ADVERTISEMENT

താര സംഘടനയായ 'അമ്മ'യില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനെയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു.

‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി.. മറ്റ് അംഗങ്ങളേ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽനിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.’- ഹരീഷ്പേരടിയുടെ വാക്കുകൾ.

നേരത്തേ, അമ്മയെ രൂക്ഷമായി വിമര്‍ശിച്ചും ഡബ്ല്യുസിസിയെ പുകഴ്ത്തിയും ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കു മാത്രം ബോധം ഉണ്ടാകുകയും താരസംഘടനയിലെ കരണവന്മാര്‍ക്ക് മാത്രം വെളിവു വയ്ക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നായിരുന്ന അദ്ദേഹത്തിന്റെ ചോദ്യം. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ലായിരുന്നുവെന്നും അതാണ് അന്വേഷിക്കേണ്ടത് ഹരീഷ് പേരടി പറഞ്ഞിരുന്നു.

പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടന. ഏതെങ്കിലും ഒരു വ്യക്തിയുടെ കയ്യിലല്ല. ആ കൂട്ടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതിലുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാബുരാജിനെ ഇവരുടെ കൂട്ടത്തില്‍പെടുത്താന്‍ കഴിയില്ല എന്നും ഹരീഷ് പേരടി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com