ADVERTISEMENT

ഫോണിലൂടെയുള്ള കോട്ടയം പ്രദീപിന്റെ നീട്ടിയുള്ള വിളി ഒരിക്കലും മറക്കാൻ കഴിയില്ലെന്ന്സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. തട്ടത്തിൻ മറയത്തിൽ തുടങ്ങിയ സൗഹൃദം പിന്നീട് തന്റെ സിനിമകളിലേക്കും വളരുകയായിരുന്നെന്ന് ജൂഡ് പറയുന്നു. ജൂഡ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും (ദി യെല്ലോ പെൻ) ഓം ശാന്തി ഓശാന, സാറാസ് തുടങ്ങിയ സിനിമകളിലും കോട്ടയം പ്രദീപ് അഭിനയിച്ചിട്ടുണ്ട്. കോട്ടയം പ്രദീപുമായുള്ള ഓർമകൾ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് മനോരമ ഓൺലൈനുമായി പങ്കുവച്ചു. 

 

ഒടുവിൽ കണ്ടത്

 

പ്രദീപേട്ടൻ പാവമൊരു മനുഷ്യനായിരുന്നു. കോട്ടയത്തുള്ള സമയത്ത് പറ്റുമ്പോഴൊക്കെ നേരിൽ പോയി കാണുമായിരുന്നു. അദ്ദേഹം നാഗമ്പടത്തുള്ള എൽഐസി ഓഫിസിൽ ഉണ്ടാകും. വിളിക്കുമ്പോൾ താഴേക്കു വരും. അദ്ദേഹത്തിന്റെ മരണം പെട്ടെന്നായിപ്പോയി. ഓം ശാന്തി ഓശാനയുടെ വിജയാഘോഷങ്ങളുടെ ഷീൽഡ് ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടു കൈമാറുകയായിരുന്നു. അന്ന് പ്രത്യേകിച്ച് ചടങ്ങുകളൊന്നും സംഘടിപ്പിച്ചിരുന്നില്ല. കൊച്ചിയിൽ വരുമ്പോൾ അദ്ദേഹം വിളിക്കും. സാറാസിന്റെ ഡബിങ്ങിലാണ് ഏറ്റവും ഒടുവിൽ ‌കണ്ടത്. പടം കണ്ടിട്ട് വിളിച്ചിരുന്നു.  

 

സമ്മാനം തന്നു ഞെട്ടിച്ച മനുഷ്യൻ

 

തട്ടത്തിൻ മറയത്തിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അവിടെ വച്ചാണ് പ്രദീപേട്ടനെ പരിചയപ്പെടുന്നത്. വലിയ സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. അതിനുശേഷമാണ് യെല്ലോ പെൻ എന്ന ഹ്രസ്വചിത്രം ഞാൻ ചെയ്യുന്നത്. ഞാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു, പ്രദീപേട്ടാ... ചെറിയൊരു വേഷമാണ്. അധികം സാമ്പത്തികം ഒന്നുമില്ലാ... വന്ന് അഭിനയിക്കാമോ എന്ന്. അദ്ദേഹം ഉടനെ ഓകെ പറഞ്ഞു. അത് ഗംഭീരമായി ചെയ്തു. ഒറ്റ ദിവസത്തെ ഷൂട്ടായിരുന്നു അത്. ഞാൻ അദ്ദേഹത്തിന് 2500 രൂപ അങ്ങോട്ടു കൊടുക്കാൻ പോയപ്പോൾ അദ്ദേഹം എനിക്കായി ഒരു സമ്മാനവുമായിട്ടാണ് വന്നത്. ഒരു വേഷം തന്നതിനുള്ള സന്തോഷം സമ്മാനത്തിന്റെ രൂപത്തിലാണ് അദ്ദേഹം പ്രകടിപ്പിച്ചത്. താങ്ക്യൂ എന്നു പറഞ്ഞു കൊണ്ട് ആ സമ്മാനം എന്റെ കയ്യിൽ തന്നു. അങ്ങനെയൊരു മനുഷ്യനായിരുന്നു പ്രദീപേട്ടൻ. 

 

എല്ലാ പടത്തിലേക്കും വിളിക്കും

 

ഓം ശാന്ത ഓശാന ചെയ്യുന്ന സമയത്ത് മറ്റൊരു വേഷത്തിനാണ് ഞാൻ വിളിച്ചത്. പക്ഷേ, ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് സിനിമയിൽ മറ്റൊരു കൊച്ചു വേഷം കൊടുത്തു. ജൂഡിന്റെ സിനിമയിൽ എന്തായാലും എനിക്ക് അഭിനയിക്കണം എന്ന പ്രദീപേട്ടന്റെ വാക്കാണ് എന്നെ അതിനു പ്രേരിപ്പിച്ചത്. നീതുവിന്റെ അപ്പന്റെ കഥാപാത്രമാണ് അതിൽ അദ്ദേഹം ചെയ്തത്. ഒരു മുത്തശ്ശി ഗദയുടെ ഷൂട്ടിന്റെ സമയത്തും അദ്ദേഹത്തെ വിളിച്ചിരുന്നു. അപ്പോഴും ഡേറ്റിന്റെ പ്രശ്നം മൂലം അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. സാറാസ് വന്നപ്പോൾ എന്തോ ഭാഗ്യത്തിന് അദ്ദേഹത്തെ എനിക്ക് കിട്ടി. എന്റെ എല്ലാ പടത്തിലും ഞാൻ അദ്ദേഹത്തെ വിളിക്കാറുണ്ട്.

 

വേർപാട് അകാലത്തിൽ 

 

സിനിമയിൽ സംസാരിക്കുന്ന പോലെ തന്നെയാണ് അദ്ദേഹം നേരിട്ടും സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ശൈലി അതായിരുന്നു. ആദ്യം എന്നെ സർ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞു അതു മാറ്റി എന്റെ പേര് വിളിച്ചു തുടങ്ങി. ഉഗ്രൻ കഥാപാത്രങ്ങൾ ചെയ്ത് അദ്ദേഹം ഇങ്ങനെ കത്തിക്കയറി വരികയായിരുന്നു. കൈ നിറയെ സിനിമകളും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയൊരു സമയത്താണ് അകാലത്തിലുള്ള അദ്ദേഹത്തിന്റെ ഈ വേർപാട്. ഫോണിലൂടെ നീട്ടിയുള്ള ആ വിളി ഒന്നും മറക്കാൻ കഴിയില്ല. ചെയ്ത കഥാപാത്രങ്ങളിലൂടെ എന്നും പ്രദീപേട്ടൻ ജനങ്ങളുടെ മനസിൽ ജീവിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com