ADVERTISEMENT

കോട്ടയം പ്രദീപ് എന്ന് അഭിനേതാവിന്റെ കരിയർ എടുത്താൽ അതിലേറ്റവും കൂടുതൽ ഹിറ്റ് ഡയലോഗുകൾ പിറന്നത്  വിഷ്ണു ഉണ്ണികൃഷ്ണൻ–ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലുണ്ടായ സിനിമകളിലായിരുന്നു. ഇവർ തിരക്കഥയൊരുക്കിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യെമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിൽ കോട്ടയം പ്രദീപ് അവതരിപ്പിച്ച് കയ്യടി നേടിയ ഡയലോഗുകൾ മലയാളികളുടെ നിത്യവർത്തമാനത്തിന്റെ തന്നെ ഭാഗമായി. പുതിയ ചിത്രത്തിലും കോട്ടയം പ്രദീപിനായി ഒരു ഉഗ്രൻ കഥാപാത്രം കരുതി വച്ചിരുന്നുവെന്ന് വേദനയോടെ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും. കോട്ടയം പ്രദീപിനായി എഴുതിയ ഹിറ്റ് ഡയലോഗുകളുടെ അണിയറക്കഥകളുമായി ഇരുവരും മനോരമ ഓൺലൈനിൽ.     

 

ഈ വേർപാട് സങ്കടകരം

 

നല്ലൊരു കലാകാരൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയായിരുന്നു പ്രദീപേട്ടൻ. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലാണ് ആദ്യമായി ഞങ്ങൾ പ്രദീപേട്ടനുമായി ഒരുമിച്ചു പ്രവർത്തിച്ചത്. അദ്ദേഹം ഗൗതം വാസുദേവിന്റെ പടത്തിൽ വന്ന് ഹിറ്റായി നൽക്കുന്ന സമയത്താണ് ഈ പടം വന്നത്. ഞങ്ങളുടെ ആദ്യത്തെ സിനിമ ആയിരുന്നിട്ടുകൂടി അദ്ദേഹം ഇങ്ങോട്ടു വന്നു സംസാരിക്കുകയും, ചേട്ടാ ഈ മീറ്ററിൽ തന്നെ പറയണേ എന്നു ആവശ്യപ്പെടുമ്പോൾ കൃത്യമായി അങ്ങനെ തന്നെ ചെയ്തു തരികയും ചെയ്യുന്ന വ്യക്തിയായിരുന്നു. വർഷങ്ങളോളം ജൂനിയർ ആർടിസ്റ്റായി പ്രവർത്തിച്ച കലാകാരനാണ് പ്രദീപേട്ടൻ. ആ മനുഷ്യൻ ഒന്നു വന്നു കേറി നല്ല രീതിയിൽ അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വേർപാട്! അതൊരു വലിയ സങ്കടമാണ്.  

 

വേറെ ആരു പറഞ്ഞാലും ആ ഡയലോഗ് ക്ലിക്ക് ആകില്ല

 

പല സംഭാഷണങ്ങളും ഞങ്ങൾ എഴുതുന്നത് ആ കഥാപാത്രത്തിന്റെ ശബ്ദം അനുകരിച്ചു നോക്കിയാണ്. ഓരോ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾക്കും ഓരോ മീറ്ററുണ്ട്. അങ്ങനെ ഞങ്ങൾ എഴുതുമ്പോൾ ചില കഥാപാത്രങ്ങൾ പ്രദീപേട്ടൻ തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചാണ് എഴുതുന്നത്. അതുകൊണ്ടാവാണം ഞങ്ങളുടെ സിനിമകളിലെ അദ്ദേഹത്തിന്റെ ഡയലോഗുകൾ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്. ഉദാഹരണത്തിന് 'നിനക്ക് പട്ടായ തന്നെ പോണമെന്ന് നിർബന്ധമുണ്ടോ' എന്ന അമർ അക്ബർ അന്തോണിയിലെ ഡയലോഗ്. അതിലെ തന്നെ 'ഇനി അടുത്തതതായി ഒരു സില്മാറ്റിക് ഡാൻസ്... ഡോലാ രേ'! അതിനു ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷനിലെ 'കിടുക്കി... തിമിർത്തു... കലക്കി' എന്ന വൈറലായ ഡയലോഗ്. അതിപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ ആവർത്തിച്ചു പറയുന്ന ഡയലോഗാണ്. അത് വേറെ ഒരു ആർടിസ്റ്റ് പറഞ്ഞാലും ഇത്രയും ഇംപാക്ട് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ മീറ്ററിൽ അതു പറയുമ്പോൾ ആ ഡയലോഗ് ഏൽക്കും. ആ സിനിമയിൽ ആകെ മൂന്നു തവണയാണ് ഈ ഡയലോഗ് പറയുന്നത്. ആ സിനിമ ഹിറ്റ് ആയതിനൊപ്പം ഈ ഡയലോഗും കേറി ഹിറ്റായി. 'വല്ല വാഴ വച്ചാ മതിയായിരുന്നു', 'എൻജോയ് എൻജോയ്'... എന്നിങ്ങനെ പ്രദീപേട്ടന്റെ ഒത്തിരി ഹിറ്റ് ഡയലോഗുകളുണ്ട്. പ്രദീപേട്ടന്റെ ശബ്ദത്തിലും രീതിയിലുമൊക്കെ ഒരു മ്യൂസിക് ഉണ്ടായിരുന്നു. സംഗീതാത്മകത എന്നു പറയില്ലേ? അതുകൊണ്ടാണ് ആ ഡയലോഗുകൾ വളരെ പെട്ടെന്ന് പ്രേക്ഷകരുമായി കണക്ട് ആകുന്നതും ഹിറ്റ് ആകുന്നതും. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾക്ക് തന്നെ ഒരു താളമുണ്ടായിരുന്നു. 

 

ചെയ്യാൻ ബാക്കിയാക്കിയ ആ കഥാപാത്രം

 

യെമണ്ടൻ പ്രേമകഥയിൽ പ്രദീപേട്ടന് ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ രംഗം വിഷ്ണുവിനൊപ്പം തെരുവിൽ നിന്നു പാട്ടു പാടുന്നതാണ്. അതിൽ തന്നെയുള്ളതാണ് കല്യാണവീട്ടിലെ രംഗം. പ്രദീപേട്ടൻ രാമകഥ പാടുന്ന ആ രംഗമൊക്കെ ഇപ്പോഴും ഓർമയുണ്ട്. അത് തിയറ്ററിൽ ഉണ്ടാക്കിയ ഓളം ഒരിക്കലും മറക്കാൻ കഴിയില്ല. അവസാനം കണ്ടത് 'കുറി' എന്ന ചിത്രത്തിന്റെ പാട്ടിന്റെ സെറ്റിൽ വച്ചായിരുന്നു. ഞങ്ങളുടെ അടുത്ത പടത്തിൽ പ്രദീപേട്ടന് വളരെ നല്ലൊരു വേഷമുണ്ടായിരുന്നു. കുറിയുടെ സെറ്റിൽ വച്ചു കണ്ടപ്പോൾ അദ്ദേഹത്തോട് ഇക്കാര്യം പറയുകയും ചെയ്തു. ഞങ്ങളുടെ എല്ലാ സിനിമയിലും പ്രദീപേട്ടന് നല്ല വേഷമുണ്ടായിരുന്നല്ലോ. ഇനി ചെയ്യാനിരിക്കുന്ന സിനിമയിലും ഒരു ഉഗ്രൻ കഥാപാത്രമാണ് എഴുതി വച്ചിരുന്നത്. ഞങ്ങളുടെ കമ്പനി ആർടിസ്റ്റ് എന്നാണ് അദ്ദേഹം സ്വയം പറയുക. പ്രദീപേട്ടന്റെ പ്രത്യേകതയെന്നു പറഞ്ഞാൽ ഒരു സീനിൽ അദ്ദേഹത്തെ കൃത്യമായി അങ്ങ് വച്ചാൽ മതി. സ്വാഭാവികമായി അവിടെ ഹ്യൂമർ വർക്കൗട്ട് ആയിക്കോളും. അദ്ദേഹത്തിന്റെ ഏറ്റവും പൊസിറ്റീവ് ആയ കാര്യം ഇതായിരുന്നു. 

 

മുടങ്ങാതെ അയയ്ക്കുന്ന 'ഗുഡ് മോണിങ്'

 

നേരിൽ കണ്ടില്ലെങ്കിലും എന്നും രാവിലെ അദ്ദേഹം ഗുഡ് മോണിങ് മെസജ് അയയ്ക്കും. പരിചയപ്പെട്ടിട്ട് ഇത്ര വർഷം ആയില്ലേ... ഇത്രയും കാലം മുടങ്ങാതെ അദ്ദേഹം രാവിലെ ഗുഡ് മോണിങ് അയയ്ക്കാറുണ്ട്. ഒരു കഥാപാത്രത്തെ കൊടുക്കുമ്പോൾ പ്രദീപേട്ടൻ ആളുടെ ഒരു ശൈലിയിലാണ് അതു ചെയ്യുന്നത്. ആ കഥാപാത്രമായി മാറുന്നതിനേക്കാൾ ആ വേഷത്തെ അദ്ദേഹത്തിലേക്ക് സ്വാംശീകരിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയല്ല, കഥാപാത്രത്തെ അദ്ദേഹത്തിന്റെ ഉള്ളിലേക്ക് സമന്വയിപ്പിക്കും. നല്ലൊരു കേൾവിക്കാരനായിരുന്നു പ്രദീപേട്ടൻ. എല്ലാവരെയും പ്രശംസിക്കും. വളരെ പൊസിറ്റീവായിട്ടാണ് എല്ലാവരോടും സംസാരിക്കുന്നത്. ചെറിയ കാര്യമാണെങ്കിലും അതു നന്നായിട്ടുണ്ടെങ്കിൽ അദ്ദേഹം പറയും, 'അതു കലക്കി കേട്ടോ... അതു നല്ലതാരുന്നു കുട്ടാ!' എന്ന്. ഇങ്ങനെയൊരു മരണം പ്രതീക്ഷിച്ചില്ല! വലിയ സങ്കടമായിപ്പോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com