ADVERTISEMENT

ദേവരാജ സംഗീതം കേൾക്കാത്ത, ആസ്വദിക്കാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടാകുമോ എന്നൊരു കണക്കെടുപ്പു നടത്തിയാൽ ‘ഇല്ല’ എന്ന കോളം ശൂന്യമായി കിടക്കാനാണ് സാധ്യത എന്നാണ് എനിക്കു തോന്നുന്നത്. മൂന്ന് വ്യാഴവട്ടക്കാലം ജനഹൃദയങ്ങളിൽ ശുദ്ധസംഗീതത്തിന്റെ തേന്മഴ പൊഴിച്ച ദേവരാജൻ മാഷെന്ന് എല്ലാവരും വിളിക്കുന്ന ഈ സംഗീതജ്ഞനെ മലയാളി ഉള്ളിടത്തോളം കാലം മറക്കില്ല എന്ന് പറയാനാണ് എനിക്ക് ഏറെ ഇഷ്ടം.  അദ്ദേഹത്തിന്റെ സംഗീതത്തിൽ വിരിഞ്ഞ തുമ്പി തുമ്പി വാവാ, പെരിയാറെ പെരിയാറെ, ചക്രവർത്തിനി, ആയിരംപാദസരങ്ങൾ, കായാമ്പൂ കണ്ണിൽ വിടരും, ചന്ദ്രകളഭം ചാർത്തിയുറങ്ങും, സുമംഗലീ നീ ഓർമിക്കുമോ, പ്രവാചകന്മാരേ, സംഗമം സംഗമം, പ്രിയ സഖി ഗംഗേ, സന്യാസിനി തുടങ്ങിയ മാന്ത്രിക ഭാവമുള്ള ആ പഴയ പാട്ടുകൾ ഇന്നും ഞാനറിയാതെ എന്റെ മനസ്സ് മൂളിപ്പോകാറുണ്ട്. 

 

ഹിന്ദി സിനിമകളിലെ പാട്ടുകളുടെ ട്യൂൺ കടം കൊണ്ടു രൂപപ്പെടുത്തിയെടുത്തതായിരുന്നു നമ്മുടെ ആദ്യകാല ചിത്രങ്ങളിലെ ഭൂരിഭാഗം ഗാനങ്ങളും. ഹിന്ദി ട്യൂണിന് അനുസരിച്ച് വാക്കുകൾ ഉപയോഗിക്കുമ്പോൾ തോന്നുന്ന അരോചകത്തിന് ഒരു മാറ്റം വരുത്തിയ ആദ്യത്തെ സംഗീതസംവിധായകനാണ് ദേവരാജൻ മാഷ് എന്നു പറഞ്ഞാൽ ആർക്കും എതിരഭിപ്രായമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല.  തുടർന്ന് കെ. രാഘവൻ മാഷ് കൂടി വന്നപ്പോഴാണ് മലയാള ചലച്ചിത്ര സംഗീതശാഖ പൂത്തു തളിർക്കാൻ തുടങ്ങിയത്. 

yesudas-devarajan

 

എന്റെ യൗവ്വനകാലത്ത് ഞാൻ ദേവരാജൻ മാഷിന്റെ ഭക്തനായിരുന്നു. മാഷിന്റെ നദിയിലെ കായാമ്പൂ കണ്ണിൽ വിടരും എന്ന പ്രണയഗാനം കേട്ടാണ് എന്നിൽ ആദ്യമായി പ്രണയം മുളച്ചത്. വിവാഹിതയിലെ സുമംഗലീ നീ ഓർമിക്കുമോ എന്ന വിരഹ ഗാനം കേൾക്കാനായി എന്നും വൈകുന്നേരങ്ങളിൽ എന്റെ കൂട്ടുകാരൻ ആന്റണിയുമായി എറണാകുളത്തു പത്മാ തിയറ്ററിന്റെ മുന്നിൽ പോയി നിന്നിരുന്ന പൂര്‍വകാലം ഇന്നും എന്റെ മനസ്സിൽ ഒരു ഓർമചിത്രം പോലെ മായാതെ കിടക്കുന്നുണ്ട്. ദേവരാജൻ മാഷിന്റെ പാട്ടുകേട്ടുകേട്ടുണ്ടായ ഇഷ്ടത്തിനപ്പുറം അദ്ദേഹത്തെ നേരിൽ കാണാനോ പരിചയപ്പെടാനോ കഴിയുമെന്ന് രാത്രിയിൽ വെറുതെ കാണുന്ന സ്വപ്നങ്ങളിൽ പോലും ഞാൻ കണ്ടിട്ടില്ല.  എല്ലാം വിധിയുടെ നിയോഗം പോലെ ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് മാഷുമായി ഒരു ആത്മബന്ധം ഉണ്ടാക്കാൻ കഴിയുകയെന്നത് ഒരു മഹാഭാഗ്യമായിട്ടാണു ഞാൻ കാണുന്നത്. മഹാഭാഗ്യം എന്നു പറയാന്‍ പ്രത്യേക ഒരു കാരണം കൂടിയുണ്ട്. 

 

ദേവരാജൻ മാഷ് സാധാരണ സംഗീത സംവിധായകന്മാരെ പോലെയുള്ള ആളല്ലായിരുന്നു. ആളൊരു പുലിയാണെന്നാണ് സിനിമാവൃത്തങ്ങളിൽ അന്നു പറഞ്ഞു കേട്ടിരുന്നത്. പെട്ടെന്നാരോടും അങ്ങനെ ഇണങ്ങാത്ത ഒരു പരുക്കൻ പ്രകൃതക്കാരൻ. മനസ്സിൽ തോന്നുന്നതെന്തും ഏതവന്റെയും മുഖത്തു നോക്കി വിളിച്ചു പറയാനും ഒരു മടിയുമില്ല. നിർമാതാക്കളെ ട്യൂണ്‍ കേൾപ്പിക്കുന്നതിൽ ഒട്ടും താൽപര്യം കാണിക്കാത്ത, വാക്കുകളിൽ പിശുക്കു കാണിക്കുന്നയാൾ തുടങ്ങിയുള്ള  പല പേരുകളിലും അറിയപ്പെടുന്ന ആളാണെങ്കിലും കൂടുതൽ അടുത്തു കഴിയുമ്പോഴാണറിയുന്നത് അദ്ദേഹം ഒരു പൊതിച്ച തേങ്ങ പോലെയാണെന്ന്.  പുറമെ റഫാണെങ്കിലും ഉള്ളം തേങ്ങപോലെ വെളുത്തതാണ്. സോഫ്ടാണ്. സോഫ്ട് ആൻഡ് ഗുഡ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. 

 

 

1977-ലാണ് ഞാൻ ദേവരാജൻ മാഷിനെ ആദ്യമായി പരിചയപ്പെടുന്നത്. ഒരു പുലിമടയിലേക്കാണ് ഞാൻ ചെല്ലുന്നതെന്ന് ചെറിയ ഒരുൾഭയം എനിക്കുണ്ടായിരുന്നെങ്കിലും ഒരു പത്രക്കാരന്റെ തൻപ്രമാണിത്തം എന്റെയുള്ളിൽക്കിടന്നിരുന്നു.  

 

ഞാൻ ഐ.വി. ശശി സംവിധാനം ചെയ്ത ‘ഈ മനോഹരതീര’ത്തിന്റെ നിർമാതാക്കളുടെ അഭ്യുദയകാംക്ഷിയായതുകൊണ്ട് ആ ചിത്രത്തിന്റെ തിരക്കഥാകാരനും സാഹിത്യകാരനുമായ പാറപ്പുറത്തു സാർ മുഖേനയാണ് ഞാൻ ദേവരാജ സവിധത്തിലെത്തുന്നത്.  മാഷിന്റെ ചെന്നൈയിലെ കാംദാർ നഗറിലുള്ള വീട്ടിലാണ് ഞങ്ങൾ ചെന്നിരിക്കുന്നത്. പാറപ്പുറത്തു സാറും, മാഷും തമ്മിൽ പണ്ടേ മുതലേ അടുപ്പക്കാരായതു കൊണ്ട് വളരെ ഹൃദ്യമായ ഒരു സ്വീകരണമാണ് ഞങ്ങൾക്കു ലഭിച്ചത്.  എന്റെ കൂടെ ആർട്ടിസ്റ്റ് കിത്തോയുമുണ്ട്.  മാഷ് കുളിക്കാനായി ശരീരം മുഴുവൻ എണ്ണതേച്ച് പിടിപ്പിച്ച് ഒരു കള്ളിമുണ്ട് മാത്രമുടുത്ത് വെയർ ബോഡിയിലാണ് നിൽക്കുന്നത്.  കണ്ടാൽ വലിയൊരു സംഗീതജ്ഞനാണെന്നൊന്നും തോന്നില്ല.  സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ചെറിയ മനുഷ്യൻ. 

 

ഞാൻ ചിത്രപൗർണമി സിനിമാ വാരികയുടെ പത്രാധിപരാണെന്നുള്ള പാറപ്പുറത്തു സാറിന്റെ അഭിമുഖപ്പെടുത്തലുണ്ടായപ്പോഴാണ് മാഷ് എന്നെ നന്നായിട്ട് ഒന്നു ശ്രദ്ധിച്ചത്. 

 

‘ഇത് നമ്മുടെ എ.എൻ രാമചന്ദ്രനല്ലേ നടത്തിക്കൊണ്ടിരുന്നത് ?’  മാഷിന്റെ നീട്ടിവലിച്ചുള്ള പ്രത്യേക ശബ്ദം എന്റെ നേരെ നീണ്ടു.

 

"അതെ. അത് രാമചന്ദ്രനിൽ നിന്നും ഞങ്ങൾ വാങ്ങി."  ഞാൻ പറഞ്ഞു. 

 

‘പിന്നെ ‘ഈ മനോഹര തീര’ത്തിനു വേണ്ടി ബിച്ചു തിരുമല എഴുതിയ വരികൾ മാഷ് സംഗീതം പകർന്നതിനെക്കുറിച്ചും റിക്കാർഡിങ്ങിനെക്കുറിച്ചുമൊക്കെ പാറപ്പുറത്തു സാറുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മാഷിന്റെ ഭാര്യ ലീലാമണിച്ചേച്ചി ചായയും െചറുപലഹാരങ്ങളുമായി വന്നു. 

 

ഇതിനിടയിൽ ചിത്രപൗർണമിക്കു വേണ്ടി ദേവരാജൻ മാഷിന്റെ ഒരു ഇന്റര്‍വ്യൂ എടുക്കുന്ന കാര്യവും രഹസ്യമായി പാറപ്പുറത്തു സാറിനോടു സൂചിപ്പിക്കാനും ഞാൻ മറന്നില്ല. അപ്പോൾ തന്നെ പാറപ്പുറത്തു സാർ മാഷിനോട് പറയുകയും ചെയ്തു. ഉടനെ പറ്റില്ല എന്നു പറയുമെന്നാണ് ഞാൻ കരുതിയത്. എന്റെ ഭാഗ്യത്തിന് മാഷ് സമ്മതിക്കുകയായിരുന്നു. 

 

"പത്രക്കാരാണെന്നു കേട്ടപ്പോൾ എനിക്ക്  തോന്നി ഉടനെ വരും ഇന്റർവ്യൂ എന്ന്, ഞാൻ അങ്ങനെ ഇന്റർവ്യൂ ഒന്നും കൊടുക്കാറില്ല.  ഏതായാലും ഞാൻ ഒന്നു കുളിച്ചിട്ടു വരട്ടെ. പത്തു മിനിറ്റിനകം എല്ലാം തീർത്തോളണം." 

 

അതുകേട്ടപ്പോഴാണ് എനിക്കാശ്വാസമായത്.  അടുത്ത ലക്കം ചിത്രപൗർണമിയുടെ ഫ്രണ്ട് പേജിൽ മാഷിന്റെ ഒരു എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ വച്ച് പെരുക്കാം എന്ന് ഞാൻ മനസ്സിൽ കരുതുകയും ചെയ്തു. 

 

മാഷ് കുളിക്കാനായി മുകളിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ പാറപ്പുറത്തു സാറും, നിർമാതാക്കളും പ്രൊഡക്ഷൻ കൺട്രോളറുമെല്ലാവരും കൂടി ഹോട്ടലിലേക്ക് പോകാനായി എഴുന്നേറ്റു. പാറപ്പുറത്തു സാർ പറഞ്ഞു. 

 

"നല്ല ക്ഷീണമുണ്ട് നിങ്ങൾ ഇന്റർവ്യൂ കഴിഞ്ഞു വാ ഞങ്ങൾ ഹോട്ടലിലേക്ക് പോകാം." 

 

പാറപ്പുറത്തു സാറും കൂട്ടരും ഹോട്ടലിലേക്കു പോയി. 

 

മാഷ് കുളി കഴിഞ്ഞു വരുമ്പോൾ എന്തൊക്കെയാണ് ചോദിക്കേണ്ടതെന്ന് ഞാൻ മനസ്സിൽ കുറിച്ചു വയ്ക്കാൻ തുടങ്ങി. അക്കാലത്ത് സിനിമാക്കാർക്കിടയിൽ മാഷിനെക്കുറിച്ചു ചില ആരോപണങ്ങൾ ഉയർന്നിരുന്നു. മാധുരി എന്ന ഗായികയെക്കൊണ്ടു സ്ഥിരമായി പാടിക്കുന്നത് പലരുടെയും അപ്രീതിക്കു കാരണമായിരുന്നു. പിന്നെ നിർമാതാക്കളെ ട്യൂൺ കേൾപ്പിക്കില്ലെന്നുള്ള പരക്കെയുള്ള ഒരു പരാതി വേറെയും. ചോദിച്ചാൽ മാഷിന് ഇഷ്ടപ്പെടുമോ എന്നുള്ള ഒരു ചെറിയ ഉൾഭയം എന്നിലുണ്ടായെങ്കിലും അദ്ദേഹത്തിൽ നിന്ന് തന്നെ നിജസ്ഥിതി അറിയാമല്ലോ എന്നോർത്തപ്പോള്‍ ഞാൻ അതും മനസ്സിൽ കുറിച്ചു വച്ചു. 

 

അൽപം കഴിഞ്ഞപ്പോൾ മാഷ് കുളിയും കഴിഞ്ഞു ഫുൾകൈ ഷർട്ടും ലുങ്കിയുമുടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു. 

yousafali-kechery
യൂസഫലി കേച്ചേരി

 

" എന്താ തനിക്ക് എന്നിൽ നിന്നറിയേണ്ടത്" മാഷിന് അൽപം തിരക്കുള്ളതുപോലെ എനിക്ക് തോന്നി. 

 

ആദ്യം എന്താണ് ചോദിക്കേണ്ടതെന്നുള്ള കൺഫ്യൂഷനിലായിരുന്നു ഞാൻ. വളരെ മിതത്വമുള്ള ക്വസ്റ്റ്യനിൽ നിന്നു തന്നെയാവാം. 

 

"ചോദിക്കുന്നതിൽ മാഷ് തെറ്റിദ്ധരിക്കരുത്. മാഷിനെക്കുറിച്ച് ഇൻഡസ്ട്രിയിൽ പൊതുവെ ഒരു ആക്ഷേപമുണ്ട്."

 

" എന്നതാ.." മാഷിന്റെ മിഴികൾ ഉയർന്നു. 

 

"മാഷ് നിർമാതാക്കളെ ആരേയും പാട്ടിന്റെ ട്യൂൺ കേൾപ്പിക്കില്ലെന്ന് പറയുന്നുണ്ടല്ലോ, ശരിയാണോ അത് ?".

 

"എന്നാത്തിനാ കേൾപ്പിച്ചിട്ട്... സംഗീതത്തെക്കുറിച്ച് എന്തെങ്കിലും ഗ്രാഹ്യമുള്ളവരെ കേൾപ്പിച്ചാൽ പോരെ?"

 

ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി ആ നിമിഷം തന്നെ വന്നു. ഞാൻ അടുത്ത ചോദ്യം ആലോചിക്കുന്നതിനിടയിൽ മാഷ് ധൃതി കൂട്ടി.

 

"ഇനി എന്നാ അറിയേണ്ടത്?"

 

അടുത്ത ചോദ്യം മാഷിനെ ദേഷ്യം പിടിപ്പിക്കുമോ എന്നായി എന്റെ ആശങ്ക. "ഈ വിഷയത്തിന്റെ പേരിൽ മാഷിന്റെ അവസരങ്ങൾ കുറയുന്നതായും കേൾക്കുന്നുണ്ട്. മാഷിനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് ചോദിക്കാതിരിക്കാനും മനസ്സു വന്നില്ല. എല്ലാം വെറും ആരോപണങ്ങൾ മാത്രമാണെങ്കിലോ? എന്നാലും ഒരു പത്രക്കാരന്റെ കൗശലത്തോടെ വളരെ കൂളായിട്ട് ഞാൻ ചോദിച്ചു 

 

"പി. സുശീലയും ജാനകിയമ്മയും ഉണ്ടായിട്ടും മാഷ് ചെയ്യുന്ന എല്ലാ പടങ്ങളിലും മാധുരിയെക്കൊണ്ട് മാത്രം പാടിക്കുന്നതിനെക്കുറിച്ചു പൊതുവെ ഒരാരോപണമുണ്ട്.  ഇതിന്റെ പേരിൽ മാഷിന് പടങ്ങൾ കുറഞ്ഞു വരുന്നതായും പറയുന്നുണ്ട്." 

 

എന്റെ ചോദ്യത്തിന്റെ മുൾമുന മനസ്സിൽ തട്ടിയെങ്കിലും ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് അദ്ദേഹം വളരെ ശാന്തമായാണ് മറുപടി പറഞ്ഞത്. 

 

"അപ്പോള്‍ സ്ത്രീ ലിംഗമാണ് പ്രശ്നം. ഞാൻ യേശുവിനെക്കൊണ്ട് എല്ലാ പടത്തിലും പാടിക്കുന്നുണ്ടല്ലോ. അതിലാരും ഒന്നും പറയുന്നില്ലല്ലോ? യേശുവിനെക്കൊണ്ടു പാടിച്ചാൽ അത് സൗഹൃദം. മാധുരി പാടിയാൽ അത് അവിഹിതം. എന്റെ പാട്ട് ആര് പാടണമെന്ന് തീരുമാനിക്കുന്നത് ഞാനാ.  അതിന് താൽപര്യമില്ലാത്തവർ എന്റടുത്തു വരണ്ടാ."

 

മാഷിന്റെ വാക്കുകളുടെ കരുത്തിൽ ഞാൻ നിമിഷനേരം നമിച്ചിരുന്നു പോയി. പിന്നെ കൂടുതൽ വിവാദപരമായ ചോദ്യങ്ങളിലേക്കൊന്നും ഞാന്‍ കടന്നില്ല. 

 

മാഷിന് സ്റ്റുഡിയോയിൽ പോകാനുള്ളതു കൊണ്ട് ഞങ്ങള്‍ ഉടനെതന്നെ അവിടെനിന്നിറങ്ങി. 

 

മാഷുമായുള്ള ഇന്റർവ്യൂയിൽ ഞാൻ തൊടുത്തു വിട്ട ചോദ്യം കേട്ട് ജോൺ പോൾ എന്നെ വിളിച്ച് ഒത്തിരി വഴക്കു പറഞ്ഞു. 

 

"പുലിയുടെ മടയിലേക്കാണോടാ കോലിട്ടിളക്കാൻ പോയത്? "

 

ദേവരാജൻ മാഷുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിലുണ്ടായ അഭിമുഖത്തിൽ അദ്ദേഹത്തിന് എന്നോട് നീരസമുണ്ടായി കാണാമെന്ന് ഞാൻ കരുതിയെങ്കിലും രണ്ടാം വട്ടമുള്ള കൂടിക്കാഴ്ചയിൽ അതിന്റെ അവശിഷ്ടത്തിന്റെ പൊടിയും പൊട്ടുമൊന്നും ആ പെരുമാറ്റത്തിൽ കാണാന്‍ കഴിഞ്ഞില്ല. (ഇതിനിടയിൽ ഒരു ദിവസം വിളിച്ചു ഞാൻ അദ്ദേഹത്തോട് സംസാരിച്ചതിനുശേഷമാണ് വീണ്ടും ഞാൻ പുലിമടയിലെത്തിയത്).

 

എന്റെ ആദ്യത്തെ സിനിമാക്കഥയായ ‘അനുഭവങ്ങളെ നന്ദി’യുടെ നിർമാതാവായ തൃപ്പൂണിത്തുറയിലുള്ള രാമഭദ്രൻ തമ്പുരാന്റെ മാനേജരും എന്റെ അടുത്ത സുഹൃത്തുമായ സി. സി. ആന്റണിയുടെ ഒരേഒരു നിർബന്ധം മൂലമാണ് ഞാൻ ഒരു സിനിമാ രചയിതാവായി മാറാനുള്ള വഴി തുറന്നത്. ഞാൻ അന്ന് എം. ഡി. ജോർജേട്ടന്റെ ചിത്രകൗമുദി വാരികയിൽ എഴുതിയിരുന്ന നോവലായിരുന്നു 'അനുഭവങ്ങളെ നന്ദി' അതു വായിച്ചിരുന്ന ആന്റണിയുടെ സജഷൻ ഐ.വി. ശശിയിലേക്കെത്തുകയായിരുന്നു. 

 

ഞങ്ങളുെട ചിത്രപൗർണമി സംഘത്തിലെ ഒരു കൊച്ചു കവിയായിരുന്നു ആർ. കെ. ദാമോദരൻ.  ദാമു മഹാരാജാസിൽ നിന്നും പഠിച്ചിറങ്ങിയ സമയമാണ്. ഇതിനിടയിൽ അവന്  എ.ബി. രാജിന്റെ ഒരു സിനിമയിൽ പാട്ടെഴുതാനുള്ള ഒരു അവസരം ഞങ്ങളുടെയെല്ലാം സുഹൃത്തായ കൊച്ചിൻ ഹനീഫ വാങ്ങിക്കൊടുത്തിരുന്നു. 

 

ഈ സമയത്താണ് ‘അനുഭവങ്ങളെ നന്ദി’ യുടെ കാര്യം ദാമോദരൻ അറിയുന്നത്. ഞാനും ദേവരാജൻ മാഷുമായി നല്ല സൗഹൃദമാണെന്നറിയാവുന്ന ദാമുവിന് അതിൽ ഒരു പാട്ടെഴുതാനുള്ള അവസരം ഞാൻ വാങ്ങിക്കൊടുക്കണമെന്നും പറഞ്ഞു അവൻ എന്റെ കൂടെ കൂടിയിരിക്കുകയാണ്.  ശരി ഞാൻ മാഷിനോടു പറഞ്ഞു നോക്കാമെന്ന് ഞാൻ ദാമുവിന് പ്രത്യാശ നൽകി.  ആദ്യം ഞാൻ ശശിയെ പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് ദാമോദരനുമായി ദേവരാജൻ മാഷിന്റെ അടുത്തേക്ക് പോയത്. 

 

സി.സി. ആന്റണിയും ഞാനും ദാമോദരനും പ്രൊഡക്ഷൻ കൺട്രോളറും എല്ലാവരും ഉണ്ട്. പാട്ട് യൂസഫലിയെക്കൊണ്ട് എഴുതിച്ചാൽ മതിയെന്നാണ് മാഷ് പറഞ്ഞിരുന്നത്. ഇതിനിടയിൽ ദാമോദരന്റെ കാര്യം എങ്ങിനെയാണ് അവതരിപ്പിക്കുന്നത്. ആർ. കെ. ദാമോദരനെ ഞാൻ മാഷിന് പരിചയപ്പെടുത്തിയെങ്കിലും ആദ്യം ഒന്നും ചോദിക്കാതെ അവനെ ഒന്നു നോക്കുക മാത്രമെ ചെയ്തുള്ളൂ. 

 

മാഷിനോട് പെട്ടെന്നു കയറി ദാമുവിന്റെ കാര്യം എങ്ങനെയാണ് അവതരിപ്പിക്കുക? സമയവും സന്ദർഭവും നോക്കി വേണം പറയാൻ. ഒറ്റയടിക്കു കയറി വേണ്ടെന്ന് പറഞ്ഞാൽ പിന്നെ അങ്ങോട്ടടുക്കാൻ പറ്റില്ല. ദാമോദരനാണെങ്കിൽ ടെൻഷനടിച്ചിരിക്കുകയാണ്.  ഞാൻ രണ്ടു കൽപിച്ചു മാഷിനോട് പറഞ്ഞു. 

 

"മാഷേ ദാമോദരന് നമ്മുടെ സിനിമയിൽ ഒരു പാട്ടെഴുതിയാൽ കൊള്ളാമെന്നുണ്ട്. " എ. ബി. രാജിന്റെ ഒരു സിനിമയിൽ അർജുനൻ മാഷിന്റെ സംഗീതത്തിൽ ഇവൻ ഒരു പാട്ട് എഴുതിയിട്ടുണ്ട്. മലയാളം എം. എ. ആണ്. മാഷിന് വിരോധമില്ലെങ്കിൽ നമുക്ക് ഒരു പാട്ട് എഴുതിച്ചു നോക്കിയാലോ?

 

എന്റെ വാക്കുകൾ പൂർത്തീകരിക്കും മുൻപ് മാഷ് തുറന്നടിച്ചു. 

 

"എം.എ പഠിച്ചതുകൊണ്ടൊന്നും കാര്യമില്ല. വരികൾ നന്നായിരിക്കണം. പദസമ്പത്തു വേണം. "

 

മാഷിന്റെ മയമില്ലാത്ത വാക്കുകൾ കേട്ടു ദാമോദരൻ ചെറുതായിട്ടൊന്നു ചമ്മി എന്നെ നോക്കി. ഞാൻ കണ്ണടച്ചു കാണിച്ചു. 

 

പിന്നെ മാഷ് അൽപനേരമിരുന്ന് ആലോചിച്ച ശേഷം പറഞ്ഞു. 

 

"ഒരു പാട്ടു ഞാൻ തരാം. നാളെത്തന്നെ എഴുതിക്കൊണ്ടുവന്ന് എന്നെ കാണിക്കണം. നല്ലതാണെങ്കിൽ മാത്രമേ എടുക്കൂ. "

 

മാഷിന്റെ ആ വാക്കുകൾ കേട്ടപ്പോഴാണ് ദാമോദരന് ശ്വാസം നേരെ വീണത്. 

 

മാഷ് പറഞ്ഞതുപോലെ തന്നെ ദാമോദരൻ പിറ്റേന്നു തന്നെ പാട്ടെഴുതി കൊണ്ടു വന്ന് മാഷിനെ കാണിച്ചു. മാഷ് വായിച്ചു നോക്കിയിട്ടു പറഞ്ഞു. 

 

"സംസ്കൃതവും സാഹിത്യവുമൊക്കെ വളരെ കൂടുതലാ... വരികൾ ലളിതമായിരിക്കണം. മാറ്റി എഴുതിക്കൊണ്ടു വാ. "

 

അതുകേട്ടപ്പോൾ ദാമോദരന് വല്ലാത്ത വിഷമമായി. മാറ്റി എഴുതിക്കൊണ്ടു വന്നാലും മാഷ് തന്റെ പാട്ടെടുക്കുമോ എന്നുള്ള സംശയമായിരുന്നു ദാമുവിന്. 

 

(തുടരും...)

 

അടുത്തത് : ദേവരാജൻ മാഷിന്റെ പെണ്ണുകാണൽ ചടങ്ങ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com