ADVERTISEMENT

ഒന്നര വർഷം നീണ്ട അടച്ചിടലിന്റെ കൂരിരുട്ടിനൊടുവിൽ തിയറ്ററുകളിൽ നക്ഷത്രത്തിളക്കം. ഒന്നിനു പിന്നാലെ മറ്റൊന്നായി വമ്പൻ ചിത്രങ്ങൾ റിലീസ് ചെയ്തതോടെ ആളിരമ്പത്തിന്റെ പൂരമാണു തിയറ്ററുകളിൽ. കോവിഡ് രണ്ടാം ലോക്ഡൗണിനു ശേഷം ഒക്ടോബർ അവസാനം തുറന്ന തിയറ്ററുകളിൽ റിലീസ് ചാകര; വമ്പൻ ചിത്രങ്ങളുടെ വരവിനിടെ, ചെറു ചിത്രങ്ങളുടെ റിലീസ് കാത്തിരിപ്പു തുടരുന്നു. 

 

സെൻസറിങ് പൂർത്തിയാക്കിയ 100 ലേറെ ചിത്രങ്ങൾ റിലീസിനു സജ്ജമാണെങ്കിലും ഇപ്പോഴത്തെ സ്ഥിതി നോക്കിയാൽ അവ പ്രേക്ഷകരിലെത്തണമെങ്കിൽ  മാസങ്ങൾ കാത്തിരിക്കേണ്ടിവരും. മാസങ്ങൾക്കു മുൻപേ സെൻസറിങ് പൂർത്തിയാക്കി റിലീസിനു സജ്ജമായ ചിത്രങ്ങളാണ് ഇവയെല്ലാം. കഴിഞ്ഞ വർഷവും ഈ വർഷവുമായി രണ്ടു കോവിഡ് ലോക്ഡൗണുകളിൽ മുടങ്ങിപ്പോയ റിലീസുകൾ. ചുരുക്കം ചില ചിത്രങ്ങൾ ഒടിടി (ഓവർ ദ് ടോപ്) മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കാണികളിലെത്തി. ഇനിയും ചില ചിത്രങ്ങൾ അതേ വഴി പോകും. ബഹുഭൂരിപക്ഷം ചിത്രങ്ങളും തിയറ്ററുകളിൽ തന്നെയെത്തും. പക്ഷേ, എന്ന്? അതിനു സമയമെടുക്കും. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലേയ്ക്കെല്ലാം ചിത്രങ്ങൾ ചാർട്ട് ചെയ്തു കഴിഞ്ഞു! 

 

‌∙ തിയറ്ററുകൾ കിട്ടാതെ 

 

പല ചെറു ചിത്രങ്ങളും റിലീസ് മാറ്റിവയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുകയാണ്. നവംബർ 26 നു  റിലീസ് പ്രഖ്യാപിച്ചിരുന്ന ‘സുമേഷ് ആൻഡ് രമേഷ്’ പിൻവലിച്ചതു വേണ്ടത്ര സ്ക്രീനുകൾ കിട്ടാത്തതിനാലാണ്. പ്രദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി പോസ്റ്ററുകൾ വരെ പതിച്ച ശേഷമായിരുന്നു പിൻവാങ്ങൽ. വളരെ ചുരുക്കം സ്ക്രീനുകളിൽ മാത്രമായി പ്രദർശിപ്പിക്കുന്നതിൽ കാര്യമില്ലെന്നു തിരിച്ചറിഞ്ഞാണു ചിത്രം റിലീസ് മാറ്റിയത്. ഇനിയെന്നു റിലീസ് ചെയ്യാനാകുമെന്നു പക്ഷേ, ഇപ്പോൾ പ്രവചിക്കുക പ്രയാസം.

dulquer-kurup-movie

 

അത്രയേറെ ചിത്രങ്ങളാണു വെയ്റ്റ് ലിസ്റ്റിൽ ‘തിയറ്റർ വെളിച്ചം’ കാത്തിരിക്കുന്നത്! കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാത്തതിനാൽ ഇപ്പോഴും തിയറ്ററുകളിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണു പ്രവേശനം. കൂടുതൽ സ്ക്രീനുകൾ കിട്ടിയെങ്കിൽ മാത്രമേ സാമ്പത്തിക ലാഭത്തിനുള്ള സാധ്യത തെളിയുകയുള്ളൂ; പ്രത്യേകിച്ചും വലിയ താരപ്പൊലിമ അവകാശപ്പെടാനില്ലാത്ത ചെറിയ ചിത്രങ്ങൾക്ക്. അക്കാരണം കൊണ്ടു തന്നെ, മുപ്പതോ നാൽപതോ സ്ക്രീൻ ലഭിച്ചിട്ടു പ്രത്യേകിച്ചു നേട്ടമൊന്നുമില്ല എന്നതാണു സ്ഥിതി. വൻ ചിത്രങ്ങൾക്കിടയിൽ പിടിച്ചു നിൽക്കാനും എളുപ്പമല്ല. 

kurup-kerala

 

∙ ഇക്കുറി, മുൻഗണനപട്ടികയില്ല

marakkar-movie

 

ആദ്യ ലോക്ഡൗണിനു ശേഷം ജനുവരിയിൽ തിയറ്ററുകൾ തുറന്നപ്പോൾ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിൽ മുൻഗണനാക്രമം തയാറാക്കിയാണു സിനിമകൾ റിലീസ് ചെയ്തത്. എന്നാൽ, ഇക്കുറി അത്തരം ക്രമീകരണങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ വമ്പൻ താരങ്ങളുടെയും ബാനറുകളുടെയും ചിത്രങ്ങൾക്കു മേൽക്കൈ ലഭിക്കുന്നതു സ്വാഭാവികം. കൂടുതൽ ബിസിനസ് ചെയ്യാനിടയുള്ള ചിത്രങ്ങൾക്കു സ്ക്രീനുകൾ ലഭിക്കാൻ വളരെയെളുപ്പം. അടച്ചിടലിനു ശേഷം ജനുവരിയിൽ തിയറ്ററുകൾ തുറന്നപ്പോൾ കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ചേർന്നു റിലീസ് മുൻഗണനാക്രമം തയാറാക്കിയിരുന്നു. പല മാനദണ്ഡങ്ങളും പരിഗണിച്ച ശേഷം തയാറാക്കിയ പട്ടിക പ്രകാരമായിരുന്നു റിലീസുകൾ. സിനിമകളുടെ ‘വലുപ്പച്ചെറുപ്പം ’ കൂടാതെയായിരുന്നു റിലീസ്. ഇക്കുറി, പക്ഷേ സാഹചര്യങ്ങൾ മാറിയതോടെ എല്ലാം പഴയ പടിയായി. 

 

marakkar-release-1

∙ ‘കുറുപ്പിനു നന്ദി’ 

 

രണ്ടാം വട്ടം ലോക്ഡൗണിനു ശേഷം തുറന്ന തിയറ്ററുകൾക്കു ജീവശ്വാസം നൽകിയതു നവംബർ 12 നു റിലീസ് ചെയ്ത ‘കുറുപ്പ്’ തന്നെ. സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആളെത്തുമോ എന്നു ചലച്ചിത്ര പ്രവർത്തകർ ഭയന്ന കാലത്തായിരുന്നു കുറുപ്പിന്റെ വരവ്. പ്രേക്ഷകർ നൽകിയതാകട്ടെ, ഗംഭീര സ്വീകരണം. അതുകൊണ്ടാണു കഴിഞ്ഞ ദിവസം പ്രിയദർശൻ ഇങ്ങനെ പറഞ്ഞത്: ‘‘ മരക്കാർ കാണാൻ ആളെത്തുമോ എന്ന ആശങ്ക എനിക്കില്ല. നമ്മുടെ നാട്ടിൽ ആകെയുള്ള വിനോദം എന്നതു സിനിമയാണ്. അതുകൊണ്ടു തീർച്ചയായും ആളുകൾ തിയറ്ററുകളിലേക്കു പോകും. അതാണു‘കുറുപ്പ്’ എന്നു പറയുന്ന പടത്തിന്റെ ഏറ്റവും വലിയ വിജയം. ആ പടം കാണാനായി ആളുകൾ തിയറ്ററുകളിൽ വന്നു. ആ സിനിമയോടു ഞങ്ങൾക്കു നന്ദിയുണ്ട്. ആളുകൾ ഇപ്പോഴും തിയറ്ററിലേക്കു വരുമെന്ന് ആ സിനിമ കാണിച്ചുതന്നു.’’ ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ ‘കുറുപ്പ്’ 13 ദിവസം കൊണ്ടു തിയറ്ററുകളിൽ നിന്നു വാരിയത് 75 കോടി രൂപ. 35 കോടിയോളം ചെലവിട്ടു നിർമിച്ച ചിത്രം തിയറ്ററുകളിൽ നിന്നു 100 കോടിക്കു മുകളിൽ കലക്ട് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തിയറ്ററുകളിൽ നിന്നു ചിത്രം ഒടിടിയിലുമെത്തും. 

 

∙ പിന്നാലെ പടമൊഴുക്ക്

 

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് തിയറ്ററുകളിൽ തുടരുന്നതിനിടെ, ഏതാനും ദിവസം മുൻപു റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ‘കാവൽ’ നേടുന്നതും മികച്ച പ്രേക്ഷക പിന്തുണയാണ്. ഇതിനിടെ, ജാനേമൻ, ആഹാ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളും റിലീസ് ചെയ്തിരുന്നു. ഏകദേശം 720 സ്ക്രീനുകളാണു കേരളത്തിലുള്ളത്. കേരളത്തിൽ മാത്രം 505 സ്ക്രീനുകളിലായിരുന്നു കുറുപ്പിന്റെ റിലീസ്. കാവൽ എത്തിയതു നവംബർ 25 ന്. കേരളത്തിൽ മാത്രം 220 സ്ക്രീനുകളിൽ. വലിയ ഘോഷങ്ങളില്ലാതെ തിയറ്ററുകളിലെത്തിയ ‘ജാനേമൻ’ അപ്രതീക്ഷിത ഹിറ്റായി മാറിയിരുന്നു. എന്നാൽ, ‘മരക്കാർ’ കൂടി റിലീസ് ചെയ്യുന്നതോടെ എത്ര സ്ക്രീൻ തുടർന്നുള്ള ദിവസങ്ങളിൽ ഈ ചിത്രങ്ങൾക്കു ലഭിക്കുമെന്നുറപ്പില്ല. രണ്ടാഴ്ചയോളം ഏറെക്കുറെ എതിരാളികളില്ലാതെ സ്ക്രീനുകളിൽ തേരോട്ടം നടത്താൻ കുറുപ്പിനു ലഭിച്ച സാഹചര്യം ഇനി മരക്കാർ നേടും. 

 

∙ പട നയിക്കാൻ മരക്കാർ 

 

ഡിസംബർ രണ്ടിനു മോഹൻലാൽ–  പ്രിയദർശൻ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ കൂടി റിലീസ് ചെയ്യുന്നതോടെ ചെറു ചിത്രങ്ങൾക്കു സ്ക്രീൻ ലഭ്യത തീർത്തും ചുരുങ്ങും. കഴിയുന്നത്ര സ്ക്രീനുകളിൽ മരക്കാർ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം, വമ്പൻ താരനിര, ടീസറിനും ട്രെയ്‌ലറിനും റെക്കോർഡ് കാഴ്ചക്കാർ തുടങ്ങി പല വിശേഷണങ്ങളുമായാണ് മരക്കാർ എത്തുന്നത്. ആഗോള തലത്തിൽ 3300 ലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 

 

കേരളത്തിൽ 600 ലേറെ സ്ക്രീനുകളിൽ മരക്കാർ എത്തും. കോവിഡ് ലോക്ഡൗൺ മൂലം ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമാണു ചിത്രം റിലീസ് ചെയ്യുന്നത്. ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം മാറ്റി തിയറ്ററുകളിലേക്കു തന്നെ വരുന്നതോടെ ബിഗ് സ്ക്രീനിൽ ‘മരക്കാർ’ ആസ്വദിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണു ലാൽ ആരാധകർ. ഒട്ടെല്ലാ തിയറ്ററുകളിലും ലാൽ ഫാൻസിനായി പ്രത്യേക ഷോകൾ ഒരുക്കിയിട്ടുണ്ട്. കൂറ്റൻ കട്ടൗട്ടുകളും തിയറ്ററുകൾക്കു മുന്നിൽ നിരന്നു കഴിഞ്ഞു. 

 

∙ സ്ക്രീനിൽ ഉത്സവം തുടരും! 

 

മരക്കാർ വരവിനു തൊട്ടു പിറ്റേന്ന്, ഡിസംബർ 3 നു കുഞ്ചാക്കോ ബോബൻ നായകനായ ‘ഭീമന്റെ വഴി’ റിലീസ് ചെയ്യും. ഡിസംബർ 23ന് ടിനു പാപ്പച്ചൻ–ആന്റണി വർഗീസ് ടീമിന്റെ അജഗജാന്തരം, പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ ജനുവരിയിൽ തിയറ്ററുകളിലെത്തും. മോഹൻലാൽ – ബി.ഉണ്ണിക്കൃഷ്ണൻ ടീമിന്റെ ‘ആറാട്ട്’ ഫെബ്രുവരിയില്‍. മമ്മൂട്ടി ചിത്രം ‘പുഴു’ എത്താനും ഏറെ വൈകില്ല. അതിനു പുറമേ, ഇതര ഭാഷാ ചിത്രങ്ങളുമെത്തും. ബാഹുബലി സംവിധായകൻ എസ്.എസ്.രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ജനുവരി 7 ന് എത്തുമെന്നാണു റിപ്പോർട്ട്. ഒക്ടോബർ 17 നു റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് സാഹചര്യങ്ങൾ മൂലമാണു മാറ്റിവച്ചത്. 

 

രാംചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരെ നായകരാക്കി ഒരുക്കിയ ചിത്രത്തിന്റെ ബജറ്റ് കേട്ടാൽ ഞെട്ടരുത്; 450 കോടി രൂപ! ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെ മാത്രം ചിത്രം 325 കോടി ഉറപ്പാക്കിയത്രെ; അതും റിലീസിനു മുൻപേ! ആലിയ ഭട്ട്, അജയ് ദേവ്ഗൻ എന്നിവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണിത്. അല്ലു അർജുൻ – ഫഹദ് ഫാസിൽ ചിത്രം ‘പുഷ്പ’യാണു മറ്റൊരു വമ്പൻ ചിത്രം. ഫലത്തിൽ, കേരളത്തിൽ സ്ക്രീനുകൾ കിട്ടാക്കനിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com