ADVERTISEMENT

കേരളത്തിലെ റോഡുകളെ സംബന്ധിച്ച് നടൻ ജയസൂര്യ നടത്തിയ തുറന്നു പറച്ചിലും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് അതിനു നൽകിയ മറുപടിയും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പൊതുവേദിയിൽ വച്ച് മന്ത്രിയെ സാക്ഷിയാക്കി നടത്തിയ വിമർശനത്തിനു മുൻപ് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജയസൂര്യ തന്നെ പറയുന്നു. ഉള്ളിലുള്ളത് പറഞ്ഞോട്ടെ എന്നു ചോദിച്ചപ്പോൾ ഉള്ളതു പറയുന്നയാളായതു കൊണ്ടാണ് നിങ്ങളെ വിളിച്ചതെന്നാണ് റിയാസ് പറഞ്ഞതെന്ന് ജയസൂര്യ കുറിച്ചു‌. 

 

അദ്ദഹം പറയുന്നതിങ്ങനെ

 

ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട്. 

 

രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതു കൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു.  

 

അദ്ദേഹത്തിന്റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ്  ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ   അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച  വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽ വരുത്തുകയാണ്. റോഡുകൾക്ക് എന്ത് പ്രശ്നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നതും ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ്. ശ്രീ റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ. പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com