ADVERTISEMENT

പേരെടുത്ത നടൻ എന്ന മേൽവിലാസത്തിനപ്പുറം നാട് ആദരിക്കാൻ മറന്നു പോയ സ്വാതന്ത്ര്യസമര പോരാളിയും യുദ്ധവീരനുമായിരുന്ന ജി.കെ. പിള്ളയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നത്ര സംഭവബഹുലമായിരുന്നു.

 

ഇന്ത്യ– പാക്ക് വിഭജന കാലത്തു പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിൽ വീറോടെ പങ്കുചേർന്ന സൈനികനാണു പിന്നീട് അഭിനയ രംഗത്തെത്തുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് 16–ാം വയസ്സിൽ കൂട്ടുകാരൻ നൽകിയ രണ്ടു ചക്രവുമായി ഒരു വൈകുന്നേരം ചിറയിൻകീഴിൽ നിന്നു വള്ളത്തിൽ കയറി ചെന്നിറങ്ങിയതു തിരുവനന്തപുരം ചാക്കയിൽ. കടത്തുകൂലി കഴിഞ്ഞ് ബാക്കിയുള്ള ഒരു ചക്രവുമായി നടന്നു. നഗരത്തിൽ ഓവർബ്രിഡ്ജിനടുത്തെത്തിയപ്പോൾ ആൾക്കൂട്ടം. പട്ടാളത്തിലേക്ക് ആളെ എടുക്കുകയാണെന്നറി‍ഞ്ഞപ്പോൾ ഒരു കൈനോക്കി.  തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കന്യാകുമാരി പാളയംകോട്ടയിൽ 6 മാസത്തെ പരിശീലനം. ആ കാലത്ത് ശമ്പളമുണ്ടായിരുന്നില്ല, ഭക്ഷണം മാത്രം. 6 മാസം കഴിഞ്ഞ് ആദ്യ ശമ്പളമായി 10 രൂപ. അതിൽ 7 രൂപ അമ്മയുടെ പേരിൽ മണിയോർഡറായി അയച്ചു. നാടുവിട്ട മകനെക്കുറിച്ചുള്ള അന്വേഷണം അപ്പോഴും നാട്ടിൽ നടക്കുകയായിരുന്നല്ലോ. 

 

1948ൽ അമ്മ മരിച്ചെന്നറിഞ്ഞിട്ടും നാട്ടിൽ വരാൻ കഴിയാതെ ക്യാംപിലായിരുന്നു. നിർബന്ധിത വിടുതൽ വാങ്ങി പിന്നീടു നാട്ടിലേക്കു മടങ്ങുമ്പോൾ ട്രെയിൻ ടിക്കറ്റും ഒരു മാസത്തെ ശമ്പളമായ 24 രൂപയും മാത്രമായിരുന്നു കൈവശമുണ്ടായിരുന്നത്. 

 

ജോലി കളഞ്ഞാണു വരവെന്നു വീട്ടിൽ അറിഞ്ഞതു വൈകിയാണ്. അതോടെ പ്രശ്നമായി. അഭിനയ ജീവിതം സ്വപ്നം കണ്ട പിള്ളയ്ക്ക് പക്ഷേ പശ്ചാത്താപമുണ്ടായിരുന്നില്ല. അവസരത്തിനായി മുട്ടിയ വാതിലുകളിലെല്ലാം അവഗണനയായിരുന്നു. നാട്ടുകാരനും അടുത്ത സുഹൃത്തുമായ എം.എ.റഷീദ് ആണു സിനിമാ ലോകത്തേക്കു വഴി തുറന്നത്. ചെന്നൈയിൽ പോയി നിർമാതാവ് ടി.ഇ.വാസുദേവനെ കണ്ടു. സംവിധായകൻ ചില സീനുകൾ അഭിനയിക്കാൻ പറഞ്ഞു.മേക്കപ്പിടാൻ ചെന്നപ്പോൾ, പട്ടാളത്തിലായിരിക്കെ ഓമനിച്ചു വളർത്തി പിരിച്ചു സൂക്ഷിച്ച മീശ എടുക്കണമെന്നായി നിർദേശം. പിള്ള സമ്മതിച്ചില്ല. ‘മീശ വേണോ, സിനിമ വേണോ’ എന്ന ചോദ്യം ഉയർന്നപ്പോൾ പക്ഷേ സിനിമ ജയിച്ചു. പത്മിനി അവതരിപ്പിക്കുന്ന നായികയുടെ അച്ഛനായ പൂപ്പള്ളി തോമസിന്റെ വേഷം പൊലിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com