ADVERTISEMENT

ജോൺ കൊക്കെൻ, പൂജ രാമചന്ദ്രൻ ഈ താരദമ്പതികളെ മലയാളികൾക്ക് അത്ര പരിചിതമായിരിക്കില്ല. ‘സർപ്പാട്ട പരമ്പരൈ’യിലെ ആര്യയുടെ എതിരാളിയെന്നും ജയറാം ചിത്രം ‘ലക്കി സ്റ്റാറി’ലെ ലക്കിയുടെ അമ്മയെന്നും പരിചയപെടുത്തിയാൽ ഒരുപക്ഷേ ഇവരെ തിരിച്ചറിഞ്ഞേക്കാം. കോട്ടയംകാരനും പാലക്കാടുകാരിയും ആണെങ്കിലും പ്രേക്ഷകർ ഇവരെ കൂടുതലും കാണുന്നത് തമിഴിലും തെലുങ്കിലുമാണ്. സിനിമ, ജീവിതം, കരിയർ എന്നിങ്ങനെ ഒരുപിടി വിശേഷങ്ങളുമായി അവർ മനോരമ ഓൺലൈനിനൊപ്പം ചേർന്നപ്പോൾ..

 

ചേട്ടാ.. മലയാളത്തിൽ പറഞ്ഞോ ഞങ്ങൾ മലയാളികളാ..

 

കേരളത്തിൽ പലയിടത്തും ചെല്ലുമ്പോൾ ഞങ്ങൾ മലയാളികളാണെന്ന്  തിരിച്ചറിയാതെ സംസാരിച്ചു വരുന്നവരുണ്ട്. അവരോട് മലയാളത്തില്‍ സംസാരിച്ചു ഞെട്ടിക്കുന്നത് കേരളത്തിൽ വന്നാലുള്ള  ഞങ്ങളുടെ സ്ഥിരം പണിയാണ്. ചിലർ "സർ പ്ലീസ് ഹാവ് സം ഫോട്ടോസ്" എന്ന് ചോദിക്കുമ്പോൾ, ‘മലയാളത്തില്‍ പറഞ്ഞാൽ മതിയെന്ന്’ തിരിച്ചു പറഞ്ഞാൽ, ‘ഹേ ചേട്ടൻ മലയാളിയായിരുന്നോ’ എന്ന് ചോദിച്ച്  അവർ ഞെട്ടുന്നത് കാണാം. 

 

എന്റെ വീട് കോട്ടയത്താണ്. ഇവൾ പാലക്കാടുകാരിയും. പക്ഷേ ഇതൊന്നും പലർക്കുമറിയില്ല. മൂന്നാം ക്ലാസ് വരെ ഞാൻ പഠിച്ചത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ എനിക്ക് മലയാളം വായിക്കാനും എഴുതാനും അറിയാം. വീട്ടിൽ ഞങ്ങൾ മലയാളത്തിലാണ് സംസാരിക്കുന്നതും.  എന്നിരുന്നാലും ‘ചുരുളി’ പോലുള്ള സിനിമകൾ കാണുമ്പോൾ സബ്ടൈറ്റിൽസ് ആവശ്യമാണ്. (ചിരിക്കുന്നു) 

 

john-kokken-pooja

‘മലയാളം ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് മറ്റു രാജ്യങ്ങളിൽ ചെല്ലുമ്പോളാണ്. അതാകുമ്പോൾ ആർക്കും മനസ്സിലാവില്ലല്ലോ.’... പൂജ ഒപ്പം ചേർന്നു.

 

മട്ടാഞ്ചേരി മാർക്കറ്റിൽ നിന്നു തുടങ്ങിയ യാത്ര

 

john-kokken

‘വളർന്നത് മുംബൈയിലാണെങ്കിലും എന്റെ കരിയർ തുടങ്ങുന്നത് കേരളത്തിൽ നിന്നു തന്നെയാണ്. മട്ടാഞ്ചേരി മാർക്കറ്റിൽ വച്ചാണ് ആദ്യമായി എന്റെ പോർട്ട്ഫോളിയോ ഷൂട്ട് നടക്കുന്നത്. കരിയറിന്റെ തുടക്കകാലഘട്ടമാണത്. അന്ന് എന്റെ വഴികാട്ടിയും സുഹൃത്തുമൊക്കെയായ സ്ലീബാ വർഗ്ഗീസ്, എന്നോട് ആ ഫോട്ടോകളുമായി ചെന്നൈയിലും ബാംഗ്ലൂരിലും ഹൈദരാബാദിലുമെല്ലാം പോകണം എന്ന് പറഞ്ഞിരുന്നു. പറയുക മാത്രമല്ല, അതിനാവശ്യമായ യാത്രാചിലവും താമസത്തിനാവശ്യമായ പണവുമെല്ലാം തന്നു എന്നെ പറഞ്ഞയക്ക‌ുന്നതും സ്ലീബാ വർഗ്ഗീസാണ്. അങ്ങനെ 2009 ല്‍ തുടങ്ങിയ ഞാൻ ഇന്ന് തമിഴിലും തെലുങ്കിലും കന്നടയിലുമായി സിനിമകള്‍ ചെയ്യുന്നുണ്ട്. ഇതിനിടയിൽ എന്റെ ഒരു ഹിന്ദി വെബ്‌ സീരിസും ഇറങ്ങിയിരുന്നു. ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ട ഒരു യാത്ര തന്നെയായിരുന്നു.’- ജോൺ കൊക്കെൻ പറയുന്നു.

 

തന്റെ ഈ യാത്രക്കിടയിലും ഏറ്റവും വലിയ ഭാഗ്യം എന്ന് ജോൺ കണക്കാക്കുന്നത് തമിഴ് നടൻ അജിത്തിനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരമാണ്. വീരം സിനിമയിലാണ് അജിത്തിനൊപ്പം ജോൺ കൊക്കെൻ അഭിനയിച്ചത്. ആ സമയത്ത് താൻ തന്റെ ജീവിതത്തെ പറ്റിയും അഭിനയ ജീവിതത്തെകുറിച്ചുമെല്ലാം അജിത്തിനോട് സംസാരിച്ചതിനെക്കുറിച്ച് ജോൺ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ‘വീരം സിനിമയിൽ ഞാൻ ഒരു ചെറിയ റോൾ ചെയ്തിരുന്നു. അന്ന് ഒരു പത്തു പതിനഞ്ച് ദിവസം അജിത്ത് സാറിനൊപ്പമുണ്ടായിരുന്നു. എന്റെ കഥയൊക്കെ കേട്ടശേഷം അദ്ദേഹമെന്നോട് പറഞ്ഞിട്ടുണ്ട്,  നമുക്ക് ഒരു സമയമുണ്ട്. അതുവരെ ജോൺ സമാധാനത്തോടെ കാത്തിരിക്കണം. അപ്പോള്‍ കരിയർ ഒരു കറക്റ്റ് ട്രാക്കിൽ വരും. ജോൺ നല്ല നിലയിലെത്തും. എന്നെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. എപ്പോഴും അദ്ദേഹം മോട്ടിവേറ്റ് ചെയ്യുമായിരുന്നു. മറ്റൊരാൾ സ്ലീബാ വർഗ്ഗീസാണ്. അദ്ദേഹത്തെ പോലൊരാൾ എന്നെ പ്രോത്സാഹിപ്പിക്കാൻ കൂടെയുണ്ടായിരുന്നു. ഇവരുടെയെല്ലാം പിന്തുണയാണ് എന്നെ ഇന്നു കാണുന്ന നിലയിലേക്ക് എത്തിച്ചത്. അതുകൊണ്ട് തന്നെ എനിക്കൊരുപാട് നന്ദിയുണ്ട്, കേരളത്തിനോടും അജിത്ത് സാറിനോടും സ്ലീബാ വർഗ്ഗീസിനോടും.’ –ജോൺ പറഞ്ഞു.

 

തമിഴ്, തെലുങ്കു, കന്നട സിനിമകളിലെ സ്ഥിരസാന്നിദ്ധ്യമായി ജോൺ മാറുമ്പോഴും ഉള്ളിലൊരു വിഷമമുള്ളത് മലയാള സിനിമയിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നതു തന്നെയാണ്. ‘മലയാള സിനിമയോട് എനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. എന്നിരുന്നാലും മനസ്സിൽ ചെറിയ ഒരു വേദനയുള്ളത്, എനിക്ക് അത്ര നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്യാൻ ലഭിച്ചിട്ടില്ല എന്നത് തന്നെയാണ്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്." അതേ സമയം ജോണിന് മലയാള സിനിമ മേഖലയിൽ നിന്നും ലഭിച്ചിട്ടുള്ളത് അത്ര നല്ല അനുഭവങ്ങളല്ല. "ആദ്യം ചില സിനിമകളിലേക്ക് വിളിക്കും, പിന്നീട് അതിൽ നിന്നും ഒഴിവാക്കും..മറ്റു ചിലരാകട്ടെ അവരുടെ സിനിമകളിലേക്ക് വിളിക്കും, അഭിനയിച്ച ശേഷം പ്രതിഫലം തരാതെ ഒഴിവാക്കും. അത്തരത്തിൽ ചില പരാതികൾ ഉണ്ടെങ്കിൽ പോലും അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. എന്താണെങ്കിലും സർപ്പാട്ട പരമ്പരയ്ക്ക് ശേഷം അല്പം മാറ്റമുണ്ടാവണം. ഓരോ സംവിധായകരുടെയും എന്നെ കുറിച്ചുള്ള കാഴ്ചപാടുകൾ  മാറി കാണുമെന്ന് വിശ്വസിക്കുന്നു."–ജോൺ പറയുന്നു.

 

ജോണിനെ സംബന്ധിച്ച് നാടൻ കഥാപാത്രങ്ങൾ മലയാളത്തില്‍ ചെയ്യണമെന്നാണ് ആഗ്രഹം. പ്രധാനമായും ഭീമന്റെ വഴി സിനിമയിൽ ജിനു ജോസ് ചെയ്ത കോസ്തേപ്പിനെ പോലുള്ള കഥാപാത്രങ്ങൾ.

 

ഒറ്റയ്ക്കും ഒന്നിച്ചും ഓടുന്നവർ ഞങ്ങൾ 

 

മലയാളത്തിൽ ലക്കി സ്റ്റാർ, ഡി കമ്പനി എന്നീ സിനിമകൾക്ക് ശേഷം പൂജ രാമചന്ദ്രനെ മലയാളം കണ്ടിട്ടില്ല.  മലയാളത്തിൽ നിന്നും കോളിവുഡിലേക്ക് ചേക്കേറി, ശേഷം ഒരു ഇടവേളയെടുത്ത് തെലുങ്ക് സിനിമകളിൽ സജീവമായിരിക്കുകയാണ് ജോണിന്റെ ഈ ബെറ്റർ ഹാഫ്. 

 

ജോണിനും പറയാൻ കൈനിറയെ സിനിമകളുടെ വിശേഷങ്ങളാണ്. കെ ജി എഫ് 2, പുനിത് രാജ്‌കുമാറിനൊപ്പം അഭിനയിച്ച അദ്ദേഹത്തിന്റെ അവസാന സിനിമ ജെയിംസ് അങ്ങിനെ നീളുന്നു ആ നിര. 

 

‘കെജിഎഫ് 2 ഒരു ബമ്പർ ഹിറ്റായിരിക്കും. സഞ്ജയ്‌ ദത്ത് സാറിന്റെ സാന്നിധ്യമാണ് അതിൽ എടുത്തു പറയേണ്ടുന്ന ഘടകം. മറ്റൊന്ന് രവീന ടണ്ടനൊപ്പമുള്ള സ്ക്രീൻ സ്പേസ്. കെജിഎഫ് 2 ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും എന്നതിൽ സംശയം വേണ്ട. പുനീത് സാറിന്റെ അവസാന സിനിമയിലും എനിക്ക് ഭാഗമാകാൻ കഴിഞ്ഞിരുന്നു, ജെയിംസിൽ. ആ സിനിമ ഞങ്ങൾ പൂർത്തിയാക്കുന്നത് പോലും അദ്ദേഹത്തിന് വേണ്ടി മാത്രമാണ്. അദ്ദേഹം തീർച്ചയായും ഈ സിനിമ സ്വർഗത്തിലിരുന്ന് കാണും. ഇന്നും അദ്ദേഹത്തിന്റെ വേർപാട് ഉൾക്കൊള്ളാൻ ഞങ്ങൾക്കായിട്ടില്ല. അദ്ദേഹം മരണപെട്ടു എന്ന വാർത്ത പ്രചരിച്ചപ്പോളും അത് വെറുതെ പറയുന്നതാണ് എന്ന് തന്നെയാണ് ഞങ്ങൾ കരുതിയത്. കാരണം അത്രകണ്ടു ഞങ്ങൾക്ക് വിശ്വസിക്കാനായില്ലായിരുന്നു. അത്ര നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നെ പോലും സർ എന്നാണ് പുനീത് സാർ വിളിച്ചിരുന്നത്." ജോൺ ഓർത്തെടുത്തു.

 

വില്ലനും നായികയുമായി ഇരുവരും ഇറു വഴിയിൽ നീങ്ങുമ്പോളും ഇടക്ക് ഒന്നിച്ചും സ്‌ക്രീനിൽ കാണാം എന്നവർ പറയുന്നു. "സീ ഫൈവ് എന്ന ഒ‍ടിടി പ്ലാറ്റ്ഫോമിലെ പൊലീസ് ഡയറി 2.0 എന്ന വെബ് സീരിസില്‍ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. അതിനു പുറമെ ഈ വർഷം തുടങ്ങുന്ന മറ്റൊരു തമിഴ് വെബ്‌സീരിസിലും ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അതിൽ വളരേ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളായാണ് ഞങ്ങൾ അഭിനയിക്കുന്നത്." - ജോണിന്റെ വാക്കുകൾ ഇങ്ങനെ.

 

ഞാൻ ഡോറ, ഇതെന്റെ ബുജി

 

ജോണിനൊപ്പമുള്ള ജീവിതം താൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന നിമിഷങ്ങളാണ് എന്ന് പൂജ പറയുമ്പോൾ മുഖത്ത് സന്തോഷം നിറയുന്നത് കാണാം. ‘കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഞങ്ങൾ ജീവിതം ആസ്വദിക്കുകയാണ്. യാത്ര ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. എടുത്തു പറയത്തക്ക പ്ലാനുകളൊന്നുമില്ലാതെ പെട്ടന്ന് യാത്ര തിരിക്കുന്നവരാണ് ഞങ്ങൾ. നാളെ എന്നൊരു ദിവസം ഇല്ല എന്ന കണക്കാണ് ജീവിക്കുന്നത്. അത്രത്തോളം ഞങ്ങൾ പരസ്പരം ജീവിതം  ആസ്വദിക്കുന്നവരാണ്. പുതിയ ഇടങ്ങൾ തേടി പോവുക, ഒരുപാട് യാത്ര ചെയ്യുക അങ്ങിനെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ഒന്നിച്ചു ചെയ്യുന്നു. സത്യം പറഞ്ഞാൽ ഡോറയും ബുജിയും പോലെയാണ് ഞങ്ങൾ.’

 

‘എന്റെ വളർച്ചയിൽ പൂജയുടെ കടന്നുവരവ് ഒഴിച്ചു നിർത്താനാകുന്ന ഒന്നല്ല. ഒന്നുമല്ലാതിരുന്ന സമയത്തെന്റെ കൂടെ നിന്ന വ്യക്തിയാണ് പൂജ. എന്നെ ഒരു പുതിയ ഞാനാക്കി മാറ്റിയതെല്ലാം ഇവളാണ്.’ ജോൺ തുറന്ന് സമ്മതിക്കുന്നു.

 

സർപ്പാട്ട പരമ്പരയിലെ മീശയും തായ്‌ലാന്റിൽ ചെന്ന ഡോണും

 

മൂന്ന് മാസത്തിലൊരിക്കൽ തന്റെ ലുക്കിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ മുൻപന്തിയിലാണ് ജോൺ കൊക്കെൻ എന്നാണ് പൂജയുടെ കമന്റ്. അതുകൊണ്ട് തന്നെ പുത്തൻ വേഷത്തിൽ മുന്നിൽ വന്നു നിൽക്കുമ്പോളും അതിശയമില്ല. പക്ഷെ സർപ്പാട്ട പരമ്പരയിലെ മീശയും വെച്ച് മുന്നിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടി എന്നാണ് പൂജ പറയുന്നത്.

 

‘രണ്ട് മൂന്ന് ആഴ്ചയെടുത്തു എന്നെ സംബന്ധിച്ച് ആ ലുക്കുമായി പൊരുത്തപെട്ടു വരാൻ. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ലോക്ഡൗൺ വന്നതിൽ പിന്നെ സ്ഥിരം വീട്ടിൽ കാണാൻ തുടങ്ങിയതിനു ശേഷമാണ് ശരിക്കും അതുമായി ഒത്തുപോകാൻ തുടങ്ങിയത്. അതിനിടയിൽ ഞങ്ങൾ മാൽഡൈവ്സിലും തായ്‌ലൻറ്റിലും ആ മീശയും വെച്ച് ചെന്നതോടെ അവിടുള്ളവരൊക്കെ സൂക്ഷിച്ചു നോക്കികൊണ്ടേയിരുന്നു. ഇതേതെങ്കിലും ഡോൺ ആണോ എന്ന മട്ടിൽ.’–പൂജ പറയുന്നു.

 

സർപ്പാട്ട പരമ്പരയുടെ സെറ്റിൽ പൂജ വന്നതും ജോൺ ഓർത്തെടുക്കുന്നുണ്ട്. "സർപ്പാട്ട പരമ്പരയുടെ ഷൂട്ട്‌ കാണാൻ ഒരിക്കൽ പൂജ വന്നിരുന്നു. അന്ന് സ്റ്റണ്ട് നടക്കുന്ന സ്റ്റേജിൽ നിന്നും നാനൂറ്‌ മീറ്റർ മാറിയാണ് പൂജ ഇരുന്നിരുന്നത്. പക്ഷേ അവിടെ വരെ ഇടിയുടെ ശബ്ദം കേൾക്കാമായിരുന്നു. ടേക്ക് കഴിഞ്ഞ് വന്നു ഞാൻ വന്നു നോക്കുമ്പോൾ ഒരാൾ കരച്ചിലാണ്. എനിക്ക് വയ്യ ഇതൊന്നും കാണാൻ. നിങ്ങൾ എന്ത് ഇടിയാണ് വാങ്ങിക്കൂട്ടുന്നത് എന്ന് പറഞ്ഞു. പിന്നീടൊരിക്കൽ നടൻ ആര്യയുടെ ഭാര്യ വന്നിരുന്നു. അന്നും ഇതേ കരച്ചിലായിരുന്നു.’– ജോണിന്റെ മറുപടിയിൽ ചിരി കലരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com