ADVERTISEMENT

രജനീകാന്തിന്റെ അടുത്ത കസേരയിൽ ഇരുന്നു കൊണ്ടു ഞാൻ സ്റ്റൈൽ മന്നന്റെ ഭാവഹാവാദികൾ ശ്രദ്ധിക്കുകയായിരുന്നു. രജനി എന്നെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും പൂർവപരിചയം ഉള്ള പോലെയാണ് പെരുമാറിയത്. തമിഴ് ആർട്ടിസ്റ്റുകളുടെ കൾച്ചർ അതാണെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. വലിയവനെന്നോ ചെറിയവനെന്നോ എന്ന ഒരു വ്യത്യാസവും അവരുടെ പെരുമാറ്റത്തിൽ കാണില്ല.

ഞാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകാരനാണെന്നുള്ള സ്മിതയുടെ വായ്മൊഴി കേട്ടിട്ടൊന്നുമല്ല രജനി എന്നോട് പ്രത്യേക താൽപര്യവും പരിഗണനയും കാണിച്ചതെന്ന് എനിക്കു തോന്നി.

രജനി എന്തൊക്കെയാണ് എന്നോടു ചോദിക്കുന്നതെന്നും നോക്കി ഞങ്ങളുടെ മുന്നിലായി നിൽക്കുകയാണ് സ്മിത.

തെല്ലു നേരം കഴിഞ്ഞപ്പോൾ ഷൂട്ടിങ് സ്ക്രിപ്റ്റും പിടിച്ചു കൊണ്ട് അസോഷ്യേറ്റ് ഡയറക്ടർ രജനിയുടെ അടുത്തേക്കു വന്നു. അയാളെ കണ്ടപ്പോൾ തന്നെ വിളിക്കാൻ വന്നതാണെന്ന് മനസ്സിലാക്കിയ രജനി വേഗം എഴുന്നേറ്റ് എന്നോട് തലയാട്ടിക്കൊണ്ട് ഫ്ലോറിലേക്കു പോയി. രജനി പോയപ്പോൾ സ്മിത എന്നോട് ചേർന്നുള്ള കസേരയിൽ ഇരുന്നു. ഞാൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ചുമൊക്കെ ചോദിച്ചു കൊണ്ട് അവൾ ഒരു റിക്വസ്റ്റ് പോലെ മലയാളവും തമിഴും കലർത്തി പറഞ്ഞു തുടങ്ങി.

‘സർ, എനിക്ക് ഗ്ലാമർ വേഷം ചെയ്തു മടുത്തു, എനിക്ക് പോസിറ്റീവായ നല്ല പവർഫുൾ വേഷം തരണം സാർ. നീങ്കൾ വിചാരിച്ചാൽ അതു നടക്കും.’

അവളുടെ നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾ എനിക്കും തോന്നി അവൾക്കിണങ്ങുന്ന നല്ല ഒരു നായികാ കഥാപാത്രത്തിന് രൂപം കൊടുക്കണമെന്ന്.

അപ്പോഴേക്കും നമ്മുടെ മലയാള നടൻ ദേവൻ ഫ്ലോറിനു പുറത്തിറങ്ങി വരുന്നതു കണ്ടു. രജനിയുടെ വില്ലനായി ദേവൻ അഭിനയിക്കുന്നുണ്ടെന്ന് നേരത്തേതന്നെ പലരും പറഞ്ഞു ഞാൻ കേട്ടിരുന്നു.

devan-rajini

എന്നെ കണ്ടപാടെ തന്നെ ‘സർപ്രൈസ് ആയിരിക്കുന്നല്ലോ’ എന്നും പറഞ്ഞാണ് ദേവൻ എന്റടുത്തുള്ള കസേരയിൽ വന്നിരുന്നത്.

‘സർപ്രൈസ് എന്താണ് സർ?’

സ്മിതയ്ക്ക് ദേവൻ പറഞ്ഞ സർപ്രൈസ് ഗുട്ടൻസ് മനസ്സിലായില്ലെന്നു തോന്നിയപ്പോൾ ദേവൻ ചിരിച്ചു കൊണ്ടു എന്നെ നോക്കി.

‘ഡെന്നിസിനെ സാധാരണ മദ്രാസ് ലൊക്കേഷനിലൊന്നും കാണാത്തതുകൊണ്ട് ചോദിച്ചതാണ്’. ദേവൻ പറഞ്ഞതിന്റെ ധ്വനി എന്താണെന്ന് എനിക്കു മനസ്സിലായി.

‘ഡെന്നിസിന് എറണാകുളം വിട്ടു പോകുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് ആകുന്നതും എല്ലാ സിനിമയുടെയും ഷൂട്ടിങ് ലൊക്കേഷൻ കൊച്ചിയിലും പരിസരത്തും തന്നെയായിരിക്കും വയ്ക്കുക, അല്ലേ’.

ദേവൻ എന്നെ ഒന്നു വാരാൻ വേണ്ടി പറഞ്ഞതാണെങ്കിലും ഞാൻ അതിനോടു കുട ചൂടി നിന്നില്ല.

‘ഹേയ് അതൊക്കെ ആളുകൾ വെറുതെ അസൂയ പറയുന്നതല്ലേ.’

ഞാൻ നിസ്സാരമായി പറയുന്നതു കേട്ട് സ്മിത ചിരിച്ചു കൊണ്ട് ദേവന്റെ പക്ഷം ചേർന്നു പറഞ്ഞു.

‘ഡെന്നിസ് സാർ ഒരു ഫാമിലി അറ്റാച്ച്ഡ് മാനാണ്. മിസ് പമീല എന്ന ഫിലിമിന്റെ ഷൂട്ടിങിന് ഞാൻ എറണാകുളത്ത് പോയപ്പോൾ സാറിന്റ സൺ ഡിനുവിന്റെ ബർത്ഡേയ്ക്കു പോയിരുന്നു. അവിടെ വച്ച് സാറിന്റെ ഭാര്യയുമായും മദറുമായുമൊക്കെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്കതു നന്നായിട്ട് പുരിഞ്ചതാണ്.’ അതു പറഞ്ഞു സ്മിത ഒരു കള്ളച്ചിരി ചിരിച്ചു.

അൽപസമയം കൂടിയിരുന്ന് പുതിയ സിനിമാ ട്രെൻഡിനെക്കുറിച്ചും സ്ത്രീപക്ഷ സിനിമകളുടെ അപചയത്തെക്കുറിച്ചുമൊക്കെ സംസാരിച്ചതിനുശേഷം ഞാൻ അവരോടു യാത്ര പറഞ്ഞു ശങ്കുണ്ണിച്ചേട്ടന്റെ എഡിറ്റിങ് റൂമിലേക്കു പോയി.

പിന്നീട് ഞാൻ സ്മിതയെ കാണുന്നത് അഞ്ചാറു മാസങ്ങൾക്കു ശേഷം കല്ലയം കൃഷ്ണദാസ് സംവിധാനം ചെയ്യുന്ന ‘സ്പെഷൽ സ്ക്വാഡി’ന്റെ ലൊക്കേഷനില്‍ വച്ചാണ്. പെട്ടെന്നു വന്നു കയറിയ ഒരു പ്രോജക്ടാണിത്. എനിക്കൊട്ടും താൽപര്യം ഇല്ലാതിരുന്നിട്ടും അവസാനം ഇത് നടത്തിയെടുക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങേണ്ടി വന്ന ഒരു അവസ്ഥാവിശേഷമാണ് പിന്നീടുണ്ടായത്.

പണ്ട് ഒന്നു രണ്ടു ചിത്രങ്ങളൊക്കെ ചെയ്തിട്ടുള്ള ഒരു പഴയ സംവിധായകനാണ് കല്ലയം കൃഷ്ണദാസ്. ഒത്തിരി വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന് ഒരു നിർമാതാവിനെ കിട്ടിയിരിക്കുകയാണ്. അതും നല്ല സാമ്പത്തികമുള്ള രണ്ടു നിർമാതാക്കൾ. കല്ലയത്തിന്റെ ജീവിതാവസ്ഥയൊക്കെ കേട്ടപ്പോൾ അയാളെ ഒന്നു സഹായിക്കാൻ വേണ്ടിയാണ് അവർ സിനിമായെടുക്കാൻ ഇറങ്ങിയത്. പക്ഷേ പഴയ സംവിധായകനെന്നു പറഞ്ഞ് ആർട്ടിസ്റ്റുകൾ ആരും കല്ലയത്തിന് േഡറ്റ് കൊടുക്കുന്നില്ല. അവർ മൂന്നാം നിര നായകന്മാരുടെ അടുത്തു വരെ പോയി നോക്കി, ആരും കല്ലയത്തിനോടു കരുണ കാണിച്ചില്ല.

സിനിമ നടക്കാത്ത ഒരവസ്ഥയായി. കല്ലയം വല്ലാതെ നിരാശനായി വീട്ടിലിരിക്കുമ്പോൾ ഒരു വെളിപാടുപോലെ അയാളോട് ആരോ പറഞ്ഞത്രേ എറണാകുളത്തു പോയി കലൂർ ഡെന്നിസിനെ കണ്ടാൽ കല്ലയത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിത്തരുമെന്ന്. എവിടെയൊക്കെയോ വച്ച് ഒന്നു രണ്ടു പ്രാവശ്യം എന്നെ കണ്ട് പരിചയമുള്ളതല്ലാതെ അത്ര അടുപ്പം ഞങ്ങൾ തമ്മിൽ ഇല്ലെങ്കിലും കല്ലയം കൃഷ്ണദാസ് പിറ്റേന്നു തന്നെ നിർമാതാക്കളെയും കൂട്ടി എന്നെ കാണാൻ എറണാകുളത്തു വന്നു. ഞാൻ അപ്പോൾ ഹൈവേ ഗാർഡനിലിരുന്ന് ബാബു ആന്റണിയെ നായകനാക്കിയുള്ള ഒരു സിനിമയുടെ തിരക്കഥ എഴുതുകയായിരുന്നു.

special-squad

അവർ മൂവരും കൂടി എന്റെ മുറിയിലിരുന്ന് അവർക്കുണ്ടായ തിക്താനുഭവങ്ങളുടെ ചുരുളുകൾ നിവർത്തി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കല്ലയം കൃഷ്ണദാസിന്റെ അവസ്ഥയെക്കുറിച്ചാണ് ഞാൻ ആലോചിച്ചത്. കല്ലയത്തിനെ സഹായിക്കണമെന്ന് എനിക്കാഗ്രഹമുണ്ടെങ്കിലും സ്ക്രിപ്റ്റ് എഴുതാതെ സിനിമ എടുക്കാനാവില്ലല്ലോ? ഇപ്പോൾ എഴുതുന്നതു കൂടാതെ വേറെയും ഒന്നു രണ്ടു പ്രോജക്റ്റ് ഞാൻ കമ്മിറ്റു ചെയ്തിട്ടുണ്ട്. ഇനി ഇതുംകൂടി എങ്ങനെയാണ് എഴുതിത്തീർക്കുക !

ഞാൻ ഒഴിഞ്ഞു മാറാൻ നോക്കുകയാണെന്ന് തോന്നിയപ്പോൾ കല്ലയം കൃഷ്ണദാസ് എന്നെ മാറ്റി നിർത്തിയിട്ട് പറഞ്ഞു, ‘ഡെന്നിച്ചായൻ എന്നെ ഒഴിവാക്കരുത്, എന്റെ ജീവിതം മാത്രമല്ല തുലാസിൽ തൂങ്ങുന്നത്.’ അയാളുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ എനിക്ക് ആ മനുഷ്യന്റെ മുഖത്തു നോക്കി ഉപേക്ഷ പറയാൻ തോന്നിയില്ല. എങ്ങനെയെങ്കിലും സമയം ഉണ്ടാക്കി കല്ലയത്തിന്റെ പടം ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു.

അന്നുതന്നെ ബാബു ആന്റണിയെയും സിൽക്ക് സ്മിതയെയും ചാർമിളയെയും വിളിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്തു. വെറെയും ഒത്തിരി ആർട്ടിസ്റ്റുകൾ അതിലുണ്ടായിരുന്നു. പിന്നെ എല്ലാം ദ്രുതഗതിയിലാണ് നടന്നത്. സ്പെഷൽ സ്ക്വാഡ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടത്.

സ്പെഷൽ സ്ക്വാഡിന്റെ ഷൂട്ടിങ് എറണാകുളത്തു വെല്ലിങ്ടൻ ഐലൻഡിലും പരിസരത്തുമൊക്കെ വച്ചായിരുന്നു.

സ്മിത താമസിച്ചിരുന്നത് വെല്ലിങ്ടൻ ഐലൻഡിലെ താജ് ഹോട്ടലിലായിരുന്നു. സ്മിത വന്ന ആദ്യ ദിവസം ആ ഹോട്ടലിലെ ഒരു മുറിയിലായിരുന്നു ഷൂട്ടിങ്.

ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് ഞാൻ സ്മിതയെ കാണാൻ അവളുടെ മുറിയിലേക്ക് ചെന്നു. അവൾ മേക്കപ്പും കഴിഞ്ഞിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾത്തന്നെ ‘വരണം സാർ വരണം’ എന്നുപറഞ്ഞു കൊണ്ട് അകത്തെ മുറിയിലേക്കു ക്ഷണിച്ചു.

‘സാർ ഇവിടെ ഉണ്ടായിരുന്നോ?’

‘ഇല്ല ഞാൻ ഇപ്പോൾ വന്നതേയുള്ളൂ അപ്പോൾ നിന്നെ ഒന്ന് കണ്ടിട്ടു പോകാമെന്നു കരുതി.’ ഞാൻ പതുക്കെ സെറ്റിയിലിരുന്നു.

‘ഞാൻ സാറിനെ വിളിക്കാനിരിക്കുകയായിരുന്നു. അപ്പോൾ ദാ സാർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.’ അവൾ നന്നായിട്ട് മലയാളം പറയുന്നതു കേട്ട് ഞാൻ ചോദിച്ചു. ‘നീ നന്നായിട്ട് മലയാളം പറയുന്നുണ്ടല്ലോ, ആര് പഠിപ്പിച്ചു തന്നു ഈ മലയാളം?’

‘വർഷങ്ങൾ കുറേയായില്ലേ സാറേ ഞാൻ മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. പിന്നെ മലയാളം മാത്രമല്ലല്ലോ സാർ നമ്മൾ പഠിക്കുന്നത്. ജീവിതവും പഠിക്കുകയല്ലേ.’

അങ്ങനെ പറഞ്ഞ് അവൾ ഉച്ചത്തിൽ ചിരിച്ചെങ്കിലും മുഖത്തു ഒരു തണുത്ത നിസ്സംഗത നിഴൽ മൂടിക്കിടക്കുന്നതു പോലെ എനിക്കു തോന്നി. ഞാൻ അവൾ കാണാതെ അവളെ നിരീക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ തവണ മദ്രാസിൽ വച്ചു കണ്ടതിനേക്കാൾ അവൾ അല്പം ക്ഷീണിച്ചിട്ടുണ്ട്. മുഖത്ത് ചെറിയൊരു വാട്ടവും കാണുന്നുണ്ട്. ഇനി ഏതെങ്കിലും സിനിമയ്ക്കു വേണ്ടി സ്ലിമ്മാകാൻ നോക്കുകയായിരിക്കുമോ?

അപ്പോൾ മുറിയിൽനിന്ന് അവളുടെ ഹെയർ ഡ്രസ്സർ പുറത്തേക്കു പോയി.

ഞാൻ വെറുതെ ഒരു കുശലം പോലെ ചോദിച്ചു.

‘എന്തു പറ്റി നിനക്ക്, കഴിഞ്ഞ തവണ കണ്ടതിനെക്കാൾ ചെറുതായിട്ട് ഒന്നു ക്ഷീണിച്ചിട്ടുണ്ടല്ലോ പിന്നെ മുഖത്ത് ഒരു ഡൾനസ് ഫീലിങ്സും.’

‘ജീവിതമല്ലേ സാർ എപ്പോഴും ഒരു പോലെ ഇരിക്കില്ലല്ലോ?’

സ്മിത അങ്ങനെ പറഞ്ഞെങ്കിലും മുഖത്ത് യാതൊരു ഭാവവ്യത്യാസവും കാണാനായില്ലെങ്കിലും അവളുടെ ഉള്ളിൽ എന്തൊക്കെയോ അരുതായ്മകൾ ഉള്ളതു പോലെ എനിക്കു തോന്നി.

ഇനി അവളുടെ ലൈഫ് പാർട്ട്ണറുമായി എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിക്കാണുമോ?

ഭാര്യയും കുട്ടികളുമുള്ള ഒരാളോടുള്ള പ്രണയം, ലിവിങ് ടുഗെദർ, വർഷങ്ങളായി ഒരുമിച്ചുള്ള ജീവിതം.

അവളുടെ രക്ഷകനായി അയാൾ വന്നതാണ് അവളുടെ കരിയറിലുണ്ടായ ഉയർച്ചയ്ക്കും ജനം അറിയുന്ന ഒരു താരറാണിയായി തെന്നിന്ത്യൻ സിനിമ കീഴടക്കാനും കാരണമായത്.

മുറിയിൽ ഏകാന്തത പടരു മുൻപേ അവളുടെ മനസ്സറിയാനായി ഞാനിങ്ങനെ ചോദിച്ചു.

‘എന്താ നിനക്ക് എന്തെങ്കിലും പ്രോബ്ലംസ് ഉണ്ടോ?’

‘ഹേയ് ഒന്നുമില്ല സാർ. നത്തിങ്.’ നിമിഷനേരത്തിനുള്ളിൽത്തന്നെ അവൾ മറുപടി പറയുകയും ചെയ്തു.

‘അതുവെറുതെ, നിങ്ങൾ തമ്മിൽ എന്തെങ്കിലും ഡീപ്പ് ആയ ഇമോഷനൽ ഇഷ്യൂസ് ഉണ്ടായോ? ‘

അവൾ വേഗം എഴുന്നേറ്റു കൊണ്ടു പറഞ്ഞു ‘ഇല്ല സാർ, സാർ എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്. നമുക്ക് എന്റെ ആക്ടിങ് കരിയറിനെക്കുറിച്ച് സംസാരിക്കാം. അഭിനയത്തിൽ എനിക്ക് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തണം സാർ.’

‘നിന്റെ ലൈഫാണ് നീ ഇനി സേഫാക്കേണ്ടത്. അതു സേഫായാൽ പിന്നെ ഫ്യൂച്ചറും കരിയറുമൊക്കെ താനെ ഉണ്ടാകും.’

എന്റെ വാക്കുകൾ അവളെ ഒരു നിമിഷം നിശബ്ദയാക്കി.

ഇനി അവളോട് ഇങ്ങനെയൊക്കെ തുറന്നു ചോദിക്കാനുള്ള ഒരവസരം കിട്ടുമെന്ന് എനിക്കു തോന്നിയില്ല.

‘ഞാൻ നിന്നോട് ഒന്നു ചോദിക്കട്ടെ, അയാൾക്കു വേറെ ഭാര്യയും മകനുമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണോ നീ അയാളുടെ കൂടെ കൂടിയത്?’

എന്റെ ചോദ്യത്തിന് അവൾ മറുപടി പറയാൻ വിഷമിക്കുന്നതു കണ്ടു ഞാൻ ഉൾവലിഞ്ഞുകൊണ്ടു പറഞ്ഞു. ‘നിന്റെ പഴ്സനൽ ഇഷ്യൂസ് നിനക്ക് തുറന്നു പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. നമുക്ക് ഈ ചാപ്റ്റർ ഇവിടെ വച്ച് ക്ലോസ് ചെയ്യാം.’

‘സാറിനോട് പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടിപ്പെണ്ണിന്റെ വിലാപം പോലെ സാറിന് തോന്നാതിരുന്നാൽ മതി.’

അവൾ ഒരു പ്രണയകഥ പറയാനുള്ള ഒരുക്കം പോലെ ഫ്രിജിൽ നിന്ന് തണുത്ത വെള്ളമെടുത്തു കുടിച്ചു കൊണ്ട് എന്റെ അരികിലായി വന്നിരുന്നു.

‘കണക്കുകൾ ഒന്നുമറിയാത്ത എന്റെ കണക്കുകൂട്ടലുകൾ മുഴവൻ തെറ്റിയെന്ന് എനിക്കു തോന്നുന്നില്ല സാർ, സ്നേഹവും പ്രണയവുമൊക്കെ അറിയാതെ മനസ്സിൽ കയറിക്കൂടുന്ന ഒരു പ്രത്യേക വികാരമല്ലേ?’

ഒരു അനുഭവകഥയുെടെ ആമുഖം പോലെ അവൾ പതുക്കെ പറഞ്ഞു തുടങ്ങി.

(തുടരും)

അടുത്തത് ലേഡി സൂപ്പർ സ്റ്റാർ വിജയശാന്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com