ADVERTISEMENT

‘എന്താ മിസ്റ്റർ ജോർജ്. ഒക്ടോബറിൽ ഡേറ്റ് വേണമെന്നോ? ഹേയ് നടക്കില്ല’ എന്നു നസീർ സർ എടുത്തടിച്ചതു പോലെ പറയുമെന്ന് ജോർജേട്ടൻ ഒരിക്കലും കരുതിയില്ല. അതു മാത്രമല്ല ഞങ്ങൾ കേട്ടതിലുള്ള വിഷമവും ജോർജേട്ടന്റെ മുഖത്ത് ഒരു മഞ്ഞനിറം നിഴൽ പടർത്തിയിരുന്നു. എന്നാലും ജോർജേട്ടൻ തന്റെ ഭാഗം സമർഥിക്കാൻ ശ്രമിക്കുകയായിരുന്നു. 

 

‘ശശികുമാർ സാറും എസ്.എൽ പുരവും ഒക്ടോബറിൽ ഒരു സിനിമ ചെയ്തു തരാമെന്ന് പറ‍ഞ്ഞതു കൊണ്ടാണ് ഞാന്‍’..ജോർജേട്ടന്റെ വാക്കുകൾ പൂർത്തീകരിക്കും മുൻപേ നസീർ സാർ ഇടയിൽ കയറി പറഞ്ഞു. ‘ഒക്ടോബറിലെ ഷൂട്ടിങ് ഷെഡ്യൂൾ തീരുമാനിച്ചത് എന്നോടു ചോദിച്ചിട്ടാണോ? അടുത്ത ഏപ്രിൽ വരെയുള്ള ഡേറ്റ് ഞാൻ ഓരോരുത്തർക്ക് കൊടുത്തിരിക്കുകയാണ്. മറ്റുള്ളവർക്ക് കൊടുത്ത കോൾഷീറ്റ് എങ്ങനെയാണ് ജോർജിന് എടുത്തു തരാൻ പറ്റുക. ഞാൻ അങ്ങിനെയൊന്നും ശീലിച്ചിട്ടില്ല.’

 

നസീർ സർ അത്രയും കൂടി പറഞ്ഞപ്പോൾ ജോർജേട്ടൻ വല്ലാതായി. താൻ എപ്പോൾ ചോദിച്ചാലും ഡേറ്റ് തരുമെന്നും പറഞ്ഞ് വലിയ വീമ്പിളക്കി വന്നിട്ട് ഞങ്ങളുടെ മുൻപിൽ കുന്നിക്കുരുപോലെ ചെറുതായിപ്പോയ തന്റെ ജാള്യത മറക്കാൻ ജോർജേട്ടൻ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. 

 

നിമിഷനേരം അവിടെ നിശ്ശബ്ദത നിഴൽ മൂടി നിന്നിരുന്നു. 

 

അൽപം കഴിഞ്ഞപ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്ടർ നസീർ സാറിന്റെ അടുത്തേക്കു വന്നു കൊണ്ടു പറഞ്ഞു.

 

‘സാർ... സെറ്റ് റെഡി സാർ...’

 

നസീർ സാർ അപ്പോൾ തന്നെ എഴുന്നേറ്റ് കൊണ്ട് ജോർജ് ചേട്ടനെ നോക്കി പറഞ്ഞു.

 

‘ഞാൻ ഫ്ലോറിലോട്ട് ചെല്ലട്ടെ.. ജോർജ് ഇപ്പോൾ പോകുന്നുണ്ടോ?’

 

‘ഉണ്ട്... എനിക്ക് അത്യാവശ്യമായി ഒന്നു രണ്ടു പേരെ കാണാനുണ്ട്’. ജോർജേട്ടൻ പോകാൻ തിരക്കുകൂട്ടുകയായിരുന്നു. 

 

‘ശരി. ശരി. പോയിട്ടു വാ...’

 

നസീർ സാർ ഫ്ലോറിലേക്ക് കയറിപ്പോയപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്നിറങ്ങി. ‍ജോർജ് ചേട്ടന്റെ മുഖത്തു നോക്കാൻ ഞങ്ങൾക്ക് തോന്നിയില്ല. ആ വിഷമവും ചമ്മലുമൊക്കെ അൽപം  മാറിയതിനു ശേഷമാണ് പിന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ മുഖത്തു നോക്കിയത്.

 

നസീർ സർ വളരെ ശാന്തനും മൃദുഭാഷിയുമാണെന്നാണ് കേട്ടിരിക്കുന്നത്. ഇന്നിതെന്തു പറ്റി? തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ എപ്പോഴും മനുഷ്യന് ഒരേ പോലെയിരിക്കാൻ പറ്റില്ലല്ലോ? ഞാൻ മനസ്സിൽ ഓർത്തു. 

 

movie-posters

കാർ കുറേ മുന്നോട്ടു നീങ്ങിയപ്പോള്‍ ഞങ്ങൾ ഓരോ തമാശകൾ പറഞ്ഞ് ജോർജ് ചേട്ടന്റെ മൂഡ് മാറ്റിയെടുക്കാൻ നോക്കിയെങ്കിലും കക്ഷി അപ്പോഴും ഏതോ ഓർമയിലിരിക്കുകയായിരുന്നു. ജോർജ് ചേട്ടൻ കാണേണ്ടവരെയൊക്കെ പോയി കണ്ട് ഞങ്ങൾ റൂമിൽ തിരിച്ചെത്തിയപ്പോൾ രാത്രി എട്ടുമണിയാകാറായി. യാത്രാക്ഷീണം കൊണ്ട് വേഗം ഭക്ഷണം കഴിച്ചു കിടക്കാമെന്നു കരുതിയാണ് വന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജോർജേട്ടൻ ഏതോ ഒരു തീരുമാനം പോലെ പറഞ്ഞു. 

 

‘നമുക്ക് ഒരു സെക്കൻഡ് ഷോ സിനിമ കാണാൻ പോയാലോ? ഇവിടെ തൊട്ടടുത്തുള്ള രാജകുമാരി തിയേറ്ററിൽ നല്ല ഒരു സിനിമ ഓടുന്നുണ്ട്.’

 

െസക്കൻഡ് ഷോയ്ക്ക് പോകാൻ അത്ര താൽപര്യമൊന്നുമുണ്ടായില്ലെങ്കിലും ജോർജ് ചേട്ടന്റെ വിഷമം മാറിക്കിട്ടുമെങ്കിൽ ആയിക്കോട്ടെ എന്നോർത്തപ്പോൾ ‍ഞങ്ങളും കൂടെ പോകാൻ തയാറായി. തിയറ്ററിൽ ചെന്നപ്പോൾ സിനിമ തുടങ്ങിയിരുന്നു. ‘ശിരിശിരിമൂവാ’ എന്ന തെലുങ്ക് ഡബ്ബിങ് സിനിമയാണ്. ജോർജേട്ടൻ അതിലെ നായകനെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണെന്ന് എനിക്കു തോന്നി നല്ല ഡാൻസറായ മെയ്‌വഴക്കമുള്ള മുടി നീട്ടി വളർത്തിയിട്ടുള്ള സ്മാർട്ടായൊരു പയ്യൻ. നായകന്റെ പേര് ഞാനിപ്പോൾ ഓർക്കുന്നില്ല. അന്നത്തെ അറിയപ്പെടുന്ന ഒരു തെലുങ്ക് നടനാണ്. സിനിമ കാണുന്നതിനിടയിൽ ജോർജേട്ടൻ പറഞ്ഞു. 

 

‘ഈ നായകനെ ഒന്നു ശ്രദ്ധിച്ചോളൂ’, ‍ഞങ്ങൾ നായകന്റെ അഭിനയം ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇന്റർവെൽ ആയപ്പോൾ ഒരു ആമുഖവുമില്ലാതെ ജോർജേട്ടൻ പറഞ്ഞു. ‘നമ്മുടെ സിനിമ ഉടനെ തുടങ്ങണം. ഈ നായകനെ നമുക്ക് മലയാളത്തിൽ കൊണ്ടു വന്നാലോ?’

 

raktham-movie

‘നസീർ സാറിന് പകരമോ?’ ഞാൻ പെട്ടെന്ന് ചോദിച്ചു. 

 

‘എന്താ നല്ല സ്മാർട്ടല്ലേ? ഡാൻസും ഫൈറ്റുമൊക്കെ നന്നായിട്ടു ചെയ്യുന്നുണ്ട്.  ഓരോരുത്തരുടേയും പിറകേ നടക്കുന്നതിലും ഭേദമല്ലേ?’

 

ജോർജ് ചേട്ടന്‍ നസീർ സർ ഡേറ്റു കൊടുക്കാത്തതിന്റെ വാശിയിലാണെന്ന് എനിക്ക് മനസ്സിലായി. വാശിയൊക്കെ നല്ലതാണ്. പക്ഷേ അതിനൊക്കെ ഒരു പരിധിയില്ലേ? ഞാൻ പെട്ടെന്നു തന്നെ പ്രതികരിക്കുകയും ചെയ്തു. 

 

‘ജോർജേട്ടൻ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഈ നരന്തു പയ്യനെ വച്ച് മലയാളത്തിൽ സിനിമ എടുത്താൽ എട്ടു നിലയിൽ പൊട്ടുമെന്ന് ഉറപ്പാ. ഒരു തെലുങ്കൻ നായകനെ വച്ചു സിനിമ ചെയ്തോളാമെന്ന് പരുമല പള്ളിയിൽ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ ജോർജേട്ടൻ.’ 

 

ഞാൻ അൽപം കടുപ്പിച്ച് തന്നെയാണ് പറഞ്ഞത്. ജോൺ പോളിനും കിത്തോയ്ക്കും എന്റെ അഭിപ്രായം തന്നെയായിരുന്നു. 

 

‘വാ... മതി നമുക്ക് പോകാം.... വെറുതെ എന്തിനാണ് ഈ സിനിമ കണ്ട് ഉറക്കം കളയുന്നത്?’

 

ഞങ്ങൾ തിയറ്ററിൽ നിന്നിറങ്ങി മുറിയിൽ വന്നു കിടക്കാനൊരുങ്ങുമ്പോൾ വീണ്ടും ഉപദേശിമാരുടെ മേലങ്കിയണിഞ്ഞപ്പോഴാണ് ജോർജേട്ടന്റെ വാശിയുടെ വാൾമുനയ്ക്ക് നന്നായിട്ട് തേയ്മാനം വന്നത്. അങ്ങനെ ജോർജേട്ടന്റെ ആദ്യത്തെ സിനിമാ സംരംഭത്തിന് അവിടെ തിരശ്ശീല വീഴുകയായിരുന്നു. അന്ന് വൈകുന്നേരം തന്നെ ഞങ്ങൾ എറണാകുളത്തേക്ക് പോരുകയും ചെയ്തു. 

 

പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ ജോർജേട്ടൻ ഏയ്ഞ്ചൽ ഫിലിംസ് എന്ന പേരിൽ പുതിയൊരു വിതരണ കമ്പനി തുടങ്ങി. നസീർ സാറിന്റെ ഒരു പടം വിതരണത്തിനെടുക്കാനിരുന്നപ്പോഴാണ് ജേസിയുടെ ‘അവൾ വിശ്വസ്തയായിരുന്നു’ എന്ന സിനിമ വരുന്നത്. ജെ. ജെ. കുറ്റിക്കാട്ട് എന്ന ചെറുപ്പക്കാരനായിരുന്നു നിർമാതാവ്. വിൻസന്റും ജയഭാരതിയുമായിരുന്നു നായികാനായകന്മാർ. നസീർ സാറിനെ വച്ചുള്ള നിർമാണ സംരംഭത്തിനു മുന്‍പേ തന്നെ ജോർജേട്ടൻ ‘അവൾ വിശ്വസ്തയായിരുന്നു’ എന്ന ചിത്രത്തിന്റെ വിതരണക്കാരനായി മാറുകയായിരുന്നു. അതെ തുടർന്ന് നസീർ സാറിനെ വച്ചുള്ള സ്വന്തം പടങ്ങൾ അടക്കം ‘ഓപ്പോൾ’, ‘അക്ഷരങ്ങൾ’ തുടങ്ങിയ മികച്ച ഒത്തിരി ചിത്രങ്ങള്‍ ജോർജേട്ടന്റെ ഏയ്ഞ്ചൽ ഫിലിംസിൽ നിന്നും പുറത്തു വന്നിട്ടുണ്ട്. അന്നത്തെ ഏറ്റവും വലിയ നിർമാണ വിതരണ കമ്പനിയായിരുന്നു ഏയ്ഞ്ചൽ ഫിലിംസ്.

 

വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ ഇതേപോലെ തന്നെ മറ്റൊരു അനിഷ്ട സംഭവം കൂടി ഉണ്ടായി. നസീർ സാറും മറ്റൊരു പത്രമുടമയുമായ ശങ്കരന്‍ നായരുമാണ് ഇതിലെ കഥാപാത്രങ്ങളായി വന്നത്. അന്നു കോട്ടയത്തു നിന്ന് ‘സിനിമാ മാസിക’ എന്ന ഒരു വലിയ പ്രസിദ്ധീകരണം ഇറങ്ങിയിരുന്നു. ജോർജേട്ടനെക്കാൾ വലിയ അടുപ്പമായിരുന്നു നസീർ സാറും ശങ്കരൻ നായരും തമ്മിൽ. എറണാകുളത്തു വച്ച് നടന്ന ആ വർഷത്തെ കേരള ഗവൺമെന്റിന്റെ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വച്ച് നസീർ സാറും ശങ്കരൻ നായരും തമ്മിൽ ചില കശപിശകളൊക്കെയുണ്ടായി. മലയാള ചലച്ചിത്ര ലോകം ഞെട്ടലോടെയാണ് ആ വാർത്ത കേൾക്കുന്നത്.

 

അവാർഡ് ഫംഗ്ഷനിൽ വച്ച് നസീർ സാർ ശങ്കരൻ നായരുടെ കരണത്തടിച്ചത്രേ! കേട്ടവർ കേട്ടവര്‍ അത്ഭുതം കൂറി സ്വയം പറഞ്ഞു. നസീർ സാർ ഇങ്ങനെ ചെയ്യുമോ എന്ന്. അന്ന് വളരെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു വാർത്തയാണത്. ആ ദിവസത്തെ എല്ലാ പത്രങ്ങളും നസീർ സാറിന്റെ പക്ഷം ചേർന്നാണ് വാർത്ത കൊടുത്തത്. 

 

അന്ന് ഞാൻ ചിത്രപൗർണമി സിനിമാ വാരിക നടത്തുന്ന സമയമാണ്. നസീർ സാറിന്റെ കാർമികത്വത്തിൽ എ.എൻ. രാമചന്ദ്രൻ നടത്തിയിരുന്ന വാരികയായിരുന്നു അത്. കുറേക്കാലം കഴിഞ്ഞ് രാമചന്ദ്രനിൽ നിന്നും വാരിക ഞങ്ങൾ വാങ്ങിയതാണ്. ശങ്കരൻ നായരെ നസീർ സാർ കരണത്തടിച്ചു എന്ന് കേട്ടപ്പോൾ ഒരു പത്രക്കാരന്റെ ആത്മരോഷം എന്നിൽ സടകുടഞ്ഞെഴുന്നേറ്റു. നസീർ സർ ശങ്കരൻ നായരെ അടിക്കാൻ പാടില്ലായിരുന്നു എന്ന പക്ഷക്കാരനായിരുന്നു ഞാൻ. 

 

ആ ആഴ്ച ഇറങ്ങിയ ഞങ്ങളുടെ ചിത്രപൗർണമിയിൽ നസീർ സാറിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഞാൻ ലേഖനമെഴുതിയത്. നസീർ സാറും, കെ.പി. ഉമ്മറും കൂടി ഏതോ ഒരു സിനിമയിലെ സ്റ്റണ്ടു സീനിന്റെ സ്റ്റില്ലും കൊടുത്ത് ‘സിനിമയിലെ സ്റ്റണ്ടല്ല’ എന്നൊരു അടിക്കുറിപ്പും എഴുതി പിടിപ്പിച്ചു. അത് കണ്ട ഭൂരിഭാഗം പേരും എന്നെയാണ് അന്ന് കുറ്റപ്പെടുത്തിയത്. 

 

സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സ്റ്റേഡിയത്തിലെ ‘അടി’യുടെ സത്യാവസ്ഥ ഞാൻ അറിയുന്നത്. അന്ന് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്ന ശങ്കരൻ നായർ നസീർ സർ ഇരുന്നിരുന്ന മുൻ നിരയിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലാണ് വന്നിരുന്നത്. ശങ്കരൻ നായർ നല്ല മദ്യലഹരിയിലായിരുന്നു. രണ്ടു പേരും അന്നു സുഹൃത്തുക്കളായിരുന്നതു കൊണ്ട് ശങ്കരൻ നായർ അൽപം സ്വാതന്ത്ര്യം കൂടുതൽ കാണിക്കാൻ തുടങ്ങി. അവര്‍ തമ്മിലുള്ള കുശലം പറച്ചിലും തമാശകളുമൊക്കെ കഴിഞ്ഞെങ്കിലും ശങ്കരൻ നായർ മദ്യലഹരിയിൽ പരിധി വിട്ട് പെരുമാറാൻ തുടങ്ങി. നസീർ സർ പലവട്ടം ഉപദേശിച്ചെങ്കിലും കക്ഷിയുടെ പെരുമാറ്റം ഒട്ടം സഹിക്കാനാവാതെ വന്നപ്പോഴാണ് അദ്ദേഹത്തിന് ശങ്കരൻ നായരെ അടിക്കേണ്ടി വന്നത്. വേറെ ആരാണെങ്കിലും ഇതിലും മുൻേപ അടിച്ചു പോകുമായിരുന്നെന്ന് ദൃക്സാക്ഷികൾ  പറഞ്ഞതുകൂടി കേട്ടപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധമുണ്ടായി. എനിക്ക് അപ്പോൾ തന്നെ  സാറിനെ പോയി കണ്ട് ക്ഷമാപണം നടത്തണമെന്ന് തോന്നി. 

 

കാലം വലിയ ഒരു മഹാനാണല്ലോ? എല്ലാ മുറിവുകളും വേദനകളും ഉണക്കാനുള്ള ഒരു മാന്ത്രിക വടി കൊണ്ട് മനുഷ്യന്റെ മനസ്സിനെ ശുദ്ധീകരിച്ചെടുക്കാൻ കഴിയുമെന്ന് പറയുന്നതെത്ര അന്വർഥമാണ്. 

 

അധികം നാളുകൾ കഴിയുന്നതിനു മുൻപേ ചില സുഹൃത്തുക്കൾ വഴി നസീർ സാറും ശങ്കരൻ നായരും തമ്മിലുള്ള പിണക്കം പറഞ്ഞു തീർത്ത് രണ്ടു പേരെയും നല്ല സമരിയക്കാരാക്കി. ശങ്കരൻ നായരുെട സിനിമാ മാസികയുടെ പേരിൽ കോട്ടയത്തു വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് നസീർ സാറായിരുന്നു. ആ വേദിയിൽ വച്ച് നസീർ സാർ ശങ്കരൻ നായരോട് പരസ്യമായി സോറി പറയുകയും ചെയ്തു. അദ്ദേഹത്തെപ്പോലെയുള്ള ആ മഹത് വ്യക്തിത്വം ആ വലിയ ജനാവലിയുടെ മുന്നിൽ വച്ച് ഇങ്ങനെ ഒരു ക്ഷമാപണം നടത്തിയപ്പോൾ എല്ലാവരും ആ വലിയ മനസ്സിന്റെ മഹത്വത്തെയാണ് വാഴ്ത്തിപ്പാടിയത്. ഇത്രയും ഹൃദയവിശാലതയുള്ള ഒരു പുരുഷ പ്രഭാവത്തെ ഇന്ത്യൻ സിനിമയിലല്ല ലോക സിനിമയിൽ പോലും കാണാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നിയത്. 

 

ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന് മുഖം കൊടുക്കാതെ നടന്നെങ്കിലും ഞാൻ സിനിമാ രചയിതാവായപ്പോൾ ഒരു ദിവസം അദ്ദേഹത്തെ കാണേണ്ട ഒരു സിറ്റുവേഷനിൽ ചെന്നു പെട്ടു. 

 

നസീർ സാർ തുടങ്ങിവച്ച ചിത്രപൗർണമിയിൽ തന്നെ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു എഴുതിയ ആളാണ് തന്റെ മുന്നിലിരിക്കുന്നതെന്നുള്ള യാതൊരു ഭാവവ്യത്യാസവുമില്ലാതെ വളരെ ഹൃദ്യമായി എന്നോടു പെരുമാറിയ ആ നന്മയുടെ നറുനിലാവെട്ടത്തിന് മുന്നിൽ ഇരുന്നു ഞാൻ ഉരുകുകയായിരുന്നു. ഒരു കുറ്റസമ്മതം നടത്താനുള്ള അവസരം പോലും തരാതെ ഒരു നസീറിയൻ ചിരിയിലും പെരുമാറ്റത്തിലും എന്നെ ഉലയിലിട്ട് ഉരുക്കിയെടുക്കുകയായിരുന്നു അദ്ദേഹം. 

 

നസീർ സാറും മധുസാറും അഭിനയിച്ച, ഞാൻ തിരക്കഥ എഴുതിയ ‘രക്തം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കിനും ഉപദേശത്തിനും ഒത്തിരി അർഥമുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇന്നത്തെ പുതിയ തലമുറ സഹജീവികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് മനസ്സിലാക്കണമെങ്കിൽ പൂജാ മുറിയിൽ നസീർ സാറിന്റെ ഫോട്ടോ വയ്ക്കുന്നത് നന്നായിരിക്കും. 

 

(തുടരും..)

 

അടുത്തത് : ദേവരാജ സംഗീതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com