ADVERTISEMENT

സാഹിത്യത്തിലും സിനിമയിലും ഭാഷയുടെ അനാദൃശ്യമായ ലാവണ്യം പകർന്നു തന്ന, മലയാളത്തിന്റെ അജയ പ്രജാപതിയായ എം.ടി. വാസുദേവൻ നായരുടെ പ്രഥമ സംവിധാന സംരംഭമായ നിർമാല്യത്തിലൂടെ നായകനായി കടന്നു വന്ന അനുഗ്രഹീത നടനായിരുന്ന സുകുമാരൻ കാലത്തിന്റെ കരങ്ങളിൽ അകപ്പെട്ടിട്ട് നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങളാകാൻ പോകുന്നു എന്നു കേട്ടപ്പോൾ ആദ്യം എനിക്കു വിശ്വസിക്കാനായില്ല.

 

ജീവിതം ഒരിക്കലും തെറ്റി വായിക്കാൻ ഇഷ്ടപ്പെടാതിരുന്ന സുകുമാരൻ കാലത്തിന്റെ കണക്കിനു പറ്റിയ വലിയ ശിക്ഷ ഏറ്റുവാങ്ങി എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി കാഹോസ്പിറ്റലിൽ ജീവനറ്റ് കിടക്കുന്നതും നോക്കി നിന്ന ആ ദുഃഖ നിമിഷങ്ങളൊക്കെ ഈയിടെ കഴിഞ്ഞു പോയതു പോലെയാണ് എനിക്കു തോന്നുന്നത്. 

 

mallika-family

അന്ന് മനസ്സിൽ പതിഞ്ഞ ഒരു നൊമ്പരാനുഭവം എനിക്കുണ്ടായി. സുകുമാരന്റെ പറക്കമുറ്റാത്ത പന്ത്രണ്ടും പതിനാലും വയസ്സു പ്രായക്കാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വെള്ള ഫുൾകൈ ഷർട്ടും പാന്റ്സുമിട്ട് സങ്കടത്തിന്റെ പെരും കടലും പേറി ശബ്ദമില്ലാത്ത ഒരു വിലാപം പോലെ മരവിച്ചു നിൽക്കുന്ന ആ കാഴ്ച ഇപ്പോഴും എന്റെ കൺമുൻപിൽ നിന്നും മാഞ്ഞു പോയിട്ടില്ല. 

 

കാലം എല്ലാ മുറിവുകളും ഉണക്കുന്ന മഹാമാന്ത്രികനാണെങ്കിലും ചില ദുരന്തങ്ങൾ ജീവിതാവസാനംവരെ മനസ്സിൽ ചാരം മൂടി കിടക്കും. ജീവിതത്തിന്റെ ക്രീസിൽ ഓള്‍റൗണ്ടറായി ഓടി നടക്കുമ്പോഴായിരുന്നു ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ഒരു മിന്നൽപ്പിണർ പോലെ സുകുമാരന്റെ വിടവാങ്ങൽ ഉണ്ടായത്.

 

1948 ജൂണ്‍ 10 ന് ജനിച്ച സുകുമാരൻ 1997 ജൂൺ 16 ന് നാൽപത്തി ഒൻപതാമത്തെ വയസ്സിലാണ് നമ്മെ വിട്ടു പോയത്. 1973 ലാണ് സുകുമാരൻ ആദ്യമായിട്ടഭിനയിച്ച, എന്റെ അക്ഷരഗുരവായ എംടിയുടെ ‘നിർമാല്യം’ റിലീസായത്.  എംടിയോടുള്ള ആരാധനയും പുതിയ നായകനടനായ സുകുമാരനെ കാണാനുള്ള ആഗ്രഹവുമായി നിർമാല്യം റിലീസായ ദിവസം മാറ്റിനി ഷോ തന്നെ പോയി ഞാൻ കണ്ടു. അന്ന് ഞങ്ങളുടെ ചിത്രപൗർണമി കൂട്ടായ്മയിലുള്ള ആർട്ടിസ്റ്റ് കിത്തോ, ജോൺപോൾ, സെബാസ്റ്റ്യൻ പോൾ, ആന്റണി ചടയംമുറി തുടങ്ങിയവരും സിനിമാ കാണാൻ എന്റെ കൂടെ ഉണ്ടായിരുന്നു. 

 

sukumaran

രാത്രിയിൽ അകലെ ക്ഷേത്രത്തിലെ ഉത്സവമേളത്തിന്റെ അലയടി ശബ്ദത്തിൽ ഇരുട്ടിന്റെ പുകമറയിൽ നിന്ന് ഒരു പൊട്ടു പോലെ ഒരു ബീഡി തുമ്പിന്റെ അവസാന പുകയും വലിച്ചെടുക്കുന്ന സുകുമാരന്റെ മുഖം സ്ക്രീനിൽ ആദ്യം തെളിഞ്ഞു വന്നപോൾ  ഞങ്ങൾ എല്ലാവരുടെയും മിഴികളും ശ്രദ്ധയും ആ മുഖത്ത് തന്നെയായിരുന്നു. അച്ഛനായ വെളിച്ചപ്പാടിന്റെ അപ്പു എന്നുള്ള ആ വിളി നിശബ്ദതയെ ഭേദിച്ചപ്പോഴാണ് സുകുമാരന്റെ ക്ലോസപ്പ് ഷോട്ട് വെള്ളിത്തിരയിൽ ആദ്യമായി തെളിഞ്ഞത്. 

 

ആള് കൊള്ളാം, ആദ്യ കാഴ്ചയിൽ തന്നെ ഞങ്ങൾക്കെല്ലാവർക്കും ആ പുതുമുഖ നായകനെ ഇഷ്ടപ്പെട്ടു.  പുതിയ തലമുറയുടെ യൗവ്വനത്തിന്റെ നേർബിംബം പോലെ തോന്നി ആ മുഖം. 

 

"എവിടെയായിരുന്നു നീ ഇത്രേം നേരം."  വെളിച്ചപ്പാടിന്റെ ചോദ്യത്തിന് അച്ഛന്റെ മുഖത്തു നോക്കാതെയുള്ള മകന്റെ നിരാശയും നിസ്സംഗതയും കലർന്ന മറുപടി ഇങ്ങനെയായിരുന്നു. 

 

"ഇവിടെ ഇരുന്നിട്ടെന്താ വിശേഷം?" സിനിമയിലെ സുകുമാരന്റെ ആദ്യത്തെ സംഭാഷണം ഇതായിരുന്നു.   അച്ഛന് പെട്ടെന്നൊരു മറുപടി പറയാനും ഉണ്ടായിരുന്നില്ല. 

 

വളരെ സോഫ്റ്റായ വേഷങ്ങളെക്കാൾ  കരുത്തും തന്റേടവുമുളള കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശബ്ദവും ഭാവപ്രകടനവും കൊണ്ട് പെട്ടെന്നു തന്നെ സുകുമാരന് പ്രേക്ഷകമനസ്സുകളുടെ പ്രിയപ്പെട്ട നടനായി മാറാൻ കഴിഞ്ഞു. 

 

sukumaran-uppukandam

പി.ജെ. ആന്റണിക്ക്  ഭരത് അവാർഡ് മുതൽ പല പുരസ്കാരങ്ങളും നിർമാല്യം നേടിക്കൊടുത്തങ്കിലും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായത് സുകുമാരനാണ്.  അന്ന് സുകുമാരനെപ്പോലെ സ്റ്റൈലായി സംഭാഷണം പറയുന്ന നായകനടന്മാരൊന്നും ഉണ്ടായിരുന്നില്ല.  വാക്പയറ്റിന്റെ വശ്യവലയത്തിൽ പ്രേക്ഷകരെ കുരുക്കിയിടാൻ സുകുമാരനു പെട്ടെന്ന് കഴിഞ്ഞു.  ഈയൊരു ശൈലി പിന്നീടു വന്ന പല നടന്മാരും അനുകരിക്കുകയുണ്ടായി. 

 

സത്രത്തിൽ ഒരു രാത്രി, കൊച്ചു കൊച്ചു തെറ്റുകൾ, വാരിക്കുഴി, ബന്ധനം, അഴിയാത്ത വളകൾ, വളർത്തു മൃഗങ്ങൾ എന്ന ചിത്രങ്ങൾ കൂടി വന്നപ്പോൾ സുകുമാരൻ മലയാള സിനിമയിലെ മാര്‍ക്കറ്റു വാല്യുവുള്ള നടനായി മാറുകയായിരുന്നു. 

 

സുകുമാരന്റെ അഭിനയത്തോടുള്ള പ്രിയം കൊണ്ട് ഒന്നു നേരിൽ കാണാന്‍ പറ്റുമോ എന്നും ഞാൻ ഒരു സിനിമാ തിരക്കഥാകാരനായി മാറുമോ എന്നും ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.  സുകുമാരൻ സിനിമയിൽ വന്ന് നാലു കൊല്ലം കഴിഞ്ഞാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. അതും ചിത്രപൗർണമി എന്ന സിനിമാ വാരികയുടെ പത്രാധിപർ പദവിയുമായി. 

 

ആ കൂടികാഴ്ചയ്ക്കു പ്രത്യേക ഒരു സുഖമുണ്ടായിരുന്നു.  ഐ.വി. ശശിയുടെ 'അംഗീകാര'ത്തിന്റെ ഹൈദരാബാദിലുള്ള ലൊക്കേഷനായിരുന്നു വേദി.  ശ്രീദേവിയും രവികുമാറും വിൻസെന്റുമൊക്കെയുള്ള ചിത്രമാണ് 'അംഗീകാരം'. ശശി ഇവരെയെല്ലാം എനിക്ക് പരിചയപ്പെടുത്തി തന്നെങ്കിലും സുകുമാരനിലേക്കെത്തിയില്ല. സുകുമാരൻ പുറത്ത് ലോണിൽ തനിച്ച് ഇരിക്കുകയാണ്. കക്ഷി അങ്ങനെ ഇടിച്ചു കയറി ആരെയും പരിചയപ്പെടുന്ന കൂട്ടത്തിലല്ല എന്ന് എനിക്കു തോന്നി.  തൻപ്രമാണിത്വവും സവർണ പെരുമയുമുള്ള ഭാവഹാവാദികളുമായി ആണ് കക്ഷി ഇരിക്കുന്നത്.  

 

ഞാൻ ഒരു പത്രാധിപരുടെ ഗരിമയിൽ സുകുമാരന്റടുത്തേക്ക് െചന്ന് എന്നെ സ്വയം പരിചയപ്പെടുത്തി. പിന്നെ ചിത്രപൗർണമി എന്നു കേട്ടപ്പോൾ സുകുമാരനും പെട്ടെന്ന് വാചാലനായി. 

 

madhavi-sukumaran

"ങാ, ചിത്രപൗർണമി, കേട്ടിട്ടുണ്ട്, എ.എൻ. രാമചന്ദ്രൻ നസീർ സാറിന്റെ കാർമികത്വത്തിൽ തുടങ്ങിയ പത്രമല്ലേ? ഇപ്പോൾ നിങ്ങളാണോ അത് നടത്തുന്നത്. "

 

ഞാൻ പത്രം വാങ്ങിയ കാര്യമൊക്കെ പറഞ്ഞു, "ഞാൻ കാണാറുണ്ട്, കാണാറുണ്ട്"  എന്ന സ്റ്റൈലിലുള്ള സിനിമയിലെ ഡയലോഗ് പ്രസന്റേഷൻ പോലെയാണ് എന്നോടു സുകുമാരൻ സംസാരിച്ചത്. വളരെ എക്സ്ക്ലൂസീവായ ഒരു വലിയ ഇന്റർവ്യൂ ആണ് സുകുമാരൻ അന്നെനിക്ക് തന്നത്. 

 

സുകുമാരന്റെ സംസാരവും മാനറിസവും ഒക്കെ കണ്ടപ്പോൾ "ഈ മനോഹര തീര"ത്തിലെ മധുവിന്റെ അനിയന്റെ റോളിൽ സുകുമാരൻ വന്നാൽ നന്നാകുമെന്ന് ശശിയോടു പറഞ്ഞത് ഞാനാണ്. അങ്ങിനെയാണ് ആ ചിത്രത്തിൽ സുകുമാരൻ വരാൻ കാരണം. 

 

പിന്നീട് പല ലൊക്കേഷനിലും വച്ച് ഞങ്ങൾ തമ്മിൽ കാണാൻ തുടങ്ങി.  അത് നല്ലൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.  ആ സൗഹൃദത്തിൽ നിന്നുണ്ടായ സുകുമാരന്റെ അഭിപ്രായമാണ് ഞാൻ സിനിമയിൽ വരാൻ ഒരു നിമിത്തമായി മാറിയതെന്ന് വേണമെങ്കിൽ പറയാം. 

 

"ഹാ നിങ്ങൾ സിനിമാ ലേഖനങ്ങളും കഥകളും നോവലുകളുമൊക്കെ എഴുതുന്നതല്ലേ ഡെന്നിസ്?  നിങ്ങൾക്ക് നന്നായി സ്ക്രിപ്റ്റ് എഴുതാനും പറ്റും. ഒന്ന് നന്നായിട്ട് ശ്രമിച്ച് നോക്കൂ."  സുകുമാരന്റെ വാക്കുകൾ അച്ചിട്ടതു പോലെ രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ ഒരു തിരക്കഥാകാരനായി മാറി.

 

ഞാൻ എഴുതിയ അകലങ്ങളിൽ അഭയം, സംഭവം, വിറ്റ്‍നസ്, സന്ദർഭം, സൗഹൃദം, കൂടിക്കാഴ്ച, ന്യൂ ഇയർ,  ഉപ്പുകണ്ടം ബ്രദേഴ്സ്, ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്, ബോക്സർ തുടങ്ങിയ പതിനഞ്ചോളം സിനിമകളിൽ സുകുമാരൻ അഭിനയിക്കുകയുണ്ടായി.  അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്റെ എത്രയെത്ര സിനിമകളിൽ സജീവ സാന്നിധ്യമാകേണ്ടതായിരുന്നു.  ന്യൂ ഇയറിലെ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ സുകുമാരന്റെ ഡയലോഗ് ഡെലിവറി ഒന്നു േകൾക്കേണ്ടതാണ്. എന്റെ സിനിമയിൽ സുകുമാരനെ വിളിക്കുന്നതു കക്ഷിയുടെ പ്രത്യേക സ്റ്റൈലിലുള്ള സംഭാഷണം കേൾക്കാൻ വേണ്ടി കൂടിയാണ്. 

 

ഞാനും സുകുമാരനുമായി നാലഞ്ചു ദിവസം ഒന്നിച്ചു കൂടാനുള്ള ഒരു അവസരവും അന്നുണ്ടായി.  ന്യൂ ഇയറിന്റെ ഷൂട്ടിങിന് ഊട്ടിയിൽ പോയപ്പോൾ ഒരേ ഹോട്ടലിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. 

 

ഷൂട്ടിങ് നേരത്ത കഴിഞ്ഞു വന്നാൽ ഞങ്ങൾ രണ്ടാളും കൂടി സുകുമാരന്റെ മുറിയിൽ കൂടും. അങ്ങനെ എല്ലാവരോടും കയറി കമ്പനിയടിക്കുന്ന ആളല്ല സുകുമാരൻ.  സവിശേഷ സ്വഭാവമുള്ള ഒരാളായിരുന്നു. മനസ്സിലുള്ളതു അതുപോലെ പുറത്തും പ്രകടിപ്പിക്കും.  പെട്ടെന്നൊന്നും ആർക്കും പിടികൊടുക്കുകയുമില്ല.   ഒരു വാക്കു പറഞ്ഞാൽ പിന്നെ അതിൽ മാറ്റമുണ്ടാകില്ല.  ഈ സ്വഭാവമാണ് പൃഥ്വിരാജിനും കിട്ടിയിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.  പിന്നെ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ സുകുമാരൻ ഒരു വിട്ടു വീഴ്ചയും കാണിക്കില്ല.  അതിന്റെ പേരിൽ പല നിർമാതാക്കൾക്കും സുകുമാരനോട് നീരസം തോന്നിയിട്ടുണ്ട്.  അതിനെക്കുറിച്ച് സുകുമാരൻ പറയുന്നത് കേൾക്കാം. 

 

"ഡെന്നിസേ നമ്മൾ എന്തിനാണ് ജോലിയെടുക്കുന്നത്. ജീവിക്കാൻ വേണ്ടിയല്ലേ.  ജീവിക്കണമെങ്കിൽ പണം വേണം. നമ്മൾ ജോലിയെടുത്തിട്ട് പൈസ കിട്ടാതിരുന്നാൽ എങ്ങനെയാണ് ശരിയാകുന്നത്.? അതിനു സുകുമാരൻ പറയുന്ന ഒരു ഉദാഹരണം ഇതാണ്.  "പണം ആറാമിന്ദ്രിയം പോലെയാണ് അതില്ലാതെ മറ്റ് ഇന്ദ്രിയങ്ങൾക്കൊന്നും അനങ്ങാനാകില്ല, പണമില്ലെങ്കിൽ നമ്മളെ ആരും ഒരു വിലയും കല്പിക്കില്ല. " 

 

സുകുമാരന്റെ ഇങ്ങനെയുള്ള തത്വശാസ്ത്രവും ഭൗതിക ശാസ്ത്രവുമൊക്കെ കേട്ടിരിക്കുന്നത് തന്നെ ഒരു അനുഭവപാഠമാണ്.   

 

പ്രതിഫലകാര്യത്തിൽ ഇങ്ങനെ കണിശക്കാരനാണെങ്കിലും ഞാനും കിത്തോയും കൂടി നിർമിച്ച 'ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്സിൽ' ഞങ്ങൾ ചോദിക്കാതെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടു മനസ്സിലാക്കി പ്രതിഫലം കുറച്ചാണ് സുകുമാരൻ വാങ്ങിയത്.  അതിന് സുകുമാരന്റേതായ ന്യായീകരണമുണ്ട്.  "നമ്മളൊക്കെ കലാകാരന്മാരല്ലേ? ഒരു കലാകാരൻ പൈസയുടെ കാര്യത്തിൽ മറ്റൊരു കലാകാരന്റെ കുത്തിന് പിടിക്കുന്നത് ശരിയല്ല. 

 

അങ്ങനെ തനിക്ക് ശരിയെന്നു തോന്നുന്ന തന്റെ തീരുമാനങ്ങൾക്കും ചിന്തകൾക്കുമൊപ്പം നിന്നുകൊണ്ട് ഒരു പോരാളിയെപ്പോലെ ആരോടും പോരാടാൻ സുകുമാരന് ഒരു മടിയുമില്ല.  'അമ്മ' തുടങ്ങിയ ആദ്യ വർഷത്തെ തിരഞ്ഞെടുപ്പ് നടപടി ശരിയല്ലെന്ന് കാണിച്ച്‌ സുകുമാരൻ കോടതിയിൽ കേസ് കൊടുത്തതിന്റെ പേരിൽ സംഘടനാ സുകുമാരനെതിരെ ഒരു അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ സമയത്ത് ഞങ്ങൾ ‘ബോക്സർ’ എന്ന സിനിമ തുടങ്ങാനുള്ള പ്രാരംഭ നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.  ബാബു ആന്റണിയും സുകുമാരനുമാണ് പ്രധാന വേഷക്കാർ.  ദിനേശ് പണിക്കരാണ് നിർമ്മാതാവ്.  സുകുമാരനെ അതിൽ അഭിനയിപ്പിക്കാതിരിക്കാൻ 'അമ്മ'ക്കാർ ശ്രമിച്ചപ്പോൾ  സുകുമാരൻ എന്നെ വിളിച്ചു.  

 

"ഞാൻ ഇതിൽ അഭിനയിച്ചാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലേ ഡെന്നിസ്?"  ഞാൻ അത് കേട്ടപ്പോൾ പറഞ്ഞു "ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് പ്രധാന നടൻ മാറിയാൽ പടം നിന്നുപോകും അതുകൊണ്ട് സുകുമാരൻ മാറാൻ പറ്റില്ല"  ഞങ്ങളുടെ ബുദ്ധിമുട്ടു കേട്ടപ്പോൾ സുകുമാരൻ അഭിനയിക്കാൻ തയാറായി വന്നു.  

 

ബോക്സറിന്റെ ഷൂട്ടിങ് തുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോൾ സുകുമാരനെ മാറ്റണം എന്നുപറഞ്ഞ് അമ്മയിലെ ആളുകൾ എറണാകുളത്തെ കവിത ടൂറിസ്റ്റ് ഹോമിൽ എന്നെ കാണാൻ വന്നു.  സുകുമാരനെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു ഞാൻ അവരെ തിരിച്ചയച്ചു.   പ്രശ്നം വഷളാകാൻ തുടങ്ങിയതോടെ എല്ലാ സംഘടനകളും ഇടപെട്ടു ഒരു അനുരഞ്ജന യോഗം വിളിച്ചു കൂട്ടി.  എറണാകുളം ലോട്ടസ്സ് ക്ലബ്ബിൽ വച്ചായിരുന്നു യോഗം. മാക്ടയെ പ്രതിനിധീകരിച്ച് ജോഷി, ഫാസിൽ, ജോൺ പോൾ, ജേസി, എസ്.എൻ. സ്വാമി, ഷിബു ചക്രവർത്തി, ഹരികുമാർ, ഞാൻ തുടങ്ങിയവരും, അമ്മയുടെ ഭാരവാഹികളായി മമ്മൂട്ടി, മധു, മോഹൻലാൽ, സോമൻ, ഗണേശൻ, ടി.പി. മാധവൻ തുടങ്ങിയവരുമാണ് യോഗത്തിനെത്തിയത്. 

 

സുകുമാരൻ അതിനാടകീയമായി യോഗത്തിനെത്തിയെങ്കിലും സംഘടനയ്ക്കെതിരെ കേസ് കൊടുത്തതിന് ഖേദം പ്രകടപ്പിക്കണമെന്നുള്ള അമ്മയുടെ തീരുമാനത്തെ ശക്തിയുക്തം എതിർത്തുകൊണ്ട് ഇംഗ്ലീഷിൽ സുന്ദരമായ ഒരു പ്രസംഗം നടത്തിക്കൊണ്ടു തിരിച്ചു പോവുകയാണുണ്ടായത്. കുറച്ചു നാൾ കഴിഞ്ഞപ്പൾ മധു സാർ ഇടപെട്ടാണ് അമ്മ–സുകുമാരൻ പ്രശ്നം ഒത്തു തീർപ്പാക്കിയത്. 

 

വിലക്കും ഉപരോധവുമൊക്കെ കഴിഞ്ഞെങ്കിലും പലരുടേയും മനസ്സിൽ സുകുമാരനോടുള്ള പക കെട്ടടങ്ങാതെ കിടന്നിരുന്നു.  സുകുമാരന് അവസരങ്ങൾ കുറയുകയും ചെയ്തിരുന്നു.  താൻ സുഹൃത്തുക്കളെന്നു കരുതിയ പലരും കാണാമറയത്തിരുന്നു ചരടുവലി നടത്തിയതിന്റെ വിഷമം സുകുമാരൻ ബോക്സറിന്റെ ഡബ്ബിങ് സമയത്ത് എന്നോട് പറയുകയുണ്ടായി. 

 

"സിനിമയിൽ വ്യക്തിത്വമുള്ളർ വളരെ കുറവാണ് ഡെന്നിസ്.  ഉണ്ടെന്നു പറയുന്നവരാകട്ടെ പൊയ്മുഖമണിഞ്ഞവരും.  എനിക്ക് ഒരു പ്രതിസന്ധി വന്നപ്പോൾ യഥാർഥ സുഹൃത്തുക്കളാരാണെന്ന് എനിക്കു മനസ്സിലായി.  എന്നാലും സുകുമാരൻ തോറ്റുകൊടുക്കില്ല.  മുട്ടികുത്തി ജീവിക്കുന്നതിനേക്കാൾ നിന്നു മരിക്കുന്നതല്ലേ നല്ലത്. "

 

സുകുമാരന്റെ വാക്കുകൾ കേട്ടപ്പോൾ തീവ്രമായ അവഗണനയും തിരസ്കാരവും ഏറ്റുവാങ്ങേണ്ടിവന്ന മഹാഭാരതത്തിലെ കർണനെയാണ് എനിക്ക് ഓർമ വന്നത്.

 

തുടരും:

 

അടുത്തത് ജേസിയും ജയനും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com