ADVERTISEMENT

ഞാൻ എഴുതുന്ന ‘സിനിമയുടെ മായക്കാഴ്ചകളി’ൽ എന്റെ ആത്മമിത്രമായ ജോൺ പോളിനെക്കുറിച്ച് ഇങ്ങനെ ഒരു ചരമക്കുറിപ്പ് എഴുതേണ്ടി വരുകയെന്നു വച്ചാൽ ആ വിധിയെ എന്തു പേരിട്ടാണ്‌ വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. എനിക്കൊന്നേ പറയാനുള്ളൂ, ജോണിന് മരണത്തിന്റെ കൂടെ പോകാനുള്ളത്രയും പ്രായമൊന്നുമായിട്ടില്ല. ഇന്നത്തെ ഒരു പുരുഷായുസ്സ് മിനിമം 85 ആണെന്നാണ് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത്. അപ്പോൾ 72 കാരനായ ജോൺ പോളിനെ അകാരണമായി മരണത്തിന്റെ സംസ്കരണശാലയിലേക്ക് എന്തിനാണു കൊണ്ടുപോയത്. എല്ലാത്തിനും നമുക്ക് മെഡിസിനുണ്ട്. പക്ഷേ മരണത്തിനു മാത്രം മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനെന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ നിമിഷത്തിൽ വെറുതേ ചിന്തിച്ചുപോയി ഞാൻ.

വർഷങ്ങൾക്കു മുൻപ് ഞാനും ജോൺ പോളും ചേർന്നെഴുതിയ, ജോഷിയുടെ ‘ഇനിയും കഥ തുടരും’ എന്ന ചിത്രത്തിന്റെ ഡിസ്‌കഷനു വേണ്ടി ഞാനും ജോണും മദ്രാസ് വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ താമസിക്കുമ്പോൾ ഒരു ദിവസം രാവിലെ ഞങ്ങളുടെ ഒരു അടുത്ത സുഹൃത്തിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അന്ന് ജോൺ പറഞ്ഞൊരു വാചകമാണ് ഈ നിമിഷത്തിൽ ഞാൻ ഓർത്തുപോയത്. ‘‘മൃത്യുവിന് അതിന്റേതായ നീതിയും നിയമവും കണക്കുമൊക്കെയുണ്ട്. നാലുവട്ടം വളരെ സൂക്ഷ്മമായി ഓഡിറ്റ് ചെയ്തു വച്ചിരിക്കുന്ന കണക്കു പുസ്തകവുമായാണ് മരണം നമ്മളിൽ ഓരോരുത്തരിലേക്കും കടന്നു വരുന്നത്.’’

ജോൺ പോളിന് മരണത്തെ ഭയമുള്ളതായി എനിക്കന്ന് തോന്നിയില്ല. അത് നിയതിയുടെ നിയമമാണെന്നാണ് ജോൺ പറയുന്നത്. നമ്മൾക്ക് അതിനെ ഭയന്ന് ചുറ്റിലും ഇരുമ്പുമറ സൃഷ്ടിക്കാൻ പറ്റില്ലല്ലോ?

ജോണിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടിയിരുന്ന ആ നിമിഷങ്ങളിൽനിന്ന് ദുഃഖത്തിന്റെ വെയിലൊന്നാറിയപ്പോൾ എന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും ഓടിയെത്തിയത് ജോൺ അന്ന് പറഞ്ഞ ആ ചരമവൃത്താന്തമാണ്.

john-dennis
ചെമ്പരത്തിയുടെ സെറ്റിൽ സെബാസ്റ്റ്യൻ പോൾ, കലൂർ ഡെന്നിസ്, നടൻ സുധീർ, ജോൺപോൾ, വി.എസ്. നായർ

ഈ ദിവസങ്ങളിൽ ഞാൻ കേട്ടിരുന്നത് ജോൺ ആശുപത്രിയിൽനിന്ന് ഉടനെ ഡിസ്ചാർജാകുമെന്നായിരുന്നു. ഞാൻ നാലഞ്ചു ദിവസം മുൻപ് ഫോണിൽ വിളിച്ചപ്പോൾ ജോണിന്റെ മകൾ ജിഷയിൽ നിന്നാണ് ഈ വിവരമറിഞ്ഞത്.

കലൂർ ഡെന്നിസ്, കിത്തോ, ജോൺ പോൾ ഞങ്ങൾ ആരായിരുന്നു? ഞാനും ജോണും കിത്തോയും തമ്മിലുള്ള ആത്മബന്ധം ഇന്നത്തെ പുതിയ തലമുറയ്ക്കോ പഴയവർക്കോ ഒന്നും അത്ര അറിയാൻ കഴിയുമെന്നു തോന്നുന്നില്ല. നീണ്ട 50 വർഷത്തെ ബന്ധമാണ് ഞങ്ങൾ മൂവരും തമ്മിലുണ്ടായിരുന്നത്. പണ്ടത്തെ ഒരു പുരുഷായുസ്സിന്റെ ദൈർഘ്യമുണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്. അന്ന് ഞങ്ങളുടെ ചങ്ങാതിക്കൂട്ടത്തിലുണ്ടായിരുന്ന സെബാസ്റ്റ്യൻ പോൾ, ആന്റണി ഈസ്റ്റ്മാൻ, ഈരാളി, ആർ. കെ. ദാമോദരൻ, ആന്റണി ചടയംമുറി, ലിബർട്ടി ഹസൻ തുടങ്ങിയ അപൂർവം ചിലർക്കു മാത്രമേ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയുടെ സഞ്ചാരവഴികളെക്കുറിച്ച് ശരിക്കും അറിവുണ്ടായിരുന്നുള്ളൂ.

1972 കാലം. ഞാൻ ആനുകാലികങ്ങളിൽ സിനിമാലേഖനങ്ങളും കഥകളും നീണ്ടകഥകളുമൊക്കെ എഴുതി നടക്കുന്ന സമയമാണ്. കിത്തോ ഓയിൽ െപയിന്റിങ്ങിൽ അദ്ഭുതങ്ങൾ ചമയ്ക്കുന്ന ഒരു ആർട്ടിസ്റ്റും. അന്ന് എറണാകുളത്തുനിന്നു പന്തളത്തുകാരൻ എ.എൻ. രാമചന്ദ്രൻ ചിത്രപൗർണമി എന്ന പേരിൽ ഒരു സിനിമാ വാരിക നടത്തിയിരുന്നു. പ്രേംനസീർ തുടങ്ങിയ, മലയാളത്തിലെ മഹാരഥന്മാരുടെയെല്ലാം ആശിർവാദത്തോെട ഇറങ്ങിയിരുന്ന ചിത്രപൗർണമിയിലാണ് അന്ന് പുതിയ സിനിമാ വാർത്തകളും ന്യൂസ് സ്റ്റിൽസുമൊക്കെ അടിച്ചു വന്നിരുന്നത്. അന്ന് ഞാൻ ചിത്രപൗർണമിയിലെ സ്ഥിരം എഴുത്തുകാരനായിരുന്നു. നല്ല നിലയിൽ വീക്കിലി നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് പെട്ടെന്നുണ്ടായ എന്തോ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു വീക്കിലി മുന്നോട്ട് നടത്തിക്കൊണ്ടുപോവാനായില്ല. രണ്ടു മൂന്നു മാസം വാരിക മുടങ്ങിയപ്പോൾ ഒരു ദിവസം രാമചന്ദ്രൻ എന്നോടും കിത്തോയോടുമായി പറഞ്ഞു: ‘‘നിങ്ങള്‍ വേണമെങ്കിൽ ഇതു നടത്തിക്കൊള്ളൂ. എനിക്ക് ചെറിയൊരു പ്രതിഫലം തന്നാൽ മതി’’ സിനിമയോട് വലിയ താൽപര്യവുമായി നടന്നിരുന്ന എനിക്കത് കേട്ടപ്പോൾ ഏറെ സന്തോഷമായി. എറണാകുളത്തെ എംജി റോഡിലായിരുന്നു കിത്തോയുടെ ഓഫിസ്. ഞങ്ങൾ ചിത്രപൗർണമി ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചു. ഞങ്ങളുടെ സുഹൃത്തായ സെബാസ്റ്റ്യൻ പോളിനെയും പത്രാധിപസമിതിയിലേക്ക് ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ചിത്രപൗർണമി പുനരാരംഭിച്ചു.

വാരിക തുടങ്ങി രണ്ടാം ദിവസമാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് ജോൺ പോൾ കടന്നു വരുന്നത്. കാണാൻ വളരെ മെലിഞ്ഞ, ശക്തിയായ ഒരു കാറ്റ് വന്നാൽ പറന്നു പോകുമെന്നു തോന്നുന്ന ഒരു ചെറുപ്പക്കാരൻ. ഞങ്ങളുടെ ഓഫിസിന്റെ അൽപ്പം മാറി ബാനർജി റോഡിലുള്ള കാനറ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു ജോൺ പോൾ. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം ബാങ്ക് വിട്ടാൽ ജോൺ ഞങ്ങളുടെ ഓഫിസിൽ വരും. തൊട്ടടുത്തുള്ള നോൺ വെജിറ്റേറിയൻ ഹോട്ടലിലെ ചൂടൻ ചായയ്ക്കും പൊറോട്ടയ്ക്കുമൊപ്പം സിനിമയും സാഹിത്യചർച്ചയ്ക്കുമൊക്കെയായി ഞങ്ങളുടെ സൗഹൃദം വളർന്നുകൊണ്ടിരുന്നു. അന്ന് ഞാനും ജോൺ പോളും സെബാസ്റ്റ്യൻ പോളും കൂടിയാണ് ഷൂട്ടിങ് ലൊക്കേഷനിൽ പോയി താരങ്ങളുടെയും മറ്റും ഇന്റർവ്യൂവും സിനിമാ ന്യൂസുകളുമൊക്കെ എടുത്തിരുന്നത്. എല്ലാവരെയും അഭിമുഖം നടത്തുന്നത് ജോണാണ്. കൊല്ലത്ത് പി.എൻ. മേനോന്റെ ‘ചെമ്പരത്തി’യുടെ ഷൂട്ടിങ് നടക്കുമ്പോൾ അവരുടെ ക്ഷണപ്രകാരം ഞങ്ങൾ മൂവർ സംഘം തന്നെയാണ് അവിടേക്കു പോയത്. കൊല്ലത്തെ പ്രമുഖ വ്യവസായിയും മലയാളനാട് വാരികയുടെ ഉടമയുമായ എസ്.കെ. നായരുടെ വലിയ ഹോട്ടലായ നീലായിൽ ആയിരുന്നു ഞങ്ങളെ താമസിപ്പിച്ചത്.

അങ്ങനെ ചില മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിലേക്ക് അന്നത്തെ ഏറ്റവും വലിയ സ്റ്റിൽ ഫൊട്ടോഗ്രഫറായ ഈസ്റ്റ്മാൻ ആന്റണിയും കടന്നു വന്നു. പിന്നീട് രാത്രിയിൽ ആന്റണിയുടെ കലൂരുള്ള ഈസ്റ്റ്മാൻ സ്റ്റുഡിയോയിലായിരുന്നു ഞങ്ങളുടെ സിനിമാ ചർച്ചയും സിനിമാ നിരൂപണവുമൊക്കെ പുരോഗമിച്ചിരുന്നത്.

kaloor-john
ജോൺപോൾ, കിത്തോ, ആന്റണി ഈസ്റ്റ്മാൻ, വിപിൻദാസ് എന്നിവർക്കൊപ്പം കലൂർ ഡെന്നിസ്

വർഷങ്ങൾ ചിലത് കടന്നുപോയി. ആ സമയത്താണ് ഐ.വി. ശശി സംവിധാനം ചെയ്യുന്ന ‘ഈ മനോഹരതീരത്തി’ന്റെ നിർമാതാവായ തൊടുപുഴക്കാരൻ എ.ജെ. കുര്യാക്കോസും മകൻ ജോയി കുര്യാക്കോസും കിത്തോയെ കാണാൻ വരുന്നത്. കിത്തോയുടെ പരിചയത്തിൽ പെട്ട മാത്യു വരേക്കാട്ട് കിത്തോ ആ ചിത്രത്തിന്റെ കലാസംവിധായകനായി വർക്ക് ചെയ്യണമെന്ന് പറയാൻ വന്നതാണ്. എനിക്ക് ഇവരെ ആരെയും പരിചയമൊന്നുമില്ല. ഒരു ദിവസം മാത്യു വരേക്കാട്ട് ഹൈദരാബാദിൽ ഐ.വി. ശശിയുടെ ഷൂട്ടിങ് നടക്കുന്നിടത്തു പോകണമെന്ന ആവശ്യവുമായി കിത്തോയെ കാണാൻ വന്നു. കിത്തോയ്ക്ക് തനിച്ചു പോകാൻ മടിയായിരുന്നു. കിത്തോ എന്നെയും വിളിച്ചു.

‘‘താനും കൂടി വാ. തനിക്ക് ശശിയും ആർട്ടിസ്റ്റുകളുമൊക്കെയായി പരിചയമുള്ളതല്ലേ. നമുക്ക് ഒന്നിച്ചു പോകാം.’’

‘‘ഹേയ്, ഞാനില്ല എനിക്ക് വെള്ളിയാഴ്ച ചിത്രപൗർണമി ഇറക്കേണ്ടതല്ലേ? നീ പോയിട്ട് വാ’’.

വൈകുന്നേരം ജോൺ പോൾ ബാങ്കിൽനിന്ന് വന്നപ്പോൾ ഞങ്ങളുടെ സംസാരം കേട്ട് എന്നോട് പറഞ്ഞു.

‘‘നീയും കിത്തോയുടെ കൂടെ പോയിട്ട് വാടാ. ഷൂട്ടിങ്ങൊക്കെ കാണാമല്ലോ’’

അവസാനം കിത്തോയുടെ നിർബന്ധം കൂടിവന്നപ്പോൾ വീക്കിലി സെബാസ്റ്റ്യൻ പോളിനെ ഏൽപ്പിച്ചിട്ട് ഞാനും കിത്തോയോടൊപ്പം പോകാൻ തീരുമാനിച്ചു.

പിറ്റേന്ന് വൈകുന്നേരം ഒരു അംബാസിഡർ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. കാറിലെ ഫ്രണ്ട് സീറ്റിലിരുന്ന അൽപം തടിച്ചു വെളുത്തിരിക്കുന്ന ആളെ മാത്യു വരേക്കാട് പരിചയപ്പെടുത്തിയപ്പോഴാണ് ഞാൻ അദ്ഭുതപ്പെട്ടു പോയത്. പ്രശസ്ത സാഹിത്യകാരനായ, ‘അരനാഴിക നേരം’ എന്ന ക്ലാസിക് നോവലിന്റെ സ‍്രഷ്ടാവും അതിന്റെ തിരക്കഥാ രചയിതാവുമായ പാറപ്പുറം സാറായിരുന്നു അത്. ആദ്യമൊക്കെ അദ്ദേഹം അൽപം റിസർവ്ഡായി തോന്നിയെങ്കിലും തുടര്‍ന്നുള്ള യാത്രയിൽ തമാശകളൊക്കെ പറഞ്ഞ് ഞങ്ങൾ തമ്മിലുള്ള ദൂരം കുറയുകയായിരുന്നു.

‘ഈ മനോഹര തീര’ത്തിന്റെ തിരക്കഥ പാറപ്പുറത്തിന്റേതായിരുന്നു. ശശിയെ തിരക്കഥ വായിച്ചു കേൾപ്പിക്കാനും അവിടെയുള്ള ഒന്നു രണ്ടാർട്ടിസ്റ്റുകളെ ബുക്ക് ചെയ്യാനും വേണ്ടിയാണ് പോകുന്നത്. പിറ്റേന്ന് വൈകുന്നേരമാണ് ഞങ്ങൾ ഹൈദരാബാദിലെത്തിയത്.

രാത്രിയിൽ ഹോട്ടൽ മുറിയിലിരുന്ന് തിരക്കഥ വായിച്ചത് പാറപ്പുറത്തു സാർ തന്നെയായിരുന്നു. ശശി ആദിമധ്യാന്തം കേട്ടിരുന്നതല്ലാതെ ഇടയ്ക്ക് ഒരു അഭിപ്രായവും പറഞ്ഞില്ല. വായന കഴിഞ്ഞു പാറപ്പുറത്ത് സാർ മുറിയിലേക്ക് പോയപ്പോൾ ശശി പറഞ്ഞു.

‘‘സെക്കന്‍ഡ് ഹാഫ് ശരിയായിട്ടില്ല മാറ്റി എഴുതണം. അല്ലാതെ ഷൂട്ട് ചെയ്യാന്‍ പറ്റില്ല.’’

അതുകേട്ട് നിർമാതാവും കൂടെ ഞങ്ങളും ആകെ വല്ലാതായി. ഞാൻ ശശിയോടു പറഞ്ഞു.

‘‘ശശി പാറപ്പുറത്ത് സാറിനോട് പറയൂ മാറ്റിയെഴുതാൻ.’’

‘‘ഹേയ് ഞാൻ പറയില്ല. ഞാനും അദ്ദേഹവുമായി ആദ്യമായിട്ടാണ് പടം ചെയ്യുന്നത്. നിർമാതാവ് പറഞ്ഞാൽ മതി.’’

അവർക്കും അദ്ദേഹത്തിനോടു പറയാൻ ധൈര്യമില്ലായിരുന്നു. ഇത്രയും വലിയൊരു എഴുത്തുകാരനോട് എങ്ങനെയാണ് സെക്കൻഡ് ഹാഫ് മാറ്റി എഴുതണമെന്ന് പറയുക. എല്ലാവരും വല്ലാത്ത ടെൻഷനിലായി. വേറേ ഏതെങ്കിലും തിരക്കഥാകൃത്തുക്കളെക്കൊണ്ട് ചെയ്യിക്കാമെന്നു വച്ചാല്‍ പാറപ്പുറത്തു സാർ അറിഞ്ഞാൽ പ്രശ്നമാകും. അടുത്ത മാസം ഷൂട്ടിങ് തുടങ്ങേണ്ടതാണ്. എല്ലാവരും എന്തു ചെയ്യുമെന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോഴാണ് എന്റെ മനസ്സിൽ പെട്ടെന്ന് ജോൺ പോൾ കയറിവന്നത്. ഞാൻ ശശിയോടു ജോണിന്റെ കാര്യം സൂചിപ്പിച്ചു. ശശിക്കു ജോണിനെ അറിയില്ല. ജോൺ ഫിലിം സൊസൈറ്റിയുമൊക്കെയായി ബന്ധമുള്ളയാളാണെന്നും എംഎക്കാരനാണെന്നുമൊക്കെ വച്ച് പെരുക്കിയപ്പോൾ ശശി പറഞ്ഞു.

‘‘നിനക്ക് വിശ്വാസമുണ്ടെങ്കിൽ എഴുതിച്ചു നോക്ക്. നീയും കഥയും നോവലുമൊക്കെ എഴുതുന്നതല്ലേ? നീയും ജോണിന്റെ കൂടെ കൂട്. എഴുതി വന്നിട്ട് ശരിയായില്ലെങ്കിൽ ഞാൻ ഷൂട്ട് ചെയ്യില്ല പറഞ്ഞേക്കാം.’’

ശശി അറുത്തു മുറിച്ചു പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്നു ഭയന്നെങ്കിലും ഷൂട്ടിങ് മുടങ്ങാതിരിക്കാനായി ജോണിെനക്കൊണ്ടു തന്നെ നന്നായിട്ടു കറക്റ്റു ചെയ്യിക്കാമെന്നു ഞാൻ ശശിക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.

രാത്രി ഞാനും കിത്തോയും കൂടി ജോണിനെ വിളിച്ചു വിവരം പറഞ്ഞു.

‘‘ഒരു കഥ പോലും എഴുതാത്ത ഞാൻ എങ്ങനെയാടോ സ്ക്രിപ്റ്റ് റീറൈറ്റു ചെയ്യുന്നത്.’’

ഞാൻ അതൊന്നും കേൾക്കാതെ എന്തൊക്കെയോ പറഞ്ഞു ജോണിന് ധൈര്യം നൽകിയപ്പോൾ ‘‘നീയും കൂടി എന്റെ കൂടെ ഇരിക്കണം. നമുക്ക് രണ്ടാൾക്കും കൂടി ചെയ്യാം.’’ എന്ന് ജോണ് പറഞ്ഞു.

എനിക്ക് അന്ന് തിരക്കഥാകാരനാകണമെന്നോ സിനിമയിൽ വരണമെന്നോ ഒന്നും ആഗ്രഹമുണ്ടായിരുന്നില്ല. അന്ന് ഇതെല്ലാം അപ്രാപ്യമായ കാര്യമായിട്ടാണു എനിക്ക് തോന്നിയിരുന്നത്.

രണ്ടു ദിവസം കഴിഞ്ഞ് ഞാൻ എറണാകുളത്തെത്തി. രാവിലെ തന്നെ എറണാകുളത്ത് എംജി റോഡിലുളള സീ കിങ് ഹോട്ടലിലിരുന്ന് ജോൺ പോളിന്റെ കാർമികത്വത്തിൽ ഞങ്ങൾ തിരുത്തൽവാദികളായി മാറുകയായിരുന്നു. ജോണിന് ബാങ്കിൽനിന്നു കൂടുതൽ ദിവസം ലീവെടുക്കാൻ പറ്റാത്തതു കൊണ്ട് അഞ്ചു ദിവസം കൊണ്ട് തന്നെ തിരുത്തൽ പ്രക്രിയ ഞങ്ങൾ പൂർത്തിയാക്കി. ഞാനും ജോൺ പോളും ആദ്യമായി ഒരു സിനിമയുടെ തിരക്കഥ കാണുന്നത് ഈ മനോഹരതീരത്തിന്റേതായിരുന്നു. മറ്റൊരു എഴുത്തുകാരന്റെ അനുവാദമില്ലാതെ അയാളുടെ സൃഷ്ടിയിൽ കയറി കത്തിവയ്ക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും അന്ന് ഞങ്ങൾക്കുണ്ടായിരുന്നില്ല. പിന്നീട് ഞങ്ങളും സിനിമയിൽ സജീവമായപ്പോഴാണ് ചെയ്തത് തെറ്റാണെന്നുള്ള കുറ്റബോധമുണ്ടായത്.

ഇതിനിടയിലാണ് 1978 ൽ ആന്റണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന മോഹമുദിക്കുന്നത്. വളരെ ചുരുങ്ങിയ ചെലവിലുള്ള ഒരു സിനിമയായിരുന്നു, അഭിനേതാക്കളെല്ലാവരും പുതുമുഖങ്ങൾ. അതിന്റെ നിർമാണവും സംവിധാനവും ആന്റണി തന്നെയായിരുന്നു. തിരക്കഥ ജോൺ പോളും. ആ സിനിമയാണ് സിൽക് സ്മിത നായികയായ ‘ഇണയെത്തേടി’. ചിത്രം അത്ര വിജയമായിരുന്നില്ല. ഈ സമയത്തു തന്നെയാണ് ഐ.വി.ശശിയുടെ ‘ഞാൻ ഞാൻ മാത്ര’ത്തിന്റെ കഥ എഴുതാനുള്ള അവസരവും ജോണിന് വന്നു ചേർന്നത്. തുടര്‍ന്ന് ഭരതന്റെ ‘ചാമര’ത്തിന് തിരക്കഥയൊരുക്കിയതോടെയാണ് ജോൺ പോളിനെ ജനം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആ സമയത്തു തന്നെയാണ് ഞാനും തിരക്കഥാകാരനായി രംഗപ്രവേശം ചെയ്തത്.

പിന്നീട് ജോൺ പോളിന്റെ വസന്തകാലമായിരുന്നു. ഭരതന്റെയും മോഹന്റെയും മധ്യവർത്തി സിനിമകളോടൊപ്പം ഐ.വി. ശശിയുടെയും ജോഷിയുടെയും കമേഴ്സ്യൽ സിനിമകളായ ‘അതിരാത്ര’വും ‘ഇണക്കിളി’യും കൂടി പുറത്തു വന്നതോടെ ജോൺ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകാരനായി മാറുകയായിരുന്നു.

മലയാളി എന്നും ഓർക്കുന്ന വിട പറയും മുമ്പേ, മർമ്മരം, കാതോടു കാതോരം, ഇളക്കങ്ങൾ, പാളങ്ങൾ, യാത്ര, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി ഒത്തിരി നല്ല സിനിമകൾ ജോണിന്റേതായി പുറത്തുവന്നതോടെ ജോണിന് നിന്നുതിരിയാൻ സമയമില്ലാത്തവിധം തിരക്കായി. എന്നാൽ ജോണിന് അതിന്റെതായ ഒരു അംഗീകാരമോ പുരസ്കാരമോ ഒന്നും കിട്ടിയിരുന്നില്ല. ആ നിശബ്ദ ദുഃഖവുമായി എല്ലാം ഉള്ളിലൊതുക്കി നടക്കുകയായിരുന്ന ജോൺ പോൾ ഒരു ദിവസം എന്റെ മുന്നിൽ വളരെ ഗോപ്യമായി മനസ്സ് തുറന്നു. ഞാനന്ന് ജോണിൽ പ്രത്യാശ പടർത്തുകയായിരുന്നു.

‘‘ഇനിയും സമയമുണ്ടല്ലോ ജോണേ, കാലം മാറിവരും ഇനിയും കഥയൊഴുകും’’. ജോൺ നിസംഗനായി അത് കേട്ടിരുന്നതല്ലാതെ ഒന്നും പ്രതികരിച്ചില്ല.

90 ന്റെ പകുതിയായപ്പോൾ ജോണിന് ചിത്രങ്ങൾ കുറയാൻ തുടങ്ങി. അതും ജോണിനെ നിരാശനാക്കുകയായിരുന്നു. ഇനിയും കളം മാറ്റി ചവിട്ടിയില്ലെങ്കിൽ അതിജീവനം മുന്നോട്ടുപോകില്ലെന്ന് ജോണിന് തോന്നി. ഇതിനിടയിൽ ഒന്ന് പറയാൻ വിട്ടു 1993 ൽ സിനിമാ പ്രവർത്തകർക്കായി ഞാൻ മാക്ടയ്ക്ക് രൂപം നൽകാനായി ഇറങ്ങിപ്പുറപ്പെട്ടപ്പോൾ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയായത് ജോൺ പോളായിരുന്നു. മാക്ടയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉണ്ടാക്കാൻ വേണ്ടി ഓടി നടന്ന് അത് യാഥാർഥ്യമാക്കിയതും ജോൺ പോളായിരുന്നു.

പിന്നീടുള്ള ജോണിന്റെ പ്രയാണം പുതിയ പുതിയ അക്ഷരക്കൂട്ടുകളുടെ ലോകത്തേക്കായിരുന്നു. ബുദ്ധിജീവികളെന്ന് സ്വയം നടിച്ചു നടക്കുന്നവരുടെയും വിമർശക പ്രമാണിമാരുടെയും മുന്നിലേക്ക് ഒരു പടവാളെന്നപോലെ വാഗ്മിയും ചരിത്രകാരനും പ്രഭാഷകനും അധ്യാപകനുമൊക്കെയായി, സൗരയൂഥത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി പദമൊഴികൾ ഉരുവിടുന്ന ഒരു പണ്ഡിത ശ്രേഷ്ഠനായി ജോൺ പോൾ മാറുന്നതു കണ്ട് അദ്ഭുതം കൂറി ഒരു ദിവസം ഞാൻ ജോണിനെ വിളിച്ചു.

‘‘എന്താണ് ജോണേ ഈ കാണുന്നത്. ഇത് ജോൺ തന്നെയാണോ എന്നാണ് എന്റെ സംശയം. ഞാൻ തന്നെ നമിച്ചിരിക്കുന്നു’’.

അതുകേട്ട് ഒരു ചെറുപുഞ്ചിരിയോടെ ജോൺ പറഞ്ഞത് ഇങ്ങനെയാണ്.

‘‘ജീവിച്ചുപോവണ്ടേ മോനേ.. എല്ലാത്തിലും വലുത് അതിജീവനമല്ലേ.’’ ആ വാക്കുകളിൽ എവിടെയോ ഒരു സ്വപ്നത്തിന്റെ ഇതളുകൾ വാടി നിൽക്കുന്നതു പോലെ എനിക്കു തോന്നി.

മലയാള സിനിമയിൽ ഒരു തിരക്കഥാകാരനായി വന്ന് ഉപജീവനത്തിനായി വഴിമാറ്റസഞ്ചാരം നടത്തി ബുദ്ധിജീവിയും വാഗ്മിയും ചരിത്രകാരനുമൊക്കെയായി മാറിയ ഒരാൾ മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ പോലും ജോണല്ലാതെ വേറാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com