ADVERTISEMENT

കോവിഡ് ഭീതിയൊഴിഞ്ഞതോടെ തിയറ്ററുകള്‍ സജീവമായിരിക്കുകയാണ്. മലയാളത്തിലും ഇതരഭാഷകളിലുമായി നിരവധി ചിത്രങ്ങളാണ് വെള്ളിയാഴ്ച റിലീസിനെത്തിയിരിക്കുന്നത്. കൂടാതെ തിയറ്ററുകളിലിറങ്ങി വൻ വിജയമായ സിനിമകള്‍ ഒടിടിയിലൂടെയും റിലീസ് ചെയ്തിട്ടുണ്ട്.

 

ഉപചാരപൂ‍ർവം ഗുണ്ടാ ജയൻ, വെയിൽ, മെമ്പർ രമേശൻ ഒൻപതാം വാർഡ്, ഹിന്ദി ചിത്രം ഗംഗുഭായ് കത്തിയവാഡി, തെലുങ്ക് ചിത്രം ഭീംല നായക് എന്നിവയാണ് തിയറ്ററുകളിൽ റിലീസിനെത്തുന്ന സിനിമകൾ.

 

അജഗജാന്തരം, കുഞ്ഞെൽദോ, ജാൻ എ മൻ എന്നീ സിനിമകൾ ഒടിടിയിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്നു.

 

ഉപചാരപൂ‍ർവം ഗുണ്ടാ ജയൻ

 

സൈജു കുറുപ്പ് അഭിനയിക്കുന്ന നൂറാം ചിത്രം എന്ന പേരിൽ ശ്രദ്ധ നേടിയ സിനിമയാണ് 'ഉപചാരപൂ‍ർവം ഗുണ്ടാ ജയൻ'. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു പക്കാ കോമഡി എന്‍റര്‍ടെയ്നര്‍ ആകും.

 

വെയില്‍

 

നവാഗതനായ ശരത് സംവിധാനം ചെയ്ത ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.

 

മെമ്പർ‍ രമേശൻ ഒമ്പതാം വാർ‍ഡ്

 

അർജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. ബോബന്‍ ആൻഡ് മോളി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ ബോബനും മോളിയും നിർമിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്. 

 

ഭീംല നായക്

 

‘അയ്യപ്പനും കോശിയും’ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് 'ഭീംല നായക്'. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രമായി പവൻ കല്യാണാണ് ചിത്രത്തിലെത്തുന്നത്. ഭീംല നായക് എന്നാണ് കഥാപാത്രത്തിന് പേര്. പൃഥ്വിരാജ് കഥാപാത്രം കോശിയായെത്തുന്നത് റാണ ദഗുബാട്ടിയാണ്. ഡാനിയേൽ ശേഖർ എന്നാണ് റാണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കണ്ണമ്മയുടെ വേഷത്തിൽ നിത്യ മേനോനും ഡാനിയേലിന്റെ ഭാര്യയായി സംയുക്ത മേനോനുമാണ് എത്തുന്നത്. സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്റർടെയ്മെൻ്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗവംശിയാണ് നിർമിച്ചിരിക്കുന്നത്.

 

ഗംഗുഭായ് കത്തിയവാഡി

 

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം. ഗംഗുഭായ് ആയി അമ്പരപ്പിക്കുന്ന മേക്കോവറിലാണ് നടി ആലിയ ഭട്ട് എത്തുന്നത്. യഥാർഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമ. സുദീപ് ചാറ്റര്‍ജിയാണ് ഛായാഗ്രഹണം.

 

അജഗജാന്തരം, കുഞ്ഞെൽദോ, ജാൻ എ മൻ എന്നീ സിനിമകൾ മൂന്ന് വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളിലാണ് എത്തുന്നത്. സൺ നെറ്റ്‌വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സിടിലൂടെയാണ് ജാൻ എ മൻ  പ്രേക്ഷകരിലേക്ക് എത്തുന്നത്. ടിനു പാപ്പച്ചൻ, ആന്‍റണി വർഗീസ് നായകനായ അജഗജാന്തരം സോണി ലിവിലൂടെയും ആസിഫ് അലി ചിത്രം ‘കുഞ്ഞെല്‍ദോ’ സീ 5 പ്ലാറ്റ്ഫോമിലൂടെയും റിലീസിനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com