ADVERTISEMENT

29 വയസ്സിൽ തുടങ്ങി 90 വയസ്സിനു ശേഷവും അഭിനയ രംഗത്തു സജീവമായി തുടരുക എന്നത് അസാമാന്യമാണ്. ജി.കെ.പിള്ള അതുല്യനായി മാറുന്നത് അങ്ങനെയാണ്. ഇത്രയും ദീർഘകാലം അഭിനയ രംഗത്തു നിലനിന്ന മറ്റൊരു നടൻ നമുക്കില്ല. അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെയാണ് അദ്ദേഹം യാത്രയാവുന്നത് എന്നതൊരു ദുഃഖസത്യമാണ്.അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സൈനികസേവനം അവസാനിപ്പിച്ചു വന്നയാളാണു പിള്ള. അസോഷ്യേറ്റഡ് പ്രൊഡ്യൂസേഴ്സ് നിർമാണ കമ്പനിയിലെ ടി.ഇ.വാസുദേവനുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് ആദ്യ സിനിമയായ ‘സ്നേഹസീമ’യിൽ തന്നെ മികച്ച വേഷം കിട്ടി എന്നതാണു പിള്ളയ്ക്കു ലഭിച്ച ഭാഗ്യം. 29–ാം വയസ്സിൽ നായികയുടെ അച്ഛനായുള്ള വേഷം. പക്ഷേ തുടക്കക്കാരന്റെ പതർച്ചയില്ലാതെ പിള്ള അതു ഭംഗിയാക്കി.

 

ആഴമുള്ള ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. കാഴ്ചയിലും തലയെടുപ്പുണ്ട്. അതാണു തുടക്കത്തിൽ അദ്ദേഹത്തിനു തുണയായത്. പിന്നീടു പ്രേംനസീറും സത്യനുമെല്ലാം നായകരായ ഒട്ടേറെ സിനിമകളിൽ വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആ കാലഘട്ടത്തിൽ കൊട്ടാരക്കര ശ്രീധരൻ‌ നായർക്കൊപ്പം തിളങ്ങിയ വില്ലനായി ജി.കെ.പിള്ള. ചില ചിത്രങ്ങളിൽ രണ്ടു പേരും വില്ലന്മാരായി. കൊട്ടാരക്കര ശ്രീധരൻ നായർ പിന്നീട് സ്വഭാവ നടനായി മാറിയതും ജി.കെ.പിള്ളയ്ക്കു തുണയായി. ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടാവും ഇത്രയേറെ വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്.

 

1980 വരെ സിനിമ ഇല്ലാത്ത കാലഘട്ടം ഉണ്ടായിരുന്നില്ലെന്നതാണു ജി.കെ.പിള്ളയുടെ ഭാഗ്യം. ആദ്യം സ്വഭാവ നടനായും പിന്നെ വില്ലനായും വീണ്ടും സ്വഭാവ നടനായുമെല്ലാം സജീവമായിരുന്നു അദ്ദേഹം. എന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം മുതൽ അദ്ദേഹവുമായി പരിചയമുണ്ടായിരുന്നു. മലയാളത്തിലെ ആദ്യത്തെ ആന്തോളജിയായ ചിത്രമേളയിലെ പ്രധാന ചിത്രമായ ‘അപസ്വരങ്ങളി’ലാണ് ഞാൻ ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആ ചിത്രത്തിൽ ഒരു ചേരിയിലെ റൗഡിയായി അഭിനയിച്ചതും എന്റെ ‘കാക്കത്തമ്പുരാട്ടി’ എന്ന നോവൽ സിനിമയാക്കിയപ്പോൾ അതിലെ പ്രധാന വില്ലനായതും പിള്ളയാണ്.

 

എത്ര ചെറിയ വേഷമാണെങ്കിലും ഏതു തരം വേഷമാണെങ്കിലും മടിയില്ലാതെ സ്വീകരിക്കാൻ തയാറായിരുന്നു,പിള്ള. ആരുമായും പ്രശ്നമില്ലാതെ ഒതുങ്ങിക്കഴിയുന്ന പ്രകൃതം. സിനിമയ്ക്കായി എന്തു വിട്ടുവീഴ്ച ചെയ്യാനും മടിയുണ്ടായിരുന്നില്ല. ഇത്രയേറെ വേഷങ്ങൾ ലഭിച്ചതും അതുകൊണ്ടുതന്നെ. സിനിമയിലെ തിരക്കു കുറഞ്ഞപ്പോൾ പ്രായം പോലും വകവയ്ക്കാതെ ടിവി സീരിയലുകളിൽ സജീവമായതും അഭിനയ പ്രേമം കൊണ്ടാണ്. ‘ചട്ടമ്പിക്കല്യാണി’ എന്ന സിനിമ ഞാൻ സീരിയലാക്കിയപ്പോൾ രണ്ടു കാലിലും നീരുമായാണ് അദ്ദേഹം അഭിനയിക്കാനെത്തിയത്.

എപ്പോഴും വിളിക്കാറും സംസാരിക്കാറുമൊന്നുമില്ലെങ്കിലും ഞങ്ങൾ തമ്മിൽ വ്യക്തിബന്ധം എന്നും നിലനിർത്തിയിരുന്നു.  സംസ്ഥാന സർക്കാരിന്റെ ഉന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡിന് തന്നെ പരിഗണിക്കാത്തതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. അതു തികച്ചും ന്യായവുമായിരുന്നു. 

 

പിള്ളയുടെ മറ്റൊരു പ്രത്യേകത അദ്ദേഹത്തിന്റെ പരസ്യമായ രാഷ്ട്രീയമായിരുന്നു. ചെറുപ്പം മുതൽ തികഞ്ഞ കോൺഗ്രസുകാരനായിരുന്നു അദ്ദേഹം. ഒരുപക്ഷേ മലയാള നടന്മാരിൽ‌ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ആദ്യത്തെയാൾ അദ്ദേഹമാകും. തന്റെ നിലപാട് പരസ്യമായി പറയാനും തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസ് സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. എന്നിട്ടും കോൺഗ്രസ് സർക്കാരുകൾ പോലും വേണ്ട പരിഗണന നൽകിയില്ലെന്നത് അദ്ദേഹത്തിന്റെ വിഷമമായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ഫോണിൽ സംസാരിച്ചപ്പോഴും അദ്ദേഹം ഈ സങ്കടം പങ്കുവച്ചു. ഒരിക്കലും സുഖമില്ലെന്നു പറയാത്ത ഊർജസ്വലനായിരുന്നു പിള്ള. പക്ഷേ അവസാനമായി സംസാരിക്കുമ്പോൾ സുഖമില്ലെന്ന് അദ്ദേഹം ആദ്യമായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com