സനൽകുമാർ ശശിധരനെതിരെ മഞ്ജു വാരിയരുടെ പരാതി; പൊലീസ് കേസെടുത്തു

manju-warrier-sanalkumar
SHARE

നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകന്‍ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസ് എടുത്തു. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.

മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ പോസ്റ്റിൽ ആരോപിച്ചിരുന്നു.

ഇതിനു മുമ്പും മഞ്ജു വാരിയർ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സനൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് മഞ്ജുവിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില കാര്യങ്ങളാണ് നടിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു സനൽ പറഞ്ഞത്. ഈ വിഷയത്തിൽ അന്നു സനൽകുമാർ നടത്തിയ വിശദീകരണം ചുവടെ:

‘‘കാര്യങ്ങൾ മാറിനിന്ന് നോക്കിക്കാണുമ്പോൾ എനിക്ക് ഇരിക്കപ്പൊറുതി കിട്ടാത്തതുകൊണ്ട് ഞാൻ ഒരു ചെറിയ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. എനിക്ക് അവരോട് "admiration" ഉണ്ട് എന്നാണ് അതിൽ പ്രധാനമായും പറഞ്ഞത്. വിചിത്രമെന്ന് പറയട്ടെ, പിറ്റേ ദിവസം രാവിലെ അരൂർ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാൾ വിളിച്ചു. എന്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജുവാരിയർ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി. ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജുവാരിയർ പരാതിപ്പെടണം എന്ന് ഞാൻ ചോദിച്ചു. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാൻ പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു.

പിന്നീട് മഞ്ജുവാരിയർ തന്നെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. ഞാനവരോട് പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവൻ അപകടത്തിലാണെന്ന തോന്നൽ എനിക്ക് വളരെ ശക്തമായി ഉണ്ട്. വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സർക്കാർ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ഞാൻ ബലമായി സംശയിക്കുന്നു. ’’

മഞ്ജു വാരിയരെ നായികയാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കയറ്റം’. മഞ്ജു വാരിയർ തന്നെ നിർമിച്ച ചിത്രം പൂർണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്യാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA