ADVERTISEMENT

1964 സെപ്റ്റംബർ 4ന്  അച്ഛനോടൊപ്പം കായംകുളത്ത് കെപിഎസി നാടകസമിതിയുടെ മുറ്റത്തേക്കു ചെന്നപ്പോൾ ലളിത ആദ്യം കണ്ടത് അടൂർ ഭവാനിയെയാണ്. പരിചയപ്പെടാൻ വേണ്ടി വെറുതേ ചോദിച്ചു.

 

‘ഇതല്ലേ കെപിഎസി?’

എടുത്തവായിൽ മറുപടിവന്നു.

‘കണ്ടാൽ അറിഞ്ഞുകൂടായോ കൊച്ചേ...?’

 

ലളിത ചിരിച്ചു. അങ്ങനെയായിരുന്നു നീണ്ട നാടകജീവിതത്തിന്റെ തുടക്കം. ബസിലിരുന്ന് ആ വഴി പോയപ്പോഴെല്ലാം കെപിഎസി കണ്ടു കൊതിച്ചിട്ടുണ്ട്., ലളിത.  ആ സ്വപ്നത്തിലേക്കാണു കാലം കൈപിടിച്ചുനടത്തുന്നതെന്ന ബോധം ഉള്ളിൽ നുരയിടുന്നുണ്ടായിരുന്നു. 

 

കൊല്ലത്തു ഗംഗാധരൻ മാസ്റ്ററുടെ നൃത്തസംഘത്തിൽ പ്രവർത്തിക്കുന്നതിനിടയിലാണ് ആദ്യമായി ലളിത  നാടകത്തിൽ വേഷമണിയുന്നത്. കടപ്പാക്കട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിനായിരുന്നു അത്. ആദ്യമായി സാരിയുടുത്ത് അഭിനയിച്ച നാടകം. പക്ഷേ, കൊല്ലത്തെ നൃത്തക്ലാസുകളിൽ താൽപര്യം കുറഞ്ഞപ്പോൾ ലളിതയുമായി അച്ഛൻ നാട്ടിലേക്കു മടങ്ങി. അക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരിയിലെ സ്റ്റുഡിയോയുടെ മുകളിലത്തെ നിലയിലായിരുന്നു ‘ഗീഥാ ആർട്സ് ക്ലബ്ബി’ന്റെ റിഹേഴ്സൽ ക്യാംപ്. 

kpac-saradha

 

‘ബലി’ എന്ന നാടകത്തിൽ അഭിനയിക്കാൻ അവർ വിളിച്ചപ്പോൾ വീട്ടിൽ എതിർപ്പായി. അഭിനയിക്കണ്ട, രണ്ടു ‍ഡാൻസ് ചെയ്താൽ മതിയെന്നായി. അതു കഴിഞ്ഞപ്പോൾ പി.ജെ.ആന്റണിയുടെ ‘മാതൃഭൂമി’ എന്ന നാടകം. അതിലെ നായിക നൃത്തക്കാരിയായതിനാലാണ് അഭിനയിക്കാൻ വീട്ടിൽ സമ്മതിച്ചത്. അതിനിടെ ഗീഥയുമായി ഒരുകൊല്ലത്തെ കരാറൊപ്പിട്ട് രണ്ടായിരം രൂപ കൈപ്പറ്റിക്കഴിഞ്ഞിരുന്നെങ്കിലും ലളിതയുടെ മനസ്സിൽ കെപിഎസിയായിരുന്നു. കുട്ടിക്കാലം മുതലേ കേൾക്കുന്ന പേര്...മനസ്സിലുറച്ചുപോയി. അവിടെയെത്താൻ വഴിയൊരുങ്ങിയത് യാദൃച്ഛികമായാണ്. 

 

കെപിഎസിയിലേക്ക്

 

ഒരുദിവസം ശങ്കരാടിയും എസ്എൽപുരം സദാനന്ദനും കൂടി വീട്ടിലെത്തി കരുനാഗപ്പള്ളിയിൽ പുതുതായി രൂപം കൊടുത്ത ‘പ്രതിഭ’ എന്ന നാടകസമിതിയിലേക്കു ക്ഷണിച്ചു. അതു കെപിഎസിയുടെ സഹോദരസ്ഥാപനമായിരുന്നു. പക്ഷേ, ഗീഥയിൽനിന്നു കൈപ്പറ്റിയ അഡ്വാൻസ് തുകയുടെ നീറ്റലിൽ അച്ഛൻ വിസമ്മതിച്ചു.  നിർബന്ധം സഹിക്കാതായപ്പോൾ ലളിതയുമായി ഒരുദിവസം റിഹേഴ്സൽ ക്യാംപിൽ ചെന്നു. ശങ്കരാടി, കോട്ടയം ചെല്ലപ്പൻ, പറവൂർ ഭരതൻ, അസീസ്... ആകെ സിനിമാമയം. ലളിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. പക്ഷേ വിവരമറിഞ്ഞ് മൂന്നാനാൾ ഗീഥക്കാരെത്തി. കോടതി കയറേണ്ടിവരുമെന്ന നിലയായി. നിവൃത്തിയില്ലാതെ മടങ്ങി. പക്ഷേ, ‘പ്രതിഭ’തന്നെ ഇടപെട്ട് പിന്നീട് ആ പ്രശ്നം ഒതുക്കിത്തീർത്തു. 

 

kpac-mt

അങ്ങനെ ‘പ്രതിഭ’യുടെ ‘കാക്കപ്പൊന്ന്’ എന്ന നാടകത്തിൽ നായികയായി. അറുപതോളം സ്റ്റേജിൽ ആ നാടകം കളിച്ചതോടെ പെരുമയും പടികടന്നു. ലളിതയുടെ അഭിനയമികവു കേട്ടറിഞ്ഞ് ഒരുനാൾ കൊടുങ്ങല്ലൂരിലുള്ള നടൻ ബഹദൂറിന്റെ നാടകസമിതിയിൽനിന്ന് ആളെത്തി. അവരുടെ 5 നാടകങ്ങളിലും അഭിനയിക്കാനായിരുന്നു ക്ഷണം. പക്ഷേ, കെപിഎസിയിൽനിന്നു വിളിവരുന്നതു നോക്കിയിരുന്ന ലളിതയ്ക്ക് മടി. നിർബന്ധിച്ചപ്പോൾ പോയെങ്കിലും പിറ്റേന്നുതന്നെ  കള്ളത്തരം പറഞ്ഞ് മുങ്ങി. മടങ്ങിയെത്തിയപ്പോൾ ലളിതയ്ക്കായി കെപിഎസിയുടെ ടെലിഗ്രാം വീട്ടിൽ കാത്തുകിടപ്പുണ്ടായിരുന്നു.

 

ഇന്റർവ്യൂവിനു ചെന്നപ്പോൾ, ആദ്യം തർക്കുത്തരം പറഞ്ഞ അടൂർ ഭവാനി കാര്യമറിഞ്ഞു വീട്ടുകാരിയായി. അകത്ത് നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്നു. കെ.പി ഉമ്മറും കെ.എസ്. ജോർജുമുണ്ട്. ആ വർഷം കെപിഎസിക്കു പുതിയ നാടകമില്ല. പഴയ 7 നാടകങ്ങൾ വീണ്ടും അവതരിപ്പിക്കുകയാണ്. അതിലെല്ലാംകൂടി പറ്റിയ ഒരു നായിക വേണം. നൃത്തമറിയണം, പാടണം, അഭിനയിക്കണം. 

 

തോപ്പിൽഭാസി, കെപിഎസി സുലോചന, കെ.പി.ഉമ്മർ, ചെല്ലപ്പൻപിള്ള തുടങ്ങിയവരായിരുന്നു ഇന്റർവ്യൂ സമിതിയിൽ. ‘പാടാനറിയാമോ’ എന്ന് കെ.എസ്.ജോർജ് ചോദിച്ചു. അറിയാമെന്നു പറഞ്ഞപ്പോൾ ‘പാടൂ’ എന്നായി. ‘അമ്പിളിയമ്മാവാ’ പാടി. ‘ഡാൻസി ചെയ്യൂ’ എന്നായി. ഒട്ടുംമടിക്കാതെ അതേ പാട്ടുപാടി നൃത്തം ചെയ്തു. ‘ഡയലോഗ് പറയാമോ’ എന്ന് അടുത്ത ചോദ്യം. ‘പറഞ്ഞുതന്നാൽ പറയാം’ എന്നു മറുപടി. സുലോചന പറഞ്ഞ ഡയലോഗ് ഏറ്റുപറഞ്ഞു. വിവരമറിയിക്കാമെന്നു പറഞ്ഞ് യാത്രയാക്കി.

 

ബസിൽ കയറിയപ്പോൾ സുലോചനയും അതേ സീറ്റിൽ വന്നിരുന്നു. അവർ പറഞ്ഞു: ‘മോളേ, നിന്നെ എല്ലാവർക്കും ഭയങ്കര ഇഷ്ടമായി.’ അതോടെ ആശ്വാസമായി.‘അശ്വമേധ’ത്തിൽ ഉമ്മറിന്റെ ഭാര്യയായിട്ടൊക്കെ അഭിനയിക്കാനുള്ളതാ. കുറച്ചൂടെ വണ്ണമൊക്കെ വയ്ക്കണം എന്ന് ഉപദേശിച്ചു. അതോടെ തടികൂട്ടാനുള്ള തത്രപ്പാടായി. ഡോക്ടറെ കണ്ട് 16 കുത്തിവയ്പ്. വീട്ടുചികിത്സ വേറേ. പോത്തിന്റെ വാൽകൊണ്ടു സൂപ്പ്, ഉണക്കമുന്തിരി കള്ളിലിട്ട് രാവിലെ ഞെരടിപ്പിഴിഞ്ഞുകുടിക്കൽ, പാലിൽ പച്ചമുട്ടയടിച്ചു കുടിക്കൽ, പഴംകഞ്ഞി കുടിക്കൽ, എല്ലാത്തിനും പുറമേ രാത്രി ച്യവനപ്രാശം...നാട്ടുകാരും വീട്ടുകാരും പറഞ്ഞ വിദ്യകളൊക്കെ പരീക്ഷിച്ചു തടികൂട്ടിയിട്ടാണ് തട്ടിൽ കയറിയത്. പിന്നീട് നീണ്ട 8 വർഷം അവിടെയായിരുന്നു ജീവിതം. അശ്വമേധം, സർവേക്കല്ല്, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയഭൂമി അങ്ങനെ കേരളത്തിലെ സാമൂഹ്യജീവിതത്തിന്റെ അടയാളപ്പെടുത്തലായി മാറിയ ഒരുപിടി നാടകങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾ. ജീവിതത്തിൽ എക്കാലത്തേക്കും കെപിഎസി എന്ന നാലക്ഷരം പേരിനോടു കൂട്ടിച്ചേർത്താണ് ലളിത അവിടം വിട്ടത്.

 

സിനിമയെന്ന കൂട്ടുകുടുംബം

 

പലതരത്തിൽ വായിച്ചെടുക്കാവുന്ന പെരുന്തച്ചന്റെ നിർമിതി പോലെയായിരുന്നു കെപിഎസി ലളിത എന്ന നടി.  ഓരോ സംവിധായകർ തങ്ങളുടെ കാഴ്ചയ്ക്കൊപ്പിച്ച് ആ നടനവൈഭവം പ്രയോജനപ്പെടുത്തി. സെറ്റും മുണ്ടുമുടുപ്പിച്ചപ്പോൾ ലളിത വീട്ടിലൊരാളായി. തോർത്തുവിലങ്ങനെയിട്ടു കൈലിയുടുപ്പിച്ചു മുറുക്കിച്ചുവപ്പിച്ചപ്പോൾ നാട്ടിൻ പുറത്തെ തന്റേടിയായി, പൊട്ടുകുത്തി പകുതിമാറു മറച്ചു ‘കല്യാണി കളവാണി’ പാടിയപ്പോൾ  കാമുകിയായി. സത്യന്റെ കാമുകിയായി അഭിനയിച്ച അവർതന്നെ പ്രേംനസീറിന്റെ അമ്മയായും പിന്നീട് മമ്മൂട്ടിയുടെ ഭാര്യയായും അഭിനയിച്ചു. 

 

നാടകത്തിൽ അഭിനയിച്ച  കഥാപാത്രത്തോടെ  1969ൽ സിനിമയിലേക്കു പറിച്ചുനടപ്പെടുകയായിരുന്നു ലളിത. ‘കൂട്ടുകുടുംബ’മായിരുന്നു ആദ്യ ചിത്രം. സിനിമയാക്കുന്നതിനു മുൻപ് സംവിധായകൻ കെ.എസ്.സേതുമാധവനും ഉദയാ സ്റ്റുഡിയോ മുതലാളിയായി ചാക്കോച്ചനും വേണ്ടി സ്റ്റുഡിയോയിൽ നാടകം അവതരിപ്പിച്ചു. നാടകം കഴിഞ്ഞതോടെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണവും 250 രൂപയുടെ അഡ്വാൻസ് ചെക്കും കിട്ടി. ആയിരം രൂപയായിരുന്നു പ്രതിഫലം. ‘കൂട്ടുകുടുംബ’ത്തിൽ അഭിനയിച്ച 4 പേരെയാണ് സിനിമയിലെടുത്തത്-ലളിത  ആലുംമൂടൻ, ഖാൻസാഹിബ്, അടൂർഭവാനി.

 

ഉദയായിൽതന്നെ ആയിരുന്നു ചിത്രീകരണം. സേതുമാധവൻ അഭിനേതാക്കളെ കടിച്ചുകീറുന്ന പുലിയാണെന്ന് ഭവാനി പറഞ്ഞു പേടിപ്പിച്ചതോടെ ലളിതയുടെ അഭിനയമോഹം പമ്പകടന്നു. അവർ കരഞ്ഞുവിളിച്ചു മടങ്ങിപ്പോകാനൊരുങ്ങി. ഒടുവിൽ സേതുമാധവനും ചാക്കോച്ചനും ഒരുവിധത്തിൽ സാന്ത്വനിപ്പിച്ചു സമിതിയിൽ നിർത്തി. ലളിതയുടേതായിരുന്നു ആദ്യ ഷോട്ട്. പക്ഷേ, ഷൂട്ടിങ് ആണെന്ന് അറിയിച്ചില്ല. 

 

‘കൂട്ടുകുടുംബം’ സൂപ്പർഹിറ്റായതോടെ ആദ്യ ഷോട്ടെടുത്ത ലളിത ഉദയായുടെ ഐശ്വര്യമായി. എല്ലാ സിനിമയിലും വേഷം. 1978ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തതോടെ ലളിതയിലെ നടി വീട്ടുകാര്യങ്ങളുമായി ഒതുങ്ങി. പിന്നീട് 1983ൽ ഭരതന്റെ തന്നെ ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരശ്ശീലയിലെത്തി. സന്മനസ്സുള്ളവർക്കു സമാധാനം, പൊൻമുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, ദശരഥം, വെങ്കലം, ഗോഡ്ഫാദർ, അമരം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തിപ്രാവ് എന്നീ ചിത്രങ്ങളിലൂടെ രണ്ടാംവരവിൽ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൈയടിനേടി. 1998 ജൂലൈയിൽ ഭരതൻ മരിച്ചതോടെ വീണ്ടും സിനിമയിൽനിന്ന് ഇടവേള. മക്കളുടെയും സത്യൻ അന്തിക്കാടിന്റെയും നിർബന്ധത്തോടെ 1999ൽ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ തിരിച്ചുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com