ADVERTISEMENT

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ പൂർണമായൊരു ചരിത്ര സിനിമയല്ലെന്ന് സംവിധായകൻ പ്രിയദർശൻ. പ്രിയദർശന്റെ കുഞ്ഞാലിമരക്കാറെന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാമെന്നും ഈ സിനിമ പൂർണമായും ഒരു എന്റർടെയ്നറാണെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചരിത്രത്തിൽത്തന്നെ അവ്യക്തതകളുണ്ട്. ഞാനൊരു ചരിത്രഗവേഷകനൊന്നുമല്ല. ചില ചരിത്രഗവേഷകരോട് തിരക്കിയതിനും ചില പുസ്തകങ്ങൾ വായിച്ചതിനും ശേഷമാണ് ഞാനിതു പറയുന്നത്. ഒരു പുസ്തകത്തിൽ പറയുന്നതല്ല മറ്റൊന്നില്‍ പറയുന്നത്. അറേബ്യൻ ചരിത്രത്തിൽ ഇദ്ദേഹം ദൈവത്തിനു തുല്യമാണ്. എന്നാൽ പോർച്ചുഗീസ്, യൂറോപ്യൻ ചരിത്രത്തിൽ മരക്കാരെ കടൽക്കൊള്ളക്കാരൻ മാത്രമായാണ് അവർ വിശേഷിപ്പിക്കുന്നത്. സിംഹത്തിനു സംസാരിക്കാൻ കഴിയാത്തിടത്തോളം കാലം വേട്ടക്കാരൻ പറയുന്നതാണ് ശരി, എന്നൊരു ചൊല്ലുണ്ട്. വിജയിയാണ് ചരിത്രമെഴുതുന്നത്. ആ ചരിത്രത്തിൽ ഒരുപാട് അവ്യക്തതകൾ ഉണ്ടായിരുന്നു.

മരക്കാർ പൂർണമായൊരു ചരിത്ര സിനിമയല്ല. സാധാരണക്കാരായ, സിനിമ കണ്ട് രസിക്കാൻ തിയറ്ററിൽ വരുന്ന ആളുകൾക്കായി എന്റെ മനസ്സിൽ തോന്നിയ സൃഷ്ടിയാണ് ഈ ചിത്രം. പ്രിയദർശന്റെ കുഞ്ഞാലിമരക്കാറെന്ന് വേണമെങ്കിൽ പറയാം. ചരിത്രത്തിലെ ചില അവ്യക്തമായ ഏടുകളെ കൂട്ടിച്ചേർക്കുന്ന സിനിമാറ്റിക് ലിബർട്ടി, ഒരു സംവിധായകനും എഴുത്തുകാരനുമെന്ന നിലയില്‍ ഈ ചിത്രത്തിനായി ഞാൻ എടുത്തിട്ടുണ്ട്. യാതൊരു രീതിയിലും ആരെയും അപമാനിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ ഒരു കാര്യവും ഈ സിനിമയിലില്ല. ഈ സിനിമ പൂർണമായും ഒരു എന്റർടെയ്നറാണ്. ആ മനസ്സ് വച്ചാകണം കേരളത്തിലെ എല്ലാ പ്രേക്ഷകരും ഈ ചിത്രം കാണേണ്ടത്.

റിലീസിന് ഒരു ടെൻഷനുമില്ല. ‘ചിത്രം’ സിനിമ റിലീസ് ചെയ്ത ദിവസം എനിക്കൊരു ഭയവുമില്ലായിരുന്നു. ‘കിലുക്കം’ പോലുളള സൂപ്പർഹിറ്റ് സിനിമകൾ റിലീസിനെത്തിയപ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. ഈ ചിത്രം ആളുകൾ എങ്ങനെ എടുക്കും എന്നായിരുന്നു ആശങ്ക. ‘ചിത്ര’ത്തിനു ശേഷം ആ ഭയമില്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് ‘മരക്കാർ’.‌ രണ്ടര വർഷമായി ഈ സിനിമയുടെ പുറകെയായിരുന്നു. 2018 ൽ തുടങ്ങി. അതിനും ഒരുവർഷം മുമ്പേ ഈ സിനിമയ്ക്കു വേണ്ടി ഞാൻ തയാറെടുക്കുകയായിരുന്നു. നാളെ ഈ സിനിമ റിലീസിനെത്തുമ്പോൾ എന്റെ അഞ്ച് വർഷത്തെ കാത്തിരിപ്പിനാണ് ഫലമുണ്ടാകുന്നത്.

ചിത്രം ആളുകൾ സ്വീകരിക്കും എന്നുതന്നെയാണ് പ്രതീക്ഷ. പണത്തിന് അപ്പുറം ബോര്‍ഡം എന്നൊരു കാര്യമുണ്ട്. ഇവിടെ ആകെയുള്ള ഒരേയൊരു എന്റര്‍ടെയ്ന്‍മെന്റ് സിനിമ മാത്രമാണ്. അതിനാല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് വരും. അതുതന്നെയാണ് ‘കുറുപ്പ്’ എന്ന സിനിമയുടെ വിജയവും. ആളുകള്‍ തിരിച്ചു വന്നു. ആ സിനിമയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. പ്രേക്ഷകർ തിയറ്ററുകളിലേക്ക് തിരികെയെത്തുമെന്ന് ആ ചിത്രം കാണിച്ചുതന്നു.’– പ്രിയദര്‍ശന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com