ADVERTISEMENT

ഇന്ന് ജനുവരി 20. മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. പല്ലില്ലാത്ത മോണ കാണിച്ചുള്ള ആ ചിരി മാഞ്ഞുവെന്ന് വിശ്വസിക്കാൻ ഈ ഒരു വർഷത്തിനിപ്പുറവും മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. 

 

1923 ഒക്ടോബർ 19ന് കണ്ണൂർ പയ്യന്നൂരിനടുത്ത് കോറോം പുല്ലേരി വാധ്യാരില്ലത്ത്  ജനിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരി കുടുംബക്ഷേത്രത്തിലെ പൂജാരിയായും മറ്റുമാണ് വാർധക്യകാലമെത്തുന്നതുവരെ ജീവിച്ചത്. ഒരിക്കൽ ഒരു ജ്യോത്സ്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജാതകം പരിശോധിക്കവെ 76 വയസ്സിനു ശേഷം ലോകമെങ്ങുമറിയപ്പെടുമെന്ന് പ്രവചിച്ചിരുന്നു. വയോധികനായശേഷം പ്രശസ്തനായിട്ട് എന്താണു കാര്യമെന്നു പറഞ്ഞ് ചുറ്റുംകൂടി നിന്നവർ ചിരിക്കുകയും ചെയ്തു. പക്ഷേ ആ പ്രവചനം സത്യമായി.  തന്റെ എഴുപത്തിയാറാംവയസ്സിലാണ് അദ്ദേഹം ദേശാടനമെന്ന ചിത്രത്തിൽ  അഭിനേതാവായെത്തിയത്.

 

unnikrishnan-namboothiri

‘ദേശാടന’ത്തിന്റെ പൂജയും റെക്കോർഡിങ്ങും കോഴിക്കോട്ടാണു നിശ്ചയിച്ചിരുന്നത്. പൂജയുടെ ദിവസം ഉച്ചയ്ക്ക് സംവിധായകൻ ജയരാജും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മരുമകനും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും തിരുവണ്ണൂരിലെ കൈതപ്രത്തിന്റെ വീട്ടിലാണ് ഊണുകഴിക്കാനെത്തിയത്. അന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരി കൈതപ്രത്തിന്റെ വീട്ടിലുണ്ടായിരുന്നു. ചോറുവിളമ്പിത്തന്ന ഉണ്ണികൃഷ്ണൻനമ്പൂതിരിയെ കണ്ട ജയരാജ് ദേശാടനത്തിലെ മുത്തച്ഛനായി അപ്പോൾത്തന്നെ അദ്ദേഹത്തെ നിശ്ചയിക്കുകയായിരുന്നു.

 

പിന്നീടദ്ദേഹം കല്യാണരാമനിൽ വികൃതിയായ മുത്തച്ഛനായെത്തി മലയാളികളെ കുടുകുടെ ചിരിപ്പിച്ചു.കമൽഹാസനൊപ്പം പമ്മൽ കെ സമ്മന്തം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായുടെ മുത്തച്ഛനായി കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങി ദേശവരമ്പുകൾ കടന്ന് അദ്ദേഹം ലോകപ്രശസ്തനായി മാറുകയായിരുന്നു.

എ.കെ.ജി മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ അടുത്ത സുഹൃത്തായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി കറതീർന്ന കമ്യൂണിസ്റ്റായിരുന്നു. പിണറായി വിജയൻ ഓരോ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കാണാൻ പയ്യന്നൂരിലെത്താറുണ്ടായിരുന്നു.

 

കോവിഡ് ലോക്ഡൗണിനു തൊട്ടുമുൻപ് അദ്ദേഹത്തിന്റെ മകൻ പി.വി.കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയിരുന്നു. ലോക്ഡൗൺ കാലത്ത് വീടുവിട്ടുപുറത്തിറങ്ങിയിരുന്നില്ല. 

 

കോവിഡ് ബാധിതനായതിനെത്തുടർന്നാണ് അദ്ദേഹത്തെ കഴിഞ്ഞ വർഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനാഫലം നെഗറ്റീവായതിനു ശേഷം വീട്ടിലേക്ക് മാറി. എന്നാൽ തൊട്ടടുത്ത ദിവസംആരോഗ്യനില വഷളായതിനെതുടർന്ന് തിരികെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നാണ് അന്ത്യം സംഭവിച്ചത്.

 

കൈതപ്രം ദാമോദരൻ നമ്പൂതിരി: ‘‘ കലാമൂല്യമുള്ള സിനിമകളുടെ വക്താവാണല്ലോ അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹമൊരിക്കൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കണ്ടു. കല്യാണരാമനിലെ മുത്തച്ഛനായുള്ള അഭിനയം അതിമനോഹരമായിരുന്നുവെന്ന് അഭിനന്ദിച്ചു. അടൂർ ഗോപാലകൃഷ്ണൻ അത്തരമൊരു സിനിമ കണ്ട് തന്നെ അഭിനന്ദിച്ചുവെന്നത് അദ്ദേഹത്തെ  അദ്ഭുതപ്പെടുത്തുകയും അതിലുപരി ആഹ്ലാദിപ്പിക്കുകയും ചെയ്തതായി പറ‍ഞ്ഞിട്ടുണ്ട്. എകെജി വിയ്യൂർ ജയിലുചാടി പയ്യന്നൂരെത്തിയപ്പോൾ അഭയം നൽകിയത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയായിരുന്നു. മർദനമേറ്റു പഴുത്ത മുറിവുകൾക്ക് മരുന്നുവച്ചുകെട്ടുകയും ശുശ്രൂഷിക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു. വിവാഹാലോചന നടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹം എന്നെക്കുറിച്ച് വിശദമായി പലരോടും അന്വേഷിച്ചിരുന്നു. വിവാഹത്തിനുശേഷം സ്വന്തം മക്കളിലൊരാളായാണ് അദ്ദേഹം എന്നെ കരുതിയിരുന്നത്.’’

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com