ബാങ്ക് അക്കൗണ്ടിലെ പേര് മാറ്റിയിട്ടില്ല: രണ്ട് പേര് വച്ചതിൽ വിശദീകരണവുമായി അലി അക്ബർ

ali-akbar-ramasimhan
SHARE

‘1921, പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സംവിധാനം 'രാമസിംഹൻ' എന്നും നിർമാണം അലി അക്ബർ എന്നും വച്ചതിൽ വിശദീകരണവുമായി അലി അക്ബർ.  ആചാര വിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ റജിസ്ട്രേഷനിലും ഇപ്പോഴും അലി അക്ബർ എന്ന പേരുതന്നെയാണെന്നും അതുകൊണ്ടാണ് നിർമാതാവിന്റെ പേര് മാറ്റാൻ കഴിയാത്തതെന്നും അലി അക്ബർ എന്ന രാമസിംഹൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.  പേര് മാറ്റിയതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളാണ് അലി അക്ബർ നേരിടുന്നത്. 

‘ഞാൻ ഹിന്ദു മതം സ്വീകരിച്ചു പേര് മാറ്റി എങ്കിലും റെക്കോർഡുകളിൽ എന്റെ പേര് മാറ്റിയിട്ടില്ല.  അതുകൊണ്ടു എന്റെ ബാങ്കിങ് രേഖകളും സിനിമയുടെ റജിസ്ട്രേഷനുമെല്ലാം അലി അക്ബർ എന്ന പേരിലാണ്.  അക്കൗണ്ടുകളിൽ പേര് മാറ്റുന്നത് വലിയ പ്രോസസ്സ് ആണ്.  അതുകൊണ്ട് ഇപ്പോൾ നിർമാതാവിന്റെ സ്ഥാനത്ത് അലി അക്ബർ എന്ന പേരേ വയ്ക്കാൻ പറ്റൂ.  രാമസിംഹൻ എന്നതാണ് എന്റെ പുതിയ പേര്.  ഇനി മുന്നോട്ട് ആ പേര് ഉപയോഗിക്കാൻ ആണ് എനിക്ക് താല്പര്യം.  

ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചത്.  ഞാനും എന്റെ ഭാര്യയും ഹിന്ദു ധർമ്മത്തിലേക്ക് മാറി.  മക്കൾക്ക് ഏതു മതത്തിൽ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്.  ആചാര്യന്മാർ എന്റെ വീട്ടിൽ വന്നു ആചാരവിധികപ്രകാരം പൂജയും യജ്ഞവും ശുദ്ധിക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്.  ഇനി ഗസറ്റിൽ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം.  എനിക്ക് ക്ഷേത്രങ്ങളിൽ പോകണം അതുകൊണ്ടാണ് ആചാരവിധിപ്രകാരം ഹിന്ദുമതം സ്വീകരിച്ചത്.  

ഞാൻ രാമസിംഹൻ എന്ന പേര് എഴുതിയാൽ ബാങ്ക് സംബന്ധമായ കാര്യങ്ങളൊന്നും നടക്കില്ല. അതുകൊണ്ടാണ് പ്രൊഡ്യൂസർ എന്ന സ്ഥലത്ത് പഴയ  പേര് തന്നെ ഉപയോഗിച്ചത്.  ഞാൻ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കർ എന്നായിരിക്കും.  ഞാൻ ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞു. ഇനി എന്റെ സ്വത്തിനോ മരണശേഷം എന്റെ ശരീരത്തിനോ ഒരു തർക്കവും വരില്ല. 

‘എന്താടാ ഫെയ്സ്‌ബുക്കിലെ പേര് മാറ്റാത്തത്’ എന്ന് ഇന്നും ആളുകൾ മെസ്സേജ് അയച്ചു ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്.  പേര് മാറ്റുന്നതും മാറ്റാത്തതും എന്റെ മാത്രം കാര്യമാണ്.   മറ്റുള്ളവർ എന്തുപറയുന്നു എന്ന് ഞാൻ ശ്രദ്ധിക്കാൻ പോകുന്നില്ല.  ട്രോള് ചെയ്യാൻ ഉള്ളവർ ചെയ്യും പിന്തുണയ്ക്കുന്നവർ അതും ചെയ്യും. അതൊന്നും എന്റെ വിഷയമല്ല.  എന്തുകൊണ്ട് ഒരു ചെറിയ പ്രേക്ഷകർക്ക് മുന്നിൽ ജനുവരി 20 ന് ‘പുഴമുതൽ പുഴവരെ’ എന്ന ചിത്രം കാണിച്ചു എന്ന് ആർക്കെങ്കിലും അറിയാമോ?  

വാരിയംകുന്നത്ത്  കുഞ്ഞഹമ്മദ് ഹാജിയുടെ ചരമദിനമായിരുന്നു ജനുവരി 20. അതുകൊണ്ടാണ് ഞാൻ ചിത്രത്തിന്റെ പ്രിവ്യു ഷോ അന്ന് തന്നെ കാണിച്ചത്.  ചിത്രം റിലീസിന് തയാറായി കഴിഞ്ഞു. തിയറ്ററിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.  ഓൾ ഇന്ത്യാ റിലീസ് ആണ് ചെയ്യാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടു ഹിന്ദിയിലേക്ക് കൂടി മൊഴി മാറ്റണം.  കോവിഡിന്റെ ഭീഷണി ഒന്ന് ഒതുങ്ങിയാൽ ചിത്രം റിലീസ് ചെയ്യാം എന്ന് കരുതുന്നു.’  അലി അക്ബർ എന്ന രാമസിംഹൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA