ADVERTISEMENT

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം ഫെബ്രുവരി 18 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുമെങ്കിലും ‌ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്കു വേണ്ടി ചിത്രം തിയറ്ററിൽ തന്നെ ഉണ്ടാകുമെന്നു സിനിമയുടെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.  മലയാള സിനിമകൾ ഒടിടിയിൽ വന്നു കഴിഞ്ഞാൽ തിയറ്ററുകളിൽ നിന്നും പിൻവലിക്കുന്ന പതിവുണ്ട്. എന്നാൽ ഹൃദയം തിയറ്ററിലും പ്രദര്‍ശനം തുടരണം എന്നാണു താനും വിനീത് ശ്രീനിവാസനും ചേർന്നെടുത്ത തീരുമാനമെന്നും അത്തരമൊരു കരാറിലാണ് ചിത്രം ഹോട്ട്‌സ്റ്റാറിനു കൊടുത്തിരിക്കുന്നതെന്നും വിശാഖ് പറഞ്ഞു. വീണ്ടും തിയറ്ററുകൾ അടച്ചുപൂട്ടുമോ എന്ന സംശയം നിലനിൽക്കെ ഹൃദയം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്ത് തങ്ങളുടെ തീരുമാനത്തെ ഫിയോക്കും പിന്തുണയ്ക്കും എന്നാണു കരുതുന്നതെന്നും വിശാഖ് മനോരമ ഓൺലൈനിനോടു പറഞ്ഞു.

 

വിശാഖിന്റെ വാക്കുകളിലേക്ക്  

 

‘ഹൃദയം മൂന്നാഴ്ചയായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാലാമത്തെ ആഴ്ചയാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.  തിയറ്റർ റിലീസ് ചെയ്യാതെ ഫെബ്രുവരി 14–നു ഹൃദയം ഒടിടി റിലീസ് ചെയ്താൽ വൻതുക നൽകാം എന്ന് ഒരു ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും വന്ന ഓഫർ നിലനിൽക്കെയാണ് ഞങ്ങൾ ഈ പ്രതിസന്ധി ഘട്ടത്തിൽ തിയറ്ററുകളെ പിന്തുണയ്ക്കണം എന്ന ഉദ്ദേശത്തോടെ തിയറ്റർ റിലീസ് തന്നെ ചെയ്തത്. വീണ്ടും ലോക്ഡൗൺ വന്നേക്കും എന്ന അവസ്ഥ വന്ന സമയത്ത് ഒരു നിര്‍മ്മാതാവും ചെയ്യാത്ത കാര്യമാണ് തിയറ്റർ റിലീസിന്റെ കാര്യത്തില്‍ ഞാൻ ചെയ്തത്. മൂന്ന് ഞായറാഴ്ച്ചകൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സിനിമ തിയറ്ററില്‍ തന്നെ ഞാന്‍ റിലീസ് ചെയ്തു. റിലീസ് ചെയ്തയുടനെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകള്‍ സി കാറ്റഗറിയായി തിയറ്റര്‍ അടച്ചപ്പോഴും ഹൃദയം പ്രദര്‍ശനം തുടരുക തന്നെ ചെയ്തു. ഞങ്ങൾ അത്തരമൊരു ധീരമായ നടപടി എടുത്തതുകൊണ്ടാണ് ആറാട്ട് ഉൾപ്പടെയുള്ള ബിഗ് ബജറ്റ്‌ ചിത്രങ്ങൾ തിയറ്റർ റിലീസ് ചെയ്യാൻ തയ്യാറായത്. തിയറ്റർ ഉടമകൾ പ്രതിസന്ധിയിലാണ് എന്നുള്ളത് ഒരു തിയറ്റർ ഉടമയായ എനിക്കു മനസ്സിലാകും. 

 

തിയറ്റര്‍ ഉടമകളെ പിന്തുണക്കുന്ന തീരുമാനമെടുത്ത ഞങ്ങളുടെ സിനിമ ഒടിടി റിലീസ് വരുമ്പോൾ തീയറ്ററിൽ പ്രദർശിപ്പിക്കാണോ എന്നുള്ളത് ഇനി ഫിയോക്കാണ് തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ കൂടുതൽ ലാഭം നോക്കി പോയിരുന്നെങ്കിൽ ചിത്രം തിയറ്ററിൽ എത്തില്ലായിരുന്നു. ഈ അവസരത്തിൽ ഹൃദയം ഒടിടിയിലും തിയറ്ററിലും ഒരുമിച്ചു പ്രദർശനം തുടരട്ടെ എന്ന തീരുമാനം തിയറ്റര്‍ ഉടമകൾ എടുക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം. തിയറ്റർ അടച്ചുപോകുന്ന സാഹചര്യത്തിൽ അവരെ പിന്തുണച്ചവരുടെ സിനിമ ഒടിടി റിലീസ് ചെയ്തു എന്നു കരുതി തിയറ്ററിൽ നിന്നും പിൻവലിച്ചാൽ ഭാവിയിൽ നിർമാതാക്കൾ സിനിമകളെല്ലാം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുന്ന തീരുമാനമെടുത്താൽ കുറ്റം പറയാൻ കഴിയില്ല. ഹൃദയം ഡയറക്റ്റ് ഒടിടി റിലീസ് ചെയ്‌താൽ വലിയ തുക ഓഫർ ഉണ്ടായിരുന്നു അതു പോലെ തന്നെ തിരുവനന്തപുരം ഉൾപ്പടെയുള്ളിടത്തു തിയറ്ററുകൾ അടഞ്ഞപ്പോൾ ഒടിടി റിലീസ് ചെയ്യാൻ വീണ്ടും ഓഫർ വന്നു. പക്ഷെ ഈ രണ്ടു ഓഫറുകളും തള്ളിക്കളഞ്ഞാണ് ഞാൻ തീയറ്ററിൽ പടം നിലനിർത്തിയത്.  നാലാമത്തെ ആഴ്ചയെങ്കിലും പടം ഒടിടി റിലീസ് ചെയ്തില്ലെങ്കിൽ പിന്നെ എനിക്ക് ഒടിടി ഓഫർ കിട്ടില്ല.  കേരളത്തിന‌ു പുറത്ത് ടോപ് കളക്ഷൻ കിട്ടിയ അഞ്ചു ചിത്രങ്ങളിൽ ഒരു ചിത്രമാണ് ഹൃദയം. തിയറ്ററുകൾ അടച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ ചിത്രം കലക്‌ഷനിൽ ഒന്നാമത് എത്തിയേനെ. എന്തായാലും ഹൃദയം ഒടിടി റിലീസ് ചെയ്താലും തിയറ്ററിൽ പ്രദർശിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ചിത്രം പ്രദർശിപ്പിക്കാം.     

 

മോഹൻലാൽ ചിത്രമായ ആറാട്ട് തിയറ്ററിൽ റിലീസ് ആകുന്നുണ്ട്. അച്ഛന്റെ ചിത്രത്തിനൊപ്പം മകൻ പ്രണവിന്റെ ഹൃദയവും ഒരുമിച്ച് തിയറ്ററിൽ കളിക്കുന്നത് കാണാൻ സന്തോഷമുണ്ടെന്ന് വിശാഖ് പറഞ്ഞു. തിയറ്ററുകൾ പ്രതിസന്ധിയിലായ സമയത്ത് ഹൃദയം റിലീസ് ചെയ്തു തൊട്ട് പിന്നാലെ ലാലേട്ടന്റെ പടവും തിയറ്ററിൽ വരുന്നു. അങ്ങനെ അച്ഛന്റെയും മകന്റെയും സിനിമകൾ സിനിമാമേഖലയെ തന്നെ തിരിച്ചുപിടിക്കുന്നതു സന്തോഷമുള്ള കാര്യമല്ലേ. ഇനിയുള്ള തീരുമാനം ഫിയോക്കിന്റേതാണ്. ഫിയോക്ക് അനുകൂല തീരുമാനം എടുക്കുമെന്നു കരുതുന്നു.’ വിശാഖ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com