
churuli-movie
SHARE

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചലച്ചിത്രം ഏറെ ചർച്ചകളുയർത്തിയെങ്കിലും അതിലേറെയും അതിലെ ‘തെറിമൊഴി വഴക്ക’ത്തെ കുറിച്ചായിരുന്നു. ഒപ്പമുയരേണ്ടിയിരുന്ന ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയെയും സൗന്ദര്യത്തെയും ആവിഷ്കാരം എക്കാലവും ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തെയും കുറിച്ച് കുറച്ചേ ചർച്ച ഉണ്ടായുള്ളൂ. തെറിച്ചർച്ചയിൽ പലതരക്കാരുണ്ടായിരുന്നു. തെറി തന്നെ അധമമാണെന്നു കരുതുന്ന ശുദ്ധവാദികൾ, തെറി പറയാം– പക്ഷേ, സിനിമയടക്കം പൊതുവേദികളിൽ വേണ്ടെന്നു പറഞ്ഞ സന്ദർഭവാദികൾ, ആവിഷ്കാരത്തിനുമേൽ നിയന്ത്രണങ്ങളൊന്നും വേണ്ടെന്നു പറഞ്ഞ സ്വതന്ത്രവാദികൾ. 

ഇതിൽ രണ്ടാമത്തെ പക്ഷക്കാരാണ് പൊതുവേദികളിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിയന്ത്രണ സംവിധാനങ്ങൾ വേണമെന്ന ശക്തമായ വാദം ഉന്നയിച്ചത്. തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കുള്ളതുപോലെ ഒടിടി അടക്കം എല്ലാ പ്ലാറ്റ്ഫോമുകളിലും സെൻസർഷിപ് സംവിധാനങ്ങൾ വേണമെന്നാണ് ഇവർ വാദിച്ചത്. എന്നാൽ ലോകം കൂടുതൽ ഉദാരമാവുകയും ആവിഷ്കാരം കൂടുതൽ സ്വാതന്ത്ര്യം തേടുകയും ചെയ്യുമ്പോൾ സിനിമയിലെ സെൻസർഷിപ് പോലും പുനരാലോചിക്കേണ്ടതാണെന്ന വാദം തന്നെ എതിർവിഭാഗം ഉയർത്തുന്നു. കലാകാരൻമാരിൽ ഏറിയകൂറും, ഒടിടി അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റ് ക്രിയേറ്റർമാരും ഈ വിഭാഗത്തിൽ പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ തുറന്നിരിക്കുന്ന ആകാശങ്ങൾ പോലും അടച്ചുകളയരുതെന്ന് അവർ സുശക്തം വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് ഒടിടിയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം, ഇനി വരാനുള്ള നിയമങ്ങളുടെ സ്വഭാവം എന്താകും എന്നീ ചർച്ചകൾ ഉയരുന്നത്.

നിലവിലുള്ള സാഹചര്യം

ഇന്റർനെറ്റ് വഴി സിനിമയടക്കമുള്ള ദൃശ്യരൂപങ്ങൾ കാഴ്ചക്കാരിലെത്തിക്കുന്നതിനുള്ള സംവിധാനമാണ് ‘ഓവർ ദ് ടോപ്’ എന്നു വിളിക്കുന്ന ഒടിടി. തിയറ്ററുകളും അതുകഴിഞ്ഞ് ടെലിവിഷനും സിനിമകൾ കാണിച്ചിരുന്ന സാഹചര്യത്തിൽനിന്ന് മുന്നോട്ടുപോയി മൂന്നാമത്തെ വേദിയാവുകയായിരുന്നു ഇന്ത്യയിലടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ. കോവിഡിന്റെ അടച്ചിടൽ കാലത്ത് തിയറ്ററുകൾക്കു പകരമുള്ള ശക്തമായ മാധ്യമമായി ഒടിടി ഉയർന്നുവന്നു. ഇന്നിപ്പോൾ ഇന്ത്യയിൽ 36 കോടിയിലേറെ വരിക്കാരുള്ള അതിശക്തമായ വിനോദമേഖലയായും ഒടിടി മാറിക്കഴിഞ്ഞു. 22 ശതമാനം വാർഷിക വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും ഹോട്സ്റ്റാറും സീയും ആൾട് ബജാജും സോണി ലിവും വൂട്ടും എംഎക്സ് പ്ലെയറും അടക്കമുള്ള വമ്പൻമാരാണ് ഇന്ത്യയിൽ മുൻനിര കളിക്കാരായുള്ളത്. 

churuli-movie

സിനിമയിലായാലും ടെലിവിഷനിലായാലും അതിന്റെ ഉള്ളടക്കത്തിൽ എന്തെല്ലാമാവാം, എന്തെല്ലാം പാടില്ല എന്നെല്ലാം നിശ്ചയിക്കുന്നതിന് വ്യക്തമായ നിയന്ത്രണ സംവിധാനങ്ങൾ ഇന്ത്യയിലുണ്ട്. സിനിമയ്ക്ക് ഈ നിയന്ത്രണം നടപ്പാക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ (CBFC) ആണ്. ഇവരിൽ നിന്ന് പ്രദർശനാനുമതി നേടിയശേഷമേ ചലച്ചിത്രങ്ങൾ തിയറ്ററുകളിലും ടെലിവിഷനിലും പ്രദർശിപ്പിക്കാനാവൂ. ടെലിവിഷനുകളിലെ വാർത്താ പരിപാടികൾ ഒഴികെയുള്ള വിനോദ പരിപാടികളുടെ ഉള്ളടക്കം സംബന്ധിച്ച നിയന്ത്രണങ്ങൾക്കായി ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലൈന്റ്സ് കൗൺസിൽ (BCCC) എന്ന സ്വയം നിയന്ത്രിത സംവിധാനമുണ്ട്. സ്വയം നിയന്ത്രിത സംവിധാനമാണെങ്കിലും കേന്ദ്രസർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് (I&B) മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. 

ചലച്ചിത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് U (എല്ലാവർക്കും കാണാവുന്നത്), A (പ്രായപൂർത്തിയായവർക്കു മാത്രം), U/A (മുതിർന്നവർക്കും, രക്ഷിതാക്കളുടെ അനുമതിയോടെ പ്രായപൂർത്തിയാകാത്തവർക്കും കാണാവുന്നത്) എന്നിങ്ങനെ തരംതിരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത് ഈ സെൻസർ ബോർഡാണ്. ഇതിനു പുറമേ, സഭ്യേതരമെന്ന് ബോർഡിനു തോന്നുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും അവർ വെട്ടിക്കളയാൻ നിർദേശിക്കുകയും ചെയ്യും. ഇവിടെയാണ് ’കട്ടും ബീപ്പും’ കടന്നുവരുന്നത്. ദൃശ്യങ്ങളാണെങ്കിൽ വെട്ടിക്കളയും, സംഭാഷണങ്ങൾ ബീപ് ശബ്ദം കൊണ്ടു മറയ്ക്കും. അശ്ലീലദൃശ്യങ്ങളും സംഭാഷണങ്ങളും മാത്രമല്ല, രാജ്യതാൽപര്യത്തിനും സമൂഹതാൽപര്യത്തിനും വിരുദ്ധമെന്ന് ബോർഡ് അംഗങ്ങൾ കരുതുന്ന മറ്റു ദൃശ്യങ്ങളിലും ഇങ്ങനെ കത്രിക വീഴും. ഇവിടെയാണ് രാഷ്ട്രീയം കടന്നുവരിക. 

churuli-malayalam-movie

പലപ്പോഴും ഭരണകൂടത്തിന് ഹിതകരമല്ലാത്തതെന്തും ഈ നിയമത്തിന്റെ പിൻബലത്തിൽ വെട്ടിക്കളയുകയോ പ്രദർശനാനുമതിതന്നെ നിഷേധിക്കപ്പെടുകയോ ചെയ്യാം. ഇത്തരം വിവാദങ്ങൾ രാജ്യത്ത് ഏറെ ഉയർന്നിട്ടുണ്ട്. ഇതാണ് സെൻസർഷിപ്പിനെതിരായ ഏറ്റവും വലിയ വിമർശനമാകുന്നത്. അതേസമയം, പുതിയ മാധ്യമമായ ഒടിടിയിൽ ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. സർക്കാരോ സർക്കാരിനാൽ നിയമിതമായ ഏതെങ്കിലും സംവിധാനമോ ഒടിടിയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കോ മറ്റു ദൃശ്യാവതരണങ്ങൾക്കോ മേൽ ഒരു നിയന്ത്രണവും നടപ്പാക്കിയിട്ടില്ല. അതിനാൽ തന്നെ ഒടിടിയിൽ നിലവിൽ പൂർണമായ ആവിഷ്കാര സ്വാതന്ത്ര്യമാണ് ലഭ്യമാകുന്നത്. ചലച്ചിത്രകാരൻമാർക്കും വെബ് സീരീസുകളടക്കം നിർമിക്കുന്ന കലാകാരൻമാർക്കും ഇതു വലിയ സാധ്യതയാണ് തുറന്നുനൽകിയത്. 

സിനിമ എന്ന എളുപ്പം പ്രാപ്യമല്ലാത്തതും വൻ മുതൽമുടക്ക് ആവശ്യമായതുമായി മേഖലയ്ക്കപ്പുറം ഒടിടിയുടെ ചെറിയ പ്ലാറ്റ്ഫോമിൽ അവർക്ക് ആവിഷ്കാരം എളുപ്പമായി. സെൻസർഷിപ്പിൽ കത്രിക വീഴാമായിരുന്ന ദൃശ്യങ്ങളും ആശയങ്ങളും ഇവിടെ വെളിച്ചം കാണാനുള്ള വഴി തെളിഞ്ഞു. കലാപരമായ സാധ്യതയോടൊപ്പം രാഷ്ട്രീയമായ സാധ്യതകളും ഉരുത്തിരിഞ്ഞു. ജയ് ഭീം പോലെ ഇന്ത്യയാകെ ചർച്ച ചെയ്യപ്പെട്ട സിനിമ ആമസോൺ പ്രൈമിലാണ് ഒരു ദൃശ്യവും സംഭാഷണവും വെട്ടിമാറ്റപ്പെടാതെ റിലീസ് ചെയ്തത്. 

churuli

ചുരുളി പോലൊരു സിനിമ ബീപ്പിനാൽ മറയ്ക്കപ്പെടാത്ത സംഭാഷണങ്ങളുമായി എത്തുന്നതും ഈയൊരു സാഹചര്യത്തിലാണ്. അതിലുപയോഗിച്ച തെറി വാക്കുകൾ പൊതുവ്യവഹാരത്തിൽ കേൾപ്പിക്കേണ്ടതല്ലെന്ന വാദം ഉയരുമ്പോഴും, ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും ഭാഷകൊണ്ടും തങ്ങളുടേതു മാത്രമായ ഒരു താന്തോന്നി ലോകം സൃഷ്ടിക്കുന്ന ചുരുളി എന്ന ദേശത്തെ ആവിഷ്കരിക്കാൻ ആ ഭാഷ അനിവാര്യമാണെന്നു കരുതുന്നവരുമുണ്ട്. സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരും ഉയർത്തുന്ന വാദം അതുതന്നെയാണ്. ഭാഷയിലല്ലാതെ, ദൃശ്യങ്ങളിലൊന്നും സഭ്യേതരമായ കാഴ്ചകളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നതും ഈ വാദത്തിനു ശക്തിപകരുന്നു. 

ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും സെൻസർ ചെയ്തപ്പോൾ 59 കട്ടുകൾ നിർദേശിച്ചിരുന്നെന്നുമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റീജനൽ ഓഫിസർ വി.പാർവതി  വ്യക്തമാക്കിയത്. അതായത് ഓരോ രണ്ടു മിനിറ്റിലും ഓരോ കട്ട്. എന്നു പറഞ്ഞാൽ സിനിമയിൽ ബീപ് അല്ലാതൊന്നും കേൾക്കാനുണ്ടാവില്ലെന്ന സ്ഥിതി. ഇവിടെയാണ് ഒടിടിയുടെ സ്വാതന്ത്ര്യസാധ്യത വ്യക്തമാകുന്നത്. എന്നാൽ ഇതിനൊരു മറുവശം കൂടി കാണാതിരിക്കാനാവില്ല. ദൃശ്യങ്ങളിലടക്കം സഭ്യേതരമായ ഉള്ളടക്കത്തിനുള്ള സാധ്യത ഒടിടിയിലുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടുകൂടായ്കയില്ല. എപ്പോഴും അതു കലാപരമായിരിക്കണമെന്നുമില്ല. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും വിദ്വേഷ പ്രചാരണത്തിന് വഴിവയ്ക്കുന്നതും തീവ്രവാദ സ്വഭാവമുള്ളതുമായ ഉള്ളടക്കം കടന്നുവന്നാലും തടയാനാകില്ലല്ലോ എന്ന സെൻസർഷിപ് വാദികളുടെ ചോദ്യവും തീർത്തും തള്ളിക്കളയാനാകില്ല. ഇവിടെയാണ് നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത്.

നിയന്ത്രണത്തിനുള്ള നീക്കങ്ങൾ

2016ൽ ഒരു സന്നദ്ധ സംഘടന ഡൽഹി ഹൈക്കോടതിയിൽ ഹോട്സ്റ്റാറിനെതിരെ നൽകിയ ഹർജിയിലാണ് ഒടിടിയടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിനും നിയന്ത്രണം വേണമെന്ന വാദം ആദ്യമുയർത്തുന്നത്. മൃദുനഗ്നതാ പ്രദർശനം, മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം, സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ, രാജ്യത്തിന് അവമതിപ്പുണ്ടാക്കൽ, കുട്ടികളെ കുറ്റകൃത്യത്തിനു പ്രേരിപ്പിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് സംഘടനകൾ ഹോട്സ്റ്റാറിലെ പരിപാടികൾക്കെതിരെ ഉന്നയിച്ചത്. 

ഇത്തരം പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം സെൻസർ ചെയ്യണമെന്നും ഇവർക്ക് ലൈസൻസ് ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഹർജി നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കില്ലെന്നു പറഞ്ഞ് ഡൽഹി ഹൈക്കോടതി തള്ളിയെങ്കിലും സംഘടന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലും സമാനമായ കേസ് നിലവിലുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ ഇലകട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MEITY) ഈ കേസിലടക്കം ഡിജിറ്റൽ മാധ്യമങ്ങൾക്ക് സെൻസർഷിപ് നടപടി ആലോചിക്കുന്നില്ല എന്നാണ് നിലപാടെടുത്തത്. 

jafar-idukki-churuli

വിവരസാങ്കേതിക രംഗത്തും സമൂഹമാധ്യമങ്ങളിലും നിയന്ത്രണങ്ങളേർപ്പെടുത്തന്നത് രാജ്യാന്തര തലത്തിൽതന്നെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. എന്നാൽ കേന്ദ്രസർക്കാർ ചില നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നതാണു വസ്തുത. ഇതിനിടയാക്കിയത് മോദി സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ച ചില ടിവി ഷോകൾ ആയിരുന്നു. ഹോട്സ്റ്റാറിലെ ജോൺ ഒലിവർ ഷോ നരേന്ദ്രമോദിക്കും പൗരത്വനിയമത്തിനുമെതിരെ അതിനിശിതമായ നിലപാടാണെടുത്തത്. വിമർശനങ്ങളുയർന്നതോടെ ഹോട്സ്റ്റാർ തന്നെ ഷോ നിർത്തി. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്ത ഹസൻ മിൻഹാജ് ഷോയും ഇതേരീതിയിൽ വിമർശിക്കപ്പെട്ടു. പക്ഷേ നെറ്റ്ഫ്ലിക്സ് വിമർശനങ്ങളെ അവഗണിച്ചു. ആമസോൺ പ്രൈമും ‘മാഡം സെക്രട്ടറി’യുടെ ഒരു എപ്പിസോഡ് വിമർശനങ്ങളെ തുടർന്ന് ഒഴിവാക്കി. ട്വിറ്ററിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരുമായി നടക്കുന്ന ഏറ്റുമുട്ടൽ രാജ്യാന്തര തലത്തിൽ തന്നെ ചർച്ചചെയ്യപ്പെട്ടു. ഫെയ്‌സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങൾക്കെതിരെ പ്രതിപക്ഷമാണ് ഭരണകൂട പക്ഷപാതിത്വം ആരോപിച്ചത്. ഇതെല്ലാം തന്നെ ഡിജിറ്റൽ കണ്ടന്റിനും നിയന്ത്രണ സംവിധാനം വേണമെന്ന അഭിപ്രായം കേന്ദ്ര സർക്കാരിനുണ്ടാകാൻ ഇടയാക്കി. അതിനുള്ള നിയമനിർമാണത്തിനുള്ള നീക്കങ്ങൾക്കും മന്ത്രാലയങ്ങൾ തുടക്കമിട്ടു.

പുതിയ നിയമം

ഡിജിറ്റൽ മാധ്യമങ്ങൾക്കും ഒടിടി അടക്കം വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണ സംവിധാനം വരുമെന്ന സൂചന കഴിഞ്ഞ ഫെബ്രുവരിയിൽതന്നെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി പ്രകാശ് ജാവഡേക്കർ നൽകിയിരുന്നു. പക്ഷേ ഇത് സെൻസർഷിപ് സ്വഭാവത്തിൽ ഉള്ളതാകില്ല എന്നുതന്നെയാണു സൂചന. ഒരു സ്വയം നിയന്ത്രണ സംവിധാനവും അതിനുമേൽ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു പരാതി പരിഹാര റെഗുലേറ്ററി ബോർഡുമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. അതൊരിക്കലും സെൻസർ ബോർഡ് പോലെ പ്രദർശനാനുമതിയും സർട്ടിഫിക്കറ്റും നൽകുന്ന സംവിധാനമായിരിക്കില്ല. ഉള്ളടക്കത്തിൽ വെട്ടലും മറയ്ക്കലും നിർദേശിക്കാനുള്ള സാധ്യതയും കുറവാണ്. ഇതാണ് ഒടിടിയിൽ കട്ടും ബീപ്പും രസംകൊല്ലികളായി എത്താനുള്ള സാധ്യത ഇല്ലെന്ന പ്രതീക്ഷ ഉയർത്തുന്നത്.

നിലവിലുള്ള ഐടി നിയമങ്ങളിൽ അധിഷ്ഠിതമായ നിയന്ത്രണ സംവിധാനം തന്നെയാണ് ഭേദഗതകളോടെ കർശനമാക്കാൻ ഐടി മന്ത്രാലയം ആലോചിക്കുന്നത്. ’ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021’ എന്ന പേരിൽ നിലവിലുള്ള ഐടി റൂൾ 2011നെ പുതുക്കാനാണ് മന്ത്രാലയം പദ്ധതിയിട്ടിരുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലുണ്ടായി സാങ്കേതിക വികാസത്തെക്കൂടി ഉൾക്കൊള്ളുന്നവിധത്തിലുള്ള സ്വാഭാവിക പരിഷ്കരണം എന്ന നിലയിലാകും നിയമം കൊണ്ടുവരികയെങ്കിലും അതിൽ നിയന്ത്രണ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്താനാണു സാധ്യത. 

നിലവിലുള്ള ഐടി നിയമത്തിലെ (2011) റൂൾ 3 (2) (a), (b), (c) എന്നിവ തന്നെ സഭ്യേതരമോ നിയമവിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതോ കുട്ടികളിൽ ദുസ്വാധീനമുണ്ടാക്കാവുന്നതോ ആയ ഉള്ളടക്കങ്ങളുടെ പ്രദർശനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സംവിധാനം ഉണ്ടാകണമെന്നു നിർദേശിക്കുന്നുണ്ട്. ചട്ടം 3 (3) ആണെങ്കിൽ ഇത്തരം ഉള്ളടക്കം അറിഞ്ഞുകൊണ്ട് പ്രദർശിപ്പിക്കുന്നതിനെയും വിലക്കുന്നു. ഇതേ കാര്യങ്ങളിൽ വിലക്കേർപ്പെടുത്തുന്ന ഇന്ത്യൻ പീനൽ കോഡിലെ (1860) 292–294 വകുപ്പും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരായ ഇൻഡീസന്റ് റെപ്രസന്റേഷൻ ഓഫ് വിമൻ (പ്രോഹിബിഷൻ) നിയമത്തിലെ  3, 4, 7 വകുപ്പുകളും  ഇത്തരം പ്രദർശനങ്ങൾ തടയുന്നതിന് പര്യാപ്തമാണെന്നാണ് വിവിധ കോടതികളിൽ നിലവിലുള്ള കേസുകളിൽ ഹർജിക്കാർ വാദിക്കുന്നത്. 

സ്വാഭാവികമായും ഈ നിയമങ്ങളുടെ അന്തഃസത്ത ഡിജിറ്റൽ ഉള്ളടക്കത്തിനുകൂടി ബാധകമാക്കാനാണു ശ്രമമുണ്ടാവുക. ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 19(1) (a) വകുപ്പിനൊപ്പം, രാജ്യത്തിന്റെ പരമാധാകാരത്തിനും രാജ്യസുരക്ഷയ്ക്കും നിയമപാലനത്തിനും പൊതുവ്യവഹാരങ്ങളിലെ ധാർമികതയ്ക്കും സഭ്യതയ്ക്കും എതിരാവുകയാണെങ്കിൽ നിയന്ത്രണങ്ങളും ആകാമെന്നു പറയുന്ന 19(2) വകുപ്പും രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരാവുകയാണെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന ഐടി ആക്ടിലെ 69 A സെക്‌ഷനും നിയമനിർമാണത്തിൽ ഉപയോഗപ്പെടുത്തും.

ത്രിതല നിയന്ത്രണം

ഒരു ‘മൃദുല സ്വയംനിയന്ത്രണ സംവിധാന’മാണ് ഐടി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ഇതിന് മൂന്നു തലമാണുണ്ടാവുക. ആദ്യ രണ്ടു തലവും ഒടിടി/ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സ്വയം നിയന്ത്രണ സംവിധാനമാണെങ്കിൽ മുന്നാമത്തേത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു മേൽനോട്ട സംവിധാനമാകും. ഈ വർഷം ആദ്യം തന്നെ ഇത്തരമൊരു നിയന്ത്രണ സംവിധാനത്തിനു തുടക്കമിടാൻ സർക്കാർ ഒടിടി പ്ലാറ്റ്ഫോമുകളോടു നിർദേശിച്ചിരുന്നു. പത്രങ്ങളിലെ ഉള്ളടക്കത്തെ കുറിച്ചു പരാതിപ്പെടാനുള്ള പ്രസ് കൗൺസിലിന്റെയും ടെലിവിഷനിലെ ഉള്ളടക്കത്തെ കുറിച്ചു പരാതിപ്പെടാനുള്ള ബ്രോഡ്‌കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് കൗൺസിലിന്റെയും (BCCC)യും മാതൃകയിലുള്ള പരാതി പരിഹാര സംവിധാനമാണ് സർക്കാർ ലക്ഷ്യമിട്ടത്. 

വിവരവിനിമയത്തിന്റെ രണ്ടു പ്രധാന മേഖലകളിൽ (പത്രം, ടിവി) നിയന്ത്രണങ്ങളുണ്ടാവുകയും ഡിജിറ്റൽ മേഖലയിൽ മാത്രം നിയന്ത്രണമില്ലാതിരിക്കുകയും ചെയ്യുക എന്ന അസമത്വം ഇല്ലാതാക്കണമെന്ന ന്യായീകരണവും സർക്കാർ ഇതിനായി ഉന്നയിക്കുന്നു. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ടയേഡ് ജഡ്ജിയുടെയോ മറ്റു പ്രമുഖ വ്യക്തികളുടെയോ മേൽനോട്ടത്തിലുള്ള സ്വയം നിയന്ത്രണ സംവിധാനമാണ് രണ്ടാമത്തെ തലം. മൂന്നാം തലത്തിലാണ് സർക്കാർ നിയന്ത്രണമുണ്ടാകുക. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വിവിധ വകുപ്പുകളുടെ പ്രതിനിധികളുൾപ്പെടുന്ന നിയന്ത്രണ സംവിധാനമാകും ഇത്. ഇതിന്റെ ഘടനയും നിയന്ത്രണാധികാരവും സംബന്ധിച്ചാകും കൂടുതൽ ചർച്ചകൾ ആവശ്യമായി വരിക. 

7+, 13+, 16+, 18+ 

ഉള്ളടക്കത്തിന് എന്തെങ്കിലും നിയന്ത്രണമല്ല, അവയുടെ സ്വഭാവത്തിനനുസരിച്ചുള്ള വർഗീകരണമാണ് പ്രധാനമായും നടപ്പാവുക. അതായത് ഉള്ളടക്കത്തിനുമേൽ എന്തെങ്കിലും തരത്തിലുള്ള സെൻസർഷിപ് ഉണ്ടാവില്ല. എന്നാൽ ഉള്ളടക്കത്തിനനുസരിച്ച് പ്രദർശിപ്പിക്കുന്ന പരിപാടികളെ വർഗീകരിക്കും. എല്ലാവർക്കും കാണാവുന്നയെ U വിഭാഗത്തിൽ ഉൾപ്പെടുത്തും. സിനിമയിലും മറ്റും പ്രായപൂർത്തിയായവർക്കു മാത്രമുള്ള A വിഭാഗത്തിന് കൂടുതൽ ഉപവിഭാഗങ്ങളുണ്ടാകും. പ്രായത്തിനനുസിരിച്ച് 7+, 13+, 16+, 18+ എന്നിങ്ങനെ വിഭാഗങ്ങളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. നിർദേശം സ്വീകരിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തവരിൽ തന്നെ പല വിഭാഗങ്ങളെന്ന ഇത്തരമൊരു സംവിധാനം ആദ്യമായി നടപ്പാകുന്ന രാജ്യമാകും ഇന്ത്യ. 

churuli-trailer

ഇതിൽ തന്നെ U/A 13+ വിഭാഗത്തിൽ, രക്ഷിതാക്കൾക്കു കുട്ടികൾ കാണുന്നത് ആവശ്യമെങ്കിൽ തടയാനുള്ള ‘പാരന്റൽ ലോക്ക്’ സംവിധാനം പ്ലാറ്റ്ഫോമുകൾ തന്നെ ഏർപ്പെടുത്തണം. A വിഭാഗത്തിൽ 18 വയസ്സ് കഴിഞ്ഞെന്ന് ഉറപ്പാക്കുന്ന കൂടുതൽ വിശ്വാസ്യതയുള്ള പരിശോധനാ സംവിധാനങ്ങളും ഒരുക്കാൻ നിർദേശമുണ്ടാകും. 

ഈ നിർദേശങ്ങളെല്ലാം ഒടിടി പ്ലാറ്റ്ഫോമുകൾ നിലവിൽതന്നെ ചർച്ച ചെയ്തിട്ടുണ്ടെന്നതാണു വസ്തുത. സ്വയം നിയന്ത്രണത്തെ പല പ്ലാറ്റ്ഫോമുകളും ഒരു പരിധി വരെ അംഗീകരിക്കുന്നുണ്ടെങ്കിലും പുറത്തുനിന്നുള്ള ഏതെങ്കിലും തലത്തിലുള്ള നിയന്ത്രണത്തെ അവർ ഒരുനിലയ്ക്കും സ്വീകരിക്കാൻ തയാറല്ല. 

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പൊതുവേദിയായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) 2019ൽ തന്നെ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുകയും ചില ധാരണകളിൽ എത്തുകയും ചെയ്തിരുന്നു. ഈ ധാരണയിൽ നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാർ, സീ 5, വൂട്ട് തുടങ്ങി എട്ട് ഒടിടി വമ്പൻമാർ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ ആമസോൺ പ്രൈം ഇതിൽനിന്നു വിട്ടുനിന്നു. എന്നാൽ മേൽപ്പറഞ്ഞ ഇരുനില സ്വയം നിയന്ത്രണ സംവിധാനം എന്ന നിർദേശത്തെ ആമസോൺ പ്രൈം അടക്കം 16 ഒടിടി പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ സെപ്റ്റംബറിൽ അംഗീകരിച്ചിരുന്നു. ഡിജിറ്റൽ പബ്ലിഷർമാരുടെ അനൗദ്യോഗിക വേദിയായ ഡിജി പബ് പോലുള്ളവയും ഈ നിർദേശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. നിർദേശങ്ങൾ അവ്യക്തവും പലതും അപകടകരമാണെന്നുമാണ് ഇവരുടെയൊക്കെ പക്ഷം. 

മൃദുല നിയന്ത്രണങ്ങൾ എന്ന രീതിയിൽ ആരംഭിക്കുന്ന സംവിധാനങ്ങൾ എപ്പോഴാണ് വേലിചാടുക എന്നും ഈ പ്ലാറ്റ്ഫോമുകളും ഐടി രംഗത്തെ സ്വതന്ത്രവാദികളും ആശങ്കപ്പെടുന്നു. ചുരുക്കത്തിൽ, നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും സർക്കാർ ഒരു നിയന്ത്രണ നിയമവുമായി വന്നാൽ പ്ലാറ്റ്ഫോമുകൾക്കും വഴങ്ങേണ്ടിവരും. ആദ്യ രണ്ടു തട്ടിലുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഈ നിലപാടിലേക്ക് ഇവരൊക്കെ ഇപ്പോൾ തന്നെ എത്തിയിട്ടുണ്ട്. മൂന്നാം തലത്തിലുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിൽ പക്ഷേ സർക്കാരിന് പ്ലാറ്റ്ഫോമുകളിൽനിന്നു മാത്രമല്ല, പൊതുസമൂഹത്തിൽനിന്നും എതിർപ്പുകളെ നേരിടേണ്ടിവരും. 

ഡിജിറ്റൽ സ്വാതന്ത്ര്യം രാജ്യത്തിന്റെ പുരോഗമന സ്വഭാവത്തിന്റെയും ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും സൂചകമാകും എന്നതിനാലും, അതു രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നതിനാലും സെൻസർഷിപ് പോലുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കേന്ദ്രസർക്കാർ എത്താനിടയില്ല. എന്നാൽ പരിധികളില്ലാത്ത സ്വാതന്ത്ര്യം എന്ന നില ഏറെക്കാലം തുടരാനാകും എന്നു കരുതാനുമാകില്ല. ചുരുക്കത്തിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തെ കുതിക്കാൻ അനുവദിച്ചാലും ആവശ്യമെങ്കിൽ പിടിച്ചുനിർത്താൻ ഒരു കടിഞ്ഞാൺ ഉണ്ടാകുമെന്നു ചുരുക്കം. ആ കടിഞ്ഞാൺ ആണ് അണിയറയിൽ ഒരുങ്ങുന്നത്.  

English Summary: After 'Churuli' Controversy will OTT Platforms Going Under Censor Board?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA