ADVERTISEMENT

നിവിൻ പോളി–രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതരായതെന്ന് അണിയറ പ്രവർത്തകര്‍ അറിയിച്ചു. ജനുവരി 20നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.

 

‘മുൻതലമുറയുടെ വിസ്‍മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ ജയപരാജയങ്ങളേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. നമ്മുടെ ആഗ്രഹങ്ങള്‍ക്കപ്പുറത്ത്, എന്നാല്‍ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവൃത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്. തുറമുഖത്തിന്‍റെ റിലീസ് ഒരിക്കല്‍ക്കൂടി നീട്ടാന്‍ കൊവിഡ് സാഹചര്യം ഞങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കൊവിഡ് വര്‍ധനയ്ക്ക് ശമനമുണ്ടായി, സിനിമാ തിയറ്ററുകളിലേക്ക് നമുക്ക് സുരക്ഷിതമായും ആരോഗ്യകരമായും പോവാനാവുന്ന സാഹചര്യം ഉണ്ടാവുന്നവരേയ്ക്കും നാം കാത്തിരുന്നേ മതിയാവൂ. ആ ദിനങ്ങള്‍ ഏറെ അകലെയല്ലെന്ന് ഞങ്ങള്‍ കരുതുന്നു.’– തുറമുഖം ടീം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

 

1950 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.

 

ചിത്രത്തില്‍ മൊയ്തു എന്ന തൊഴിലാളി നേതാവിനെ നിവിന്‍ പോളിയും സാന്റോ ഗോപാലനെ ഇന്ദ്രജിത്ത് സുകുമാരനും മൊയ്തുവിന്റെ വാപ്പ മൈമുവിനെ ജോജു ജോര്‍ജും അവതരിപ്പിക്കുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ഉമ്മയുടെ റോളില്‍. നിമിഷ സജയൻ, അര്‍ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര്‍. ആചാരി, ദർശന രാജേന്ദ്രൻ, സുദേവ് നായർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപൻ ചിദംഭരൻ.

 

അൻവർ അലിയുടെ വരികൾക്ക് കെ, ഷഹബാസ് അമൻ എന്നിവർ ഈണം പകർന്നിരിക്കുന്നു. ബി. അജിത് കുമാറാണ് എഡിറ്റിങ്. ക്വീൻ മേരി ഇന്റർനാഷനൽ ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com