ADVERTISEMENT

കര​ഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലെ കനകയുടെ പ്രകടനം കണ്ടിട്ടാണ് ​ഗോഡ് ഫാദറിലേക്ക് നടിയെ മുകേഷ് ക്ഷണിക്കുന്നത്. ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു കനകയുടെ മാലു. ​ഇപ്പോഴിതാ ഗോഡ് ഫാദർ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച രസകരമായ നിമിഷം വെളിപ്പെടുത്തുയാണ് മുകേഷ്. ചിത്രീകരണത്തിനിടെ കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് മുകേഷ് തുറന്നുപറഞ്ഞത്. ആൺകുട്ടികളുടെ ഹോസ്റ്റൽ രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നതെന്നും താരം പറയുന്നു. 

 

മുകേഷിന്റെ വാക്കുകൾ:

 

‘ഗോഡ് ഫാദർ സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കനകയുടെ ആദ്യ സിനിമയായ കര​ഗാട്ടക്കാരൻ ശ്രദ്ധയിൽപ്പെടുന്നത്. ശേഷം കനകയെ സിനിമയിൽ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ കനകയെ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ച് കനക ഷൂട്ടിങിനായി കേരളത്തിലെത്തി. മഹാറാണി ഹോട്ടലിൽ വന്ന് ഇരുന്നു. യാത്ര കഴിഞ്ഞ് വന്നതിന്റെ ആയിരിക്കാം. ഒരു നായിക എന്ന രീതിയിൽ സങ്കൽപ്പിക്കാൻ കഴിയാത്ത പോലെയുള്ള അവസ്ഥയായിരുന്നു കനകയുടേത്. ഞാൻ‌ തന്നെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോൾ എല്ലാവരേയും അതിശയിപ്പിക്കുന്ന രീതിയിൽ അതീവ സുന്ദരിയായിട്ടാണ് കനക എത്തിയത്.

 

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഏതു നടനാണ് നടിയാണ് മെച്ചം എന്നുള്ള രീതിയിൽ തകർത്തഭിനയിക്കുകയാണ്.  അങ്ങനെയിരിക്കെ ഒരു ദിവസം മാലു, രാമഭദ്രനെ കാണാൻ ഹോസ്റ്റലിൽ എത്തുന്ന രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഹോസ്റ്റലിൽ ജ​ഗദീഷിന്റെ മായിൻകുട്ടി ദേഹം മുഴുവൻ എണ്ണ തേച്ച്  ഇരിക്കുന്നു. എന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് മായിൻകുട്ടി പറഞ്ഞതുകേട്ട് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബെഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്. 

 

എല്ലാവരും ഡയലോഗ് പറഞ്ഞ്, രസകരമായ രംഗങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നപ്പോൾ പെട്ടന്ന് അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തി, എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു.  ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്.  കനകയും ഈ രംഗം കണ്ടിരുന്നു. പക്ഷേ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു.  പെട്ടെന്ന് ഞാൻ മുണ്ടു എടുത്തുടുത്തു, എന്നിട്ടു ആ കണ്ടിന്യൂ എന്ന് പറഞ്ഞു.  ഇതുകേട്ട ജഗദീഷ് എനിക്കൊരു ഷേക്ക്ഹാൻഡ് തന്നിട്ട് കൺഗ്രാജുലേഷൻ, ഞാൻ തോറ്റിരിക്കുന്നു എന്നു പറഞ്ഞു.  

 

ഞാൻ ചോദിച്ചു, ‘എന്തിന്?’... ജഗദീഷ് അപ്പോൾ കനകയോട് പറഞ്ഞു ‘ഞങ്ങൾ രാവിലെ ഒരു ബെറ്റ് വച്ചിരുന്നു, മുകേഷ് കനകയുടെ മുന്നിൽ ഡ്രസ്സില്ലാതെ നിൽക്കുമെന്ന്.  ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇവൻ അങ്ങനെ നിൽക്കുമെന്ന്.  ഭയങ്കര ധൈര്യം തന്നെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. എന്റെ കാശ് പോയി.’  അപ്പോഴാണ് കനക ശരിക്കും ഞെട്ടിയത്.  "ഇവർ ഇത്രയും ആഭാസന്മാരാണോ ഒരു പെൺകുട്ടിയുടെ മുന്നിൽ തുണിയുരിഞ്ഞു നിൽക്കും എന്ന് ബെറ്റ് വച്ചോ"? എന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക.  

 

ഞാൻ കനകയോട് പറഞ്ഞു "കനക ഇതൊന്നും വിശ്വസിക്കരുത് മലയാളത്തിൽ എല്ലാം തമാശയാണ്.  നിങ്ങളുടെ തമിഴിൽ എങ്ങനെയാണെന്ന് അറിയില്ല.  ഇത് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല" കനക പറഞ്ഞു "സാരമില്ല സർ ഇറ്റ്സ് ഓൾ റൈറ്റ്, ഇതൊക്കെ നമുക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ".  കുറച്ചു കഴിഞ്ഞു ലൈറ്റ് പോയി ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി.  അങ്ങനെ ആ ദിവസം വരുന്നു വീണ്ടും ഹോസ്റ്റലിലെ ഷൂട്ടിങ്. എനിക്ക് ടെൻഷൻ, ഞാൻ വളരെ മുറുക്കി ആണ് ബെഡ്ഷീറ്റ് ഉടുത്തിരിക്കുന്നത്. 

സിദ്ധിക്ക്–ലാലിനെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു, ‘എനിക്ക് ചെറിയ ടെൻഷൻ ഉണ്ട്’.  അപ്പോൾ അവർ പറഞ്ഞു, ‘ആഹ് ഞങ്ങൾ പറയാൻ ഇരുന്നതാണ് നന്നായി മുറുക്കി ഉടുത്തോളൂ.   

 

‘മുറുക്കി ഉടുത്തിട്ടുണ്ട്, പക്ഷേ അതല്ല വേറൊരു ടെൻഷൻ ഉണ്ട്, അന്ന് ഞാൻ ഇട്ടിരുന്നത് ഒരു നീല അണ്ടർവെയർ ആണ്’.  അപ്പൊ അവർ ചോദിച്ചു, ‘അതിനെന്താ’.  ‘ഞാൻ ഇന്നും ഇട്ടിരിക്കുന്നത് നീല അണ്ടർവെയർ ആണ്.  ബൈ ചാൻസിൽ മുണ്ടുരിഞ്ഞു വീണാൽ അവൾ വിചാരിക്കില്ലേ എനിക്ക് ഒന്നേ ഉള്ളൂ’ എന്ന്.  അവർ ഭയങ്കരമായി ഷോക്കായി.  ടെൻഷൻ മുഴുവൻ അവർക്കായി.  ‘മുറുക്കി ഉടുത്തോണെ’ എന്ന് അവർ വീണ്ടും വീണ്ടും പറഞ്ഞു.  ഒരിക്കൽ മുണ്ടു ഉരിഞ്ഞു വീഴുന്നത് മനസ്സിലാക്കാം. പക്ഷേ ഒരാൾക്ക് ഒരേ അണ്ടർവെയർ മാത്രമേ ഉള്ളൂ എന്ന് ഒരു പെൺകുട്ടി മനസ്സിലാക്കുന്നത് ഒരു ട്രാജഡി ആയിരിക്കും.  ആ ഫുൾ സീൻ വളരെ ടെൻഷനോടുകൂടി ആണ് അഭിനയിച്ചത്.  ആ സീൻ കാണുമ്പോൾ ഇപ്പോഴും എല്ലാവരും ചിരിക്കുമെങ്കിലും എന്റെ ചിരി ഇതോർത്താണ്.  

 

ഗോഡ്ഫാദറിന്റെ വിജയത്തിന് പിന്നിൽ പല ചേരുവകളുണ്ട്.  എന്നാൽ നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരു ചേരുവയുണ്ട്  അതാണ് മാർക്കറ്റിങ് തന്ത്രം.  ഗോഡ്ഫാദറിന്റെ മാർക്കറ്റിങ് തന്ത്രം വളരെ വ്യത്യസ്തമായിരുന്നു.   ഗോഡ്ഫാദർ റിലീസ് ചെയ്തത് ഡിസംബറിലാണ്.  അത് ക്രിസ്മസ് താണ്ടി, വിഷു ഓണം ഒക്കെ കഴിഞ്ഞ് അടുത്ത ക്രിസ്മസും വിഷുവും ഓണം വരെ പോവുക എന്ന് പറഞ്ഞാൽ വളരെ പ്രയാസകരമായ കാര്യമാണ്.  അങ്ങനെ ഒരു ചിത്രം വീണ്ടും വരുമെന്ന് തോന്നുന്നില്ല.  അഞ്ചാറ് മാസം കഴിഞ്ഞു പേപ്പറിൽ വന്ന ഗോഡ്ഫാദറിന്റെ ഒരു പരസ്യം ഞാനിപ്പോഴും ഓർക്കുന്നു.  

 

അത് ഇങ്ങനെയാണ്.  ‘കുട്ടികളോടാണ് ഞങ്ങൾക്ക് പറയാനുള്ളത്.  ഇതുവരെ കുട്ടികളായ നിങ്ങളെ രക്ഷാകർത്താക്കൾ ഗോഡ്ഫാദർ കാണിച്ചില്ലെങ്കിൽ നിങ്ങൾ ചിരിക്കുന്നതും സന്തോഷിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കാണാൻ നിങ്ങളുടെ രക്ഷാകർത്താക്കൾക്ക് ആഗ്രഹമില്ല എന്നുവേണം മനസിലാക്കാൻ.  അതുകൊണ്ടു അവരോടു ക്ഷമിക്കുക’.  പിന്നീട് ഒരാഴ്ച കുട്ടികളെയും കുടുംബങ്ങളെയും കൊണ്ട് തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞു എന്നുള്ളതാണ് നമ്മൾ നേരിട്ട് കണ്ട നിഷേധിക്കാനാകാത്ത സത്യം.’– മുകേഷ് ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com